UPDATES

ബ്ലോഗ്

സീരിയലുകളിലൂടെ പടരുന്ന മൃദു ഹിന്ദുത്വം മലയാളിയുടെ രാഷ്ട്രീയ ബോധത്തെ കാര്‍ന്നുതിന്നുമ്പോള്‍

മൃദു ഹിന്ദുത്വം ആണ് ഈ സീരിയലുകള്‍ ഓരോ കുടുംബത്തിനും നല്‍കുന്ന ഒരാശയം.

                       

വിദ്യാഭ്യാസമുള്ള ഒരു സമൂഹത്തില്‍ എങ്ങനെയാണ്, ജനാധിപത്യത്തിലൂടെ അരാഷ്ട്രീയത വ്യാപിക്കുന്നത് എന്നതിന്റെ വലിയ ഉദാഹരണമാണ് കേരളീയ സമൂഹം. സാക്ഷരത നിരക്ക് ഉയര്‍ന്ന, ദിവസവും മൂന്നിലധികം പത്രം വായിക്കുന്ന, ധാരാളം ചാനലുകള്‍ കാണുന്ന, നവമാധ്യമങ്ങളില്‍ ഒന്നില്‍ക്കൂടുതല്‍ അക്കൗണ്ട് ഉള്ള മലയാളി സമൂഹത്തില്‍ എങ്ങനെയാണ് പുരോഗമന ആശയങ്ങള്‍ നഷ്ടമാകുന്നത്? ചോദ്യത്തില്‍ തന്നെ ഉത്തരമുണ്ട്. ദൃശ്യമാധ്യമങ്ങള്‍ തന്നെ.

അവ ഇത്തരം സാഹചര്യങ്ങളിലേക്ക് ഒരു സമൂഹത്തെ നയിക്കുവാന്‍ ശേഷിയുള്ളതാണ്. അതിലെടുത്തു പറയണ്ടവ മലയാളത്തിലെ വിനോദ ചാനലുകളാണ്. നാലു പേരുള്ള കുടുംബത്തിലെ അഞ്ചാമത്തെ അംഗമാണ് ടെലിവിഷന്‍. ഒരു ദിവസം പോലും ആ അംഗത്തെ കാണാതിരിക്കാന്‍ മറ്റുള്ളവര്‍ക്ക് സാധിക്കില്ല. അതിലെ ചാനലുകളാണ് കൃത്യമായി അവരിലെ രാഷ്ട്രീയ ബോധ്യത്തെ സ്വാധീനിക്കുന്നത്. അതിലൂടെ പുറത്തേക്ക് പ്രചരിപ്പിക്കുന്നതെന്തും അതേ പോലെ വിശ്വാസിക്കുന്ന ഒരു പറ്റം ആളുകള്‍ നമുക്കിടയിലുണ്ട്.അവര്‍ ആയിരിക്കാം ഭൂരിപക്ഷവും. ടിവി ചാനലുകളെ അന്ധമായി വിശ്വസിച്ച് കഴിയുന്ന അവര്‍ക്കറിയില്ല, അവരാണ്, ഒരു രാജ്യത്തിന്റെ മുന്നോട്ട് പോക്കിനെ തീരുമാനിക്കുന്നതെന്ന്. അവര്‍ക്കറിയില്ല, അവരുടെ തീരുമാനങ്ങളാണ് സാമൂഹിക പുരോഗതിയെ നിയന്ത്രിക്കുന്നതെന്ന്, അവരുടെ ചെറിയ അടുക്കള സംഭാഷണങ്ങളോ, ചായക്കട കുശലങ്ങളോ ആണ് വലിയ ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രം ന്യായീകരിക്കുന്നതെന്ന്, അവരുടെ ഒരു കവലയില്‍ നിന്ന് അടുത്ത കവല വരെയുള്ള വാഹനയാത്രകളാണ് നവോത്ഥാനത്തെയും, ലിംഗനീതിയെയും വേണേ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്.

ഇത്തരം സന്ദര്‍ഭങ്ങളെയെല്ലാം സ്വാധീനിക്കുന്ന ഘടകങ്ങളാണ് നമ്മള്‍ തലേദിവസങ്ങളില്‍ ടിവി ചാനലുകള്‍ വഴി കാണുന്നത്. കേവലം വാര്‍ത്ത ചാനലുകളാണ് രാഷ്ട്രീയം കുടുംബങ്ങളിലേക്ക് പടര്‍ത്തുന്നതെന്നാണ് കരുതുന്നതെങ്കില്‍ തെറ്റി. ഒരു മണിക്കൂര്‍ നീളുന്ന പ്രൈം ടൈം ചര്‍ച്ചക്കോ, അതിലെ രാഷ്ട്രീയന്യായീകരണങ്ങള്‍ക്കോ ഒരു കുടുംബത്തില്‍ കാര്യമായി ഒന്നും ചെയ്യാന്‍ പറ്റില്ല. ഇടത് വലത്, ന്യായീകരണങ്ങള്‍ കേവലം അഞ്ച്,പത്ത് മിനിറ്റുകള്‍ക്കൊണ്ട് അവസാനിക്കും,അല്ലെങ്കിലും അവയുടെ സ്വാധീനം അത്രയേ ഉള്ളൂ.

പക്ഷേ, വൈകുന്നേരം 6 മണിക്ക് തുടങ്ങി 10 മണിക്ക് അവസാനിക്കുന്ന മെഗാസീരിയലുകളുണ്ട്. അരാഷ്ട്രീയതയുടെയും, വലത്പക്ഷത്തിന്റെയും പ്രചരണ കേന്ദ്രങ്ങള്‍; മേല്‍ പറഞ്ഞ എല്ലാത്തരം ആശയങ്ങളെയും ഒറ്റയടിക്ക് കടപുഴക്കുന്ന മഹാശക്തിയാണ് സീരിയലുകള്‍. അവ വളരെ പെട്ടെന്നാണ് സാധാരണക്കാരെ കീഴടക്കുന്നത്. സീതയും, സീതാകല്യാണവും, പേരില്‍ തന്നെ ഉത്തമ സ്ത്രീ സങ്കല്പത്തെ സൂചിപ്പിക്കുകയാണ്. ആദിവാസി സ്ത്രീയില്‍,ഏതോ ഒരു മേനോനുണ്ടായ പെണ്‍കുട്ടി, പിതൃപാരമ്പര്യം ഉള്ളത് കൊണ്ട് മാത്രമാണ് മികച്ച സ്വഭാവം, വിദ്യാഭ്യാസം, അല്‍പം കറുത്തതാണെങ്കിലും സുന്ദരി, എന്നിവ കൈവരിക്കുന്നത്. കറുത്ത മുത്ത്, അങ്ങനെ വിളിക്കുന്നത്, കറുത്ത നിറത്തില്‍ ആരും ആ ജാതിയില്‍ ജനിക്കാത്തത് കൊണ്ടാണ്. സ്ത്രീയുടെ ഏറ്റവും വലിയ ആഗ്രഹം അമ്മയാകുക എന്നതാണെന്നും, അതാവാന്‍ കഴിവില്ലാത്തവര്‍ മുന്‍ജന്മ പാപം ചെയ്തവരാണെന്നും ഒരു സീരിയല്‍ പറയുന്നു.

മലയാള സീരിയല്‍ രംഗത്ത് ഒരുകാലത്ത് ഹിന്ദു മതം കൂടാതെ ക്രൈസ്തവ, മുസ്ലിം കുടുംബങ്ങള്‍ പ്രമേയമായ പരമ്പരകള്‍ ഉണ്ടായിരുന്നു. പക്ഷേ പേരിനു പോലും ഇപ്പോള്‍ അങ്ങനെയൊരു സീരിയല്‍ ഇല്ല. അതായത് ഈ പരമ്പരകള്‍ എല്ലാം, ഹിന്ദു സവര്‍ണ്ണ വിഭാഗങ്ങളിലെ കുടുംബത്തില്‍ നടക്കുന്ന കഥകളാണ്. അവരുടെ വികാരങ്ങളാണ്. അവരുടെ ചിന്തകളും ആശയങ്ങളും ആണ്. അതാണ് ആ വിഭാഗങ്ങള്‍ക്ക് പുറത്ത് നില്‍ക്കുന്നവരിലേക്കും ആഴ്ന്നിറങ്ങുന്നത്. അതിലെ നീതിബോധം, ലിംഗസമത്വമൊക്കയാണ് പാലിക്കപ്പെടേണ്ടത് എന്ന മിഥ്യബോധം സാധാരണ കുടുംബങ്ങളിലുണ്ടാകുന്നു. ഒരു സ്ത്രീ എങ്ങനെയാവണം, പുരുഷന്‍ എങ്ങനെയാവണമെന്നൊക്കെ പ്രിവിലേജ് ക്‌ളാസ് ജീവിതങ്ങളിലൂടെ സാധാരണ കുടുംബങ്ങളെ പഠിപ്പിക്കുന്നു. അത് കൂടാതെ ഈ സീരിയലുകള്‍ കടത്തിവിടുന്ന വിശ്വാസസംരക്ഷണവും, ഭക്തിയുമുണ്ട്.

മൃദു ഹിന്ദുത്വം ആണ് ഈ സീരിയലുകള്‍ ഓരോ കുടുംബത്തിനും നല്‍കുന്ന ഒരാശയം. കീഴാളസമൂഹങ്ങളെയോ, ന്യൂനപക്ഷങ്ങളെയോ, അവരുടെ സാമൂഹിക പ്രശ്‌നങ്ങളെയോ ഒരിക്കല്‍ പോലും സംസാരിക്കാതെയാണ് ഓരോ എപ്പിസോഡുകളും കടന്നു പോകുന്നത്. ഇത്തരം കണ്ണുനീര്‍ കഥകള്‍ക്കിടയിലാണ്, പുരാണ കഥകള്‍ കടന്നു പോകുന്നത്. അയ്യപ്പന്‍ മുതല്‍ ശനിദേവന്‍, നാഗകന്യക വരെ കടന്നു പോകുന്നു. ഇവയെല്ലാം കഥകള്‍ക്കപ്പുറം ഭക്തി എന്ന ബിസിനസിനെ ശക്തമായി സ്വാധീനിക്കുന്നു.ഇവയ്‌ക്കെല്ലാം ശേഷമാണ് കോമഡി പ്രോഗ്രാമുകള്‍ കടന്നു വരുന്നത്. ഫെമിനിസം, കറുപ്പ്, പൊളിറ്റിക്‌സ് ഇവയാണ് പ്രധാന പ്രമേയങ്ങള്‍. ഇവയെ എത്ര മോശമാക്കി ചിത്രീകരിക്കുന്ന മറ്റൊന്നില്ല.

പുരോഗമന, ചിന്താഗതിക്കാരായ സ്ത്രീകളൊക്കെ എത്ര മോശമാണെന്ന് കുടുംബങ്ങളോട് പറയുന്നു. കറുത്ത സ്ത്രീയും പുരുഷനും ഒരു നല്ല പേര് പോലും ഇടാന്‍ കൊള്ളില്ല, വണ്ണമുള്ളവരും,മെലിഞ്ഞവരും തീരെ മോശം, സൗന്ദര്യം സങ്കല്‍പ്പത്തിനു അനുയോജ്യമല്ലാത്തവര്‍. ഫെമിനിസ്റ്റ്കളാകട്ടെ, മംഗ്ലീഷ് പറയുന്നവരും എന്നാല്‍ ഏതേലും കോളനിയില്‍ താമസിക്കുന്നവരും,സ്ഥലപ്പേരോട് കൂടി പേരുള്ളവരും ആണ്. നിറഞ്ഞ കയ്യടിയും, കൂട്ടച്ചിരിയോട് കൂടിയാണ് പ്രേക്ഷകരും, കുടുംബങ്ങളും ഇതൊക്കെ സ്വീകരിക്കുന്നത്.

കൃത്യമായി വലതുപക്ഷ സവര്‍ണ്ണത മാത്രം വിളമ്പുന്ന പ്രോഗ്രാമുകളാണിവ. അതിന്റെയെല്ലാം ഇടയില്‍ നായര്‍, നമ്പ്യാര്‍ മാട്രിമോണിയല്‍ പരസ്യങ്ങളും. ഇവയെല്ലാമാണ് ഒരു സാധാരണ മലയാളി കുടുംബത്തെ സ്വാധീനിക്കുന്നത്. അവിടെയാണ് അവരുടെ വോട്ടിന്റെ, രാഷ്ട്രീയത്തിന്റെ തിരഞ്ഞെടുപ്പ് മനസ്സില്‍ നടക്കുന്നത്. സ്ഥിരമായി ജീവിതത്തിന്റെ ഭാഗമായി ഇവ മനസ്സില്‍ ആഴ്ന്നിറങ്ങുന്ന സാധാരണ മലയാളിക്ക് ഉണ്ടാകാന്‍ പോകുന്ന നവോത്ഥാനത്തിനും പുരോഗമന ചിന്താഗതിക്കും ലിംഗ, നീതി ബോധങ്ങള്‍ക്ക് അധികം വ്യാപ്തി ഉണ്ടാകില്ല. അവ ഇടയില്‍ വെച്ച് ആയുസ്സ് തീര്‍ന്നു പോകും. ആ ബോധ്യം മാറണമെങ്കില്‍ മലയാളിയുടെ ദൃശ്യസംസ്‌കാരത്തില്‍ പ്രകടമായ മാറ്റം കൊണ്ടുവരേണ്ടതുണ്ട്. അനുദിനം അരാഷ്ട്രീയവല്‍ക്കരിക്കപ്പെടുന്ന ഈ ജനതക്ക് രാഷ്ട്രീയ ബോധ്യം സിദ്ധിക്കുവാന്‍ അവരുടെ കാഴ്ച്ചയെ പൊളിച്ചെഴുതേണ്ടതുണ്ട്.

പ്രതീക്ഷ നല്‍കുന്ന മറ്റൊന്നുണ്ട് അംബേദ്കറെയും, അയ്യങ്കാളിയെയും നാരായണഗുരുവിനെയും ചട്ടമ്പിസ്വാമികളെയും വായിച്ചു വളരുന്ന പുതു തലമുറയാണത്. നവോത്ഥാനത്തിന്റെ പാരമ്പര്യമാണ് ഈ നാടിന്റെതെന്ന് അവര്‍ തെളിയിക്കുക തന്നെ ചെയ്യും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Read More: ‘പൂന്തോട്ടത്തിലെ സ്ത്രീയെയാണ് എനിക്ക് സംശയം’: ബാലഭാസ്‌കറിന്റെ അച്ഛന്‍ വെളിപ്പെടുത്തുന്നു

ഹേമന്ത് ശ്രീനിവാസ്

ഹേമന്ത് ശ്രീനിവാസ്

Research Scholar - School Of Gandhian Thought And Development Studies, M.G University

More Posts

Share on

മറ്റുവാര്‍ത്തകള്‍