ഒഴിവുകള്‍ 40, അഭിമുഖത്തിനെത്തിയവര്‍ 1000
ഒരു തൊഴില്‍ ലഭിക്കാന്‍ എന്തു സാഹസവും കാണിക്കാനുള്ള അവസ്ഥയിലാണ് ഇന്ത്യന്‍ യുവത്വം എന്നതിന് പുതിയ തെളിവാണ് ഗുജറാത്തില്‍ നിന്നുള്ളൊരു വീഡിയോ. 40 ഒഴിവുകളിലേക്കുള്ള അഭിമുഖത്തില്‍ പങ്കെടുക്കാന്‍ തടിച്ചു കൂടിയത് 1000-ല്‍ അധികം പേര്‍. ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ മതപരമായ ചടങ്ങില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് ഉണ്ടായ അത്യാഹിതം പോലെയൊരു ദുരന്തം ഇവിടെയും സംഭവിക്കാമായിരുന്നു. ഉദ്യോഗാര്‍ത്ഥികളുടെ തിക്കും തിരക്കും അങ്ങനെയൊരു സാഹചര്യമാണ് സൃഷ്ടിച്ചതെങ്കിലും ആര്‍ക്കും ജീവഹാനിയോ പരിക്കോ സംഭവിച്ചിട്ടില്ല.
ഗുജറാത്തിലെ ബറൂച്ച് ജില്ലയിലെ അങ്കലേശ്വറില്‍ നടന്ന അഭിമുഖത്തിന്റെ വീഡിയോ ദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത്. ഇന്റര്‍വ്യൂ നടക്കുന്ന ഹോട്ടലിനു മുന്നില്‍ ഉദ്യോഗാര്‍ത്ഥികളുടെ നീണ്ട ക്യൂ കാണാം. പ്രവേശന കവാടത്തിലെ പടികള്‍ക്ക് വശത്തായി കെട്ടിയിരിക്കുന്ന റാമ്പ് ഉന്തും തള്ളും കാരണം വളഞ്ഞു നില്‍ക്കുകയാണ്, അതിനു പുറത്തും ആളുകള്‍ കയറി നില്‍ക്കാന്‍ ശ്രമിച്ചതോടെ ഭാരം താങ്ങാനാകാതെ റാമ്പ് തകര്‍ന്നു വീണു. ഇതേ തുടര്‍ന്ന് നിരവധി പേര്‍ താഴെ വീണു. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. സംഭവത്തില്‍ പൊലീസ് സ്വമേധയ കേസ് എടുത്തിട്ടുണ്ട്.
താര്‍മാക്‌സ് ലിമിറ്റഡ് എന്ന സ്വകാര്യ കെമിക്കല്‍ കമ്പനിയാണ് അഭിമുഖത്തിനായി ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ചത്. 40 ഒഴിവുകളായിരുന്നു കമ്പനി പറഞ്ഞിരുന്നത്. ഹോട്ടല്‍ ലോര്‍ഡ്‌സ് പ്ലാസയില്‍ ജൂലൈ ഒമ്പതിന് രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 4.30 വരെയായിരുന്നു അഭിമുഖം നിശ്ചയിച്ചിരുന്നത്. ഷിഫ്റ്റ് ചാര്‍ജ്, പ്ലാന്റ് ഓപ്പറേറ്റര്‍, സൂപ്പര്‍വൈസര്‍-സിഡിഎസ്, മെക്കാനിക്കല്‍ ഫിറ്റര്‍, ഇടിപി എക്‌സിക്യൂട്ടീവ് എന്നീ തസ്തികകളിലേക്കായിരുന്നു ആളെയെടുക്കുന്നത്. ജഗഡിയ വ്യാവസായിക മേഖലയില്‍ സ്ഥാപിക്കുന്ന കമ്പനിയുടെ പുതിയ പ്ലാന്റിലേക്കായിരുന്നു ജീവനക്കാരെ തേടിയത്.
പരമാവധി 150 മുതല്‍ 200 ഉദ്യോഗാര്‍ത്ഥികളെയായിരുന്നു കമ്പനി പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ആയിരത്തിലധികം പേരാണ് ഹോട്ടലില്‍ എത്തിയതെന്നു ബറൂച്ച് എസ് പി മയൂര്‍ ചവ്ഡ പറയുന്നു. വന്നവരില്‍ നിന്ന് ഏകദേശം 200 പേരെയാണ് കമ്പനി പ്രതിനിധികള്‍ ഹോട്ടലിന് ഉള്ളിലേക്ക് പ്രവേശിപ്പിച്ചത്. അതിനുശേഷം അവര്‍ ഹോട്ടലിന്റെ പ്രധാന വാതില്‍ അടച്ചു. ഇതോടെ പുറത്തു നില്‍ക്കുന്നവര്‍ എങ്ങനെയെങ്കിലും അകത്തു കയറാന്‍ ശ്രമിച്ചതാണ് തിക്കും തിരക്കിനും കാരണമായത്. പലരും താഴെ വീണെങ്കിലും ആര്‍ക്കും പരിക്കില്ലയെന്നും എസ് പി പറയുന്നു.
സംഭവത്തെക്കുറിച്ച് ഇതുവരെ ആരില്‍ നിന്നും പരാതി കിട്ടിയിട്ടില്ലെങ്കിലും പൊലീസ് സ്വമേധയ ഈ സംഭവത്തില്‍ കേസ് എടുത്ത് അന്വേഷണം നടത്തുമെന്നാണ് ബറൂച്ച് എസ് പി പറഞ്ഞത്. അപകടത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അഭിമുഖം നടത്തിയവരെയും ഹോട്ടല്‍ അധികൃതരെയും ചോദ്യം ചെയ്യും. അന്വേഷണത്തില്‍ അസ്വഭാവികമായി എന്തെങ്കിലും കണ്ടെത്തിയാല്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും എസ് പി മയൂര്‍ ചവ്ഡ പറഞ്ഞു. ഈ വിഷയത്തില്‍ അഭിപ്രായം തേടി പല തവണ താര്‍മാക്‌സ് ലിമിറ്റഡ് അധികതരെ ബന്ധപ്പെട്ടെങ്കിലും പ്രതികരിക്കാന്‍ തയ്യാറായില്ലെന്നാണ് ദ ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നത്.
സംഭവത്തിന് ശേഷം ബറൂച്ച് എംപ്ലോയ്‌മെന്റ് ഓഫിസര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്, 500 ല്‍ അധികം പേരാണ് അഭിമുഖത്തിന് എത്തിയതെന്നാണ്. കമ്പനി സ്വന്തം നിലയ്ക്കാണ് ഹോട്ടലില്‍ അഭിമുഖം സജ്ജീകരിച്ചത്. പരമാവധി 500 പേരെ ഉള്‍ക്കൊള്ളാവുന്നൊരു ഹോട്ടലായിരുന്നു അതെന്നും പ്രസ്താവനയില്‍ പറയുന്നു.
‘बेरोज़गारी की बीमारी’ भारत में महामारी का रूप ले चुकी है और भाजपा शासित राज्य इस बीमारी का ‘एपिसेंटर’ बन गए हैं।
एक आम नौकरी के लिए कतारों में धक्के खाता ‘भारत का भविष्य’ ही नरेंद्र मोदी के ‘अमृतकाल’ की हकीकत है। https://t.co/Ix8sAMtVx9
— Rahul Gandhi (@RahulGandhi) July 11, 2024
ബറൂച്ചില്‍ നടന്ന സംഭവത്തില്‍ ബിജെപി സര്‍ക്കാരിനെതിരേ വിമര്‍ശനമുയര്‍ത്തി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിട്ടുണ്ട്. തൊഴിലില്ലായ്മ എന്ന രോഗം പകര്‍ച്ചവ്യാധി പോലെ ഇന്ത്യയില്‍ പടര്‍ന്നു പിടിക്കുകയാണെന്നും, ഈ രോഗത്തിന്റെ പ്രഭവ കേന്ദ്രം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണെന്നും രാഹുല്‍ തന്റെ എക്‌സ് പോസ്റ്റില്‍ കുറ്റപ്പെടുത്തി. ഒരു ജോലിക്ക് വേണ്ടി ക്യൂവില്‍ നില്‍ക്കുന്ന ഈ ഭാവി ഇന്ത്യയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിഭാവനം ചെയ്ത അമൃത്കല്‍-ന്റെ യാഥാര്‍ത്ഥ്യമെന്നും രാഹുല്‍, സംഭവത്തിന്റെ വീഡിയോ പങ്കുവച്ചുകൊണ്ടുള്ള പോസ്റ്റില്‍ പരിഹസിക്കുന്നുണ്ട്. over 1000 aspirants arrive for walk in interview for 40 vacancies in bharuch gujarat,reality-of-unemployment
viral video
Content Summary; over 1000 aspirants arrive for walk in interview for 40 vacancies in bharuch gujarat, reality-of-unemployment, vitral video