രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ഒരുമിച്ച് വേദി പങ്കിട്ട് ശിവസേന (യുബിടി) വിഭാഗം നേതാവ് ഉദ്ധവ് താക്കറെയും എംഎൻഎസ്(നവനിർമാൺ സേന) നേതാവ് രാജ് താക്കറെയും. അവാജ് മറാത്തിച്ച എന്ന പരിപാടിയിലാണ് ഇരുവരും ഒരുമിച്ചെത്തിയത്. പ്രൈമറി സ്കൂളുകളിലെ ത്രിഭാഷാ നയം മാഹാരാഷ്ട്ര സർക്കാർ പിൻവലിച്ചതിന്റെ ആഘോഷത്തിലാണ് രണ്ടുപേരും ഒരുമിച്ചത്. പ്രൈമറി സ്കൂളുകളിൽ ഹിന്ദി അടിച്ചേൽപ്പിക്കാൻ മഹാരാഷ്ട്ര സർക്കാർ ശ്രമിച്ചിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് താക്കറെ സഹോദരന്മാരുടെ സംഗമം എന്നത് ശ്രദ്ധേയമായ കാര്യമാണെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
2024ലെ തിരഞ്ഞെടുപ്പിൽ പരാജയം നേരിട്ടതിനെ തുടർന്ന് ശിവസേന (യുബിടി) വിഭാഗവും എംഎൻഎസും ജനങ്ങൾക്കിടയിൽ പ്രീതി നേടിയെടുക്കാനുള്ള കഠിന ശ്രമത്തിലാണെന്നാണ് റിപ്പോർട്ടുകൾ. മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ ശിവസേന 20 സീറ്റുകൾ നേടിയപ്പോൾ എംഎൻഎസിന് ഒരു സീറ്റും നേടാനായില്ല. 2005ൽ മാൽവൻ നിയമസഭാ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന പ്രചാരണത്തിലാണ് ഉദ്ധവ് താക്കറെയും രാജ് താക്കറെയും അവസാനമായി വേദി പങ്കിട്ടത്. അവിഭക്ത ശിവസേനയിൽ നിന്ന് നാരായൺ റാണെ പുറത്തുപോയതിന് തൊട്ടുപിന്നാലെയായിരുന്നു നേതാക്കളുടെ അന്നത്തെ കൂടിച്ചേരൽ. അതേ വർഷം തന്നെ, രാജ് താക്കറെ ശിവസേന വിട്ട് 2006 ൽ എംഎൻഎസ് രൂപീകരിച്ചു. ശിവസേന (യുബിടി) നേതാവ് ആദിത്യ താക്കറെയുടെ നിയമസഭാ മണ്ഡലം കൂടിയായ മുംബൈയിലെ വോർളിയിലെ എൻഎസ്‌സിഐ ഡോമിലാണ് വിജയ സംഗമം സംയുക്തമായി സംഘടിപ്പിച്ചിരിക്കുന്നത്.
20 വർഷങ്ങൾക്ക് ശേഷം താനും ഉദ്ധവ് താക്കറെയും ഒന്നിച്ചിരിക്കുകയാണെന്നും ബാലേസാഹേബിന് ചെയ്യാൻ കഴിയാത്തത് ദേവേന്ദ്ര ഫഡ്നാവിസിന് കഴിഞ്ഞുവെന്നും അവാജ് മറാത്തിച്ചയിൽ തടിച്ചുകൂടിയ ജനങ്ങളെ സാക്ഷിയാക്കി രാജ് താക്കറെ പറഞ്ഞു. രാഷ്ട്രീയത്തിന് വേണ്ടിയല്ല, മഹാരാഷ്ട്രക്ക് വേണ്ടിയാണ് താക്കറെ സഹോദരന്മാർ ഒന്നിച്ചിരിക്കുന്നതെന്ന് ശിവസേന യുബിടി എം.പി അരവിന്ദ് സാവന്ത് പറഞ്ഞു.
വർഷങ്ങൾക്ക് ശേഷമുള്ള താക്കറെ സഹോദരന്മാരുടെ കൂടിച്ചേരൽ മഹാരാഷ്ട്ര രാഷട്രീയത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ശിവസേന സ്‌ഥാപകന്‍ ബാല്‍ താക്കറെയുടെ മരണത്തേത്തുടര്‍ന്ന്, മകന്‍ ഉദ്ധവ് താക്കറെ രാഷ്‌ട്രീയ പിന്തുടര്‍ച്ചാവകാശിയായി മാറിയതില്‍ പ്രതിഷേധിച്ചാണ് ബാല്‍താക്കറെയുടെ അനന്തരവന്‍ കൂടിയായ രാജ് താക്കറെ എംഎന്‍എസ് രൂപീകരിച്ചത്.
Content Summary: thackeray brothers reunite after 20 years