പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യ കണ്ട മികച്ച വനിത അത്ലറ്റുകളില്‍ ഒരാളായ പിവി സിന്ധുവും
ടേബിള്‍ ടെന്നിസ് താരം എ ശരത് കമലും ഇന്ത്യന്‍ പതാകയേന്തും. ഷൂട്ടര്‍ ഗഗന്‍ നാരംഗാണ് ഇന്ത്യന്‍ സംഘത്തെ നയിക്കുന്നത് . ഇതിഹാസ ബോക്സിംഗ് താരം മേരി കോമിന് പകരമാണ് നേതൃത്വം നാരംഗിന് നല്‍കിയിട്ടുള്ളത്. വ്യക്തിപരമായ കാരണങ്ങളാല്‍ ചുമതലയില്‍ നിന്ന് ഒഴിവാകുകയാണെന്ന് ആറു തവണ ലോക ചാമ്പ്യനായ മേരി കോം ഏപ്രിലില്‍ അറിയിച്ചിരുന്നു. ഒളിമ്പിക്സ് ഉള്‍പ്പെടെ നിരവധി ലോക കായിക മേളകളില്‍ ദേശീയ പതാക ഉയര്‍ത്തിയ താരമാണ് പി വി സിന്ധു. ലോക ബാഡ്മിന്റണ്‍ ചാമ്പ്യനായ ഏക ഇന്ത്യക്കാരിയും, ഒളിമ്പിക്സില്‍ തുടര്‍ച്ചയായി രണ്ട് മെഡലുകള്‍ നേടുന്ന ഇന്ത്യയില്‍ നിന്നുള്ള രണ്ടാമത്തെ വ്യക്തിഗത അത്ലറ്റുമാണ് സിന്ധു.
രാജ്യത്തെ നയിക്കാന്‍ ഒരു മെഡല്‍ ജേതാവിനെ തേടുകയായിരുന്നുവെന്നും യുവതാരമായ ഗഗന്‍ നാരംഗ്, മേരി കോമിന് പകരക്കാരനാകാന്‍ എന്തുകൊണ്ടും യോഗ്യനാണെന്നും ഐഒഎ പ്രസിഡന്റ് പി ടി ഉഷ പറഞ്ഞു. നാല് തവണ ഒളിമ്പിക്‌സ് മത്സരങ്ങളില്‍ പങ്കെടുത്തിട്ടുള്ള ഗഗന്‍ 2012ല്‍ പുരുഷന്മാരുടെ പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍ ഷൂട്ടിങ്ങില്‍ വെങ്കല മെഡല്‍ ജേതാവും ആണ്. 2018 കോമണ്‍വെല്‍ത്ത് ഗെയിംസിലും 2018 ഏഷ്യന്‍ ഗെയിംസിലും ഓരോ വെള്ളി മെഡലും യൂബര്‍ കപ്പില്‍ രണ്ട് വെങ്കലവും താരം സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യയിലെ നാലാമത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മശ്രീയോടൊപ്പം പത്മഭൂഷണ്‍, അര്‍ജുന അവാര്‍ഡ്, മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്ന പുരസ്‌കാരം തുടങ്ങിയ ബഹുമതികള്‍ താരത്തിന് ലഭിച്ചിട്ടുണ്ട്.
ഷെഫ് ഡി മിഷന്‍
ജൂലൈ 26നാണ് 2024ലെ ഒളിമ്പിക്‌സ് മത്സരങ്ങള്‍ക്ക് ആരംഭമാകുന്നത്. ശാരീരിക പ്രശ്‌നങ്ങളും കുടുംബത്തെ വിട്ടു മാറി നില്‍ക്കുന്നതിലുള്ള ബുദ്ധിമുട്ടും ചൂണ്ടിക്കാട്ടി ഷെഫ് ഡി മിഷന്‍ സ്ഥാനത്ത് നിന്നും കഴിഞ്ഞ ഏപ്രിലില്‍ ആണ് മേരി കോം രാജി വെച്ചിരുന്നത്. മാര്‍ച്ചിലാണ് ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ (ഐഒഎ) മേരി കോമിനെ സംഘത്തിന്റെ നേതൃത്വമേല്‍പ്പിച്ചത്.
ഒളിമ്പിക്‌സ് പോലെയുള്ള അന്താരാഷ്ട്ര മത്സരങ്ങളില്‍ ദേശീയ ടീമുകളുടെ നേതൃത്വ സ്ഥാനമാണ് ഷെഫ് ഡി മിഷന്‍. ഏറെ പ്രധാനപ്പെട്ട കാര്യനിര്‍വഹണ പദവിയാണ് ഷെഫ്ഡി മിഷന്‍. ഒളിംപിക്സില്‍ പങ്കെടുക്കുന്ന അത്ലറ്റുകളുടെ ക്ഷേമം ഉറപ്പുവരുത്തുക, അവരുടെ ആവശ്യങ്ങള്‍ പരിഗണിക്കുക, സംഘാടക കമ്മിറ്റിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുക തുടങ്ങിയവ ചെഫ് ഡി മിഷന്റെ ഉത്തരവാദിത്തമാണ്.
English Summary: Olympics 2024 India : PV Sindhu, Sharath Kamal to be India’s flag bearers, Gagan Narang named Chef-de-Mission