ലോകത്ത് ആണവായുധങ്ങള്‍ കൈവശം വെച്ചിരിക്കുന്ന രാജ്യങ്ങളുടെ ഒരു ലിസ്റ്റ് ജൂണ്‍ 26-ന് വാഷിംഗ്ടണ്‍ പോസ്റ്റ് പ്രസിദ്ധീകരിക്കുകയുണ്ടായി. ഫെഡറേഷന്‍ ഓഫ് അമേരിക്കന്‍ സയന്റിസ്റ്റുകള്‍ (FAS) തയ്യാറാക്കിയ കണക്കുകള്‍ പ്രകാരം, ഒമ്പത് രാജ്യങ്ങള്‍ ഔദ്യോഗികമായി ആണവായുധങ്ങള്‍ കൈവശം വച്ചിരിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 90 ആണവ യുദ്ധോപകരണങ്ങളുള്ള ഇസ്രയേലും ഈ പട്ടികയില്‍ പെടും. ഇതില്‍ ഇറാന്റെ പേരില്ല എന്നതാണ് ശ്രദ്ധേയമായ ഒരു കാര്യം. എന്നിട്ടും, ആണവശേഷി വികസിപ്പിക്കുന്നുവെന്ന സംശയത്തിന്റെ പേരിലാണ് ഇറാനെ ഇസ്രയേല്‍ ആക്രമിച്ചത്. ഈ ആണവ ഇരട്ടത്താപ്പ്, ഐക്യരാഷ്ട്രസഭ പോലുള്ള അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ ദൗര്‍ബല്യത്തെക്കുറിച്ച് ഗൗരവമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. യുക്തിയും നീതി ബോധവുമുള്ള സുപ്രധാന ചോദ്യം ഇതാണ്: ആണവായുധം കൈവശം വെക്കുന്ന ഒരു രാജ്യത്തിന്, ആണവായുധമില്ലാത്ത ഒരു രാജ്യത്തെ, അത് വികസിപ്പിക്കാന്‍ ശ്രമിക്കുന്നു എന്ന സംശയത്തിന്റെ പേരില്‍ ആക്രമിക്കാന്‍ എന്ത് നൈതിക അവകാശമാണ് ഉള്ളത്? ഈ ചോദ്യശരം ചെന്നെത്തുന്നത് ആഗോള ഉത്തരവാദിത്തത്തിലേക്ക് കൂടിയാണ്.
രാജ്യം ആകെ ആണവായുധങ്ങള്‍ ആണവായുധം ഉള്‍പ്പെട്ട മിസൈല്‍/ബേസ് സംഭരണത്തില്‍ ഉള്ള ആണവായുധങ്ങള്‍
ആണവായുധങ്ങള്‍ കൈവശമുള്ള രാജ്യങ്ങളുടെ വിവരങ്ങള്‍ (2025 കണക്കുകള്‍ പ്രകാരം)
ഫെഡറേഷന്‍ ഓഫ് അമേരിക്കന്‍ സയന്റിസ്റ്റുകളോ സ്റ്റോക്ക്ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടോ (SIPRI) ഇറാനെ ആണവായുധമുള്ള രാഷ്ട്രമായി അംഗീകരിക്കുന്നില്ല. എന്നാല്‍, ആണവ നിരായുധീകരണ ഉടമ്പടി (NPT) ചട്ടക്കൂടിന് പുറത്തുള്ള ഇസ്രയേല്‍, പ്രഖ്യാപിക്കപ്പെടാത്തതും എന്നാല്‍ ലോകത്തിന് അറിയാവുന്നതുമായ ആണവായുധ ശേഖരം കൈവശം വെച്ചിരിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി (IAEA) ആണ് ആണവ കേന്ദ്രങ്ങള്‍ പരിശോധിക്കാനും ആണവ ഉടമ്പടികളുടെ പാലനം ഉറപ്പാക്കാനുമുള്ള അധികാരമുള്ളത്. ഇസ്രയേല്‍ IAEAയെ മറികടന്ന് സ്വന്തം നിഗമനങ്ങളുടെ ബലത്തില്‍ സൈനിക നടപടികള്‍ സ്വീകരിച്ചപ്പോള്‍, അത് അന്താരാഷ്ട്ര മാനദണ്ഡങ്ങളെ കാറ്റില്‍ പറത്തുകയും ഐക്യരാഷ്ട്രസഭയുടെ അധികാരത്തെ അപ്രസക്തമാക്കുകയും ചെയ്തു.
ഇസ്രയേല്‍ ഒരിക്കലും അന്താരാഷ്ട്ര പരിശോധനകള്‍ അനുവദിച്ചിട്ടില്ല. NPT-യില്‍ ഒപ്പുവെച്ചിട്ടില്ല എന്നത് കൂടുതല്‍ ആശങ്കാജനകമാണ്. ഇസ്രയേല്‍ അവരുടെ ആണവ ആയുധശേഖരം, പരിശോധനയില്‍ നിന്ന് മുക്തമാക്കി സംരക്ഷിതമായി നിലനിര്‍ത്തുന്നു. അതേസമയം, ആണവ സാങ്കേതികവിദ്യ പലപ്പോഴും ഊര്‍ജ്ജ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ സാധ്യതയുള്ള എതിരാളിക്കെതിരെ ശക്തമായ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഇറാന്‍ എന്ന പോലെ ഇസ്രയേലും കര്‍ശനമായ പരിശോധനകള്‍ക്ക് വിധേയമാകേണ്ടതല്ലേ? ഐക്യരാഷ്ട്രസഭയുടെ ആണവ മേല്‍നോട്ട സമിതിക്ക് ഇസ്രയേലിനെ പരിശോധിക്കാന്‍ കഴിയുന്നില്ലെങ്കില്‍, അന്താരാഷ്ട്ര സമൂഹം ഈ ഇരട്ടത്താപ്പിന് നേരെ മൗനം പാലിക്കുമ്പോള്‍ തത്വമല്ല, അധികാരമാണ് ആണവ നിയമസാധുതയുടെ മാനദണ്ഡം എന്ന് വിശ്വസിക്കുന്ന ഒരു ലോകത്താണ് നാം ജീവിക്കുന്നതെന്ന് പറയേണ്ടി വരും.
ഈ വിശ്വാസ്യതാ പ്രതിസന്ധി, ഇന്ത്യയിലെ സാങ്കേതിക ദര്‍ശകനും ഡിജിറ്റല്‍ ഇന്ത്യയുടെ പിതാവുമായ സാം പിത്രോദയുടെ ”റീഡിസൈന്‍ ദ വേള്‍ഡ്” അഥവാ ”വരൂ, ലോകം പുനര്‍നിര്‍മ്മിക്കാം” എന്ന പുസ്തകത്തില്‍ നേരത്തെ വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. പിത്രോദ എഴുതിയതുപോലെ, രണ്ടാം ലോകയുദ്ധാനന്തര ലോകത്തെ രൂപപ്പെടുത്തിയ സ്ഥാപനങ്ങള്‍ -അവയില്‍ പ്രധാനം ഐക്യരാഷ്ട്രസഭ – ബൈപോളാര്‍ വ്യാവസായിക കാലഘട്ടത്തിലെ ക്രമത്തിനായി രൂപകല്‍പ്പന ചെയ്തവയാണ്. യു എസ് മോഡലില്‍ രൂപപ്പെടുത്തിയ അവ ഇപ്പോള്‍ കാലഹരണപ്പെട്ടതും, പ്രവര്‍ത്തനരഹിതവുമായതും, ഹൈപ്പര്‍ കണക്റ്റഡ്, ന്യൂക്ലിയര്‍ സായുധ, ബഹു ധ്രുവ ലോകത്തിന്റെ അതിസങ്കീര്‍ണ്ണമായ വെല്ലുവിളികളെ നേരിടാന്‍ പര്യാപ്തവുമല്ലെന്നാണ് സാം പിത്രോദ പറയുന്നത്. അതുകൊണ്ടുതന്നെ, പിത്രോദ ആഹ്വാനം ചെയ്യുന്നത് അമേരിക്കന്‍, ചൈനീസ് മാതൃകകള്‍ക്ക് അപ്പുറമുള്ള ഒരു പുതിയ മൂന്നാം ദര്‍ശനത്തിനായുള്ള പുനര്‍നിര്‍മ്മാണം ആണ്. അതായത് സുതാര്യത, നീതി, മനുഷ്യകേന്ദ്ര മൂല്യങ്ങള്‍ എന്നിവയെ ആധാരമാക്കിയുള്ള ലോകക്രമം. ഐക്യരാഷ്ട്രസഭയും, IAEA പോലുള്ള സ്ഥാപനങ്ങളും, NPT പോലുള്ള ചട്ടക്കൂടുകളും പുതിയ ആധുനിക സാഹചര്യങ്ങളെ പരിഗണിച്ച് പുനര്‍നിര്‍മ്മിക്കപ്പെടേണ്ട സമയമാണിതെന്നാണ് സാം പിത്രോദ തന്റെ പുസ്തകത്തിലൂടെ ലോകത്തോട് പറഞ്ഞത്.
നിലവിലെ ആഗോള ആണവക്രമം സുസ്ഥിരമല്ല. ഇത് ഇസ്രയേലിനെ പോലുള്ള രാജ്യങ്ങള്‍ക്ക് പ്രഖ്യാപിക്കാത്ത ആയുധശേഖരം നിലനിര്‍ത്താന്‍ അനുമതി നല്‍കുന്നു. അതേസമയം, മറ്റു രാഷ്ട്രങ്ങള്‍ക്ക് ആണവോര്‍ജം പോലും വികസിപ്പിക്കാന്‍ അനുവദിക്കാതെ അവയെ അസ്തിത്വ ഭീഷണികള്‍ക്ക് വിധേയമാക്കുന്നു. ഇത് രാജ്യങ്ങളെ അന്താരാഷ്ട്ര നിയമങ്ങള്‍ ശിക്ഷാരഹിതമായി ലംഘിക്കാന്‍ പ്രാപ്തമാക്കുകയും, ഐക്യരാഷ്ട്രസഭയെ അതിന്റെ നിയമങ്ങള്‍ നടപ്പാക്കാന്‍ കഴിയാത്ത വിധം ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നു.
സ്വന്തമായി ആണവശക്തിയും വിദേശനയതന്ത്രത്തില്‍ ധാര്‍മിക നിലപാടുകളുടെ ശക്തമായ പാരമ്പര്യവുമുള്ള ഇന്ത്യ, ഈ ഇരട്ടത്താപ്പിനെ പിന്തുണയ്ക്കുന്ന അന്താരാഷ്ട്ര നിഷ്‌ക്രിയതയെ എതിര്‍ക്കണം. മൗനം നിഷ്പക്ഷതയല്ല അത് കൂട്ടുപങ്കാളിത്തമാണ്. ആണവായുധ നയം എല്ലാ രാജ്യങ്ങള്‍ക്കും തുല്യവും നിയമപരവുമായിരിക്കണം. അല്ലെങ്കില്‍ ശക്തരുടെ താത്പര്യങ്ങള്‍ നിഷ്പക്ഷതയെ തകര്‍ക്കും. ആണവായുധങ്ങള്‍ നിഷ്പക്ഷമായി നിയന്ത്രിക്കപ്പെടാതെ പോകുമ്പോള്‍, ഭാവിയിലെ യുദ്ധങ്ങള്‍ സംശയത്തിന്റെ പേരിലാകും. അതിന് മുമ്പായി ഐക്യരാഷ്ട്രസഭ, ആണവായുധങ്ങള്‍ കൈവശം വയ്ക്കാനുള്ള അവകാശം (NPT) IMF,WHO,WTO ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകളെ പുനര്‍നിര്‍മ്മിക്കണം. പുനര്‍നിര്‍മിത ലോകക്രമത്തിന്റെ ആവശ്യം മുമ്പൊരിക്കലും ഇത്ര അടിയന്തരമായിരുന്നില്ല. Nuclear double play and the failure of the ‘UN’
Content Summary: Nuclear double play and the failure of the ‘UN’
Leave a Comment