69 വയസ്സുകാരിയായ എൻ.ആർ.ഐ വനിതയെ കൊലപ്പെടുത്താൻ വാടകക്കൊലയാളിയെ നിയോഗിച്ച് 67 വയസ്സുകാരനായ പ്രതിശ്രുത വരൻ. യുകെ പൗരനായ ചരൺജിത്ത് സിങ്ങ് ആണ് ലുധിയാന സ്വദേശിനിയായ രൂപീന്ദർ കൗറിനെ വാടകക്കൊലയാളിയെ ഉപയോഗിച്ച് കൊലപ്പെടുത്തിയത്. വിവാഹം കഴിക്കാൻ താൽപര്യമില്ലാത്തതിനാൽ രൂപീന്ദർ കൗറിനെ ഒഴിവാക്കാൻ വേണ്ടിയാണ് ചരൺജിത്ത് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് ലുധിയാന പൊലീസ് അറിയിച്ചതായി ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ജൂലൈ 12-ന് ലുധിയാനയിലെ കില റായ്പൂർ ഗ്രാമത്തിൽ വെച്ചാണ് രൂപീന്ദർ കൗർ കൊല്ലപ്പെടുന്നത്.
ഒരു വർഷം മുൻപ് ഒരു മാട്രിമോണിയൽ സൈറ്റ് വഴിയാണ് ചരൺജിത്തും രൂപീന്ദർ കൗറും പരിചയപ്പെടുന്നത്. യു.എസിലേക്ക് താമസം മാറിയിരുന്നെങ്കിലും കുറച്ച് മാസങ്ങളായി ലുധിയാനയിലാണ് രൂപീന്ദർ കൗർ താമസിച്ചിരുന്നത്. ചരൺജിത്ത് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തതിനെ തുടർന്നാണ് രൂപീന്ദർ ലുധിയാനയിലേക്ക് വന്നത്.
രൂപീന്ദറും സഹോദരിയുമായ കമലജിത്ത് ഖൈറയുമായി വസ്തു തർക്കങ്ങൾ നിലനിന്നിരുന്നുവെന്ന് പൊലീസ് പറഞ്ഞതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അതിനാൽ ലുധിയാനയിൽ എത്തിയ ശേഷം കില റായ്പൂർ ഗ്രാമത്തിലെ സുഖ്ജിത്ത് സിംഗ് എന്ന വ്യക്തിയുടെ വീട്ടിലാണ് രൂപീന്ദർ താമസിച്ചത്. സുഖ്ജിത്തും ചരൺജിത്തും സുഹൃത്തുക്കളായിരുന്നുവെന്ന് പൊലീസിൻ്റെ അന്വേഷണത്തിൽ തെളിഞ്ഞു. തിരഞ്ഞെടുപ്പ് സമയങ്ങളിൽ ഇരുവരും ആം ആദ്മി പാർട്ടിക്ക് വേണ്ടി ഒരുമിച്ച് പ്രചാരണം നടത്തിയിരുന്നു.
ലുധിയാന കോടതിയിൽ ടൈപ്പിസ്റ്റായി ജോലി ചെയ്യുന്ന സുഖ്ജിത്ത് സിംഗിനെ ചരൺജിത്താണ് രൂപീന്ദറിന് പരിചയപ്പെടുത്തുന്നത്. തുടർന്ന്, രൂപീന്ദർ തന്റെ കേസിന്റെ പവർ ഓഫ് അറ്റോർണി സുഖ്ജിത്തിന് കൈമാറുകയും അയാളുടെ വീട്ടിൽ താമസം തുടങ്ങുകയും ചെയ്തു.
ഇതിനിടെ, വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് രൂപീന്ദർ ചരൺജിത്തിനെ നിർബന്ധിക്കാൻ തുടങ്ങി. വിവാഹത്തിന് താൽപര്യമില്ലാതിരുന്ന ചരൺജിത്ത് രൂപീന്ദറിനെ ഒഴിവാക്കാൻ തീരുമാനിക്കുകയായിരുന്നു.
രൂപീന്ദർ തങ്ങൾക്കെതിരെ ബലാത്സംഗം, വഞ്ചന കേസുകൾ ഫയൽ ചെയ്യാൻ സാധ്യതയുണ്ടെന്ന് ചരൺജിത്ത് സുഖ്ജിത്തിനെ പറഞ്ഞു വിശ്വസിപ്പിച്ചു. അതിനാൽ അവളെ ഒഴിവാക്കുന്നതാണ് നല്ലതെന്നും കൊലപാതകം നടത്തിയാൽ 50 ലക്ഷം രൂപ നൽകാമെന്നും
യുകെയിലേക്ക് കൊണ്ടുപോകാമെന്നും ചരൺജിത്ത് സുഖ്ജിത്തിന് വാഗ്ദാനം നൽകുകയും ചെയ്തു. തുടർന്ന് രൂപീന്ദർ പലപ്പോഴായി വലിയ തുകകൾ സുഖ്ജിത്തിന്റെ അക്കൗണ്ടിലേക്ക് ചരൺജിത്ത് അയച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ക്രൂരമായ കൊലപാതകം
ഇക്കഴിഞ്ഞ ജൂലൈ 12ന് സുഖ്ജിത്ത് തന്റെ വീട്ടിൽ വെച്ച് ബേസ്ബോൾ ബാറ്റ് ഉപയോഗിച്ച് രൂപീന്ദറിനെ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ശേഷം മൃതദേഹം സ്റ്റോർ റൂമിൽ വെച്ച് കൽക്കരി ഉപയോഗിച്ച് കത്തിച്ചു. കത്തിക്കരിഞ്ഞ ശരീരഭാഗങ്ങൾ നാല് ബാഗുകളിലാക്കി സുഖ്ജിത്ത് ഘുൻഗ്രാന ഗ്രാമത്തിലെ അഴുക്കുചാലിൽ ഉപേക്ഷിച്ചു. കൊലപാതകത്തിന് ഒരു മാസം കഴിഞ്ഞ്, ഓഗസ്റ്റ് 18ന് സുഖ്ജിത്ത് സ്വയം പോലീസ് സ്റ്റേഷനിൽ പോയി രൂപീന്ദറിനെ കാണാനില്ലെന്ന് പറഞ്ഞ് പരാതി നൽകി. മാനസികമായി വിഷാദരോഗം ഉണ്ടായിരുന്ന രൂപീന്ദർ കാനഡയിലെ ഒരു കല്യാണത്തിന് പോകാൻ ജൂലൈ 18-ന് ഡൽഹി വിമാനത്താവളത്തിലേക്ക് പോയെന്നും ഫോൺ സ്വിച്ച് ഓഫ് ആണെന്നും സുഖ്ജിത്ത് പോലീസിനോട് പറഞ്ഞു. ശേഷം രൂപീന്ദറിന്റെ അസ്ഥിയും തകർന്ന ഐഫോണും പോലീസ് അഴുക്കുചാലിൽ നിന്ന് കണ്ടെടുക്കുകയായിരുന്നു. തുടർന്ന് ചോദ്യംചെയ്യലിൽ സുഖ്ജിത്ത് കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. എന്നാൽ, കൊലപാതകത്തിന് വാഗ്ദാനം ചെയ്ത 50 ലക്ഷം രൂപ ചരൺജിത്ത് സുഖ്ജിത്തിന് നൽകിയിട്ടില്ലായെന്നാണ് ലഭിക്കുന്ന വിവരം. രൂപീന്ദറിന്റെ സഹോദരി കമൽജിത്ത് ഖൈറയും സഹോദരിയെ കാണാനില്ലെന്ന് കാണിച്ച് യു.എസ് എംബസിയിൽ പരാതി നൽകിയിരുന്നു.
സുഖ്ജിത്തിനും ചരൺജിത്തിനുമെതിരെ കൊലപാതകം, ഗൂഢാലോചന എന്നീ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം, ചരൺജിത്ത് ഇപ്പോഴും യുകെയിലാണുള്ളത്.
Content Summary: NRI woman’s murder: Fiancé hired a contract killer to kill his 69-year-old fiancée
This post was last modified on September 18, 2025 11:50 am
Leave a Comment