July 12, 2025 |

13 വർഷങ്ങൾക്കിടയിൽ രണ്ട് കേസിൽ തെളിവായ പിസ്റ്റൾ

യുപി പൊലീസിന്റെ വ്യാജ ഏറ്റുമുട്ടൽ കഥയ്ക്ക് തിരശീല

ഉത്തർപ്രദേശിൽ 2017ൽ യോ​ഗി ആദിത്യനാഥ് അധികാരത്തിലേറിയതിന് ശേഷം പൊലീസ് ഏറ്റുമുട്ടലിൽ കുറ്റവാളികൾ കൊല്ലപ്പെടുന്ന സംഭവങ്ങൾ നിരവധിയാണ്. ബൈക്കിൽ എത്തുന്ന രണ്ട് യുവാക്കൾ, അവർക്ക് നേരെ ടോർച്ച് വീശി ബൈക്ക് നിർത്താൻ ആവശ്യപ്പെടുന്ന പൊലീസ്. പൊലീസിനെ കണ്ട ആശങ്കയിൽ ബൈക്ക് ഉപേക്ഷിച്ച് കാൽനടയായി രക്ഷപ്പെടാൻ ശ്രമിക്കുന്ന ഇവരെ പിന്തുടരുന്ന പൊലീസ്. കീഴടങ്ങാൻ ആവശ്യപ്പെടുമ്പോൾ പൊലീസിന് നേരെ കൈവശം സൂക്ഷിച്ചിരുന്ന തോക്ക് ഉപയോ​ഗിച്ച് യുവാക്കൾ നിറയൊഴിക്കുന്നു. എന്നാൽ വെടിയേൽക്കാതെ രക്ഷപ്പെടുന്ന പൊലീസ് ഉദ്യോ​ഗസ്ഥർ സംഘട്ടനത്തിനിടയിൽ സാഹസികമായി യുവാക്കളെ കീഴടക്കുകയും അവർക്ക് നേരെ നിറയൊഴിക്കുന്നു, തുടർന്ന് വധശ്രമത്തിന് കേസെടുക്കുകയും ചെയ്യുന്നു. ഇതാണ് യുപി പൊലീസ് പങ്കു വയ്ക്കുന്ന ആക്രമണത്തിന്റെ ഒരു സ്ഥിരമായ രീതി. എല്ലാ തവണയും പൂർണ്ണ വിജയമാകുന്ന ഈ കഥയ്ക്ക് അന്ത്യം വീണിരിക്കയാണ്.

2020ൽ കാൺപൂരിൽ വച്ച് നടന്ന ഇത്തരമൊരു പൊലീസ് ഏറ്റുമുട്ടലിന്റെ ചുരുളഴിഞ്ഞിരിക്കുകയാണ് അഞ്ച് വർഷങ്ങൾക്ക് ശേഷം. അന്ന് യുവാക്കളിൽ നിന്ന് കണ്ടെത്തിയതെന്ന് പറയപ്പെടുന്ന ആയുധം യഥാർത്ഥത്തിൽ പൊലീസിന്റെ കൈവശം സൂക്ഷിച്ചിരുന്നതാണെന്നും ഇത് പ്രതികളുടെ കൈവശം ഉണ്ടായിരുന്നതാണെന്ന തരത്തിൽ കാര്യങ്ങൾ ചിത്രീകരിച്ചതാണെന്നും കോടതിയ്ക്ക് വ്യക്തമായി. ഇതേ ആയു​ധം 13 വർഷങ്ങൾക്കിടയിൽ രണ്ട് കേസുകളിൽ തെളിവായി ഉപയോ​ഗിച്ചിട്ടുള്ളതാണ്. കാൺപൂർ സ്വദേശികളായ കുന്ദൻസിം​ഗ് അമിത് സിം​ഗ് എന്നിവരെ ഏപ്രിൽ 1ന് കോടതി കുറ്റവിമുക്തരാക്കി. 2007ലെ ഒരു കേസിലെ തെളിവായ തോക്ക് ഇരുവരുടെയും കൈവശത്ത് നിന്ന് കണ്ടെത്തിയതാണ് കോടതിയ്ക്ക് സംശയം ജനിപ്പിച്ചത്. തുടർന്ന് കേസുമായി ബന്ധപ്പെട്ട പൊലീസ് ഉദ്യോ​ഗസ്ഥർക്ക് നേരെ അന്വേഷണത്തിന് കോടതി ഉത്തരവിട്ടു. കേസുമായി ബന്ധപ്പെട്ട് ഒരു വിശദമായ അന്വേഷണം നടത്താൻ കാൺപൂരിലെ കമ്മീഷണറോട് ജഡ്ജി സിം​ഗ് ആവശ്യപ്പെട്ടു. അന്വേഷണം പൂർത്തിയാക്കി മൂന്ന് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതി നിർദ്ദേശം. അന്വേഷണത്തിൽ യുവാക്കളുടെ കൈവശത്ത് നിന്ന് കണ്ടെത്തിയ തോക്ക് മൽഖാനയിൽ നിന്നെടുതത്താണെങ്കിൽ പൊലീസ് ഉദ്യോ​ഗസ്ഥരും മേലധികാരികളും നിയമ നടപടി നേരിടേണ്ടി വരും.

2020 ഒക്ടോബറിനായിരുന്നു കേസിന് അടിസ്ഥാനമായ സംഭവം. അന്ന് രാത്രിയിൽ പട്രോളിം​ഗിലുണ്ടായിരുന്ന ​ഗ്യാൻ സിം​ഗിന്റെ നേതൃത്വത്തിലുള്ള പൊലീസ് സേന മറിയംപൂരിൽ നടത്തിയ പരിശോധനയ്ക്കിടയിൽ ആണ് പൊലീസ് നിർത്താൻ ആവശ്യപ്പെട്ടിട്ടും ഒരു വാഹനം അതിനെ മറികടന്ന് പോകുന്നത് ശ്രദ്ധയിൽപ്പെടുന്നത്. പൊലീസ് ജീപ്പിൽ ഇവരെ പിന്തുടരുകയും 500 മീറ്റർ മാറി വാഹനം ഉപേക്ഷിച്ചതിന് ശേഷം ഇരുവരും കാൽനടയായി രക്ഷപ്പെടുന്നത് ശ്രദ്ധയിൽപ്പെടുന്നത്. പൊലീസ് കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും കൈവശമുണ്ടായിരുന്ന തോക്ക് ഉപയോ​ഗിച്ച് ഇരുവരും പൊലീസിന് നേരെ വെടിയുതിർത്തു. സ്വയരക്ഷാർത്ഥം, കീഴടങ്ങാൻ വിസമ്മതിച്ച യുവാക്കൾക്ക് മുട്ടിന് താഴേക്ക് വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് സംഭവത്തെക്കുറിച്ച് വിവരിക്കുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഇരുവരുടെയും പക്കൽ നിന്ന് ആയുധങ്ങൾ കണ്ടെടുത്തതായും പറയുന്നു. വധശ്രമത്തിന് യുവാക്കൾക്കെതിരെ കേസെടുത്തു. കേസിൽ 2022ൽ നടന്ന വിചാരണയിൽ ഹാജരായ സാക്ഷികളെല്ലാം പൊലീസ് ഉദ്യോ​ഗസ്ഥരാണെന്നതും ശ്രദ്ധേയമാണ്. പൊലീസ് കെട്ടിചമച്ച കഥയിലെ ചില പഴുതുകളാണ് സത്യത്തിലേക്ക് വഴിതെളിയിച്ചത്. കേസിൽ സാക്ഷി പറഞ്ഞ 7 പോലീസ് ഉദ്യോ​ഗസ്ഥർക്കും സംഭവ ദിവസത്തെ സമയം കൃത്യമായി പറയാൻ സാധിച്ചിട്ടില്ലെന്നതാണ് അതിൽ ഒന്നാമത്തെ കാരണം. സംഭവസ്ഥലത്തിന് സമീപം വസതികളും സുരക്ഷാ ​ഗാർഡുകളുമുണ്ടായിരുന്നിട്ടും മറ്റു സാക്ഷികളെ കണ്ടെത്താൻ സാധിക്കാത്തതിലെ അസ്വാഭാവികത കോടതി ചൂണ്ടിക്കാട്ടി. പൊലീസ് ഉദ്യോ​ഗസ്ഥരെ വധിക്കാനുള്ള ശ്രമത്തിനിടയിൽ പൊലീസ് ഉദ്യോ​ഗസ്ഥർക്ക് ആർക്കും പരിക്കേൽക്കാത്തത് സംശയം ശക്തമാക്കി. സിസിടിവി ക്യാമറ ഉണ്ടായിരുന്ന പ്രദേശമായിരുന്നിട്ടും ദൃശ്യങ്ങളൊന്നും പൊലീസിന് ഹാജരാക്കാൻ സാധിച്ചിട്ടില്ല. ആക്രമണ സമയത്ത് യുവാക്കൾ ഉപയോ​ഗിച്ചിരുന്ന പിസ്റ്റളിനെക്കുറിച്ച് ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും പൊലീസിന് സാധിച്ചില്ല. ഈ സാഹചര്യത്തിലാണ് വധശ്രമവുമായി ബന്ധപ്പെട്ട പൊലീസിന്റെ വ്യാജ ഏറ്റുമുട്ടൽ കഥ പൊളിയുന്നത്.
content summary: One Pistol and Two Crimes the Collapse of a ‘Fake Encounter’ by UP Police in Court

Leave a Reply

Your email address will not be published. Required fields are marked *

×