ജമ്മു കശ്മീരില്‍ മദ്യബില്ലിന്റെ പേരില്‍ പുതിയ വിവാദം: എതിര്‍പ്പില്‍ യോജിച്ച് ഹുറിയത്തും ബി.ജെ.പിയും

മദ്യവില്‍പ്പന വിനോദസഞ്ചാരത്തിന് ഗുണം ചെയ്യുമെന്നാണ് നാഷണല്‍ കോണ്‍ഫറന്‍സ് അംഗങ്ങളുടെ വാദം

ജമ്മു കശ്മീര്‍ മേഖലയില്‍ മദ്യത്തിന്റെ വില്‍പ്പനയും ഉപയോഗവും നിരോധിക്കുന്നത് ആവശ്യപ്പെട്ടുള്ള ബില്ല് വരുന്ന നിയമസഭാ സമ്മേളനത്തില വരാനിരിക്കേ, ഭരണ പക്ഷമായ നാഷണല്‍ കോണ്‍ഫറന്‍സിന് കനത്ത തിരിച്ചടി. മുസ്ലീം മിതവാദി ഗ്രൂപ്പായ ഹുറിയത്തും മുന്‍ഭരണകക്ഷിയായ പി.ഡി.പിയും പ്രതിപക്ഷമായ ബി.ജെ.പിയും നാഷണല്‍ കോണ്‍ഫറന്‍സിനേയും മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയേയും ആക്രമിക്കാനുള്ള ഈ അവസരം മുതലെടുത്ത് കൈകോര്‍ത്തു. കശ്മീരിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിലടക്കം മദ്യവില്‍പ്പന അനുവദിക്കുന്നത് വിനോദസഞ്ചാരത്തിന് ഗുണം ചെയ്യുമെന്ന നാഷണല്‍ കോണ്‍ഫറന്‍സ് തന്‍വീര്‍ സാദിഖിയുടെ നിലപാടിനെ ഹുറിയത്ത് ചെയര്‍മാന്‍ മിര്‍വൈസ് ഉമര്‍ ഫറൂഖ് അടക്കം ഒട്ടേറെ നേതാക്കള്‍ രൂക്ഷമായി വിമര്‍ശിച്ചു. ഗുജറാത്ത്, നാഗലാന്‍ഡ്, ബിഹാര്‍, മിസോറം, കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപ് എന്നിവിടങ്ങളിലാണ് ഇന്ത്യയില്‍ മദ്യനിരോധനം നിലനില്‍ക്കുന്നത്.

‘ഉപകാരം ഒന്നും ചെയ്യാന്‍ പറ്റിയില്ലെങ്കിലും ദൈവത്തെ ഓര്‍ത്ത് ഞങ്ങളുടെ മൂല്യങ്ങളേയും ധാര്‍മ്മതയേയും ഉപദ്രവിക്കുന്ന കാര്യങ്ങള്‍ ചെയ്യാതിരിക്കണം’- മിര്‍വൈസ് പറഞ്ഞു. ‘ഇപ്പോള്‍ തന്നെ ആയിരക്കണക്കിന് ചെറുപ്പക്കാര്‍ മയക്ക് മരുന്നിന് അടിമകളാണ്. നാഷണല്‍ കോണ്‍ഫറന്‍സ് നമ്മുടെ സമൂഹത്തെ എവിടേയ്ക്കാണ് വലിച്ച് കൊണ്ടുപോകുന്നത്? ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും മദ്യം നിരോധിച്ചിട്ടുണ്ട്, ആ മാതൃക പിന്തുടരുന്നതിന് പകരം മുസ്ലീം ഭൂരിപക്ഷ പ്രദേശത്ത് മദ്യം വിറ്റ് പണമുണ്ടാക്കാനുള്ള നിങ്ങളുടെ നീക്കം അപലപനീയമാണ്.

അറബ് രാജ്യങ്ങളിലടക്കം പലയിടത്തും വിനോദസഞ്ചാരികള്‍ക്കിടയില്‍ മദ്യം ഇപ്പോള്‍ അനുവദനീയമാണ് എന്ന് ചൂണ്ടിക്കാണിച്ചാണ് ബില്ലിനെതിരായുള്ള സര്‍ക്കാര്‍ നിലപാടിനെ കഴിഞ്ഞ ദിവസം തന്‍വീര്‍ സാദിഖി ന്യായീകരിച്ചത്. ട്രാവല്‍ ഏജന്റുമാര്‍, സഞ്ചാരികള്‍ എന്നിവരെ ഒക്കെ നമ്മള്‍ പരിഗണിക്കണം. മദ്യം നിരോധിക്കുകയാണെങ്കില്‍ അത് വിനോദസഞ്ചാരമേഖലയെ എങ്ങനെ ബാധിക്കുമെന്നത് പ്രധാനമാണ്. നമ്മളെല്ലാവരും മദ്യത്തിന് എതിരാണെങ്കിലും ഈ വസ്തുതകളൊക്കെ കണക്കിലെടുത്തേ തീരുമാനമെടക്കാന്‍ കഴിയൂ- തന്‍വീര്‍ സാദിഖി പറഞ്ഞു. എന്നാല്‍ ഒരാളും മദ്യനിരോധനം അനുവദിക്കരുത് എന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുമായി ചര്‍ച്ചകള്‍ നടത്തിയിട്ടില്ല എന്നും ഹൂറിയത്ത് ചൂണ്ടിക്കാണിച്ചു.

‘വിനോദ സഞ്ചാരത്തിന് മദ്യം വേണമെന്ന് പറയുന്നത് വ്യാജമായ വാദമാണ്’-പി.ഡി.പി നേതാവ് വഹീദ് പാറ്അ പറഞ്ഞു. നിരോധിത സംസ്ഥാനമായ ഗുജറാത്തില്‍ കഴിഞ്ഞ വര്‍ഷമെത്തിയത് 18.59 കോടി സഞ്ചാരികളാണ്. അതില്‍ തന്നെ 23.4 ലക്ഷം പേര്‍ വിദേശികളും. വെറും മൂന്ന് കോടി സന്ദര്‍ശകരാണ് കശ്മീരില്‍ എത്തിയത്. അതില്‍ 43000 പേര്‍ മാത്രമാണ് വിദേശികള്‍-അദ്ദേഹം വിശദീകരിച്ചു.

ലഫ്നെന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുടെ നേതൃത്വത്തില്‍ 187 മദ്യവില്‍പ്പന കേന്ദ്രങ്ങള്‍, ജമ്മു കശ്മീരില്‍ പലയിടത്തായി ആരംഭിക്കാന്‍ പദ്ധതിയിട്ടുണ്ട് എന്ന് വാര്‍ത്തകളുണ്ടായിരുന്നു. 2000 കോടി രൂപ മദ്യവില്‍പ്പനയിലൂട സമാഹരിച്ചു. അതിനിടയിലാണ് മൂന്ന് പ്രൈവറ്റ് മെമ്പര്‍ ബില്ലുകള്‍ മദ്യനിരോധനം ആവശ്യപ്പെട്ട് കശ്മീര്‍ നിയമസഭയില്‍ എത്തുന്നത്. അതിലൊന്ന് നാഷണല്‍ കോണ്‍ഫറന്‍സിന്റെ ചാല്‍ചൗക്കി എം.എല്‍.എ അഹ്സന്‍ പര്‍ദേശിയുടേതായിരുന്നു. പി.ഡി.പി, ഇത്തേഹാദ് പാര്‍ട്ടി എം.എല്‍.എമാരും ഇത് സംബന്ധിച്ച് പ്രൈവറ്റ് മെമ്പര്‍ ബില്ലുകള്‍ അവതരിപ്പിച്ചിരുന്നു.

ഭരണകക്ഷിയും മറ്റ് മുസ്ലിം പാര്‍ട്ടികളും തമ്മില്‍ ഇത് സംബന്ധിച്ച തര്‍ക്കം ഉടലെടുത്തതോടെയാണ് ബി.ജെ.പി പ്രതിപക്ഷത്തെ തുണച്ച് രംഗത്തെത്തിയത്. വഖ്ഫ് ബോര്‍ഡ് ചെയര്‍പേഴ്സണും ബി.ജെ.പി നേതാവുമായ ദാരക്ഷണ്‍ അന്ത്രാബിയും മുന്‍ ഉപമുഖ്യമന്ത്രി കൂടിയായ നിര്‍മ്മല്‍ സിങ്ങും മദ്യനിരോധനം ആവശ്യപ്പെട്ട് ബില്ല് വന്നാല്‍ പിന്തുണയ്ക്കണമെന്നും ബി.ജെ.പി എല്ലാക്കാലത്തും മദ്യത്തിന് എതിരാണെന്നും പ്രഖ്യാപിച്ചു.  Opposition against state government on controversial liquor bill in Jammu Kashmir

Content Summary; Opposition against state government on controversial liquor bill in Jammu Kashmir

 

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment