കഴിഞ്ഞ ഒരു വർഷത്തിനിടയിൽ സംസ്ഥാനത്ത് കാണാതായത് 23000ലധികം സ്ത്രീകളെയെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് അസംബ്ലിയിൽ. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളിലുൾപ്പെട്ട 1500 പ്രതികൾ ഒളിവിലെന്നും റിപ്പോർട്ട്. മുതിർന്ന കോൺഗ്രസ് എം.എൽ.എ ബാല ബച്ചന്റെ ചോദ്യത്തിനു മറുപടിയായാണ് മുഖ്യമന്ത്രി മോഹൻ യാദവ് വിശദമായ റിപ്പോർട്ട് പുറത്തുവിട്ടത്. 2024 ജനുവരി 1നും ജൂൺ 30നും ഇടക്കുള്ള കണക്കുകളാണ് റിപ്പോർട്ടിലുള്ളത്.
സംസ്ഥാനത്ത് സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങളുടെയും എത്ര പേരെ കാണാതായി എന്നതിന്റെയും എത്ര കുറ്റവാളികൾ ഒളിവിലാണെന്നതിന്റെയും കണക്കുകളാണ് എം.എൽ.എ വെളിപ്പെടുത്താൻ ആവശ്യപ്പെട്ടത്. ഒളിവിൽ കഴിയുന്ന പ്രതികളെ എപ്പോൾ അറസ്റ്റു ചെയ്യുമെന്നും അനാസ്ഥ കാണിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ എന്ത് നടപടി എടുത്തുവെന്നും അദ്ദേഹം ചോദ്യമുന്നയിച്ചിരുന്നു.
കണക്കുകൾ പ്രകാരം 21175 സ്ത്രീകളും 1954 പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമാണ് കഴിഞ്ഞ ഒരു വർഷമായി കാണാ മറയത്തുള്ളത്. സ്ത്രീകളെ ബലാത്സംഗം ചെയ്ത കേസുകളിൽ 292 പേരും പ്രായപൂർത്തിയാകാത്തവരെ ബലാത്സംഗം ചെയ്ത് 283 കുറ്റവാളികളുമാണ് സംസ്ഥാനത്ത് ഒളിവിലുള്ളത്. കണക്കുകൾ ഇവിടെ അവസാനിക്കുന്നില്ല. സ്ത്രീകൾക്കെതിരായ മറ്റു തരത്തിലുള്ള ലൈംഗിക കുറ്റ കൃത്യങ്ങളിലേർപ്പെട്ട 443 പേരും പ്രായപൂർത്തിയാകാത്തവർക്കു നേരെയുള്ള അതിക്രമക്കേസുകളിലെ 167 പേരും ഒളിവിലാണ്. ആകെ മൊത്തം 1500ലധികം പേരാണ് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ഗുരുതര കുറ്റ കൃത്യങ്ങളിലേർപ്പെട്ട് മധ്യപ്രദേശിൽ ഒളിവിൽ കഴിയുന്നത്. മിസിംങ് കേസുകൾ ഏറ്റവും കൂടുതലുള്ള ജില്ല സാഗറാണ്. 1069 കേസുകളാണ് ഇവിടെയുള്ളത്. ജബൽപ്പൂരിൽ 946 ഇൻഡോറിൽ 788 ഗ്വാളിയാറിൽ 617ഉം ഭോപ്പാലിൽ 688 രേവയിൽ 653 പേരെയുമാണ് കാണാതായത്.
ഇവയ്ക്ക് പുറമേ പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെട്ട സ്ത്രീകൾക്കെതിരെയുള്ള ലൈംഗികാതിക്രമ കേസുകൾ വർദ്ധിക്കുന്നതായും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. പ്രതിദിനം പട്ടിക ജാതി- പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട ഏഴ് സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരയാകുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നത്. പ്രതിപക്ഷ എംഎല്‍എ ആരീഫ് മസൂദിന്റെ ചോദ്യങ്ങള്‍ക്ക് നിയമസഭയില്‍ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം.
2022നും 2024നും ഇടയില്‍ എസ് സി/ എസ്ടി വിഭാഗങ്ങളിലെ 7418 സ്ത്രീകള്‍ക്ക് നേരെ ലൈംഗികാക്രമണം നടന്നതായും സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു. ഇതുപ്രകാരം കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ രാജ്യത്ത് പ്രതിദിനം ഏഴ് പട്ടിക ജാതി- പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ ബലാത്സംഗത്തിനിരയാകുന്നു. ആക്രമണത്തില്‍ 558 സ്ത്രീകള്‍ കൊല്ലപ്പെട്ടതായും 338 പേര്‍ കൂട്ടബലാത്സംഗത്തിന് ഇരയായതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
content summary: Over 23,000 women and girls have gone missing in Madhya Pradesh over the past year
Leave a Comment