UPDATES

കേരളം

പ്രേമ ഭാവനയുടെ തിരിച്ച് വരവ്

മലയാള സിനിമാ ചരിത്രത്തില്‍ ‘ന്റിക്കാക്കൊരു പ്രേമണ്ടാര്‍ന്നു’ അടയാളപ്പെടുത്തുക, ഭാവന എന്ന സൂപ്പര്‍ സ്റ്റാറിന്റെ തിരിച്ച് വരവ് എന്ന നിലയിലാകും.

                       

സ്പോയ്ലര്‍ അലേര്‍ട്ട്

ഏതാണ്ടൊരു പതിറ്റാണ്ട് മുമ്പ്, കൗമാരമേതാണ്ട് അവസാനിച്ച് അധികം കഴിയുന്നതിന് മുമ്പ് പിരിഞ്ഞ, സ്‌ക്കൂള്‍ കാലം മുതലുള്ള കാമുകിയെ അവിചാരിതമായി കണ്ട് സംസാരിച്ച്, ഒരുമിച്ച് ഒരു ചായയും കുടിച്ച് സ്വപ്നത്തെിലെന്ന വിധം ഒരുവന്‍ ഒരു കാറോടിച്ച് വരുന്നു. ഉള്ളില്‍ ഓര്‍മ്മകളുടെ മൊണ്ടാഷ്. അതിലുണ്ടൊരു കാലം, അതിലുണ്ട് കഥ, അതിലുണ്ട് ഭയങ്കരമായ പ്രേമം, അതിലുണ്ട് ഇപ്പോഴുമുള്ളില്‍ ചാരം മൂടിക്കിടക്കുന്നതും ഒരു സ്നേഹക്കാറ്റില്‍ കത്തിപ്പടരുന്നതുമായ കനല് പോലുള്ള സ്നേഹം. ഇത്രയും ഭംഗിയുള്ള എഡിറ്റും ഇത്രയും പ്രേമമുള്ള മുഖവും അധികം കണ്ടിട്ടില്ല. ഭാവന മാത്രമല്ല, പ്രേമ സിനിമകള്‍ കൂടിയാണ് മലയാളത്തിലേയ്ക്ക് ‘ന്റിക്കാക്കൊരു പ്രേമണ്ടാര്‍ന്നു’-യിലൂടെ തിരിച്ച് വരുന്നത്. ആണ്‍തല്ലുകളുടേയും ആഘോഷങ്ങളുടേയും അകമ്പടിയില്ലാത്ത, സാമൂഹിക വിഘാതങ്ങളുടെ റിയലിസമില്ലാത്ത, ശുദ്ധ റൊമാന്റിക് പ്രേമസിനിമയുടെ വരവ്.

പക്ഷേ, ഇതാലോചിക്കുമ്പോള്‍ സെക്കന്‍ഡ് ചാന്‍സുകളുടെ കഥയാണ് എന്നാലോചിക്കരുത്. ആദ്യ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയവര്‍ക്കാണ് സെക്കന്‍ഡ് ചാന്‍സ്. നിങ്ങളുടെ പക്കല്‍ നിന്ന് ജീവിതവും അവസരവും തട്ടിയെടുത്തതിനെ കുറിച്ച് പറയുമ്പോള്‍ എന്ത് സെക്കന്‍ഡ് ചാന്‍സ്? പക്ഷേ ജീവിതത്തില്‍ സെക്കന്‍ഡ് ചാന്‍സുകള്‍ പല വിധത്തില്‍ നോക്കുന്നവരുണ്ട്. അവര്‍ കൂടി ചേര്‍ന്നതാണ് സമൂഹം. ജീവിതം, സിനിമ..എല്ലാം.

പക്ഷേ, മലയാള സിനിമാ ചരിത്രത്തില്‍ ‘ന്റിക്കാക്കൊരു പ്രേമണ്ടാര്‍ന്നു’ അടയാളപ്പെടുത്തുക, ഭാവന എന്ന സൂപ്പര്‍ സ്റ്റാറിന്റെ തിരിച്ച് വരവ് എന്ന നിലയിലാകും.

മലയാള സിനിമ രാജ്യം മുഴുവന്‍ ഉറ്റുനോക്കുന്ന കാലത്ത്, സിനിമയുടെ ലോകത്ത് നിന്ന് അഞ്ച് വര്‍ഷത്തിലധികം വിട്ട് നിന്ന ഒരു നടി തിരികെയെത്തുന്നത് എന്തുകൊണ്ടാണ് നീതിയില്‍ വിശ്വസിക്കുന്ന ഒരു സമൂഹം ആദരവോടെ ഉറ്റുനോക്കുന്നത്? അനീതിക്കിരയായ, അക്രമത്തിനിരയായ ഒരാള്‍ തളരാതെയും തകരാതെയും തന്റെ ജോലി സ്ഥലത്തേയ്ക്ക് മടങ്ങിയെത്തുന്നത് കാണുമ്പോഴുള്ള മനുഷ്യസഹജയായ ആദരവാണോ? ആയിരിക്കും. അതിനെല്ലാം അപ്പുറം നീതിബോധമെന്നത് മനുഷ്യര്‍ക്കുള്ളില്‍ കെട്ട് പോകാതെ കത്തുന്ന തെളിച്ചമായത് കൊണ്ടുമാകാം. അതിനേക്കാള്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ട് ആഹ്ലാദിപ്പിച്ചിട്ടുള്ള ഒരു താരത്തിന്റെ സാന്നിധ്യം വീണ്ടുമുണ്ടാകുന്നതിനുള്ള സ്വാഭാവികാനന്ദവുമാകാം.

ഭാവന എവിടെയും പോയിരുന്നില്ല. നമ്മുടെ നിത്യജീവിതത്തില്‍ നേരത്തേ ഉണ്ടായിരുന്നതിനേക്കാള്‍ ശക്തമായി ഭാവനയുണ്ടായിരുന്നു. നമ്മള്‍ അവരെ കുറിച്ച് സംസാരിച്ചു. അവര്‍ അഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കുന്നത് കണ്ടു. അവര്‍ ടെലിവിഷനില്‍ പ്രത്യക്ഷപ്പെടുന്നത് കണ്ടു. തന്റെ വിവാഹം സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം ആനന്ദാതിരേകത്തോടെ ആഘോഷിക്കുന്നത് കണ്ടു. കന്നഡ സിനിമകളില്‍ അഭിനയിക്കുന്നത് കണ്ടു. മലയാളത്തില്‍ അഭിനയിക്കേണ്ടതില്ല എന്ന് സ്വയം തീരുമാനിച്ചിരുന്നതാണ്. അതിജീവിത എന്ന ലേബലിന്റെ മറയില്‍ താന്‍ മറഞ്ഞിരിക്കുന്ന ആളല്ല ഞാന്‍, എന്റെ പേര് ഭാവന എന്ന് അവര്‍ ഉറക്കെ പറഞ്ഞു.

പക്ഷേ ഇക്കാലത്തിനിടയില്‍ മലയാള സിനിമ മാറി. അതിന്റെ ഭാവുകത്വം മാത്രമല്ല, നടത്തിപ്പുകാരും നിയന്ത്രിതാക്കളും മാറി. താരസങ്കല്‍പ്പങ്ങള്‍ മാറി. രോഗാതുരമായ കാലം വിനോദവ്യവസായ ലോകത്തെ കീഴ്മേല്‍ മറിച്ചപ്പോള്‍ മലയാള സിനിമയും മാറി. ലാവണ്യസങ്കല്‍പ്പങ്ങളും രാഷ്ട്രീയബോധ്യങ്ങളും അല്പമെങ്കിലും പുതുക്കി പണിതിട്ടുള്ള ഒരു പുതിയ സിനിമലോകത്തേയ്ക്കാണ് ഭാവന തിരിച്ചെത്തുന്നത്. അതും ‘ന്റിക്കാക്കൊരു പ്രേമണ്ടാര്‍ന്നു’ എന്ന ബഷീറിയന്‍ മാതൃക തലക്കെട്ടിനൊപ്പം. ആദില്‍ മൈനുനത്ത് അഷ്റഫ എന്ന യുവസംവിധായകന്റെ ആദ്യ സിനിമ. ‘പുഴു’വെന്ന അടുത്ത കാലത്തിറങ്ങിയ മികച്ച സിനിമകളിലൊന്നിന്റെ സഹനിര്‍മ്മാതാക്കളായിരുന്ന രാജേഷ് കൃഷ്ണ, റനീഷ് അബ്ദുള്‍ ഖാദര്‍ എന്നിവരുടെ നിര്‍മ്മാണം.

‘ന്റിക്കാക്കൊരു പ്രേമണ്ടാര്‍ന്നു’വിന്റെ പ്രമോഷനുകളില്‍ ഭാവന ആവര്‍ത്തിച്ചിരുന്നത് ഇതൊരു അസാധാരണ ചിത്രമല്ല, റോള്‍, അസാധാരണമായ റോള്‍ അല്ല എന്നാണ്. അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും അത് തന്നെ പറഞ്ഞു. അമ്പരിപ്പിക്കുന്ന ഗതിമാറ്റങ്ങളോ നിഗൂഢമായ ക്ലൈമാക്സോ ഒന്നുമില്ലാത്ത പ്രേമ സിനിമയാണിത് എന്ന്. പക്ഷേ അവര്‍ വിനയപൂര്‍വ്വം പറഞ്ഞിരുന്നത്ര സാധാരണമല്ല, സിനിമ. അത് പലതരം സ്നേഹങ്ങളുടെ കോര്‍ത്തിണക്കലാണ്. ഇതില്‍ ഒരു കുഞ്ഞനുജത്തിയും അവളേക്കാള്‍ ചുരുങ്ങിയത് 20-22 വയസിന് മൂത്ത ഇക്കാക്കയും തമ്മിലുള്ള സ്നേഹമുണ്ട്. ഇരുപത് വയസിന് മൂത്ത രണ്ട് ആണ്‍മക്കള്‍ ഗള്‍ഫില്‍ ജോലി ചെയ്യുന്ന കാലത്തെ സ്നേഹക്കൂടുതല്‍ കൊണ്ട് അവര്‍ക്കൊരു കുഞ്ഞനുജത്തിയേക്കൂടി നല്‍കിയ അവരുടെ ഉപ്പയും ഉമ്മയും ഉണ്ട്. മകളെ പ്രേമത്തില്‍ നിന്ന് വിടര്‍ത്തിയെടുത്ത് ‘വിവാഹം കഴിച്ചയച്ചത്’ കൊണ്ട് അവളുടെ ജീവിതം കണ്‍മുമ്പില്‍ തകര്‍ന്ന് പോയത് കണ്ട് നെഞ്ചുരുകി നില്‍ക്കുന്ന ഒരച്ഛനുണ്ട്. സ്പോര്‍ട്സിനെ സ്നേഹിച്ച് പരാജയപ്പെട്ടതിനാല്‍ മക്കള്‍ക്ക് കളിക്കാരുടെ പേരിട്ട് അവരെ കായിക താരങ്ങളാക്കാന്‍ ഇറങ്ങിത്തിരിച്ച് വീണ്ടും തോറ്റുപോയ ഒരു മനുഷ്യനുണ്ട്. ഒരിഷ്ടം തോന്നിയ ചെറുപ്പക്കാരനെ അയാളുടെ ഇഷ്ടങ്ങള്‍ക്ക് പുറകെ പോകാന്‍ അനുവദിക്കും വിധം സ്നേഹക്കൂടുതലുള്ള ഒരു ചെറുപ്പക്കാരി വക്കീലുണ്ട്. ഒന്‍പതോ പത്തോ വയസുള്ളപ്പോള്‍ ഉറച്ച് പോയ ഒരു സ്നേഹത്തെ പിഴുതെടുത്ത് കളയാന്‍ കാലത്തിനായിട്ടില്ല എന്ന് മനസിലാക്കി, പ്രണയിച്ച് കൊണ്ടേയിരിക്കുന്ന ജിമ്മിയും നിത്യമുണ്ട്. ഒരു കഥാപാത്രം ഒരിടത്ത് പറയുന്നുണ്ട്- നിങ്ങളുടെ കുടുംബത്തിലുള്ളവര്‍ക്ക് സ്നേഹക്കൂടുതല്‍ കൊണ്ടുള്ള പ്രശ്നങ്ങളേ ഉള്ളൂ എന്ന്. അതാണ് ‘ന്റിക്കാക്കൊരു പ്രേമണ്ടാര്‍ന്നു’ എന്ന സിനിമയിലെ കേന്ദ്ര പ്രമേയം-സ്നേഹം. പ്രകടിപ്പിക്കുന്നത്, പ്രകടിപ്പിക്കാന്‍ അറിയാത്തത്, പ്രകടിപ്പിക്കാന്‍ പറ്റാതെ പോയത്. അങ്ങനെ അങ്ങനെ.

വരത്തന്‍, റോഷാക്, അഞ്ചാം പാതിര, ആര്‍ക്കറിയാം എന്നിങ്ങനെ വ്യത്യസ്തവും, എന്നാല്‍ അസാധ്യവുമായ പ്രകടനങ്ങള്‍ കൊണ്ട് മലയാളത്തില്‍ ഇക്കാലത്ത് ഏറ്റവും ശ്രദ്ധേയനായ നടനാണ് ഷറഫുദ്ദീന്‍. പ്രേമം മുതലിങ്ങോട്ട് ഷറഫിന്റെ കരിയറെടുത്താലറിയാം കഥാപാത്രങ്ങളുടെ ഉള്ളറിഞ്ഞുള്ള അഭിനയത്തിന്റെ കരുത്ത്. നല്ല കളര്‍ഫുള്‍ ഷര്‍ട്ടൊക്കെയിട്ട്, ഭംഗിയുള്ള താടിയും സണ്‍ഗ്ലാസുമെല്ലാമായി അനുജത്തിയുടെ കൂടെ ഐസ്‌ക്രീമും ഫലൂദയും ഒക്കെ കഴിച്ച്, ഗള്‍ഫില്‍ പണിയെടുത്ത് കിട്ടിയ പൈസ വിന്റേജ് കാര്‍ എന്ന തന്റെ ഭ്രമത്തില്‍ നിക്ഷേപിച്ച്, സമാധാനമായി ജീവിക്കുന്ന ജിമ്മിയുടെ കഥാപാത്രത്തിനുള്ളിലുള്ള വിഷാദത്തിന്റെ നനുത്ത ആവരണത്തെ തൊടാനായി എന്നുള്ളതാണ് ഷറഫ് അഭിനേതാവിന്റെ വിജയം. ഉപ്പായുടെ സ്വപ്നസാക്ഷാത്കാരത്തിനായി ജീവിച്ച ചെറുപ്പം, പ്രണയ നഷ്ടത്തിന് ശേഷം വിഷാദത്തിന്റെ തീരത്ത് ദുബായില്‍ ഒറ്റയടിക്ക് ജീവിച്ച ആറു വര്‍ഷങ്ങള്‍, അനുജത്തിയുണ്ടായ ശേഷം അവളുടെ പാട്നറും കാവല്‍മാലാഖയും ചങ്ങാതിയുമായി കൂടിയ കാലം എന്നിങ്ങനെ സിനിമയിലെ ജിമ്മിയുടെ ഉള്ളില്‍ പറഞ്ഞതും പറയാത്തവുമായ പല തലങ്ങളുണ്ട്. നിത്യയെ വര്‍ഷങ്ങള്‍ക്ക് ശേഷം അപ്രതീക്ഷിതമായി കാണുമ്പോള്‍ കുഴങ്ങി മറിഞ്ഞുള്ള നില്‍പ്പിലും പിറ്റേന്ന് അവളെ കണ്ട് സംസാരിച്ചതിന് ശേഷം സ്വപ്നതുല്യമായ ഒരവസ്ഥയില്‍ ഡ്രൈവിലും ഒടുവില്‍ ഒരുനാള്‍ നിരാശയും കുറ്റബോധവും നഷ്ടബോധവുമെല്ലാമായുള്ള മറ്റൊരു ഡ്രൈവിലുമെല്ലാം ഈ വ്യത്യസ്ത ജിമ്മികളെ നമുക്ക് കാണാം. ഒരു വക്കീല്‍ ഓഫീസില്‍ നിന്നിറങ്ങി ഒരു ഇടവഴിയിലൂടെ സങ്കടവും നിസഹായതയും രോഷവും മടുപ്പും ബാധിച്ച നിത്യക്കൊപ്പം നടക്കാന്‍ ശ്രമിക്കുന്ന ജിമ്മിയുണ്ട്. മുന്നിലോ പിന്നിലോ ആയിപ്പോകും അവന്‍. ഒപ്പം മാത്രം നില്‍ക്കാന്‍ പറ്റില്ല. ആ രോഷവും സങ്കടവും പറഞ്ഞാല്‍ മനസിലാവുകയും ഇല്ല. അതിനൊപ്പം നില്‍ക്കാനുള്ള ശ്രമം മാത്രമേ നടക്കൂ. ഈ സിനിമയെ ഉയര്‍ത്തുന്നതില്‍ ഷറഫുദ്ദീന്‍ എന്ന ആക്ടറുടെ പങ്ക് പ്രധാനമാണ്. സ്നേഹവും പ്രേമവും നിറഞ്ഞ ജിമ്മിയെ ഷറഫു നമ്മള്‍ക്കുള്ളിലേയ്ക്ക് എളുപ്പമെത്തിക്കുന്നു. അസാധാരമായ സ്വാഭാവികതയും ലാളിത്യമുണ്ട് ആ പ്രക്രിയയ്ക്ക്. കുഡോസ് മാന്‍!

ഷറഫുദ്ദീനും ഭാവനയും തമ്മിലുള്ള കെമിസ്ട്രിയായിരിക്കും ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. നിത്യ അസാധാരണ പോരാളിയൊന്നുമല്ല, സൂപ്പര്‍ വുമണല്ല. പക്ഷേ ധൈര്യവും വ്യക്തിത്വവും ഉള്ളവളാണ്. ഇരുപത് വയസോ മറ്റോ ഉള്ളപ്പോഴാണെങ്കിലും തികച്ചും ഭയപ്പെടുത്തുന്ന ഒരു സാഹചര്യത്തിലും അവള്‍ക്ക് തന്റെ സ്നേഹത്തെ തുറന്ന് പ്രഖ്യാപിക്കുന്നതില്‍ ഒരു മടിയുമില്ലായിരുന്നു. അവള്‍ക്ക് ബന്ധങ്ങളില്‍ നിന്ന് പിന്നീട് തിരിച്ചടികളേ ഉണ്ടായിട്ടുള്ളൂ. ഒന്‍പത് വര്‍ഷം തടവറയില്‍ എന്ന പോലെ അവള്‍ കഴിഞ്ഞിട്ടുണ്ട്. എന്നിട്ടും ചിരിക്കാനും സന്തോഷിക്കാനും അവള്‍ മറന്നില്ല. പക്ഷേ ചില വാതിലുകള്‍ അടയ്ക്കേണ്ടിടത്ത് അടയ്ക്കാന്‍ അവള്‍ക്കറിയാം. സ്വന്തം തീരുമാനങ്ങളെ കുറിച്ച് ആശങ്കകളില്ല. എല്ലാം പിന്നിട്ടിട്ടും അവളുടെ കണ്ണില്‍ അതിമനോഹരമായ പ്രണയത്തിന്റെ മാസ്മരികതയുണ്ട്. സ്‌ക്രീനിലെ നിത്യയെ എത്രയോ സ്വഭാവികമായും സുഭദ്രമായും ഭാവന അവതരിപ്പിക്കുമ്പോള്‍, നിത്യക്ക് നഷ്ടമായ വര്‍ഷങ്ങളേ പോലെ തന്നെ ഭാവനയ്ക്ക് നഷ്ടമായ വര്‍ഷങ്ങള്‍ നമ്മളെ വേദനിപ്പിക്കും. ഭാവനയ്ക്ക് ഇത്ര സൂക്ഷ്മമായ വോയ്സ് മോഡുലേഷന്‍ ഉണ്ടെന്നുള്ള കാര്യം നേരത്തേ ശ്രദ്ധിച്ചിരുന്നില്ലെന്ന് തോന്നുന്നു. സാധാരണമായ ഡയലോഗുകളെ ദീര്‍ഘകാലത്തെ ക്യാമയ്ക്ക് മുന്നിലുള്ള പരിചയം കൊണ്ട് താരങ്ങള്‍ അസാധാരണമാക്കി മാറ്റുന്നതിന്റെ ഉദാഹണങ്ങള്‍ക്ക് ചൂണ്ടിക്കാണിക്കാന്‍ ഒന്നിലധികം അവസരങ്ങള്‍ ഇവിടെ ഭാവന നമുക്ക് തരുന്നുണ്ട്. ഒരു പത്തുവയസുകാരിയെ അനുകരിച്ച് കാറിന്റെ ഉള്ളിലേയ്ക്ക് ഇരുകൈകളും ചില്ലില്‍ കണ്ണിന്നിരുപുറവും വച്ച് സൂക്ഷിച്ച് നോക്കുന്നത് മുതല്‍ ഒരു ചടങ്ങിലേയ്ക്ക് നീലസാരിയുടുത്ത് ഇളം തെന്നല്‍ പോലെ പ്രവേശിക്കുന്നത് വരെ കാണുമ്പോള്‍ മലയാള സിനിമയും നമ്മുടെ കാലവും നഷ്ടപ്പെടുത്തിയ ഭാവന വര്‍ഷങ്ങള്‍ നമുക്ക് ഓര്‍മ്മവരും.

അബ്ദുള്‍ ഖാദറായി എത്തുന്ന അശോകന്‍, ഫിദ എന്ന ക്യാരക്ടറിനെ മനോഹരമാക്കിയ അനാര്‍ക്കലി നാസര്‍, നിത്യയുടെ കൗമാര കാലം അവതരിപ്പിക്കുന്ന പെണ്‍കുട്ടി, ഷെബിന്‍ ബെന്‍സന്‍, ദിവ്യ, സാദിഖ് എന്നിവരും സ്വന്തം റോളുകളോട് നീതി പുലര്‍ത്തി. പിന്നെ നമ്മുടെ കഥ പറച്ചിലുകാരി മരിയത്തിനെ കുറേ കാലം മലയാള സിനിമയുടെ ഓമനയായി നിലനിര്‍ത്താന്‍ പോന്ന സാനിയ റാഫി എന്ന മിടുക്കത്തി. റൈറ്റര്‍, എഡിറ്റര്‍ എന്നീ നിലകളില്‍ കൂടി പണിയെടുത്താണ് ആദില്‍ തന്നെ ആദ്യ ചിത്രത്തെ ഒരുക്കിയിരിക്കുന്നത്. മരിയത്തിന്റെ മുറിയിലെ കുഞ്ഞിക്കാറുകള്‍ക്കൊണ്ട് ഫ്രെയിം തീര്‍ത്ത കണ്ണാടിയും അവളുടെ വാച്ചും മുതല്‍ നിത്യയുടെ വസ്ത്രങ്ങളിലും ജിമ്മിയുടെ ഷര്‍ട്ടുകളിലും ഉള്ള പാറ്റേണുകള്‍ വരെ സര്‍വ്വതിലും കണിശമായ ബാലന്‍സുകള്‍ പാലിക്കുന്നുണ്ട് ആദില്‍. എഡിറ്റിങ്ങും സിനിമോറ്റോഗ്രാഫിയും ഫീല്‍ഗുഡ്, ഫാമിലി പാക്കേജുകളുടെ സന്തോഷങ്ങള്‍ക്ക് ചേരുന്നതും കൃത്യതയുള്ളതുമാണ്. പാട്ടുകളും നൃത്തങ്ങളുമായി അടിസ്ഥാനപരമായി പ്രണയസിനിമ എന്ന നിലയില്‍ തന്നെയാണ് ‘ന്റിക്കാക്ക’യെ സംവിധായന്‍ അവതരിപ്പിക്കുന്നത്.

സ്‌കൂള്‍ മുറികളില്‍ നിന്ന് പിന്തുടരുന്ന ഒരു ചിരിയുണ്ട്, കാലമെത്ര കഴിഞ്ഞാലും നെഞ്ചില്‍ തടഞ്ഞ് നിര്‍ത്തിയതിനെ ഒക്കെ അണപൊട്ടിക്കാന്‍ പോന്ന ഒരു ചെറു ചിരി. പണ്ടെഴുതിയ പ്രേമലേഖനവും അത് വായിക്കുമ്പോഴുള്ള ക്രിഞ്ചടിയും ഉണ്ട്. പറയാതെ പോയതും ചെയ്യാതെ പോയതുമായ ഒരുപാട് കാര്യങ്ങളുണ്ട്. കാട്ടില്‍ കൊണ്ട് കളഞ്ഞാലും, വഴിയെത്ര തെറ്റിച്ചാലും കാലമെത്ര കഴിഞ്ഞാലും തിരിച്ച് വീട്ടിലെത്തുന്ന പൂച്ചപോലൊരു സ്നേഹമുണ്ട്. അതിന്റെ വാഴ്ത്താണ് ‘ന്റിക്കാക്കക്കൊരു പ്രേമണ്ടാര്‍ന്നു’.

പ്രണയത്തിനും ഭാവനയ്ക്കും വീണ്ടും സ്വാഗതം. പ്രണയഭാവനകള്‍ പൂത്തുലയട്ടെ.

 

ശ്രീജിത്ത് ദിവാകരന്‍

ശ്രീജിത്ത് ദിവാകരന്‍

അഴിമുഖം കണ്‍സള്‍ട്ടന്റ് എഡിറ്റര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍