June 07, 2026 |
Avatar
അമർനാഥ്‌
Share on

സുന്ദരസ്വപ്‌നമേ, നീയെനിക്കേകിയ വര്‍ണ്ണ ചിറകുകള്‍ വീശി

പി. ഭാസ്‌കരന്‍ മാസ്റ്ററുടെ ചരമ വാര്‍ഷികമാണ് ഇന്ന്

‘ എന്തുമാവട്ടെ- പക്ഷേ-
യവിടയ്ക്കറിയുന്നു
രണ്ടു വാക്കുകള്‍ ഞാനും
ഓര്‍ക്കുക വല്ലപ്പോഴും’

പി. ഭാസ്‌കരന്‍ p bhaskaran master death anniversary today

മലയാള ചലച്ചിത്രത്തിന് പുതിയ പാത തെളിച്ച ചലച്ചിത്ര ഗീതങ്ങളെ ജനകീയമാക്കിയ പി. ഭാസ്‌കരന്‍ മാസ്റ്ററുടെ ചരമ വാര്‍ഷികമാണ് ഇന്ന്.

കവി, ഗാനരചയിതാവ്, സംവിധായകന്‍, നടന്‍, നിര്‍മ്മാതാവ്, പത്രാധിപര്‍ – ഭാസ്‌കരന്‍ മാസ്റ്റര്‍ മലയാളത്തിലെയല്ല, ഇന്ത്യന്‍ ചലച്ചിത്ര രംഗത്തെ ഒരു ബഹുമുഖ പ്രതിഭയായിരുന്നു. ആദ്യകാലത്തെ മലയാള ചലച്ചിത്രങ്ങളിലെ ‘അണ്ണാച്ചി മലയാളം’ തുടച്ച് നീക്കി സിനിമകള്‍ മലയാളത്തില്‍ സംസാരിക്കാനും പാടാനും ആരംഭിച്ചത് പി. ഭാസ്‌കരന്‍ എന്ന ചലച്ചിത്രകാരനിലൂടെയായിരുന്നു. മലയാള സിനിമയുടെ ഫാല്‍ക്കെയെന്ന് ചരിത്രത്തില്‍ പറയാവുന്ന ഒരാളായിരുന്നു പി. ഭാസ്‌കരന്‍.

രാജ്യത്തെ ചലച്ചിത്ര രംഗത്തിന് നല്‍കുന്ന ഏറ്റവും ഉയര്‍ന്ന പരമോന്നത ബഹുമതി ദാദാ സാഹിബ് ഫാല്‍ക്കേ കിട്ടാന്‍ ഏറ്റവും അര്‍ഹതയുള്ള ആദ്യത്തെ വ്യക്തികളിലൊരാളായിട്ടും പി.ഭാസ്‌കരന് അത് നല്‍കിയില്ല. ദാദേ സാഹിബ് ഫാല്‍ക്കേ പുരസ്‌ക്കാരത്തിന്റെ എറ്റവും വലിയ ന്യൂനത അല്ലെങ്കില്‍ കുറവ് ഇന്നും അതാണ്.

രാഷ്ട്രതന്ത്രജ്ഞന്‍, നയതന്ത്രജ്ഞന്‍, പത്രാധിപര്‍, ചരിത്രകാരന്‍, നോവലിസ്റ്റ് എന്നീ നിലകളില്‍ വിഖ്യാതനായ സര്‍ദാര്‍ കെ.എം. പണിക്കര്‍ ചൈനയില്‍ ഇന്ത്യയുടെ അംബാസിഡറായിരുന്ന കാലത്ത് മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് ഡല്‍ഹിയില്‍ വന്നപ്പോള്‍ പി. ഭാസ്‌കരന്‍ നഗരത്തിലുണ്ടെന്ന് അദ്ദേഹം എങ്ങനെയോ അറിഞ്ഞു. ഉടനെ ഫോണില്‍ ഭാസ്‌കരന്‍ മാസ്റ്ററെ വിളിച്ച് വീട്ടിലേക്ക് ക്ഷണിച്ചു.

കെ. എം. പണിക്കരെപ്പോലെ അഖിലലോക പ്രശസ്തനെ കാണുന്നത് പറഞ്ഞ സമയത്തു തന്നെ വേണമല്ലോ, അതിനാല്‍ ഭാസ്‌കരന്‍ മാസ്റ്റര്‍ രാവിലെ നേരത്തെ തന്നെ ഡല്‍ഹിയിലെ കെ. എം. പണിക്കരുടെ വസതിയില്‍ എത്തി കാത്തിരുന്നു. കെ.എം. പണിക്കര്‍ കുളിക്കുകയായിരുന്നു. കുളി കഴിഞ്ഞ് കെ. എം. പണിക്കര്‍ ഒരു പാട്ടു മൂളി ഒരുങ്ങുകയാണ്.’ കായലരികത്ത് വലയെറിഞ്ഞപ്പോള്‍, വള കിലുക്കിയ സുന്ദരീ’. കെ. എം. പണിക്കര്‍ വന്ന് ഭാസ്‌കരന്‍ മാസ്റ്റുറുമായി സാഹിത്യ സാംസ്‌കാരിക ചര്‍ച്ചയില്‍ മുഴുകി. കുറച്ചു കഴിഞ്ഞപ്പോള്‍ ഭാസ്‌കരന്‍ മാസ്റ്റര്‍ ചോദിച്ചു.
‘ഇടയ്ക്ക്‌ക്കൊരു മൂളിപ്പാട്ടു പാടുന്ന കേട്ടല്ലോ?’
പുഞ്ചിരിച്ച് കൊണ്ടു കെ.എം. പണിക്കര്‍ പറഞ്ഞു.
‘അതൊരു മാപ്പിളപ്പാട്ടാണ്. നമ്മുടെ കേരളത്തിലെ ഏതോ മാപ്പിളക്കവി എഴുതിയ ഒന്നാന്തരമൊരു പാട്ട്. ഇത്ര മനോഹരമായ ഗാനം ഞാനിതുവരെ കേട്ടിട്ടില്ല. എന്റെ അനന്തരവന്‍ പാടുന്നത് കേട്ടിട്ടാണ് ഞാനതു പഠിച്ചത്. എന്നെ വളരെ ആകര്‍ഷിച്ചു ആ പാട്ട്. എന്താ ഭാസ്‌ക്കരന്റെ അഭിപ്രായം. നല്ല പാട്ടല്ലെ?’
ഒരു നിമിഷം എന്ത് പറയണമെന്ന് നിശ്ചയമുണ്ടായിരുന്നില്ല ഭാസ്‌കരന്‍ മാസ്റ്റര്‍ക്ക്. പിന്നെ വിനയത്തോടെ പറഞ്ഞു
‘അത് ഒരു സിനിമയ്ക്ക് വേണ്ടി ഞാനെഴുതിയ പാട്ടാണ്’.
സര്‍ദാര്‍ കെ.എം. പണിക്കര്‍ ചാടിയെഴുന്നേറ്റ് ഭാസ്‌കരന്‍ മാസ്റ്ററെ കെട്ടിപ്പിടിച്ചു. ‘ഭാസ്‌കരനില്‍ ഇത്ര വലിയ കവിയുണ്ടെന്ന് ഞാനറിഞ്ഞിരുന്നില്ല. മലയാള സിനിമ കാണാനെനിക്ക് അവസരം കിട്ടാറില്ല. അതുകൊണ്ട് ഭാസ്‌കരനാണ് എഴുതിയത് എന്ന് എനിക്കറിയില്ല.’ കെ.എം. പണിക്കര്‍ അത്ഭുതത്തോടെ പറഞ്ഞു.

ഒന്നു കൂടിയുണ്ട്. വയനാട്ടില്‍ ഒരു പരിപാടി കഴിഞ്ഞ് ഭാസ്‌കരന്‍ മാഷും ശോഭനാ പരമേശ്വരന്‍ നായരും കോഴിക്കോട്ടേക്ക് മടങ്ങുകയാണ് ബസ്സ് കിട്ടാത്തതിനാല്‍ ഒരു ചരക്കു ലോറിയിലാണ് യാത്ര. അര്‍ദ്ധ രാത്രിയില്‍ ചുരത്തിലൂടെ ഇഴഞ്ഞുനീങ്ങുന്ന ലോറിയില്‍ നിന്നും ഡ്രൈവറുടെ പാട്ടുകേട്ട് ഇരുവരും ഞെട്ടിയുണര്‍ന്നു. ഏതാലോകത്ത് ലയിച്ചിരുന്ന് അയാള്‍ പാടുകയാണ് ‘കായലരികത്ത് വലയെറിഞ്ഞപ്പോള്‍ വള കിലുക്കിയ സുന്ദരീ’… കോഴിക്കോട് വണ്ടിയായെത്തി. ഇറങ്ങുമ്പോള്‍ ശോഭനാ പരമേശ്വരന്‍ നായര്‍ ഡ്രൈവറോട് പറഞ്ഞു ‘ആ പാട്ടെഴുതിയ പി. ഭാസ്‌ക്കരനാണിത്’ അത് കേട്ട് സന്തോഷമടക്കാനാവാതെ അയാള്‍ അന്തിച്ച് നിന്നു. നയതന്ത്രജ്ഞനും ലോറി ഡ്രൈവറും ഒരേപോലെ ഇഷ്ടപ്പെട്ട ഗാനമായി ‘കായലരികത്ത് വലയെറിഞ്ഞപ്പോള്‍ അവര്‍ മനസ്സിലേറ്റിയിരുന്നു.

അപ്പോള്‍ മറ്റൊരുത്ഭുതം മലയാള ചലച്ചിത്ര രംഗത്ത് ചരിത്രമായി മാറിക്കഴിഞ്ഞിരുന്ന മലയാള സിനിമയില്‍ മലയാളത്തനിമയുള്ള ആദ്യത്തെ ഗാനങ്ങളെഴുതിയ പി. ഭാസ്‌കരന്റെ നീലക്കുയിലിലെ ഒമ്പത് പാട്ടുകള്‍ കേരളമെങ്ങും അലയടിക്കുകയായിരുന്നു. കെ. രാഘവന്‍ മാസ്റ്ററെന്ന ലളിത സംഗീതാചാര്യന്‍ കര്‍ണാട്ടിക് രാഗങ്ങള്‍ അടിസ്ഥാനമാക്കി തീര്‍ത്ത ഈണത്തില്‍, നാടോടിപ്പാട്ടിന്റെയും മാപ്പിളപ്പാട്ടിന്റെയും മധുരിമയില്‍ ഒത്തുചേര്‍ന്ന ഒമ്പത് ഗാനങ്ങള്‍ മലയാള ചലച്ചിത്ര ഗാനങ്ങളെ പുതിയൊരു വസന്തകാലത്തിലേക്ക് ആനയിച്ചു.

P Bhaskaran

പി. ഭാസ്‌കരന്‍

പുല്ലൂറ്റുപാടത്ത് ഭാസ്‌കരന്‍ എന്ന പി. ഭാസ്‌കരന്‍ ജന്മനാ കവിയായിരുന്നു. 7-ാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ അദ്ധ്യാപകന്‍ പി. നാരായണ മേനോന്‍ ക്ലാസ്സില്‍ ഒരു മത്സരം നടത്തി. ഷേക്‌സ്പിയറുടെ ഒരുവരി വിദ്യാര്‍ത്ഥികള്‍ക്ക് കൊടുത്ത് അത് പരിഭാഷപ്പെടുത്തി കൊണ്ടുവരാന്‍ പറഞ്ഞു. ‘ More things are wrought by prayer than this world drems of’ എന്ന് കിട്ടിയ വരികള്‍ ഭാസ്‌ക്കരന്‍ പരിഭാഷപ്പെടുത്തി’
‘വിശ്വം കിനാവിലും
ദര്‍ശിക്കാത്ത ഗുണാവലി
എപ്പോഴും നരരാശിക്ക്
ലഭ്യമാം ഈശ്വര സേവയാല്‍’
അത് വായിച്ചു നാരായണന്‍ മാഷ് അത്ഭുതത്തോടെ ഒന്നാം സ്ഥാനം നല്‍കിയത് ഭാസ്‌ക്കരന്റെ ഈ സ്വതന്ത പരിഭാഷയ്ക്കായിരുന്നു പി. ഭാസ്‌കരനെന്ന കവി തുടക്കം

പി. ഭാസ്‌കരന്റെ പിതാവ് തൃശൂരിലെ പുരാതന നഗരമായ കൊടുങ്ങല്ലൂര്‍ നന്തിലേത്ത് പത്മനാഭമേനോന്‍ സ്ഥലത്തെ പ്രശസ്ത അഭിഭാഷകനും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സമസ്തനായ നേതാവും എഴുത്തുകാരനുമായിരുന്നു. നൂറുവര്‍ഷം മുന്‍പ് 1925 ഏപ്രിലില്‍ കൊച്ചിരാജ്യത്തെ ആദ്യത്തെ ഉത്തരവാദിത്വ സര്‍ക്കാര്‍ രൂപം കൊണ്ടപ്പോള്‍ 40% മുസ്ലിം സമുദായക്കാര്‍ ഉള്ള കൊടുങ്ങല്ലൂരില്‍ നിന്ന് തിരഞ്ഞെടുപ്പില്‍ മുസ്ലിം സമുദായക്കാരന്‍ തന്നെ എതിര്‍ സ്ഥാനാര്‍ത്ഥിയായിട്ടും പത്മനാഭമേനോന്‍ 2,000 വോട്ടിന് ജയിച്ച് അസംബ്ലിയിലെത്തി നിയമസഭാംഗമായി. ടി.എസ് നാരായണ അയ്യര്‍ ദിവാനായിരുന്ന 25 അംഗങ്ങളുള്ള ഈ സര്‍ക്കാര്‍ ഒരു ഉപദേശക സമിതി മാത്രമായിരുന്നു. തൃപ്പൂണിത്തുറ ഹില്‍പാലസിലായിരുന്നു അസംബ്ലി യോഗം നടന്നിരുന്നത്.

പത്മനാഭമേനോന്‍ കൊച്ചി രാജ്യത്തെ ടെക്സ്റ്റ് ബുക്ക് കമ്മിറ്റിയംഗമായതിനാല്‍ പ്രസാധകരെല്ലാം തങ്ങളിറക്കുന്ന പുസ്തകങ്ങളൊക്കെ അയച്ച് കൊടുക്കുമായിരുന്നു. അതിനാല്‍ വൈവിധ്യമാര്‍ന്ന സാഹിത്യലോകം ഭാസ്‌കരന് വായിക്കാനായി തുറന്നുകിട്ടി. വീട്ടിലെ ഗ്രാമഫോണില്‍ നൈഗാള്‍, പങ്കജ് മല്ലിക്ക് തുടങ്ങിയവരുടെ ഗാനങ്ങള്‍ സ്ഥിരമായി കേട്ടതോടെ താളബോധവും രാഗബോധവും നന്നേ ചെറുപ്പത്തിലേ ഭാസ്‌കരന് കൈവന്നു.

P Bhaskaran & wife

പി. ഭാസ്‌കരനും ഭാര്യ ഇന്ദിരയും

എറണാകുളം മഹാരാജാസ് കോളേജില്‍ ഇന്റര്‍മീഡിയേറ്റിന് പഠിക്കാനെത്തിയതോടെയാണ് പി ഭാസ്‌കരന്റെ ജീവിതം മാറി മറയുന്നത്. ഗാന്ധി തൊപ്പി ഖദര്‍ ധരിച്ച് സ്‌ക്കൂളില്‍ പോയിരുന്ന പി. ഭാസ്‌കരന്‍ കമ്യൂണിസ്റ്റ് അനുഭാവിയായി മാറി. എല്ലാ ചെറുപ്പക്കാരെയും പോലെ അന്നത്തെ ജയപ്രകാശ് നാരായണന്റെ പ്രശസ്തമായ ‘എന്തുകൊണ്ട് സോഷ്യലിസം? എന്ന ഗ്രന്ഥത്തിലാകര്‍ഷിക്കപ്പെട്ടു. കൊടുങ്ങല്ലൂരിലെ കമ്യൂണിസ്റ്റ് നേതാവായ കെ. എ. രാജനായിരുന്നു ഭാസ്‌കരനെ സ്വാധീനിച്ച നേതാവ്.

കൊച്ചിയിലെ സ്റ്റുഡന്‍സ് ഫെഡറേഷന്റെ സെക്രട്ടറിയായി പാര്‍ട്ടി പി. ഭാസ്‌കരനെ നിയോഗിച്ച് കൊടുങ്ങല്ലൂരില്‍ ആദ്യത്തെ കമ്യൂണിസ്റ്റ് യൂണിറ്റും, മഹാരാജാസ് കോളേജിലെ ആദ്യത്തെ സെല്ലും രൂപീകരിച്ചു. പി. ഭാസ്‌കരന്‍ അതോടെ രഹസ്യ പോലീസിന്റെ ലിസ്റ്റില്‍ അംഗത്വം നേടി. മഹാരാജാസിലെ അക്കാലത്തെ പ്രഗല്‍ഭരായ അദ്ധ്യാപകരായ ജി. ശങ്കരക്കുറുപ്പ്, പി.വി. കൃഷ്ണന്‍ നമ്പ്യാര്‍, തുടങ്ങിയവരുടെ ക്ലാസ്സുകളും, അവരുമായുള്ള സമ്പര്‍ക്കവും ഭാസ്‌കരനിലെ എഴുത്തുകാരനെ ”പ്രോജ്ജ്വലിപ്പിച്ചു.

ആ കാലത്ത് പി. ഭാസ്‌കരനെഴുതിയ ‘ഐക്യ കേരളഗാനം’ ദേശീയഗാനം പോലെ പ്രശസ്തമായി. സ്വാതന്ത്യ സമരസേനാനികള്‍ കേരളത്തിലുടനീളം അത് പാടി നടന്നു.
‘പദം പദമുറച്ചു നാം
പാടി പോവുക
പാരിലൈക്യ കേരളത്തില്‍
കാഹളം മുഴക്കുവാന്‍’
പക്ഷേ, ഐക്യകേരള ഗാനം പ്രസിദ്ധീകരിച്ച ‘മലയാളി’ ‘മലയാളരാജ്യം’ എന്നീ പ്രസിദ്ധീകരണങ്ങള്‍ സര്‍ക്കാര്‍ കണ്ടുകെട്ടി.

കൊച്ചിയില്‍ പാലിയം സത്യാഗ്രഹം കൊടുമ്പിരികൊണ്ട കാലം. സമര ജാഥയ്ക്ക് പാട്ടെഴുതി കൊടുത്തതിന് പി. ഭാസ്‌കരനെ പോലീസ് കുട്ടിക്കൊണ്ടു പോയി. അറസ്റ്റ് ചെയ്തില്ല. പോലീസ് സ്റ്റേഷനില്‍ ഇന്‍സ്‌പെക്ടര്‍ പരിചയക്കാരനായിരുന്നു. ഉപദേശം നല്‍കി ഭാസ്‌കരനെ വിട്ടയച്ചു. കുറച്ചു കാലം പാര്‍ട്ടി നിര്‍ദേശമനുസരിച്ച് ഭാസ്‌കരന്‍ കോഴിക്കോട് ദേശാഭിമാനിയില്‍ പ്രൂഫ് റീഡറായി. അക്കാലത്ത് കവിതകള്‍ ധാരാളം എഴുതി. പിറക്കാന്‍ പോകുന്ന പുതിയ ലോകത്തെ കുറിച്ച്, അന്നത്തെ കമ്യൂണിസ്റ്റുകാരന്റെ മധുര സ്വപ്നങ്ങളെക്കുറിച്ച്.

1945 ല്‍ ആദ്യത്തെ കവിതാ സമാഹാരമായ ‘വില്ലാളി’ മംഗളോദയം പ്രസിദ്ധീകരിച്ചു. സമരോത്സുകനായി അടരാടാനിറങ്ങുന്ന ചോരത്തിളപ്പുള്ള പി. ഭാസ്‌കരന്‍ എന്ന യുവവിപ്ലവകാരിയുടെ യുദ്ധ പ്രഖ്യാപനമായിരുന്നു അതിലെ വില്ലാളിയെന്ന കവിത. അടുത്ത സുഹൃദ്ബന്ധമുള്ള സി.ജെ. തോമസ് ഈ സമാഹാരം ഇംഗ്ലീഷിലേക്ക് മൊഴിമാറ്റി. അക്കാലത്ത് പി. കൃഷ്ണപിള്ള രൂപീകരിച്ച ‘കള്‍ച്ചറല്‍ സ്‌ക്വാഡ്’ നു വേണ്ടി പി. ഭാസ്‌ക്കരന്‍ എഴുതിയ ‘മര്‍ദ്ദിതര്‍ രണഭേരി ഓടക്കുഴല്‍’ ആ കാലത്ത് ജനങ്ങള്‍ പാടിപ്പതിഞ്ഞ ഗാനങ്ങളായിരുന്നു.

ക്വിറ്റ് ഇന്ത്യാ സമരകാലത്ത് കൊടുങ്ങല്ലൂരില്‍ ദേശീയ പതാക ഉയര്‍ത്തി കോട്ടപ്പുറത്തും ഏറിയാട്ടും, കോതമംഗലത്തും പ്രസംഗിച്ച പി ഭാസ്‌കരനെ പോലീസ് അറസ്റ്റ് ചെയ്തു. കൊച്ചി ശീമയില്‍ അക്രമാസക്തമായ രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയെന്ന് കുറ്റപ്പെടുത്തി വിധിച്ച് കൊടുങ്ങല്ലൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ഒമ്പത് മാസത്തെ തടവിന് ശിക്ഷിച്ചു. ആദ്യത്തെ ജയില്‍ ശിക്ഷയ്ക്കായി തൃശൂര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തി. ഭാസ്‌കരനെ അവിടെ സ്വീകരിക്കാന്‍ ഉള്ള തടവുകാര്‍ ചില്ലറക്കാരായിരുന്നില്ല. പനമ്പിള്ളി ഗോവിന്ദ മേനോന്‍, മത്തായി മാഞ്ഞൂരാന്‍, അച്യുതമേനോന്‍, ജോര്‍ജ്ജ് ചടയം മുറി, ആര്‍. എം. മനയ്ക്കലാത്ത്, ചൊവ്വര പരമേശ്വരന്‍ തുടങ്ങിയ കൊച്ചിരാജ്യത്തെ പ്രശസ്തരായ സമരനേതാക്കള്‍. അവരൊക്കെ പി. ഭാസ്‌കരനോടൊപ്പം അവിടെ തടവുശിക്ഷ അനുഭവിച്ചു. ഈ അനുഭവങ്ങള്‍ പിന്നീട് 1980 ല്‍ ഭാസ്‌കരന്‍ മാസ്റ്റര്‍ ‘കാടുറുമാസം’ എന്ന പുസ്തകത്തില്‍ എഴുതി.

തടവുശിക്ഷ കഴിഞ്ഞ് പുറത്തുവന്ന പി. ഭാസ്‌കരനെ പാര്‍ട്ടി ഒളിപ്പോര്‍ പരിശീലിപ്പിക്കാന്‍ ലാഹോറിലേക്ക് അയച്ചു. തമിഴ്‌നാട്ടില്‍ നിന്നും ആന്ധ്രയില്‍ നിന്നും വിദ്യാര്‍ത്ഥി ഫെഡറേഷന്റെ നാല് നേതാക്കള്‍ പി. ഭാസ്‌കരന്റെ കൂടെയുണ്ടായിരുന്നു. എതിരാളികളെ ആയുധമില്ലാതെ വകവരുത്താനുള്ളെ പരിശീലനമൊക്കെ ലഭിച്ചതായി ഭാസ്‌കരന്‍ മാസ്റ്റര്‍ ഇതേക്കുറിച്ച് ആത്മകഥയില്‍ എഴുതിയിട്ടുണ്ട്.

1946 ല്‍ കൊച്ചിയില്‍ ഒളിവില്‍ താമസിക്കുന്ന തിരുവിതാംകൂറിലെ രാഷ്ട്രീയ നേതാക്കള്‍ക്ക് ആവശ്യമായ പണം വാങ്ങാന്‍ കോട്ടയത്ത് ഡി.സി കിഴക്കേമുറിയെ കാണാന്‍പോയ പി. ഭാസ്‌കരനെ രഹസ്യ പോലീസ് പിടികൂടി കോട്ടയം തിരുനക്കര സ്റ്റേഷനില്‍ കൊണ്ടുപോയി. കടുത്ത മര്‍ദ്ദനവും തെറിവിളിയുമായിരുന്നു. തളരുവോളം മര്‍ദ്ദിച്ചു. ആ സമയത്ത് പുന്നപ്ര വയലാര്‍ സമരവും വെടിവെയ്പ്പും നടക്കുകയായിരുന്നു. വയലാറില്‍ വിപ്ലവകാരികളെ നേരിടാന്‍ പോയ പട്ടാളക്കാരുടെ യാത്രകളില്‍ വിശ്രമ ഇടത്താവളമായിരുന്നു തിരുനക്കര പോലീസ് സ്റ്റേഷന്‍. അവിടെ പുന്നപ്രയില്‍ തങ്ങളുടെ തോക്കുകള്‍ക്ക് മുന്നില്‍ പിടഞ്ഞ് വീണവരുടെ എണ്ണം പറഞ്ഞ് ഊറ്റംകൊണ്ട പട്ടാളക്കാരുടെ വര്‍ത്തമാനത്തില്‍ നിന്ന് ചോരപ്പുഴയുടെ കഥ കേട്ട പി.ഭാസ്‌കരന് ഹൃദയത്തിലൊരു നീറ്റലായി മാറി മൂന്നാം ദിവസം ജാമ്യം കിട്ടി. തിരുവിതാംകൂര്‍ മണ്ണില്‍ കാലുകുത്താന്‍ പാടില്ല എന്നായിരുന്നു ഉപാധി. കൊടുങ്ങല്ലൂരിലെ വീട്ടില്‍ തിരികെ എത്തിയപ്പോഴും മനസ്സില്‍ പുന്നപ്ര വയലാറില്‍ വെടിയുണ്ടകളില്‍ പിടഞ്ഞുവീണ വിപ്ലവകാരികളായിരുന്നു. താമസിക്കാതെ വയലാറില്‍ പോയി. ഹൃദയഭേദകമായ ആ കാഴ്ചകള്‍ നേരിട്ട് കണ്ടു. രക്തസാക്ഷികളുടെ കഥ ഉറ്റവരില്‍ നിന്നും ഉടയവരില്‍ നിന്നും നേരിട്ട് ഭാസ്‌കരന്‍ മാസ്റ്റര്‍ കേട്ടു.

വീട്ടില്‍ മടങ്ങിയെത്തി ഉടനെ കവിത എഴുതിത്തുടങ്ങി. രക്തം ശ്രവിക്കുന്ന ഹൃദയത്തില്‍ നിന്ന് താനറിയാതെ പേനത്തുമ്പിലൂടെ വാക്കുകള്‍ പ്രവഹിച്ചു.
‘ ഉയരും ഞാന്‍ നാടാകെ-
പ്പടരും ഞാനൊരു പുത്ത
നുയിര്‍ നാട്ടിനേകി കൊണ്ടുയരും വീണ്ടും’ പി. ഭാസ്‌കരന്റെ ഏറ്റവും പ്രശസ്തമായ കവിത- ഖണ്ഡകാവ്യം ‘വയലാര്‍ ഗര്‍ജ്ജിക്കുന്നു’ അങ്ങനെ പിറന്നു വീണു. പി ഭാസ്‌കരന്റെ കവിതകള്‍ക്ക് നിരോധനമുള്ളതിനാല്‍ പാര്‍ട്ടി നിര്‍ദേശ പ്രകാരം രവി എന്ന പേരില്‍ 1946 ഡിസംബറില്‍ ഇരിഞ്ഞാലക്കുടയിലെ വിജയാ പ്രസ്സ് പിന്നീട് തലമുറകള്‍ ആവേശത്തോടെ ഏറ്റ് പാടിയ ‘വയലാര്‍ ഗര്‍ജ്ജിക്കുന്നു’ സി. ഉണ്ണിരാജയുടെ അവതാരികയോടെ പുറത്തിറക്കി.

‘ആയിരത്തിത്തൊള്ളായിരത്തി നാല്‍പ്പത്തിയാറ് ഒക്ടോബര്‍ മാസം ഇരുപത്തിയേഴാം തീയതിയിലേക്ക് നമുക്ക് തിരിച്ച് പോവുക. അന്നാണ് ലോകത്തില്‍ വയലാര്‍ പൊന്തി വന്നത്. അന്ന് ചരിത്രത്തിന്റെ വെണ്‍കളി ഭിത്തിയില്‍ തിരുവിതാംകൂറിലെ മര്‍ദ്ദിതനായ മനുഷ്യന്‍ തന്റെ നെഞ്ചില്‍ നിന്നു ചീറിച്ചാടിയ ചോര കൊണ്ട് ഈ അക്ഷരങ്ങള്‍ കുറിച്ചിട്ടു: വയലാര്‍…

ഞാന്‍ വയലാറിന്റെ ഗര്‍ജ്ജനം കേള്‍ക്കുന്നു. വയലാറിന്റെ ഗംഭീരമായ മൗനത്തില്‍ ആ ഗര്‍ജ്ജനം ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. നിങ്ങളും ചെവിയോര്‍ത്തു നോക്കൂ! തെക്കു നിന്നാ ഗര്‍ജ്ജനം കേള്‍ക്കുന്നില്ലേ? മുഖവുരയില്‍ പി. ഭാസ്‌കരന്‍ കുറിച്ചു.

പുസ്തകത്തിന്റെ കോപ്പികള്‍ മാസങ്ങള്‍ക്കകം വിറ്റുപോയി. തിരുവിതാംകൂറില്‍ ഈ പുസ്തകം നിരോധിച്ചു. വയലാര്‍ രക്തസാക്ഷികളുടെ ഗര്‍ജ്ജനമായി കേരളത്തിലെമ്പാടുമുള്ള വിപ്ലവകാരികള്‍ക്ക് ഈ കവിത ആവേശം പകര്‍ന്നു. കലാ സാഹിത്യ രംഗത്തെ പാര്‍ട്ടിയുടെ അക്കാലത്തെ പ്രഖ്യാപിത നിലപാടുകളോട് യോജിക്കാന്‍ സാധിക്കാതെ ഏറെ താമസിയാതെ പി. ഭാസ്‌കരന്‍ രാഷ്ട്രീയത്തോട് വിട പറഞ്ഞു.

മദിരാശിയില്‍ നിന്ന് പുറത്തിറക്കുന്ന, മലയാള പുരോഗമന സാഹിത്യത്തിന് 50 കളിലും 60 കളിലും ജയകേരളം വാരികയില്‍ കുറച്ച് കാലം സഹപത്രാധിപരായി. എം. ഗോവിന്ദന്‍, എം.വി. ദേവന്‍, കെ. പത്മനാഭന്‍ നായര്‍, വൈക്കം മുഹമ്മദ് ബഷീര്‍, മലയാളത്തില്‍ പിന്നീട് പ്രശസ്തരായ എല്ലാ സാഹിത്യകാരന്‍മാരും തുടങ്ങിയത് ജയകേരളത്തിലെഴുതിയാണ്. അക്കാലത്ത് ഭാസ്‌ക്കരന്‍ മാസ്റ്റര്‍ വയലളം പി.വി. നാരായണന്‍ നായര്‍ എന്ന എഴുത്തുകാരന് ജയകേരളത്തിലൂടെ നല്‍കിയ തൂലികാ നാമമാണ് ‘പവനന്‍’.

ഭാസ്‌കരന്‍ മാസ്റ്ററുടെ ജീവിതത്തിന്റ ഏറ്റവും ഉജ്ജ്വലമായ ഒരു കാലഘട്ടമാരംഭിക്കുകയാണ്. ആകാശവാണിക്കാലം. കോഴിക്കോട് ആകാശവാണി നിലയം 1950 മെയ് 14 ന് ആരംഭിച്ചപ്പോള്‍ അവിടെ ചേര്‍ന്ന ഭാസ്‌കരന്‍ മാസ്റ്റര്‍ എഴുതിയ ‘വീര കേരളം’ എന്ന സംഗീതശില്‍പ്പമായിരുന്നു ആദ്യം പ്രക്ഷേപണം ചെയ്ത പരിപാടി. അവിടെയുണ്ടായിരുന്ന പി.സി. കുട്ടികൃഷ്ണന്‍ (ഉറുബ്) അക്കിത്തം, കെ. എ. കൊടുങ്ങല്ലൂര്‍ തുടങ്ങിയവരുമായി സൗഹൃദം ഉറപ്പിച്ച കാലം. പിന്നിട് ഭാസ്‌കരന്‍ മാസ്റ്ററുടെ ചലച്ചിത്ര ജീവിതത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയ കെ. രാഘവനുമായി ഉണ്ടായ ആത്മബന്ധം കോഴിക്കോട് ആകാശവാണിയിലൂടെയാണ് ആരംഭിക്കുന്നത്. കോഴിക്കോടന്‍ ജീവിതം ഭാസ്‌കരന്‍ മാസ്റ്റര്‍ക്ക് നല്‍കിയ മറ്റ് രണ്ട് വിലപ്പെട്ട സൗഹൃദബന്ധങ്ങള്‍, ഗായകന്‍ കോഴിക്കോട് അബ്ദുള്‍ ഖാദറും സംഗീത സംവിധായകന്‍ എം.എസ് ബാബുരാജുമായിരുന്നു.

കേരളത്തില്‍ റേഡിയോവില്‍ ലളിതം സംഗീതത്തിന് തുടക്കം കുറിച്ചത് ഭാസ്‌കരന്‍ മാസ്റ്ററാണ്. ശാസ്ത്രീയ സംഗീതത്തില്‍ ഒതുങ്ങിയ തന്നെ ലളിത -സിനിമാ സംഗീതത്തിലേക്ക് ആനയിച്ചത് ഭാസ്‌കരന്‍ മാഷാണെന്ന് കെ. രാഘവന്‍ പറഞ്ഞിട്ടുണ്ട്. ആകാശവാണിയില്‍ അക്കാലത്ത് ഇരുവരും നിരവധി ഗാനങ്ങള്‍ ഒരുക്കി. ‘ഭാസ്‌കരന്‍ മാസ്റ്ററെ പോലെ മാപ്പിളപ്പാട്ട് എഴുതാന്‍ ആരുമില്ല’. ഭാസ്‌കരന്‍ മാസ്റ്റര്‍ എഴുതിയ ആകാശവാണി ലളിത ഗാനങ്ങള്‍ ശ്രോതാക്കള്‍ക്ക് പ്രിയങ്കരമായതോടെയാണ് ഉറൂബും, തിക്കോടിയനും, കക്കാടും, അക്കിത്തവുമൊക്കെ ലളിതഗാനങ്ങള്‍ എഴുതാന്‍ തുടങ്ങിയത്.

ഏറെക്കാലം ഭാസ്‌കരന്‍ മാസ്റ്റര്‍ക്ക് ആകാശവാണിയില്‍ തുടരാനായില്ല. മുന്‍ കമ്യൂണിസ്റ്റ് എന്ന പേര് ദോഷം നിരന്തരം വേട്ടയാടി. 1953 ല്‍ ആകാശവാണി കരാര്‍ അവസാനിപ്പിച്ചു. സ്റ്റേഷന്‍ ഡയറക്ടറായ ജി.പി.എസ്. നായര്‍ ഭാസ്‌കരന്‍ മാഷെ ഇടയ്ക്കിടെ ഓര്‍മിപ്പിക്കും -‘ രാഷ്ട്രീയം എഴുതി കുഴപ്പമാക്കല്ലെ ഭാസ്‌കരാ’. എന്നാല്‍ രാഷ്ട്രീയം എഴുതാതെ തന്നെ ഭാസ്‌കരന്‍ മാസ്റ്റര്‍ പുറത്തായി.

P Bhaskaran with M.T

പി ഭാസ്കരനൊപ്പം എം.ടി. ഇരുട്ടിൻ്റെ ആത്മാവിൻ്റെ ചിത്രീകരണത്തിൽ

അക്കാലത്ത് കമ്യൂണിസ്റ്റ് ബന്ധമാരോപിച്ച് നിരന്തരം വേട്ടയാടപ്പെട്ട ഒരാളായിരുന്നു കോഴിക്കോട് ആകാശവാണി നിലയം ആരംഭിച്ച, പത്മനാഭന്‍ നായര്‍. മലയാള റേഡിയോ പ്രക്ഷേപണത്തിന്റെ കുലപതിയെന്ന അറിയപ്പെട്ട പത്മനാഭന്‍ നായരാണ് ഡല്‍ഹിയില്‍ നിന്ന് ആദ്യമായി റേഡിയോവില്‍ മലയാളത്തില്‍ വാര്‍ത്ത വായിച്ചത്. ഇദ്ദേഹത്തിന്റെ പ്രശസ്തമായ നാടകമാണ് പിന്നീട് ചലച്ചിത്രമായ കുഞ്ഞാലി മരയ്ക്കാര്‍ (1967). കമ്യൂണിസ്റ്റുകാരനായതിന്റെ പേരില്‍ ഇദ്ദേഹം ഏറെ വേട്ടയാടപ്പെട്ട കലാകാരനായിരുന്നു. ഇടയ്ക്ക് ഇടതുപക്ഷ രാഷ്ട്രീയം ആരോപിച്ച് ആകാശവാണി പുറത്താക്കിയപ്പോള്‍ എ.കെ.ജി., പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റുവിനോട് നേരിട്ട് ആവശ്യപ്പെട്ട് തിരിച്ചെടുപ്പിക്കുകയായിരുന്നു. റോഡിലൂടെ നടന്ന കുറ്റത്തിന് അറസ്റ്റിലാവുന്ന ഒരു ഭൂതകാലമുണ്ടായിരുന്ന ഒരു കാലത്ത് കമ്മ്യുണിസ്റ്റുകാര്‍ക്ക് മിണ്ടിയാല്‍ പോലീസ് പിടിക്കുന്ന കാലം.

ഭാസ്‌കരന്‍ മാസ്റ്ററെ പുറത്താക്കാന്‍ അധികാരികള്‍ ഉപയോഗിച്ചത് ഇടപ്പള്ളി പോലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ ഉള്‍പ്പെട്ട് അറസ്റ്റിലായവരെ സഹായിക്കാന്‍ ഫണ്ട് രൂപീകരിക്കണമെന്ന് കമ്മ്യൂണിസ്റ്റ് നേതാവായ കെ. എ. രാജന്‍ ഭാസ്‌കരന്‍ മാസ്റ്റര്‍ക്കെഴുതിയ ഒരു കത്ത് ഇന്റലിജന്‍സിന്റെ കൈയില്‍ പെട്ടതാണ്. അവര്‍ അത് വേണ്ട സ്ഥലത്ത് എത്തിച്ചു. അതോടെ ആകാശവാണി അധികൃതര്‍ നടപടിയെടുത്തു. 1959 ല്‍ പ്രസിദ്ധീകരിച്ച ‘ഞാറ്റുവേല’ എന്ന തന്റെ കവിതാ സമാഹാരം ഭാസ്‌കരന്‍ മാസ്റ്റര്‍ സമര്‍പ്പിച്ചിരിക്കുന്നത് കെ.എ. രാജനാണ്.

1947 ല്‍, ഇന്ത്യ സ്വതന്ത്രമായ അതേ വര്‍ഷമാണ് ഭാസ്‌കരന്‍ മാസ്റ്ററുടെ ആറ് പതിറ്റാണ്ട് നീണ്ട സിനിമാ ജീവിതം മദ്രാസില്‍ ആരംഭിക്കുന്നത്. പ്രസിദ്ധമായ ജമനി സ്റ്റുഡിയോ ഉടമ എസ്. വാസന്‍ നിര്‍മ്മിച്ച ആചാര്യ സംവിധാനം ചെയ്ത ‘അപൂര്‍വ്വ സഹോദരങ്ങള്‍’ എന്ന തമിഴ് സിനിമയില്‍ തമിഴ് പാട്ടിന്റെ കൂടെ ചേര്‍ക്കേണ്ട കുറച്ച് മലയാള ഗാന വരികള്‍ ഉണ്ട്. അത് എഴുതേണ്ടത് ആരാണെന്ന് വാസന് സംശയമില്ലായിരുന്നു. അങ്ങനെ ഭാസ്‌കരന്‍ മാസ്റ്ററുടെ ആദ്യ സിനിമാഗാനം തമിഴ് ചിത്രത്തിലൂടെ പുറത്തുവന്നു. ദക്ഷിണാമൂര്‍ത്തിയാണ് ഈണം നല്‍കിയത്. മാപ്പിളപ്പാട്ടിന്റെ ശൈലിയിലുള്ള ആ ഹാസ്യഗാനം അന്നത്തെ പ്രശസ്തനടിയായ ഭാനുമതി പാടി അഭിനയിച്ചു.

‘കടക്കണ്ണില്‍ തലപ്പത്ത് കറങ്ങും വണ്ടേ
കളിച്ചും കൊണ്ട് പറക്കുന്നതെന്തിനോ വണ്ടേ
പൂതി എഴുന്നൊരു കരികരി വണ്ടേ
പൂമരമിന്നു വിരിഞ്ഞതു കണ്ടേ എന്നായിരുന്നു ആദ്യവരികള്‍.

P Bhaskaran with yesudas & MS Baburaj

എം.എസ്. ബാബു രാജ് യേശുദാസ് പി.ഭാസ്കരൻ സ്റ്റുഡിയോവിൽ

75 വര്‍ഷം മുന്‍പ് പുറത്തുവന്ന ‘ചന്ദ്രിക’ യിലാണ് ഭാസ്‌കരന്‍ മാസ്റ്ററുടെ ആദ്യത്തെ പൂര്‍ണ്ണമായ മലയാള ഗാനങ്ങള്‍ വരുന്നത്. 1950 ല്‍ പുറത്തുവന്ന ആ ചലച്ചിത്രത്തിലെ ഭാസ്‌കരന്‍ മാസ്റ്റര്‍ എഴുതിയ അതിലെ രണ്ട് ഗാനങ്ങള്‍ ദക്ഷണാമൂര്‍ത്തി ഈണമിട്ട ‘കേഴുക ആത്മസഖി, ചൊരിയുക മധുമാരി എന്നീ ഗാനങ്ങള്‍ വളരെ ശ്രദ്ധനേടി. അതോടെ പി. ഭാസ്‌കരന്‍ എന്ന ഗാനരചയിതാവിനെത്തേടി സംവിധായകര്‍ വരാന്‍ തുടങ്ങി. പി. ഭാസ്‌കരന്‍ എന്ന ഗാനരചയിതാവിന്റെ ‘ഗാനശേഖരത്തിന്റെ പൂക്കണി’ ഒരുങ്ങുകയായിരുന്നു.

മദ്രാസില്‍ സ്ഥിരതാമസമാക്കിയ ഭാസ്‌കരന്‍ മാസ്റ്റര്‍ എസ്.കെ. പൊറ്റക്കാടിന്റെ നോവല്‍ ‘പുള്ളിമാന്‍’ ചലച്ചിത്രമാക്കാന്‍ ശ്രമിച്ചെങ്കിലും രാഘവന്‍ മാസ്റ്ററുടെ ഈണത്തില്‍ കോഴിക്കോട് അബ്ദുള്‍ ഖാദര്‍ പാടിയ ചന്ദ്രനുറങ്ങി, താരമുറങ്ങി എന്ന ഗാനം റെക്കോര്‍ഡ് ചെയ്തതില്‍ ആ ശ്രമം ഒതുങ്ങി. പിന്നീട് 1972 ല്‍ പുള്ളിമാന്‍ ഇ.എന്‍. ബാലകൃഷ്ണന്‍ സംവിധാനം ചെയ്ത് പുറത്തുവന്നു. ബാബുരാജും ശ്രീകുമാരന്‍ തമ്പിയുമായിരുന്നു അതിലെ ഗാനങ്ങള്‍ ഒരുക്കിയത്.

ഭാസ്‌കരന്‍ മാസ്റ്ററുടെ ബാല്യകാല സുഹൃത്തും, നാട്ടുകാരനുമായ രാമു കാര്യാട്ട് അക്കാലത്ത് സിനിമാക്കാരനായി മദ്രാസിലെത്തി. പി.എസ്. ആര്‍ പിള്ള സംവിധാനം ചെയ്ത ‘തിരമാല’ യുടെ സഹസംവിധായകനായിരുന്ന കാര്യാട്ട് സംവിധാനമോഹവുമായി നടക്കുകയായിരുന്നു. കാര്യാട്ടിന്റെ നാടായ ചേറ്റുവയില്‍ നിന്ന് വിവാഹം കഴിച്ച വ്യവസായിയായ ടി.കെ. പരീക്കുട്ടി സാഹിബ് ചന്ദ്രതാരാ എന്നൊരു സിനിമാ വിതരണക്കമ്പനി ആയിടെ ആരംഭിച്ചിരുന്നു.

TK Pareekkutty

നീലക്കുയിലിൻ്റെ നിർമ്മാതാവ് ടി.കെ. പരീക്കുട്ടി സാഹിബ്

രാമു കാര്യാട്ട് സിനിമാ കാര്യങ്ങള്‍ സംസാരിച്ച കൂട്ടത്തില്‍ പരീക്കുട്ടി സാഹേബ് കാര്യാട്ടിനോട് പറയുന്നു. ഞാന്‍ ഒരു പടം നിര്‍മ്മിക്കുന്നു. കാര്യാട്ട് അതിന്റെ കാര്യങ്ങള്‍ നോക്ക്. ഉടനെ രാമു കാര്യാട്ട് വേഗത്തില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നു. കഥ ആകാശവാണിയിലെ ഉറൂബ് എഴുതും. പാട്ടുകള്‍ പി. ഭാസ്‌കരന്‍ തന്നെ. പിന്നീട് പരീക്കുട്ടി സാഹിബ് കാര്യാട്ടിനോട് പറഞ്ഞു. പി. ഭാസ്‌കരനെ കൂട്ടി സിനിമ ചെയ്യുക. ഭാസ്‌കരന്‍ മാസ്റ്ററുടെ ചലച്ചിത്ര അനുഭവ സമ്പത്ത് പടത്തിന് ഗുണം ചെയ്യുമെന്ന് പരീക്കുട്ടി സാഹിബിനറിയാമായിരുന്നു. അങ്ങനെ മലയാള ചലച്ചിത്ര രംഗത്തെ ആദ്യ ഇരട്ട സംവിധായകരായി രാമു കാര്യാട്ടും പി ഭാസ്‌കരനും ചരിത്രത്തില്‍ സ്ഥാനം പിടിച്ചു.

ശരിക്കും പരീക്കുട്ടി ആദ്യം സിനിമയെടുക്കാന്‍ തീരുമാനിച്ചത് കേശവദേവിന്റെ ‘ഓടയില്‍ നിന്ന്’ ആയിരുന്നു. ദേവ് തിരക്കഥയും എഴുതി. സംവിധായകനായ ഭാസ്‌കരന്‍ മാസ്റ്റര്‍ അതില്‍ ചില നിര്‍ദേശങ്ങള്‍ പറഞ്ഞത് കേശവദേവിന് ഇഷ്ടപ്പെട്ടില്ല. ‘എന്റെ കഥയില്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട മാറ്റം വരുത്തിയാല്‍ പിന്നെ അത് എന്റെ കഥയാകുമോ? എതിര്‍പ്പിന്റെ ആശാനായ കേശവദേവ് ചോദിച്ചു. അങ്ങനെ അത് നടന്നില്ല. എന്നാല്‍ പി. ഭാസ്‌കരനെ തന്നെയാണ് ഡയറക്ടറായി ദേവ് പരീക്കുട്ടി സാഹിബിനോട് നിര്‍ദ്ദേശിച്ചിരുന്നത്.

കോഴിക്കോട് ആകാശവാണിക്ക് മുന്നിലെ വിശാലമായ മണല്‍പ്പരപ്പിലിരുന്ന് കാര്യാട്ടിനോടും പി. ഭാസ്‌കരനോടും ഉറൂബ് മൂന്ന് കഥകള്‍ പറഞ്ഞു. അതില്‍ ആദ്യം പറഞ്ഞ കഥയാണ് ഇരുവര്‍ക്കും ഇഷ്ടപ്പെട്ടത്. അത് ഒരു നീലിയുടെ കഥയായിരുന്നു. ആ കഥ ഉറൂബ് എഴുതിക്കഴിഞ്ഞപ്പോള്‍ ഭാസ്‌കരന്‍ മാസ്റ്റര്‍ സിനിമയ്ക്ക് പേരിട്ടു. ‘നീലക്കുയില്‍’. പരിപൂര്‍ണ്ണ മലയാള സിനിമയുടെ യാത്ര ഇവിടെ നിന്ന് ആരംഭിക്കുന്നു.

singers and composer while singing Kanaka Simhasanam

കനക സിംഹാസനം പാടുമ്പോൾ ഗായകരും ഗാനരചയിതാവും

പരീക്കുട്ടി സാഹിബ് കൊച്ചിയിലാണ് താമസം. സാഹിബിന് പോയി വരാന്‍ സൗകര്യത്തിന് ആലുവയില്‍, ദേശത്ത്, തോട്ടേക്കാട്ട് സാഹിബ് ഒരു വീട് വാടകയ്ക്ക് എടുത്ത് പ്രൊഡക്ഷന്‍ ഓഫീസാക്കി. അവിടെ വെച്ച് പടത്തിന്റെ സ്‌ക്രിപ്റ്റ്, പാട്ടുകളുടെ കമ്പോസിങ്ങ് എന്നിവ നടന്നു. പരീക്കുട്ടി സാഹിബ്, ഉറൂബ്, രാമു കാര്യാട്ട്, ഭാസ്‌കരന്‍ മാസ്റ്റര്‍’ എന്നിവര്‍ നോക്കി നില്‍ക്കെ ‘കായലരികത്ത് വലയെറിഞ്ഞപ്പോള്‍’ എന്ന പാട്ട് ഹാര്‍മോണിയം വായിച്ച് രാഘവന്‍ മാസ്റ്റര്‍ ഉച്ചസ്ഥായിയില്‍ പാടി. ഇതുകേട്ട മാത്രയില്‍ പരീക്കുട്ടി സാഹിബ് പറഞ്ഞു:

‘നല്ല പഷ്ട് പാട്ട്. ഇതായിരിക്കും സിനിമയിലെ ഏറ്റവും ഹിറ്റ് പാട്ട്. നമുക്ക് ഇത് ഹാജിയെക്കൊണ്ട് അസ്സലായി പാടിക്കണം.’ ഹാജിയെന്നാല്‍ കൊച്ചിയിലുള്ള അബ്ദുള്‍ ഖാദര്‍ എന്ന ഗായകന്‍. ഹാജിയെ വിളിച്ച് വരുത്തുന്നു. പരീക്കുട്ടി സാഹിബിന്റെ സാന്നിധ്യത്തില്‍ ഹാജി പാടി രണ്ടുവരി പാടി കേട്ടപ്പോഴേക്കും പരീക്കുട്ടി സാഹിബ് മുറിവിട്ടു പോയി. പാട്ട് തീര്‍ന്നപ്പോള്‍ സാഹിബ് കേറി വന്നു രാഘവന്‍ മാസ്റ്ററെ മാറ്റി നിറുത്തി അടക്കം പറഞ്ഞു. ‘ഇത് മാഷ് പാടിയാല്‍ മതി.’ ഓര്‍ക്കസ്ട്ര വെച്ച് സ്റ്റുഡിയോവില്‍ ഹാജി പാടുമ്പോള്‍ ശരിയാകുമെന്ന് രാഘവന്‍ മാസ്റ്റര്‍ പറഞ്ഞെങ്കിലും രക്ഷയില്ല ‘രാഘവന്‍ മാഷ് പാടിയാലേ ഞാന്‍ ഉദ്ദേശിക്കുന്ന ഫലം കിട്ടൂ’. പരീക്കുട്ടി ശഠിച്ചു പറഞ്ഞു.

ഒടുവില്‍ മദ്രാസിലെ വാഹിനി സ്റ്റുഡിയോവില്‍ അര്‍ദ്ധരാത്രി പാട്ടിന്റെ റെക്കോഡിങ്ങ്. ടി.കെ പരീക്കുട്ടിയെ സാക്ഷിനിറുത്തി രാഘവന്‍ മാസ്റ്റര്‍ പാടി
‘കായലരികത്ത് വലയെറിഞ്ഞപ്പോള്‍
വള കിലുക്കിയ സുന്ദരീ
പെണ്ണുകെട്ടിനു കുറിയെടുക്കുമ്പോള്‍
ഒരു നറുക്കിനു ചേര്‍ക്കണേ.
നയതന്ത്രജ്ഞന്‍ സര്‍ദാര്‍ കെ.എം. മുതല്‍ ലോറി ഡ്രൈവര്‍ വരെ ഹൃദയത്തില്‍ ചേര്‍ത്ത ആ അനശ്വര ഗാനം അങ്ങനെ രാഘവന്‍ മാസ്റ്ററുടെ ശബ്ദത്തില്‍ ആദ്യമായി സ്റ്റുഡിയോവിലുള്ളവര്‍ കേട്ടു. പിന്നീടുള്ളത് ചരിത്രമാണ്.

Neelakuil Song Record

നീലക്കുയിൽ പാട്ട് റെക്കോർഡ് – കെ. രാഘവൻ, രാമു കാര്യാട്ട്,  ഗായിക ശാന്താ പി നായർ

വാഹിനി സ്റ്റുഡിയോവിലെ പ്രശസ്ത ശബ്ദലേഖകന്‍ കൃഷ്ണയ്യരാണ് നീലക്കുയിലിലെ ഒമ്പത് ഗാനങ്ങളും റെക്കോര്‍ഡ് ചെയ്തത്. നാല് ഗാനങ്ങള്‍ ഒരൊറ്റ ദിവസം കൊണ്ട് റെക്കാര്‍ഡ് ചെയ്തു എന്ന അപൂര്‍വ്വതയും ഇതിനുണ്ട്. എങ്ങനെ നീ മറക്കും (കോഴിക്കോട് അബ്ദുള്‍ ഖാദര്‍) എല്ലാരും ചൊല്ലണ്, കുയിലിനെ തേടി (ജാനമ്മ ഡേവിഡ്) ഉണരുണരൂ ഉണ്ണിക്കണ്ണാ, മിന്നും പൊന്നിന്‍ കിരീടം (ശാന്താ പി.നായര്‍) മാനെന്നും വിളിക്കില്ല (മെഹബൂബ്) ജിഞ്ചക്കം താരോ (കെ. രാഘവന്‍, കോറസ്) കടലാസുവഞ്ചിയേറി (കോഴിക്കോട് പുഷ്പ).

കടലാസുവഞ്ചിയേറിയെന്ന ഗാനം മൂന്ന് പ്രാവശ്യം ട്യൂണ്‍ മാറ്റി ചെയ്തിട്ടാണ് ഭാസ്‌കരന്‍ മാസ്റ്റര്‍ക്ക് തൃപ്തിയായത്. ഡിസ്‌ക് 78 ആര്‍.പി.എമ്മിന്‍ ഇറക്കാന്‍ പണം തികയാതെ വന്നു. അതിനാല്‍ ഇരുവശത്തുമായി നാല് ഗാനങ്ങളുമായി സാധാരണ ഡിസ്‌ക്കാണ് പുറത്തുവന്നത്. രാഘവന്‍ മാസ്റ്റര്‍ ഏറ്റവും കഷ്ടപ്പെട്ട് ഒരുക്കിയ ആ പാട്ട് ‘കടലാസുവഞ്ചിയേറി’ അതില്‍ ഒഴിവാക്കപ്പെട്ടു. ആ ഗാനം സിനിമയില്‍ മാത്രമായി ഒതുങ്ങി. എം.എം. രാജ, പി.ബി. ശ്രീനിവാസ്, പി.ലീല തുടങ്ങിയ അന്നത്തെ ഗാനലോകത്തെ പ്രശസ്തരാരും തന്നെ നീലക്കുയിലില്‍ പാടിയിട്ടില്ല. എന്നിട്ടും പാട്ടുകളെല്ലാം സൂപ്പര്‍ ഹിറ്റുകളായി. ചെമ്മീനില്‍ ട്യൂണിട്ട സലിന്‍ ചൗധരി ഒരിക്കല്‍ പറഞ്ഞത് ‘ജിഞ്ചക്കം താരോ – രാഘവന്‍ മാഷ് കോറസ്സായി പാടിയ നീലക്കുയിലിലെ ഗാനം പോലത്തെ ഒന്ന് ഇതുവരെ ഇന്ത്യന്‍ സംഗീതത്തില്‍ ഉണ്ടായിട്ടില്ല എന്നാണ്. ആ പാട്ട് കേട്ടപ്പോള്‍ കൊതിയായി എന്നാണ് സലില്‍ ദാ പറഞ്ഞത്.

P Bhaskaran with Nazeer & sarada

ഇരുട്ടിൻ്റെ ആത്മാവ് ചിത്രീകരണം – നസീർ, ശാരദ, പി. ഭാസ്കരൻ

സിനിമാഗാനങ്ങളെ അകറ്റി നിറുത്തിയിരുന്ന, ഗാനങ്ങള്‍ക്കുള്ള തൊട്ടുകൂടായ്മ നിലനിര്‍ത്തിയ അക്കാലത്തെ കേരളത്തിലെ സാംസ്‌കാരിക രംഗത്തിനുള്ള ഒരു മറുപടിയായിരുന്നു നീലക്കുയിലിലെ ഗാനങ്ങള്‍. ആയിടെ നടന്ന സാഹിത്യപരിഷത്ത് യോഗത്തിന്റെ ഉല്‍ഘാടന പ്രസംഗത്തില്‍ കെ.കെ രാജ പറഞ്ഞു, ‘നാമൊക്കെ കവിത എഴുതിയതു കൊണ്ട് എന്ത് കാര്യം? നീലക്കുയിലിലെ ഗാനങ്ങള്‍ കേട്ടില്ലെ? കവിത എന്ന നിലയില്‍ അത് മതി ജനങ്ങള്‍ക്ക്’ അപ്പോള്‍ സദസ്സിന്റെ ഒരു മൂലയില്‍ അതെഴുതിയ മുപ്പതുകാരന്‍ പി. ഭാസ്‌കരന്‍ അഭിമാനത്തോടെ ഇരിക്കുന്നുണ്ടായിരുന്നു.

പരിപൂര്‍ണ മലയാള ചലച്ചിത്രത്തിന്റെ ചരിത്രം ആരംഭിക്കുന്നത് നീലക്കുയിലില്‍ (1954) നിന്നാണ്. കഥ, ജീവിതം, കഥാപാത്രങ്ങള്‍, നാടന്‍ വേഷവിധാനം, സംഭാഷണം തുടങ്ങിയ എല്ലാ തുറയിലും റിയലിസ്റ്റിക്കായ ആദ്യ മലയാള ചലച്ചിത്രം. ചലച്ചിത്രം ജനങ്ങള്‍ എങ്ങനെ സ്വീകരിക്കും എന്ന ചെറിയ ആശങ്ക കാര്യാട്ടിനും പി ഭാസ്‌കരനും ഉണ്ടായിരുന്നെങ്കിലും, ആദ്യം ഒന്ന് സംശയിച്ചുനിന്ന പ്രേക്ഷകര്‍ പിന്നീട് ആഘോഷത്തോടെ സ്വീകരിച്ചു. നാടന്‍ വേഷം, സാധാരണ കേരളീയ ഛായയിലുള്ള പരുക്കന്‍ മനുഷ്യര്‍, ലളിതമായ സംഭാഷണം, ശുദ്ധമായ മലയാളിത്വം, ഇമ്പമാര്‍ന്ന ഗാനങ്ങള്‍ ഇവയൊക്കെ ചേര്‍ന്നപ്പോള്‍ നമ്മുടെ നാട്ടില്‍ നടന്ന സംഭവങ്ങളും ആള്‍ക്കാരുമാണെന്ന വസ്തുത പ്രേക്ഷകര്‍ക്കനുഭവപ്പെട്ടു. അതായിരുന്നു ചിത്രത്തിന്റെ വിജയത്തിന് കാരണം.

സാധാരണക്കാരനെ ഈ ചിത്രം എത്ര മാത്രം സ്വാധീനിച്ചു എന്ന് വെളിപ്പെട്ട ഒരു സംഭവം തൃശൂരില്‍ ഉണ്ടായി. തൃശൂരിലെ ജോസ് തീയേറ്ററില്‍ ഈ പടം 100 ദിവസം ഓടി. ഈ നൂറ് ദിവസവും പടം കാണാന്‍ ഒരു കച്ചവടക്കാരന്‍ എത്തിയിരുന്നു. ‘കായലരികത്ത് വലയെറിഞ്ഞപ്പോള്‍’ എന്ന പാട്ട് വരുന്ന സമയമാകുമ്പോള്‍ തന്റെ കട പൂട്ടി അയാള്‍ തീയേറ്ററില്‍ ടിക്കറ്റ് വാങ്ങി കേറും. പാട്ട് കഴിയുമ്പോള്‍ പോകും. പിന്നീട് ചിത്രത്തിന്റെ നൂറാം ദിവസം ആഘോഷിച്ചപ്പോള്‍ ഇയാളെ പ്രത്യേകം ക്ഷണിച്ച് വരുത്തി ആദരിക്കുകയുണ്ടായി.

നീലക്കുയില്‍ ദേശീയതലത്തില്‍ പ്രസിഡന്റിന്റെ വെള്ളിമെഡല്‍ നേടി. സ്വര്‍ണകമലം കിട്ടേണ്ടതായിരുന്നു. പക്ഷെ, അത് നല്‍കിയത് ‘തീസരി കസം’ എന്ന ഹിന്ദി സിനിമയ്ക്കായിരുന്നു. ആ പടത്തിന്റെ നിര്‍മ്മാതാവ് പണ്ഡിറ്റ് ഇന്ദ്ര എന്ന കവി പടം പൂര്‍ത്തിയാകും മുന്‍പേ മരിച്ചു. അയാളുടെ വിധവയെ സഹായിക്കാന്‍ കമ്മിറ്റി അവാര്‍ഡ് അതിന് നല്‍കി. കമ്മിറ്റി സഹതാപം പ്രകടിപ്പിക്കാന്‍ തുനിഞ്ഞത് നിര്‍ഭാഗ്യകരമായി നീലക്കുയിലിനെ ബാധിച്ചു. അങ്ങനെ സ്വര്‍ണമെഡല്‍ കൈവിട്ട് പോയി.

P Bhaskaran

പി. ഭാസ്ക്കരൻ നമ്പൂതിരിയുടെ വര

നീലക്കുയിലിന്റെ വിജയത്തിന് ശേഷം ഭാസ്‌കരന്‍ മാഷ് സ്വതന്ത്ര സംവിധായകനാകുന്നു. പരീക്കുട്ടിയുടെ ചന്ദ്രതാരയുടെ ‘രാരിച്ചന്‍ എന്ന പൗരന്‍’ (1956) പടം വേണ്ടത്ര പ്രദര്‍ശനവിജയം നേടിയില്ലെങ്കിലും ചിത്രത്തിന് പുരസ്‌കാരങ്ങള്‍ ലഭിച്ചു. കെ.പി. ഉമ്മറിന്റെ ആദ്യ ചിത്രമായ രാരിച്ചന്‍ എന്ന പൗരനിലെ ‘ഭാസ്‌കരന്‍ മാഷുടെ’ നാഴൂരിപ്പാലു കൊണ്ട് നാടാകെ കല്യാണം’ ഗായത്രി ശ്രീകൃഷ്ണന്‍ പാടിയ ഗാനം വളരെ ജനസമ്മതി നേടി. പിന്നീട് ഭാഷയിലെ ഒരു പഴമൊഴി പോലെയായി ആ വരികള്‍.

ഭാസ്‌കരന്‍ മാസ്റ്ററുടെ മൂന്നാമത്തെ ചിത്രമായ ‘നായരുപിടിച്ച പുലിവാല്‍’ മലയാളത്തിലെ ആദ്യത്തെ ഹാസ്യചിത്രമാണ്. ഉറൂബിന്റെ സര്‍ക്കസ് കമ്പനി വിഷയമാക്കിയ കഥ ഗ്രേറ്റ് ഈസ്റ്റേണ്‍ സര്‍ക്കസ് കമ്പനിയോടൊപ്പം യാത്ര ചെയ്താണ് പടം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് 47 സിനിമകള്‍ ഭാസ്‌കരന്‍ മാസ്റ്റര്‍ സംവിധാനം ചെയ്തു. ചിലത് നിര്‍മ്മിക്കുകയും ചെയ്തു.

പ്രമുഖ എഴുത്തുകാരെ ചലച്ചിത്ര രംഗത്തേക്ക് കഥയെഴുതാന്‍ കൊണ്ടുവന്നതാണ് പി. ഭാസ്‌കരന്‍ എന്ന സംവിധായകന്റെ മറ്റൊരു സംഭാവന. നീലക്കുയില്‍ (ഉറൂബ്) ആദ്യകിരണങ്ങള്‍ (പാറപ്പുറം) ഇരുട്ടിന്റെ ആത്മാവ് (എം.ടി. വാസുദേവന്‍ നായര്‍) കാട്ടുകുരങ്ങ് (കെ. സുരേന്ദ്രന്‍) അമ്മയെ കാണാന്‍ (ഇ.എം. കോവൂര്‍) ലക്ഷപ്രഭു (മലയാറ്റൂര്‍ രാമകൃഷ്ണന്‍) മൂലധനം (തോപ്പില്‍ ഭാസി) മലയാള സാഹിത്യത്തിലെ ഒരു തലമുറ പി.ഭാസ്‌കരന്‍ എന്ന സംവിധായകന് വേണ്ടി എഴുതി.
പി ഭാസ്‌കരന്‍, വയലാര്‍, ഒ.എന്‍.വി. ശ്രീകുമാരന്‍ തമ്പി, യൂസഫലി കേച്ചേരി എന്നിവരാണ് ചലച്ചിത്രഗാനങ്ങളിലൂടെ മലയാളികള്‍ക്ക് പ്രണയം പകര്‍ന്നു കൊടുത്തത്. ‘താന്‍ സംവിധാനം ചെയ്ത ചിത്രങ്ങളില്‍ മറ്റു ഗാനരചയിതാക്കളെ കൊണ്ട് ഗാനങ്ങളെഴുതിക്കാനുള്ള വിശാലമനസ്‌കത ഭാസ്‌കരന്‍ മാസ്റ്റര്‍ക്കുണ്ടായിരുന്നു. ഭാസ്‌കരന്‍ മാസ്റ്റര്‍ സംവിധാനം ചെയ്ത നവവധു (1971) അഞ്ച് പാട്ടും എഴുതിയത് സാക്ഷാല്‍ വയലാര്‍. വിലയ്ക്ക് വാങ്ങിയ വീണയാല്‍ നാല് പാട്ടുകളെഴുതിയത് ”ശീകുമാരന്‍ തമ്പി. ഇതൊക്കെ സിനിമാ ലോകത്ത് കാണാത്ത, ആരും ചെയ്യാത്ത നന്മകളായിരുന്നു.

P Bhaskaran with K Raghavan

കെ. രാഘവനും പി. ഭാസ്ക്കരനും നീലക്കുയിൽ പാട്ട് കമ്പോസിങ്ങ് സമയത്ത്

1977 മഞ്ഞിലാസിന്റെ എം.ഒ. ജോസഫ് ‘ഗുരുവായൂര്‍ കേശവന്‍’ കളറില്‍ ചിത്രമെടുക്കുന്നു. സംവിധാനം ഭരതന്‍. ദേവരാജന്‍ മാസ്റ്റര്‍ സംഗീതം പകരുന്ന 200-ാം മത്തെ ചിത്രമെന്ന സവിശേഷതയുണ്ട് ഇതിന്. പാട്ടെഴുതുന്നത് ഭാസ്‌കരന്‍ മാസ്റ്റര്‍ തന്നെ. ‘ഏഴ് ഗാനങ്ങള്‍, മനോഹരമായ കവിതകള്‍ തന്നെ ഭാസ്‌കരന്‍ മാസ്റ്റര്‍ എഴുതി. ഭക്തി, ആത്മീയം, പ്രേമം, ആരാധന, ഫലിതം എന്നീ ഏഴ് രുചിഭേദങ്ങളുള്ള ഗാനങ്ങള്‍.

ഗുരുവായൂരപ്പന് അര്‍ഘ്യമായി ചിത്രത്തിലെ ആദ്യ ഗാനം – ‘നവകാഭിഷേകം കഴിഞ്ഞു’ പിന്നെ ‘ഉഷാകിരണങ്ങള്‍ പുല്‍കി പുല്‍കി’ യേശുദാസിന്റെ ഗന്ധര്‍വ നാദത്തില്‍ ഒരു സോളോ. ”സുന്ദര സ്വപ്നമേ നീയെനിക്കേകിയ വര്‍ണ്ണച്ചിറകുകള്‍ വീശീ’ യേശുദാസും പി.ലീലയും ചേര്‍ന്ന യുഗ്മഗാനലാപനം. ദേവരാജന്‍ മാസ്റ്റര്‍ക്ക് വേണ്ടി പി.ലീല പാടിയ അവസാനത്തെ ഹിറ്റ് ഗാനം. മാധുരി പാടിയ ഹിറ്റ് ഗാനമായ ‘ഇന്നെനിക്ക് പൊട്ടു കുത്താന്‍’ പിന്നെ ‘ധീംത തക്കകൊടുമല ഗണപതി’ ആനപാപ്പാന്‍മാര്‍ക്ക് വേണ്ടി ജയചന്ദ്രനും സി.ഒ. ആന്റെയും, ജോളി എബ്രഹാമും ചേര്‍ന്ന് പാടിയ ഹാസ്യ ഗാനം. മാധുരി പാടിയ ‘മാരിമുകിലില്‍’ ഇവയെല്ലാം വളരെ ജനപ്രീതി നേടിയ ഗാനമായിരുന്നു.

മലയാളത്തില്‍ ഏറ്റവും അധികം ഹാസ്യഗാനങ്ങള്‍ എഴുതിയത് ഭാസ്‌കരന്‍ മാഷാണ്. ”കദളിവാഴക്കൈയിലിരുന്ന്” (ഉമ്മ) ‘കേട്ടില്ലെ കോട്ടയത്തൊരു മൂത്ത പിള്ളേച്ചന്‍’ (മാന്യശീ വിശ്വാമിത്രന്‍) തുടങ്ങിയ ഗാനങ്ങളുടെ പേരിലാണ് ആ സിനിമകള്‍ ഇന്ന് അറിയപ്പെടുന്നത് തന്നെ അത്രമാത്രം ഗാന പ്രേമികള്‍ ‘നാളികേരത്തിന്റെ നാട്ടിലെനിക്ക്’ എന്ന കേരള തനിമ നിറഞ്ഞ ഗാനമെഴുതിയ ഭാസ്‌കരന്‍ മാഷ് എഴുതിയ ഹാസ്യ ഗാനമാണ് അയോദ്ധ്യ എന്ന ചിത്രത്തിന് വേണ്ടി കിഷോര്‍ കുമാര്‍ പാടിയ ഏക മലയാള ഗാനം. എബി.സി.ഡി. ചേട്ടന്‍ കേഡി, അനിയന്‍ പേടി’ എന്ന ഗാനത്തില്‍ മലയാളിത്വം കലര്‍ത്താന്‍ ഭാസ്‌കരന്‍ മാഷ് അപ്പോഴും മറന്നില്ല. അങ്ങനെ കിഷോര്‍ കുമാര്‍ പാടി. ‘ഉണ്ണാനോ റേഷന്‍ ചോറ്, കൂട്ടാനോ സാമ്പാറ്, നെല്ലിക്കാ അച്ചാറ്’. കോഴിക്കോട് എഞ്ചിനിയറിംഗ് കോളേജില്‍ ഒരു വിദ്യാര്‍ത്ഥി സംസ്ഥാന മന്ത്രി ഇരിക്കുന്ന വേദിയില്‍ പാടിയ ഭാസ്‌ക്കരന്‍ മാഷുടെ പ്രശസ്തമായ ഹാസ്യഗാനം ‘കനക സിംഹാസനത്തില്‍ ഇരിക്കുന്നവന്‍ ശുനകനോ വെറും ശുംഭനോ ?’ പാടിയത് രാജന്‍ എന്ന വിദ്യാര്‍ത്ഥിയുടെ അറസ്റ്റിലേക്ക് നയിച്ചതും ആ സംഭവം പിന്നീട് കേരളമാകെ ആളിപ്പടര്‍ന്ന രാജന്‍ കേസായി മാറിയതും ചരിത്രത്തിലുണ്ട്.

മലയാള സിനിമയിലെ 50 വര്‍ഷത്തെ ഏറ്റവും മികച്ച ചലച്ചിത്ര ഗാനമായി മലയാള മനോരമ ദിനപത്രം തിരഞ്ഞെടുത്തത് ഭാസ്‌കരന്‍ മാസ്റ്ററുടെ ഏറ്റവും പ്രശസ്ത ഗാനമായ ‘താമസമെന്തേ വരുവാന്‍’ ആയിരുന്നു. യേശുദാസിനെ പ്രശസ്തനാക്കിയതില്‍ മികച്ച പങ്കുവഹിച്ച, ബാബുരാജ് ഈണമിട്ട ഗാനം. വരികളും ഈണവും ആലപനവും ഇഴുകിച്ചേര്‍ന്ന ഏറ്റവും മികച്ച ഗാനം എന്നാണ് വിധികര്‍ത്താക്കള്‍ വിലയിരുത്തിയത്.

‘താമസമെന്തേ വരുവാന്‍… പ്രാണസഖീ… എന്റെ മുന്നില്‍…താമസമെന്തേ അണയാന്‍ പ്രേമമയീ എന്റെ കണ്ണില്‍…” എന്ന ഗാനം. ഇതിനപ്പുറത്തൊരു പാട്ടില്ല എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ഈ പാട്ട് കേള്‍ക്കാന്‍ വേണ്ടി ഇരിങ്ങാലക്കുട കോന്നി തിയേറ്ററില്‍ 27 തവണ ഭാര്‍ഗവീനിലയം സിനിമ കാണാന്‍ പോയിട്ടുണ്ട്’. ഗായകന്‍ പി ജയചന്ദ്രന്‍ ഒരിക്കല്‍ പറഞ്ഞു,
ജയചന്ദ്രന്‍ പാടിയ ആദ്യ ഗാനം ‘ഒരു മുല്ലപ്പൂമാലയുമായ് ‘എഴുതിയത് ഭാസ്‌കരന്‍ മാസ്റ്റര്‍. ആദ്യ ഹിറ്റ് ഗാനം എഴുതിയതും ഭാസ്‌കരന്‍ മാസ്റ്റര്‍ ‘മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി’. യേശുദാസ് എന്ന ഗായകനില്‍ നിന്ന് വ്യത്യസ്തമായി ആലാപന ശൈലിയുമായി മലയാള ഗാനരംഗത്ത് കാലുറപ്പിച്ച ജയചന്ദ്രന്‍ ആലപിച്ച ‘കരിമുകില്‍ കാട്ടിലെ’ എഴുതിയതും ഭാസ്‌കരന്‍ മാസ്റ്റര്‍ തന്നെ. ”ഏകാന്ത പഥികന്‍’ ‘ഹര്‍ഷബാഷ്പം തൂകീ’ ഭാസ്‌കന്‍ മാസ്റ്റര്‍ എഴുതിയ ഈ രണ്ട് ഗാനങ്ങള്‍ കൂടി പാടിയതോടെ ജയചന്ദ്രന്‍ ഭാവഗായകനായി കൂടുതല്‍ ഉയരങ്ങളിലേക്ക് പറന്നു.

കള്ളിച്ചെല്ലമ്മയെന്ന താന്‍ സംവിധാനം ചെയ്ത ചിത്രത്തിലൂടെ ‘മാനത്തെ കായല്‍’ എന്ന തന്റെ ഗാനം പാടിച്ച് കെപി. ബ്രഹ്‌മാനന്ദന്‍ എന്ന പുതിയ ഗായകനെ മലയാളത്തില്‍ അവതരിപ്പിച്ചത് ഭാസ്‌കരന്‍ മാഷാണ്. യേശുദാസിനും ജയചന്ദ്രനും ശേഷം ശ്രദ്ധേയനായ ഗായകനായ ബ്രഹ്‌മാനന്ദന്റെ ഏറ്റവും മികച്ച രണ്ട് ഗാനങ്ങളും’ പ്രിയമുള്ളവളെ’ (തെക്കന്‍കാറ്റ്), ‘ക്ഷേത്രമേതെന്നറിയാത്ത’ (പൂജയ്‌ക്കെടുക്കാത്ത പൂക്കള്‍) എഴുതിയത് ഭാസ്‌കരന്‍ മാഷ് തന്നെ. യേശുദാസും ജയചന്ദ്രനും ഉള്ളപ്പോള്‍ മറ്റൊരു ഗായകനെ അവതരിപ്പിക്കാന്‍ മലയാള ചലച്ചിത്ര രംഗത്ത് ഒരു പി.ഭാസ്‌കരനെ ഉണ്ടായുള്ളൂ. പിന്നീട് ടി. എസ്. ശശിധരന്‍ എന്നൊരു പുതിയ ഗായകനും’ എന്റെ വീടിനു ചുമരുകളില്ല’ എന്ന ഗാനത്തിലൂടെ ഭാസ്‌കരന്‍ മാഷ് അവസരം നല്‍കി.

‘അനാദികാലം മുതലേ ഏകാന്തതയുടെ മൗനഗാനമായി ഏതോ കാമുകിയെ കാത്തിരുന്നു’ എന്നിങ്ങനെ എത്രയോ പ്രണയ ഗാനങ്ങള്‍ ഭാസ്‌കരന്‍ മാസ്റ്ററെഴുതി. തന്റെ യൗവനത്തിലെ സ്ഥലമാകാതെ പോയ പ്രണയത്തിന്റെ ഓര്‍മ്മക്കുറിപ്പായി ഒരു ഗാനം പിന്നീട് എഴുതി. ആ ഗാനം കേള്‍ക്കുമ്പോള്‍ ആ പ്രേമകഥ ഓര്‍ക്കാനായി മാത്രം. – അത് മലയാളത്തിലെ മികച്ച 10 ഗാനങ്ങളിലൊന്നായി മാറി ഇന്നും നിലനില്‍ക്കുന്നുണ്ട്.

‘എന്റെ സ്വപ്നത്തില്‍ താമരപ്പൊയ്കയില്‍
വന്നിറങ്ങിയ രൂപവതി.
നീലത്താമര മിഴികള്‍ തുറന്നു
നിന്നെ നോക്കി നിന്നു.
ചൈത്രം
നിന്റെ നീരാട്ടു കണ്ടു നിന്നു. എന്ന അച്ചാണിയില്‍ യേശുദാസ് പാടി അഭിനയിച്ച മനോഹര ഗാനം.

50 വര്‍ഷം മുന്‍പ്, 1975 ജനുവരി 4, 5 തീയതികളില്‍ എറണാകുളത്ത് വെച്ച് ഭാസ്‌കരന്‍ മാസ്റ്ററുടെ ചലച്ചിത്ര ജീവിതത്തിന്റെ 25-ാം വാര്‍ഷികം വിപുലമായി ആഘോഷിച്ചു. ഒ.എന്‍ വി. യുടെ നേതൃത്വത്തില്‍ കേരളത്തിലാദ്യമായി അവിടെ ഒരു ഗാനസാഹിത്യ സെമിനാര്‍ നടന്നു. ഉറൂബ് ഉല്‍ഘാടനം ചെയ്തു. വയലാര്‍, പി.ഭാസ്‌കരന്‍, ഒ. എന്‍.വി. ശ്രീകുമാരന്‍ തമ്പി, യൂസഫലി കേച്ചേരി, പൂവച്ചല്‍ ഖാദര്‍, ബിച്ചു തിരുമല തുടങ്ങി 20 ഓളം ഗാനരചയിതാക്കള്‍ ഇതില്‍ പങ്കെടുത്തു. തങ്ങള്‍ കേള്‍ക്കുന്ന ഗാനങ്ങളുടെ അണിയറശില്‍പ്പികള്‍ ആദ്യമായി അവരുടെ ഗാനങ്ങള്‍ അവരുടെ വാക്കുകളില്‍ അവതരിപ്പിച്ചത് അന്ന് ആദ്യമായി ഭാരതീയ വിദ്യാഭവനിലെ ഓഡിറ്റോറിയത്തില്‍ തടിച്ച് കൂടിയ ജനങ്ങള്‍ക്ക് അത്ഭുതവും ആഹ്ലാദവും സൃഷ്ടിച്ചു.

അത് കഴിഞ്ഞ് എറണാകുളം മറൈന്‍ഡ്രൈവില്‍ അരങ്ങേറിയ ഗാനമേളയില്‍ ഭാസ്‌കരന്‍ മാസ്റ്ററുടെ സിനിമയിലെ ആദ്യ ഗാനങ്ങളിലൊന്ന് പാടിയ കോഴിക്കോട് അബ്ദുള്‍ ഖാദര്‍ ഉള്‍പ്പടെ 21 ഗായകര്‍ പാടി. മെഹബൂബ്, യേശുദാസ്, ജയചന്ദ്രന്‍, സി.ഒ. ആന്റാ , പി.ലീല, എസ്. ജാനകി. മച്ചാട് വാസന്തി എന്നിവര്‍ പാടുന്നത് കാണാന്‍ ജനസഞ്ചയം തന്നെയുണ്ടായിരുന്നു. എം.ബി.ശ്രീനിവാസനായിരുന്നു സംഗീത നിശയുടെ സംവിധായകന്‍. ഓര്‍ക്കസ്ട്ര നിയന്ത്രിച്ചത് ആര്‍.കെ. ശേഖറും . പ്രശസ്ത പത്രപ്രവര്‍ത്തകനായ ജമാല്‍ കൊച്ചങ്ങാടിയായിരുന്നു പരിപാടിയുടെ കണ്‍വീനര്‍. പി. ഭാസ്‌കരന്‍ – ഒരു സ്മരണികയും അന്ന് പുറത്തിറക്കി.

P Bhaskaran

വി ദക്ഷിണാ മൂര്‍ത്തി മുതല്‍ എ. ആര്‍. റഹ്‌മാന്‍ വരെ ഭാസ്‌ക്കരന്‍ മാസ്റ്റുറുടെ വരികള്‍ക്ക് ഈണമിട്ടു. ഏഷ്യാനെറ്റിന്റെ അവതരണഗാനമായി 1993 ല്‍ ഭാസ്‌ക്കരന്‍ മാസ്റ്റര്‍ എഴുതിയ കേരളത്തെകുറിച്ചുള്ള മനോഹര ഗാനം സംഗീതം കൊണ്ട് ധന്യമാക്കിയത് എ ആര്‍ റഹ്‌മാനാണ്. അങ്ങനെ ഭാസ്‌ക്കരന്‍ മാഷ് പുതിയ തലമുറയോടും ചേര്‍ന്നു പ്രവര്‍ത്തിച്ചു. . സുജാത മോഹനും കല്യാണി മേനോനും ചേര്‍ന്നാണ് ആ ഗാനം പാടിയത്.

ശ്യാമ സുന്ദര കേര കേദാര ഭൂമി
ജന ജീവിത ഫല ധ്യാന സമ്പന്ന ഭൂമി
ഇത് ശ്യാമ സുന്ദര കേര കേദാര ഭൂമി.

മനോഹരമായ കേരളത്തിന്റെ ഗാനമായി ഏഷ്യാനെറ്റിന്റെ ആ ശീര്‍ഷകഗാനം ഇന്നും മലയാളി മനസ്സിലുണ്ട്. ഏഷ്യാനെറ്റിന്റെ ചെയര്‍മാനായി ഭാസ്‌ക്കരന്‍ മാസ്റ്റര്‍ ഇരുന്നപ്പോഴാണ് പഴയ പാട്ടുകള്‍ ഉള്‍പ്പെടുത്തിയ ‘പാട്ടു പെട്ടി’ എന്ന പരിപാടി ആരംഭിച്ചത്. വളരെ വേഗം ജനപ്രീതി നേടി, ഹിറ്റായ ആ പരിപാടി 800 എപ്പിസോഡ് കടന്നു. തുടര്‍ന്ന് ഗാനങ്ങളെ അടിസ്ഥാനമാക്കി ‘പൂമരക്കൊമ്പ്’ എന്നൊരു സംഗീത പരിപാടി ആരംഭിച്ചു.

മലയാള മനോരമയില്‍ ഭാസ്‌കരന്‍ മാസ്റ്റര്‍ നഗരങ്ങളെ കുറിച്ച് ഒരു പംക്തി എഴുതിയിരുന്നു. മനോഹരമായ ആ ഗദ്യ കാവ്യത്തില്‍ തിരുവനന്തപുരം തൊട്ട് കണ്ണൂര്‍ വരെയുള്ള നഗരക്കാഴ്ചയിലെ തന്റെ അനുഭവങ്ങള്‍ ഭാസ്‌കരന്‍ മാഷ് പകര്‍ത്തി. പിന്നീടത് ‘നഗര പുരാവൃത്തങ്ങള്‍’ എന്ന പേരില്‍ പുസ്തകമായി.

1982 ല്‍ കേരള സാഹിത്യ അക്കാദമിയുടെ കവിതയ്ക്കുള്ള പുരസ്‌കാരം ഭാസ്‌കരന്‍ മാസ്റ്ററുടെ ‘ഒറ്റ കമ്പിയുള്ള തംബുരു’ വിന് ലഭിച്ചു. കുറച്ച് കാലം ദീപിക ആഴ്ചപ്പതിപ്പ് എഡിറ്ററുമായിരുന്നു. ‘ജഗത് ഗുരു ആദിശങ്കരന്‍’ എന്ന ശങ്കരാചാര്യരെ കുറിച്ചുള്ള മാസ്റ്റുറുടെ ചിത്രം മിക്ക ഭാഷകളിലും മൊഴിമാറ്റി വന്നിട്ടുണ്ട്.

അവസാന കാലത്ത് മറവി രോഗം ബാധിച്ച ഭാസ്‌കരന്‍ മാസ്റ്ററുടെ മനസ്സില്‍ താന്‍ പണ്ടെഴുതിയ വരികള്‍ വേദനയോടെ, എപ്പോഴെങ്കിലും ഒരു മാത്ര കടന്ന് വന്നിരിക്കാം.

‘മറക്കുവാന്‍ പറയാനെന്തെളുപ്പം
മണ്ണില്‍ പിറക്കാതിരിക്കലാണതിലെളുപ്പം
മറവി തന്‍ മാറിടത്തില്‍
മയങ്ങാന്‍ കിടന്നാലും
ഓര്‍മ്മകള്‍ ഓടിയെത്തി ഉണര്‍ത്തിടുന്നു.p bhaskaran master death anniversary today

Content Summary: p bhaskaran master death anniversary today

Leave a Reply

Your email address will not be published. Required fields are marked *

×