രാജ്യമെമ്പാടും ബിഹാര്‍ മോഡല്‍ വോട്ടര്‍ പട്ടിക തിരുത്തലിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ധൃതിയെന്തിന്? സുപ്രീം കോടതി വിധി കാക്കൂ എന്ന് പ്രതിപക്ഷം

ബിഹാര്‍ മോഡലിലുള്ള ‘പ്രത്യേക തീവ്ര തിരുത്തല്‍’ (സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍-എസ്.ഐ.ആര്‍) എല്ലാ സംസ്ഥാനങ്ങളിലും നടപ്പാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതിനെ പ്രതിപക്ഷം രൂക്ഷമായി വിമര്‍ശിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളോട് കൂടിയാലോചിക്കാതെയും സുപ്രീം കോടതി വിധിക്ക് കാത്ത് നില്‍ക്കാതെയുമുള്ള ഈ ധൃതി പിടിച്ച നീക്കം എന്തിനാണെന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്. ബിഹാറില്‍ നിയമസഭ തിരഞ്ഞെടുപ്പ് പടിവാതിലില്‍ നില്‍ക്കേ ധൃതി പിടിച്ച് നടത്തുന്ന ഈ പരിഷ്‌കാരം ജനങ്ങളെ ആശങ്കയിലാക്കിയതിനെ തുടര്‍ന്ന് സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിച്ചിരുന്നു. ഈ പരിഷ്‌കരണ നടപടിയെ കുറിച്ചുള്ള പരാതികള്‍ കോടതി പരിശോധിച്ച് വരികയാണ്.

വ്യാഴാഴ്ചയാണ് ബിഹാറിലെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരിഷ്‌കാര നടപടികളില്‍ സുപ്രീം കോടതി ആശങ്ക പ്രകടിപ്പിച്ചത്. ആധാര്‍, വോട്ടര്‍ ഐ.ഡി, റേഷന്‍ കാര്‍ഡ് എന്നിവയും വോട്ടര്‍ പട്ടിക പുതുക്കുന്നതിന് ഉപയോഗിക്കണമെന്ന നിര്‍ദ്ദേശവും സുപ്രീം കോടതി മുന്നോട്ടു വച്ചു. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ പ്രത്യേക തീവ്ര തിരുത്തല്‍ പരിപാടി നിര്‍ത്തിവയ്ക്കാന്‍ സുപ്രീം കോടതി തയ്യാറായില്ല. ജൂലായ് 21-നുള്ളില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി ആവശ്യപ്പെട്ടു. ജൂലായ് 28ന് ഇത് സംബന്ധിച്ച തുടര്‍ വാദം സുപ്രീം കോടതി കേള്‍ക്കും.

ഇതിനിടെ ജൂലായ് അഞ്ചിന് എല്ലാ സംസ്ഥാനങ്ങളിലേയും മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ബിഹാര്‍ മോഡല്‍ പരിഷ്‌കാരം നടപ്പാക്കാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. ബിഹാര്‍ മോഡല്‍ എസ്.ഐ.ആര്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടതിന്റെ പിറ്റേ ദിവസമാണിത്. 2026 ജനുവരി ഒന്ന് മുതല്‍ ഈ പരിഷ്‌കാരം നടപ്പാക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം. എന്ന് തുടങ്ങണം എന്ന് പറയുന്നുണ്ടെങ്കിലും എത്ര സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന നിര്‍ദ്ദേശം കമ്മീഷന്‍ നല്‍കിയിട്ടില്ല. 2026 ജനുവരി ഒന്നിനുള്ളില്‍ പതിനെട്ട് വയസ് തികഞ്ഞ എല്ലാവരും ഈ പരിഷ്‌കരണത്തിന്റെ ഭാഗമാകും.

ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണം എന്തിന് വേണ്ടി, ആര്‍ക്ക് വേണ്ടി?

കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും ആര്‍.ജെ.ഡിയും സമാജ്വാദി പാര്‍ട്ടിയുമടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ നീക്കത്തെ എതിര്‍ത്തു. സുപ്രീം കോടതി ഈ പരിഷ്‌കരണ നടപടികളെ കുറിച്ചുള്ള വിമര്‍ശനം പരിഗണിക്കുന്ന വേളയില്‍ തന്നെ ധൃതി പിടിച്ച് ഈ നടപടി രാജ്യം മുഴുവന്‍ വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നത് എന്തിനെന്നായിരുന്നു പ്രതിപക്ഷ പാര്‍ട്ടികള്‍ ചോദിച്ചത്. ‘എല്ലാം സുപ്രീം കോടതിയുടെ മുന്നിലുള്ള കേസിന്റെ അടിസ്ഥാനത്തിലാണ് തീരുമാനിക്കപ്പെടുന്നത് എന്നത് കൊണ്ടുതന്നെ യാതൊരു അര്‍ത്ഥവുമില്ലാത്ത നടപടികളാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൈക്കൊള്ളുന്നത്’- മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിംഘ്വി പറഞ്ഞു. ബിഹാര്‍ എസ്.ഐ.ആറിനെ കുറിച്ചുള്ള പരാതികാര്‍ക്ക് വേണ്ടി സുപ്രീം കോടതിയില്‍ ഹാജറാകുന്നതും അഭിഷേക് മനു സിംഘ്വിയാണ്.

സുപ്രീം കോടതിയോടുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ ബഹുമാനമില്ലായ്മയുടെ ലക്ഷണമാണിത് എന്ന് കോണ്‍ഗ്രസിന്റെ ലോകസഭ വിപ് മണിക്കം ടാഗോര്‍ ചൂണ്ടിക്കാട്ടി. കേന്ദ്രസര്‍ക്കാരിനോട് എത്രമാത്രം വിധേയപ്പെട്ടാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത് എന്നതിന്റെ കൂടി ലക്ഷണമാണിത്- മണിക്കം ടാഗോര്‍ പറഞ്ഞു. ‘ബിഹാറിലെ ധൃതി പിടിച്ചുള്ള നീക്കങ്ങളും ഇത്തരമൊരു പരിഷ്‌കാരം ഏര്‍പ്പെടുത്തുന്നതിന് മുമ്പ് രാഷ്ട്രീയ പാര്‍ട്ടികളുമായി കൂടിയാലോചിക്കാന്‍ കമ്മീഷന്‍ മടിക്കുന്നതുമാണ് ഞങ്ങളെ ആശങ്കയിലാക്കുന്നത്’- ആര്‍.ജെ.ഡിയുടെ രാജ്യസഭാംഗമായ മനോജ്കുമാര്‍ ഝാ പറഞ്ഞു. സ്വേച്ഛാപരമായ നടപടികളാണിതെന്നും സുപ്രീം കോടതി വിധിക്ക് കാത്തുനില്‍ക്കാത്തത് തെറ്റാണെന്നും എസ്.പി നേതാവ് ജാവേദ് അലി ഖാനും ചൂണ്ടിക്കാണിച്ചു.

പിന്‍വാതിലിലൂടെ പൗരത്വത്തിലുള്ള ദേശീയ രജിസ്റ്റര്‍ (എന്‍.സി.ആര്‍) നടപ്പാക്കാനുള്ള ശ്രമമായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ പരിഷ്‌കരണം മാറരുതെന്ന് സി.പി.ഐ.എം രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. വ്യാജവോട്ടര്‍മാരെ ഒഴിവാക്കുന്നതിനുള്ള ശ്രമത്തിന് പ്രതിപക്ഷം എതിരല്ല, പക്ഷേ വോട്ടര്‍പട്ടികയില്‍ തിരിമറി നടത്താനുള്ള പരിപാടിയായി ഇത് മാറരുത്. സുപ്രീം കോടതിയുടെ നിരീക്ഷണങ്ങളെ മാനിക്കാനുള്ള ഉത്തരവാദിത്തം തിരഞ്ഞെടുപ്പ് കമ്മീഷനുണ്ട്. ആരാണ് ഈ നാട്ടിലെ പൗരര്‍ എന്നന്വേഷിക്കേണ്ട ഉത്തരവാദിത്തം കമ്മീഷനില്ല. ആധാറുമ വോട്ടര്‍ ഐ.ഡി കാര്‍ഡുമടക്കമുള്ള തിരിച്ചറിയില്‍ കാര്‍ഡുകള്‍ ഈ പ്രക്രിയയ്ക്ക് ഉപയോഗിക്കണം. മാത്രമല്ല, വോട്ടര്‍മാര്‍ക്ക് തങ്ങളുടെ രേഖകള്‍ ഹാജറാക്കാന്‍ ആവശ്യത്ത് സമയവും അനുവദിക്കണം’- ബ്രിട്ടാസ് പറഞ്ഞു. സുപ്രീം കോടതി കേസ് പരിഗണിക്കുന്ന സമയത്ത് എന്തിനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇങ്ങനെ ധൃതിപ്പെടുന്നത് എന്ന് സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി.രാജ ചോദിച്ചു.  Opposition slams EC’s plan to revise voter rolls nationwide 

Content Summary; Opposition slams EC’s plan to revise voter rolls nationwide

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment