മലപ്പുറം സ്വദേശി റഹ്‌മ മൊഹമ്മദ് കഴിഞ്ഞ വർഷമായിരുന്നു നെറ്റ് എക്സാം ആദ്യമായി എഴുതുന്നത്, അന്ന് തൃശൂരായിരുന്നു പരീക്ഷ കേന്ദ്രം. ഇത്തവണ അധിക ദൂരമില്ലാത്ത കേന്ദ്രം ലഭിച്ചതിന്റെ ആശ്വാസത്തിലായിരുന്നു 9 മാസം ഗർഭിണിയായിരുന്ന റഹ്‌മ പരീക്ഷയെഴുതാൻ പോയത്. ഇംഗ്ലീഷ് ആയിരുന്നു പ്രധാന വിഷയം, ശാരീരികമായ അസ്വസ്ഥകളും, ജോലിയും മാറ്റിവച്ചാണ് 2 മാസത്തോളം പരീക്ഷക്ക് തയ്യാറെടുത്ത്. ലിഫ്റ്റ് പോലുള്ള സൗകര്യങ്ങൾ ഇല്ലാതിരുന്ന പരീക്ഷ കേന്ദ്രത്തിന്റെ അഞ്ചാം നില കയറി ഇറങ്ങിയതിന്റെ ക്ഷീണം മാറും മുൻപ് പരീക്ഷ റദ്ധാക്കികൊണ്ടുള്ള ഉത്തരവ് ഇറങ്ങിയിരുന്നു. പരീക്ഷ വീണ്ടും നടത്തുമെന്ന് അറിയിപ്പ് വന്നിട്ടുണ്ടെങ്കിലും, തനിക്ക് എഴുതാൻ കഴിയുമോ എന്ന് റഹ്‌മക്ക് ഉറപ്പില്ല. ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷമാണ് പരീക്ഷ തിയതി വരുന്നതെങ്കിൽ റഹ്‌മ നെറ്റിന് വേണ്ടി ഇനിയും കാത്തിരിക്കേണ്ടി വരും. പരീക്ഷ എഴുതിയതിന്റെ ചൂടിറങ്ങും മുൻപ് അത് റദ്ധാക്കികൊണ്ടുള്ള ഉത്തരവിറങ്ങിയത് റഹ്മയെ പോലെ പലരെയും പലതരത്തിലാണ് ബാധിച്ചിരിക്കുന്നത്. ആവർത്തിച്ച് സംഭവിക്കുന്ന ക്രമക്കേടുകൾ ഉന്നത വിദ്യാഭ്യസ രംഗത്തെ അരക്ഷിതാവസ്ഥ വെളിപ്പെടുത്തുന്നതിനുമപ്പുറം വിദ്യാഭ്യസത്തിന്റെ അടിസ്ഥാന അവകാശങ്ങൾ പോലും വിദ്യാർത്ഥികളിൽ നിന്ന് തട്ടി തെറിപ്പിക്കുകയാണ്.
നീറ്റ് ചോദ്യ പേപ്പർ ചോർന്നതിന് പിന്നാലെയാണ് കോളേജ് അധ്യാപക യോഗ്യതാപരീക്ഷയായ യുജിസി നെറ്റ് പരീക്ഷയും കേന്ദ്രം റദ്ദാക്കിയത്. ഇത്തവണ മുതൽ പിഎച്ച്ഡി പ്രവേശനത്തിനും നെറ്റ് യോഗ്യത പരിഗണിക്കുമെന്നിരിക്കെ ഏറെ പ്രാധാന്യത്തോടെയാണ് വിദ്യാർഥികൾ പരീക്ഷയെ സമീപിച്ചത്. സാധാരണഗതിയിൽ അങ്ങേയറ്റം ബുദ്ധിമുട്ടുളള പരീക്ഷ, താരതമ്യേന എളുപ്പമായതിന്റെ ആശ്വാസത്തിലായിരുന്നു പരീക്ഷയെഴുതിയ ബഹുഭൂരിഭാഗവും. എന്നാൽ ജൂൺ 18 ന് രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളിലായി നടത്തിയ പരീക്ഷ ജൂൺ 20 ന് റദ്ധാക്കികൊണ്ടുളള വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഉത്തരവിറങ്ങും വരെയെ ആ ആശ്വാസത്തിന് ആയുസ്സുണ്ടായിരുന്നുള്ളു.
11 ലക്ഷത്തിലധികം പേരെഴുതിയ പരീക്ഷയുടെ ചോദ്യ പേപ്പർ ചോർന്നുവെന്ന വെളിപ്പെടുത്തൽ വന്നതോടെയാണ് റദ്ധാക്കൽ നടപടി. ബയോമെട്രിക് വെരിഫിക്കേഷൻ, പരീക്ഷാകേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥവിന്യാസം, ഫ്രിസ്ക്കിങ്ങ്, എല്ലാ പരീക്ഷാമുറികളിലും രണ്ടു ഇൻവിജിലേറ്റർമാർ, സി സി ടി വി ജാമറുകൾ തുടങ്ങി വലിയ സുരക്ഷാ സന്നാഹനങ്ങൾ ഒരുക്കിയിട്ടും, പരീക്ഷ നടത്തുന്നതിന്റെ മുൻപ് തന്നെ ചോദ്യ പേപ്പർ ചോർന്നതോടെയും നെറ്റിലുളള വിശ്വാസ്യത കൂടി നഷ്ട്ടപെടുന്നതായി പരീക്ഷ എഴുതിയ വിദ്യാർത്ഥികൾ ചൂണ്ടികാണിക്കുന്നു.
പരീക്ഷ റദ്ധാക്കിയെന്നതിനപ്പുറം, ഗുരുതരമായ ആശങ്ക പരീക്ഷയുടെ വിശ്വാസ്യത സംബന്ധിച്ചാണെന്ന് നെറ്റ് പരീശിലകനും ഐഫെർ സിഇഒയും 6 വിഷയങ്ങളിൽ യുജിസി-നെറ്റും, 2 വിഷയങ്ങളിൽ ജെആർഎഫും നേടിയ അനീസ് പൂവത്തി പറയുന്നു. ”വിദ്യാർത്ഥികൾക്ക് ഏറ്റവും കൂടുതൽ ആത്മവിശ്വാസം നൽകുന്നത് പരീക്ഷ നടത്തുന്നവരായിരിക്കും. ചോദ്യ പേപ്പർ ചോർന്നതിലൂടെ ദേശീയ ടെസ്റ്റിങ് ഏജൻസി (എൻടിഎ)യിലുള്ള ആത്മവിശ്വാസം നഷ്ട്ടമായിരിയ്ക്കുകയാണ്. ഇതോടെ വിദ്യാഭ്യാസത്തിലും, പഠനത്തിലുമടക്കമുള്ള വിദ്യാർത്ഥികളുടെ ആത്മധൈര്യം കൂടിയാണ് ചോർന്നിരിക്കുന്നത്. റദ്ധാക്കിയ പരീക്ഷ ഒരിക്കൽ കൂടി നടത്തിയതുകൊണ്ട് മാത്രം ക്രെഡിബിലിറ്റി പ്രശ്നം പരിഹരിക്കാനാവില്ല.
യാതൊരു മുന്നറിയിപ്പുമില്ലാതെ വളരെ പെട്ടെന്നായിരുന്നു പരീക്ഷ റദ്ധാക്കികൊണ്ടുള്ള സർക്കാർ അറിപ്പ് വരുന്നത്. ഡാർക്ക് നെറ്റിൽ ചോദ്യ പേപ്പർ ചോർന്നുവെന്നാണ് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. പൊതുവിൽ ഡാർക്ക് നെറ്റ് സാധാരണ ജനങ്ങൾ എത്തിപ്പെടാത്ത ഒരു മേഖലയാണ്. നമ്മൾ കണ്ടു പരിചയിച്ച രീതി അനുസരിച്ച് പൊതുവിൽ പരീക്ഷ നടത്തിപ്പിന്റെ ചുമതയുള്ള വ്യക്തികളുടെ വിട്ടുവീഴ്ചയിലാണ് ചോദ്യ പേപ്പർ ചോർന്നിരുന്നത്. എന്നാൽ ഇവിടെ ഡാർക്ക് വെബ് പോലെ സാധാരണക്കാർ സിനിമയിൽ മാത്രം കേട്ട് പരിചിതമായ ഒരിടത്താണ് ഇത് സംഭവിച്ചിരിക്കുന്നത്. നടത്തിപ്പിലെ ക്രമക്കേട് എന്നതിനപ്പുറം സംഘടിത കുറ്റകൃത്യത്തിന്റെ സാധ്യതയിലേക്കാണ് ഇതെല്ലാം വിരൽ ചൂണ്ടുന്നത്. വിദ്യാർത്ഥികളടക്കം ഇത്തരം ആശങ്കകൾ പങ്കുവയ്ക്കുന്നുമുണ്ട്. കേവലം പരീക്ഷ വീണ്ടും നടത്തുന്നതിലൂടെ മാത്രം ഈ നഷ്ട്ടപെട്ട വിശ്വാസ്യത വീണ്ടെടുക്കാനാവില്ല. പരീക്ഷ ചുമതലയിൽ നിന്ന് എൻടിഎയെ ഒഴിവാക്കണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നതും ഇതേ കാരണം കൊണ്ടാണ്.
2018 മുതൽ ഓൺലൈനായിരുന്ന പരീക്ഷ ഇക്കുറി വീണ്ടും ഓഫ്‌ലൈൻ ആക്കിയിരുന്നു. എന്തിനാണ് വീണ്ടും പരീക്ഷ ഓഫ്‌ലൈൻ ആക്കിയതെന്ന ചോദ്യത്തിന് കൃത്യമായ വിശദീകരണം നൽകാനും തയ്യാറായിരുന്നില്ല. ഹാക്കിങ് പോലുള്ള സാങ്കേതിക വിദ്യകൾ പ്രഭലമായതു കൊണ്ട് തന്നെ ഓൺലൈൻ പരീക്ഷകളിൽ വീഴ്ചപറ്റാനുള്ള സാധ്യതയുണ്ട്, എന്നാൽ നെറ്റിലേക് വരുമ്പോൾ ഈ ആശങ്ക വിദ്യാർത്ഥികൾക്കിടയിൽ ഇല്ലായിരുന്നു. പരീക്ഷ റദ്ധാക്കിയ നിലപാടിൽ വിദ്യാർത്ഥികൾക്ക് നഷ്ട്ടപെട്ട ഏറ്റവും ചെറിയ ഘടകമാണ് പരീക്ഷ ഫീസ്. അതിനുപരിയായി അവർക്ക് നഷ്ട്ടപെട്ടിരിക്കുന്നത് പരീക്ഷക്ക് തയ്യാറെടുക്കാൻ വേണ്ടി ചിലവഴിച്ച സമയം, പരിശ്രമം, സമ്മർദ്ദം, ഉത്കണ്ഠ എന്നിങ്ങനെ കുറെ ഘടകങ്ങളാണ്. ഒരിക്കൽ കൂടി പരീക്ഷ നടത്തുമ്പോൾ വിദ്യാർത്ഥികൾ ഈ മാനുഷിക പ്രയത്നത്തിലൂടെ വീണ്ടും കടന്നു പോകേണ്ടതായി വരുന്നുണ്ട്.”അത്തരത്തിൽ ഗൗരവതരമായ പ്രശ്നമാണ് ഇതെന്നും അദ്ദേഹം പറയുന്നു.
വലിയ സുരക്ഷാ മാനദണ്ഡങ്ങൾ ഒരുക്കിയിട്ടു പോലും പരീക്ഷക്ക് ദിവസങ്ങൾ മുൻപ് സംഭവിച്ച വീഴ്ച യുജിസിയുടെ ആധികാരികതയെ സാരമായി ബാധിക്കുന്നുണ്ട്. പരീക്ഷ പേപ്പർ ഏതുവിധമാണ് ഡാർക്ക് വെബ് പോലെ ഒരിടത്ത് പ്രചരിച്ചതെന്നും, ഇതിനു പിന്നിൽ ഏതെങ്കിലും തരത്തിൽ ക്രമക്കേടുകൾ നടത്താനായിട്ടുണ്ടോ എന്ന് വ്യക്തമാക്കിയാൽ മാത്രമേ ആധികാരികത വീണ്ടെടുക്കാൻ കഴിയുകയുള്ളു. യുജിസി നടപടിയെ തങ്ങളുടെ നിലപട് വ്യക്തമാക്കുകയാണ് പരീക്ഷ എഴുതിയ വിദ്യാർത്ഥികൾ.
” എക്സാം മാറ്റിവെക്കാനുള്ള തീരുമാനം പരീക്ഷ എഴുതിയ മറ്റു കുട്ടികളോട് ചെയുന്ന നീതിയായി കണക്കാക്കാം. എന്നാൽ ആ വീഴ്ചയിൽ കൃത്യമായി എന്ത് നടപടി സ്വീകരിക്കുമെന്ന് കൂടി വ്യക്തമാക്കേണ്ടയിരിക്കുന്നു. എക്സാം കഴിഞ്ഞ തൊട്ടു പിന്നാലെ മാറ്റിവെക്കണമെങ്കിൽ അതിന് എത്രയോ ദിവസങ്ങൾ മുൻപ് തന്നെ ചോദ്യ പേപ്പർ ആളുകൾ പ്രചരിപ്പിക്കാം. പല സാഹചര്യങ്ങൾ കൈ കാര്യം ചെയ്തും, സമയവും മാറ്റി വച്ചും ആണ് ഞാൻ ഉൾപ്പെടെ പലരും പരീക്ഷ എഴുതിയത്. അപ്പോൾ പരീക്ഷ മാറ്റിവക്കുന്നതിന് ഇത്രയും കാലതാമസം എന്തിന് വേണ്ടിയായിരുന്നു ? ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെൻ്ററിൻ്റെ കീഴിലുള്ള നാഷണൽ സൈബർ ക്രൈം ത്രെറ്റ് അനലിറ്റിക്‌സ് യൂണിറ്റിൽ നിന്ന് അറിയിപ്പ് ലഭിക്കുന്നത് വരെ യുജിസി തങ്ങൾക്ക് വീഴ്ച പറ്റിയ വിവരം അറിഞ്ഞില്ലെന്നത് അങ്ങെയറ്റം നിരാശാജനകമാണ്. പിറ്റേന്ന് തന്നെ റദ്ദാക്കിയ എൻടിഎക്കും വിഷയത്തിൽ കൈ കഴുകാൻ സാധിക്കില്ല. കേവലം 11 ലക്ഷം ആളുകൾ എഴുതിയ ഒരു പരീക്ഷക്ക് പോലും കൃത്യത ഉറപ്പാക്കാൻ സാധിക്കില്ലെങ്കിൽ, കോടികണക്കിന് ആളുകൾ വോട്ട് രേഖപ്പെടുന്ന തെരഞ്ഞെടുപ്പിനെ എങ്ങനെയാണ് വിശ്വാസത്തിൽ എടുക്കേണ്ടത് ? സാങ്കേതിക വിദ്യയിൽ സാധരണ ഗതിയിൽ ആളുകൾ മുന്നോട്ടു പോകുമ്പോൾ ഇവിടെ അതിന് വിപരീതമായാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഓൺലൈൻ പരീക്ഷകൾ വളരെ വേഗത്തിലാണ് ഒഎംആർ രീതിയിലേക്ക് മാറ്റപ്പെട്ടത്. ആ ഒരു തരത്തിൽ നോക്കുകയാണെങ്കിൽ ഇനി എഴുതാനിരിക്കുന്ന ഒഎംആർ പരീക്ഷകൾ എങ്ങനെയാണ് വിശ്വസിച്ച് എഴുതാൻ സാധിക്കുക.
പുന:പരീക്ഷ നടത്തുന്നതിനപ്പുറം ഒരു ദിവസത്തിന് വേണ്ടി ഇത്രയധികം വിദ്യാർത്ഥികൾ മാസങ്ങളായി നടത്തിയ പ്രയത്നവും, ദൂര കൂടുതലുള്ള പരീക്ഷ കേന്ദ്രങ്ങളും തുടങ്ങി ഞങ്ങൾ നേരിട്ട മാനസിക വെല്ലുവിളികൾക്ക് യുജിസി എന്ത് നഷ്ടപരിഹാരമാണ് നൽകാൻ പോകുന്നത്. ഞങ്ങൾക്ക് വേണ്ട നഷ്ട്ടപരിഹാരം നീതിയാണ്, ഇനി ഒരിക്കൽ കൂടി ഇത്തരം പാളിച്ചകൾ അവർത്തിക്കില്ലെന്ന ഉറപ്പാണ്. ഓരോ തവണയും പരീക്ഷ എഴുതുമ്പോൾ ഞങ്ങൾ വഞ്ചിക്കപെടുന്നില്ലെന്ന ആത്മബോധ്യമാണ്. ” നെറ്റ് ആസ്‌പിരന്റും തൃശൂർ സ്വദേശിനിയുമായ ആശ ബേബി ചുണ്ടാട്ട് പറയുന്നു.
” യുജിസി നടത്തുന്ന പരീക്ഷകളിൽ ആവർത്തിച്ച് ക്രമക്കേടുകൾ കണ്ടെത്തി കൊണ്ടിരിക്കുകയാണ്. ചെറിയ ക്ലാസ്സുകളിൽ വിദ്യാർത്ഥികളുടെ പരീക്ഷക്ക് ലഭിക്കുന്ന സുരക്ഷിതത്വവും, ജാഗ്രതയും ഉറപ്പാക്കാൻ കഴിയുന്നില്ലെന്നത് ഖേദകരമാണ്. എൻടിഎയുടെ സുതാര്യതയിലേക്ക് കൂടി വിഷയം കൈ ചൂണ്ടുന്നത്. നിരവധി വിദ്യാർത്ഥികളുടെ ഒരു വർഷമോ അതിൽ കൂടുതലോ സമയമെടുത്ത് അധ്വാനം കൂടിയാണ്, 2000 , 3000 രൂപക്ക് വേണ്ടി ഇൻറർനെറ്റിൽ വിലപ്നയ്ക്ക് വച്ചിരിക്കുന്നത്. തുടർച്ചയായി സംഭവിക്കുന്ന ക്രമക്കേടുകൾ എൻടിഎക്ക് വിദ്യാർത്ഥികളോട് എത്രമാത്രം പ്രതിബദ്ധതയുണ്ടന്ന് കൂടി തെളിയിക്കുന്നതാണ്.
അതിലുമുപരി യുജിസി നെറ്റ് പരീക്ഷ എഴുതുന്ന വിദ്യർത്ഥി ഉത്തരം നൽകേണ്ടത് ഒരു ക്ഷേത്രത്തിലെ തന്ത്രിക്ക് കൊടുക്കുന്ന ചോദ്യങ്ങളാണ്. ഹിസ്റ്ററി, ഫിലോസഫി തുടങ്ങിയ പ്രധാന വിഷയങ്ങളിലും, ജനറൽ പേപ്പറിലും വലിയ അളവിലാണ് ഹിന്ദുത്വയെ അനുകൂലിക്കുന്ന ചോദ്യങ്ങൾ നൽകിയാണ് യുജിസി പരീക്ഷയെ സമീപിക്കുന്നത്. രാജ്യത്തെ ഭാവി തലമുറയെ വാർത്തിയെടുക്കേണ്ട അധ്യാപകരെയും, രാജ്യത്തെ മുന്നോട്ടു കൊണ്ടുപോകേണ്ട ഗവേഷകരെയും കണ്ടെത്തുന്ന ഒരു സുപ്രധാന പരീക്ഷയെയാണ് യുജിസി ഇങ്ങനെ അലക്ഷ്യമായി കൈ കാര്യം ചെയ്യുന്നത്.” അഭിഷേക് സാബു വാരിക്കാട്ട് പറയുന്നു.
വിദ്യാർത്ഥികളുടെ അവകാശത്തിന് മേൽ കത്തിവയ്ക്കുന്ന നടപടികളാണ് ഉന്നത വിദ്യാഭ്യസ സ്ഥാപനങ്ങൾ നടപ്പിലാകുന്നതെന്ന് ആരോപണം ശക്തമാകുകയാണ്. രാജ്യത്തെ യുവ തലമുറയെ ആശങ്കയുടെയും, അരക്ഷിതാവസ്ഥയുടെയും പടുകുഴിയിലേക്കാണോ ഈ സംഭവവികാസങ്ങൾ തള്ളിവിടുന്നതെന്ന ചോദ്യത്തെ കൂടി അഭിമുഖീകരിക്കേണ്ടതുണ്ട്.
Content summary; Students response on net ugc reexamination