June 04, 2026 |
Share on

താരങ്ങള്‍ക്ക് തലവേദനയായി ഭൂട്ടാന്‍ വാഹനങ്ങള്‍; എന്താണ് ഓപ്പറേഷന്‍ നുംകൂര്‍?

കേരളത്തിൽ 30 ലധികം സ്ഥലങ്ങളിൽ കസ്റ്റംസ് പരിശോധന

ഭൂട്ടാനിൽ നിന്നുള്ള വാഹനക്കടത്ത് പരാതിയിൽ മലയാള നടന്മാരായ ദുൽഖർ സൽമാൻ്റെയും പൃഥ്വിരാജ് സുകുമാരൻ്റെയും വീട്ടിൽ കസ്റ്റംസ് പരിശോധന നടക്കുകയാണെന്നുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഈ വാഹനക്കടത്തിൽ ഇവർക്ക് നേരിട്ട് പങ്കുണ്ടോ എന്ന കാര്യത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. കേരളത്തിൽ 30 ലധികം സ്ഥലങ്ങളിൽ കസ്റ്റംസ് ‘ഓപ്പറേഷൻ നുംകൂറിൻ്റെ ഭാഗമായി പരിശോധന നടത്തുന്നുണ്ട്.

എന്താണ്  ‘ഓപ്പറേഷൻ നുംകൂർ’?

നികുതി വെട്ടിച്ചുള്ള ആഡംബര വാഹനക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് രാജ്യവ്യാപകമായി നടത്തുന്ന ഒരു അന്വേഷണമാണ് ഓപ്പറേഷൻ നുംകൂർ. ഭൂട്ടാനിൽനിന്ന് കുറഞ്ഞ വിലയ്ക്ക് വാഹനങ്ങൾ വാങ്ങി, അവ വ്യാജ മേൽവിലാസത്തിൽ രജിസ്റ്റർ ചെയ്ത് ഇന്ത്യയിലേക്ക് കടത്തുന്ന ഒരു സംഘത്തെക്കുറിച്ചുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ഓപ്പറേഷൻ. ഇങ്ങനെ വാങ്ങുന്ന വാഹനങ്ങൾ പിന്നീട് ഹിമാചൽ പ്രദേശിൽ രജിസ്റ്റർ ചെയ്യുകയും തുടർന്ന് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേക്ക് ഉയർന്ന വിലയ്ക്ക് വിൽക്കുകയും ചെയ്യുന്നു. ഈ റാക്കറ്റിൽനിന്ന് വാഹനം വാങ്ങിയവരുടെ പട്ടിക കസ്റ്റംസ് തയ്യാറാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

നികുതി വെട്ടിപ്പ്

ഭൂട്ടാൻ പട്ടാളം ലേലത്തിൽ വിൽക്കുന്ന വാഹനങ്ങൾ, പ്രത്യേകിച്ച് ടൊയോട്ട ലാൻഡ് ക്രൂസർ, ലാൻഡ് റോവർ, ടാറ്റ എസ്.യു.വികൾ തുടങ്ങിയവ വളരെ കുറഞ്ഞ വിലയ്ക്ക് വാങ്ങി ഇന്ത്യയിലേക്ക് കടത്തുന്നു. ഏകദേശം 5 ലക്ഷം രൂപയിൽ താഴെയാണ് വാഹനങ്ങളുടെ വില വരുന്നത്. ഇത്തരത്തിൽ കടത്തുന്ന വാഹനങ്ങൾക്ക് വൻ തുക ഇറക്കുമതി നികുതി നൽകേണ്ടതുണ്ട്. എന്നാൽ ഈ നികുതി വെട്ടിക്കുന്നതിനായി വാഹനങ്ങൾ ഹിമാചൽ പ്രദേശിലെ വ്യാജ മേൽവിലാസത്തിൽ ‘എച്ച്.പി-52’ റജിസ്ട്രേഷൻ നമ്പറിൽ രജിസ്റ്റർ ചെയ്യുന്നു.

ഉയർന്ന വിലയ്ക്ക് വിൽപന

ഭൂട്ടാനിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന വാഹനങ്ങൾ, കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ 40 ലക്ഷം രൂപ വരെ വിലയ്ക്ക് വിറ്റഴിക്കുന്നുണ്ട്. വാഹനങ്ങൾ വാങ്ങിയവരുടെ പട്ടിക കസ്റ്റംസ് തയ്യാറാക്കിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. സിനിമാ താരങ്ങൾ, വ്യവസായികൾ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവർ ഈ പട്ടികയിൽ ഉൾപ്പെടുന്നു. ഇത്തരത്തിൽ നികുതി വെട്ടിച്ച് വാഹനം വാങ്ങിയവരെ കണ്ടെത്തുകയും, നിയമനടപടികൾ സ്വീകരിക്കുകയുമാണ് കസ്റ്റംസിന്റെ ലക്ഷ്യം. ഈ റാക്കറ്റിലെ ഇടനിലക്കാരെ ചോദ്യം ചെയ്തതിൽ നിന്നാണ് കൂടുതൽ വിവരങ്ങൾ ലഭിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.

Content Summary: ‘Operation Numkur’, Customs investigation into the smuggling of tax-evading luxury vehicles

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×