കൃഷിയിടങ്ങളിലേക്ക് വന്യമൃഗങ്ങളിറങ്ങുന്നത് തടയാന്‍ നിയമവിരുദ്ധമായി ഒരുക്കുന്ന വൈദ്യുതി കെണിയില്‍ പെട്ട് ആളുകള്‍ മരിച്ച സംഭവങ്ങള്‍ പലതും ഉണ്ടായിട്ടുണ്ട്. എന്നാല്‍ നിലമ്പൂര്‍ വഴിക്കടവില്‍ വൈദ്യുതി മോഷ്ടിച്ച് കാട്ടുപന്നിയുടെ ഇറച്ചിക്ക് വേണ്ടി ഒരുക്കിയ കെണിയില്‍ പെട്ട് 15 കാരന്‍ മരിച്ച സംഭവം നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും ചൂടേറിയ ചര്‍ച്ചാവിഷയമാണ്. പന്നിയിറച്ചിക്കായി സ്ഥാപിക്കുന്ന ഇത്തരം ഇലക്ട്രിക് കെണികള്‍ അത്യന്തം അപകടകരമാണെന്ന് പ്രദേശവാസിയായ സുനില്‍ ബാബു അഴിമുഖത്തോട് പറഞ്ഞു.
”കൃഷിയിടം സംരക്ഷിക്കാന്‍ പല കര്‍ഷകരും വൈദ്യുതി കെണികള്‍ വയ്ക്കുക പതിവാണ്. എന്നാല്‍ കൃത്യമായ സുരക്ഷാമാര്‍ഗങ്ങളോടെ സ്ഥാപിക്കുന്ന എനര്‍ജൈസര്‍, നിശ്ചിതമായ അകലത്തില്‍ വെച്ച് നിര്‍മ്മിക്കുന്ന വേലികളില്‍ നിന്ന് വന്യജീവികള്‍ക്ക് ഷോക്ക് മാത്രമേ ഏല്‍ക്കുകയുള്ളൂ. അത് വലിയ അപകടങ്ങള്‍ക്ക് കാരണമാകില്ല. ഇരുമ്പ് തോട്ടി ഉപയോഗിച്ച് ഇലക്ട്രിക് ലൈനില്‍ നിന്ന് ചില ആളുകള്‍ വൈദ്യുതി മോഷ്ടിക്കും. പിടിക്കപ്പെട്ടാല്‍ വൈദ്യുതി മോഷണത്തിന് മാത്രമാണ് പലപ്പോഴും കേസെടുക്കുക.
ഒരുപക്ഷേ വേട്ടയ്ക്കായി അനുമതി ലഭിച്ചാല്‍ കര്‍ഷകരെ സംബന്ധിച്ചിടത്തോളം അത് ഏറെ പ്രയോജനകരമാണ്. കാട്ടുപന്നികളെ വെടിവെക്കാന്‍ അനുമതി ലഭിച്ചാല്‍ അനധികൃത ഇലക്ട്രിക് ഫെന്‍സിങ് ഇല്ലാതാകും. ഇത്തരത്തില്‍ സ്ഥാപിക്കുന്ന ഫെന്‍സിങില്‍ പന്നികള്‍ കുടുങ്ങുന്നത് തന്നെ അപൂര്‍വമാണ്. മനുഷ്യര്‍ക്ക് തന്നെയാണ് പലപ്പോഴും അപകടങ്ങള്‍ സംഭവിച്ചിരിക്കുന്നത്. സമീപകാലങ്ങളില്‍ ഇത്തരത്തില്‍ ഉണ്ടായ മരണങ്ങള്‍ തന്നെ ഇതിന് തെളിവാണ്” സുനില്‍ ബാബു
കൂട്ടിച്ചേര്‍ത്തു.
വന്യജീവി ആക്രമണത്തെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ പല മേഖലകളിലും വൈദ്യുതി വേലികള്‍ നിര്‍മിക്കുന്നത് പതിവാണ്. എന്നാല്‍ ഇവയില്‍ പലതും അനധികൃതമായി നിര്‍മിക്കുന്നവയാണ്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ സംസ്ഥാനത്ത് അനധികൃത വൈദ്യുതി വേലികള്‍ മൂലമുള്ള മരണങ്ങളില്‍ 700 ശതമാനം വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. വൈദ്യുതി ഇന്‍സ്‌പെക്ടറേറ്റ് വകുപ്പിന്റെ വൈദ്യുത അപകട സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം കേരളത്തില്‍ അനധികൃത വേലികളില്‍ നിന്നുള്ള മരണങ്ങളുടെ എണ്ണം 2021-22 ല്‍ മൂന്നായിരുന്നുവെങ്കില്‍ 2024-25 ആയപ്പോഴേക്കും 24 ആയി വര്‍ദ്ധിച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 16 ജീവനുകളാണ് പൊലിഞ്ഞത്.
”ഞങ്ങള്‍ മലയോര ജനതയെ സംബന്ധിച്ച് കാട് ജീവിതപ്രശ്‌നമാണ്. പുറമെ നിന്ന് നോക്കുന്നവര്‍ക്ക് അത് മനസ്സിലാകണമെന്നില്ല. വന്യജീവി സംരക്ഷണ നിയമങ്ങള്‍ ശക്തമായപ്പോള്‍ കാടിന്റെ മേലുള്ള അവരുടെ അവകാശങ്ങള്‍ക്ക് കൂടിയാണ് നിയന്ത്രണങ്ങള്‍ ഉണ്ടായത്. മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പെല്ലാം ഈ മേഖലയില്‍ വേട്ടയാടല്‍ സജീവമായിരുന്നു. ആ സമയത്ത് കാട്ടില്‍ ആളുകള്‍ ഉള്ളതിനാല്‍ വന്യജീവികള്‍ നാട്ടിലേക്ക് വരില്ല. ഇപ്പോള്‍ നിയമങ്ങള്‍ ശക്തമായി. ആള്‍ സാന്നിധ്യം കുറഞ്ഞു. കര്‍ശനമായ വനനിയമങ്ങള്‍ മലയോരവാസികളുടെ കാടുമായുള്ള ബന്ധം കുറച്ചു. അവര്‍ കാട് ഇറങ്ങിയപ്പോള്‍ മൃഗങ്ങളും കൂടെ ഇറങ്ങുന്നു. അവിടെ വെള്ളമില്ലാത്തത് കൊണ്ടാണ് മൃഗങ്ങള്‍ കാട് ഇറങ്ങി വരുന്നത് എന്നവര്‍ പറയുന്നു. മൃഗങ്ങള്‍ക്ക് ജീവിക്കാനുള്ള എല്ലാം കാട്ടിലുണ്ട്. വരള്‍ച്ചയാണ് പ്രശ്‌നമെങ്കില്‍ മഴക്കാലത്തും അവര്‍ വരുന്നുണ്ടല്ലോ?” സുനില്‍ ബാബു
ചോദിക്കുന്നു
”കുറുക്കന്റെ വംശനാശമാണ് കാട്ടുപന്നികള്‍ കൂടാനുള്ള കാരണങ്ങളില്‍ പ്രധാനം. കുറുക്കന്‍ പന്നികളെ ആക്രമിക്കും. ഇപ്പോഴാകട്ടെ കുറുക്കന്റെ വംശത്തിലുള്ള കുറുനരിയാണ് കൂടുതല്‍. കാട്ടുപന്നികളെ വെടിവയ്ക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും കാര്യങ്ങള്‍ വളരെ സങ്കീര്‍ണമാണ്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കൊല്ലുന്ന കാട്ടുപന്നികളെ കുഴിച്ച് മണ്ണെണ്ണയൊഴിച്ച് കത്തിക്കുകയാണ് ചെയ്യുക. എന്നാല്‍ ഗര്‍ഭിണി ആയതും കുഞ്ഞുങ്ങള്‍ ഉള്ളതുമായ പന്നികളെ വെടിവെക്കാന്‍ അനുമതി ഇല്ല. അങ്ങനെ നൂലാമാലകള്‍ ഏറെയാണ്. കാട്ടുപന്നികള്‍ ഇറങ്ങുന്നതും നോക്കി ഇരുന്നു വെടിവെക്കുക നടക്കുന്ന കാര്യമല്ല. എന്നിട്ടും വഴിക്കടവില്‍ തന്നെ 120 ഓളം കാട്ടുപന്നികളെ വനംവകുപ്പ് വെടിവെച്ചു കൊന്നിട്ടുണ്ട്. അതുകൊണ്ടൊക്കെയാണ് ആളുകള്‍ വേട്ടയ്ക്കുള്ള അനുമതി ആവശ്യപ്പെടുന്നത്. വെടിയൊച്ച കേള്‍ക്കുന്നത് മറ്റു മൃഗങ്ങള്‍ വരാതിരിക്കാനും സഹായിക്കും. മുമ്പ് വേട്ട ഉണ്ടായിരുന്ന സമയത്ത് ഇത്രയൊന്നും വന്യജീവികള്‍ നാട്ടിലേക്ക് ഇറങ്ങില്ലായിരുന്നു.” സുനില്‍ ബാബു
പറയുന്നു
ഇലക്ട്രിക്ക് കെണികള്‍, കുടുക്ക് ഉണ്ടാക്കുക, വിഷം വെക്കുക തുടങ്ങിയ മാര്‍ഗങ്ങള്‍ കാട്ടുപന്നികളെ ഫലപ്രദമായി നേരിടുന്നതിന് പര്യാപ്തമല്ല. കൂടാതെ മനുഷ്യജീവനുള്‍പ്പെടെ അപകട സാധ്യത കൂടുതലാണെന്നും സമാന കണക്കുകള്‍ തെളിയിക്കുന്നു. വഴിക്കടവിലെ അനന്തുവിന്റെ മരണം ഒറ്റപ്പെട്ട സംഭവമല്ല.
കാട്ടുപന്നികളെ തടയാനുള്ള ഏറ്റവും സുരക്ഷിതമായ മാര്‍ഗം വെടിവെക്കുക എന്നതാണ്. എന്നാല്‍ കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പരിഗണിക്കാത്തതിനാല്‍ അതിന് തടസ്സങ്ങള്‍ ഏറെയാണ്. വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷന്‍ 11 ഒന്നിലെ എ പ്രകാരമാണ് ഇപ്പോള്‍ കൊല്ലുന്നത്. ഇത് പ്രകാരമാണെങ്കില്‍ കൊല്ലുന്ന മൃഗത്തിനെ ഭക്ഷിക്കാനോ വൈദ്യുതി ഉപയോഗിച്ച് കൊല്ലാനോ കഴിയില്ല. കാട്ടുപന്നികള്‍ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കണമെന്ന് കേരള സര്‍ക്കാര്‍ കേന്ദ്ര ഗവണ്മെന്റിനോട് വര്‍ഷങ്ങളായി ആവശ്യപ്പെടുന്നുണ്ട്.
എന്നാല്‍ കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് ആര്‍ക്കും വെടിവെച്ചു കൊല്ലാന്‍ അനുവാദം കൊടുക്കുന്നത്, ഗുണത്തേക്കാളേറെ ദോഷകരമാകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. നിലവിലെ നിയമപ്രകാരം, ഷെഡ്യൂള്‍ഡ് രണ്ടിലെ മൃഗങ്ങളെ, ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്നപക്ഷം വെടിവെച്ചു കൊല്ലാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് തീരുമാനമെടുക്കാം. ഇത്തരത്തിലാണ് കേരളത്തില്‍ കാട്ടുപന്നികളെ തടയുന്നതിനുള്ള നടപടിയെടുക്കുന്നത്. എന്നാല്‍ വേണ്ടത്ര ഷൂട്ടര്‍മില്ലാത്തതും ലൈസന്‍സ് നല്‍കാത്തതും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കാര്യങ്ങള്‍ സങ്കീര്‍ണമാക്കുന്നു.
അതുകൊണ്ട് തന്നെ വന്യജീവികളെ വേട്ടയാടാനുള്ള അവകാശത്തിന് വേണ്ടി നിയമ ഭേദഗതിക്ക് സാധ്യത തേടിയുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് പ്രസക്തിയേറുകയാണ്. നരഭോജികളായ എല്ലാ വന്യമൃഗങ്ങളെയും കൊല്ലാന്‍ കേരളത്തെ അനുവദിക്കുന്ന തരത്തില്‍ 1972 ലെ നിയമം ഭേദഗതി ചെയ്യണമെന്നാണ് സംസ്ഥാന വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുന്നത്.
വന്യമൃഗങ്ങളെ വിവേചനരഹിതമായി കൊല്ലുന്നതിനുള്ള അധികാരമല്ല സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെടുന്നതെന്നും ജീവനും കൃഷിക്കും ഭീഷണിയായ മൃഗങ്ങളെ കൊല്ലുന്നത് ഒരു നിശ്ചിത കാലയളവിലേക്ക് അനുവദിക്കണമെന്നാണ് ആവശ്യമെന്നും കഴിഞ്ഞദിവസം മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞിരുന്നു. കൂടാതെ ഇത്തരത്തില്‍ വേട്ടയാടലിന് അനുമതി നല്‍കുന്നത് പ്രദേശാടിസ്ഥാനത്തിലോ സീസണല്‍ ആയോ ആകാം. വേലി കെട്ടിയുള്ള കെണികള്‍ പോലുള്ള എല്ലാ പ്രതിരോധ നടപടികളും മൃഗങ്ങളുടെ ആക്രമണം തടയുന്നതില്‍ പരാജയമാണെന്നുമാണ് മന്ത്രി പറഞ്ഞിരുന്നത്.
അതേസമയം, പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റുള്ള അനന്തുവിന്റെ മരണം സംസ്ഥാന സര്‍ക്കാരിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കെടുകാര്യസ്ഥത മൂലമാണെന്ന് കേന്ദ്ര വനം വകുപ്പ് മന്ത്രി ഭുപേന്ദര്‍ യാദേവ് ആരോപിച്ചു. മനുഷ്യജീവന് അപകടമുണ്ടാക്കുന്ന പന്നികളെ കൊല്ലാന്‍ പഞ്ചായത്തുകള്‍ക്ക് അനുമതി നല്‍കിയിട്ടുള്ളതാണെന്നും അതിനപ്പുറം കാട്ടുപന്നികളെയോ, കുരങ്ങുകളെയോ ക്ഷുദ്രജീവികളായി പ്രഖ്യാപിച്ച് വേട്ടയാടുന്നത് അനുവദിക്കാന്‍ കഴിയില്ലെന്നുമാണ് കേന്ദ്രമന്ത്രി കഴിഞ്ഞദിവസം പറഞ്ഞത്.
ജൂണ്‍ ഒമ്പത് ശനിയാഴ്ച വൈകുന്നേരം സുഹൃത്തുക്കളായ യദു കൃഷ്ണന്‍, ഷാനു വിജയ് എന്നിവരോടൊപ്പം ഫുട്‌ബോള്‍ കളിക്ക് ശേഷം നിലമ്പൂര്‍ പ്രദേശത്തെ ഒരു കനാലില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങിയതായിരുന്നു അനന്തുവും കൂട്ടുകാരും. ചാര്‍ജ് ചെയ്ത വൈദ്യുതി വേലിയില്‍ അബദ്ധത്തില്‍ സ്പര്‍ശിച്ചതാണ് അപകടത്തിന് കാരണമായത്. കേവലം രാഷ്ട്രീയ പ്രത്യാരോപണങ്ങള്‍ക്കപ്പുറം സങ്കീര്‍ണതകള്‍ ഏറെയുള്ള മനുഷ്യനും വന്യജീവികളും തമ്മിലുള്ള ഉള്‍പ്പോരാട്ടത്തിന്റെ ചിത്രം കൂടി ഈ സംഭവ വികാസങ്ങളില്‍ ഒളിഞ്ഞിരിപ്പുണ്ട്. wild boars; farmers should be allowed to hunt them
Content Summary: wild boars; farmers should be allowed to hunt them
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.