June 03, 2026 |

പഹൽ​ഗാം റെയിൽവേ ലൈൻ കശ്മീർ കർഷകർക്ക് ഭീഷണിയോ?

നൂറുകണക്കിന് കനാലുകളാൽ ചുറ്റപ്പെട്ട് കിടക്കുന്ന, ആപ്പിൾ തോട്ടങ്ങളാലും നെൽവയലുകളാലും സമ്പന്നമായ നിരവധി ​ഗ്രാമങ്ങളാണ് റെയിൽവേ ലൈൻ വരുന്നതോട് കൂടി തരിശ് ഭൂമിയായി മാറാൻ പോകുന്നത്

കശ്മീരിൽ വികസനപ്രവർത്തനങ്ങളുടെ ഭാ​ഗമായി നിർമ്മിക്കാനൊരുങ്ങുന്ന പഹൽ​ഗാം റെയിൽവേ ലൈൻ, തങ്ങളുടെ ജീവിതത്തെ ഇല്ലാതാക്കുമെന്ന് വ്യക്തമാക്കി ദക്ഷിണ കശ്മീരിലെ ദിർഹാമ ​ഗ്രാമത്തിലുള്ള ഒരു കൂട്ടം കർഷകർ. പഹൽ​ഗാം റെയിൽവേ സ്റ്റേഷൻ എന്ന തീരുമാനം പ്രാവർത്തികമായാൽ, പരിസ്ഥിതി ലോല പ്രദേശമായ ​ലിഡർ താഴ്വരയിൽ 8,990 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പഹൽഗാം ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള റെയിൽവേ സ്റ്റേഷനായി മാറും. എന്നാൽ റെയിൽവേ സ്റ്റേഷന്റെ നിർമ്മാണം പഹൽ​ഗാം റെയിൽവേ ലൈൻ കടന്ന് പോകുന്ന ​ഗ്രാമങ്ങളിൽ താമസിക്കുന്നവരുടെ ജീവന് ഭീഷണിയാണ്. നൂറുകണക്കിന് കനാലുകളാൽ ചുറ്റപ്പെട്ട് കിടക്കുന്ന, ആപ്പിൾ തോട്ടങ്ങളാലും നെൽവയലുകളാലും സമ്പന്നമായ നിരവധി ​ഗ്രാമങ്ങളാണ് റെയിൽവേ ലൈൻ വരുന്നതോട് കൂടി തരിശ് ഭൂമിയായി മാറാൻ പോകുന്നത്. റെയിൽവേ ലൈന് വേണ്ടിയുള്ള അതിർവരമ്പുകൾ ​ഗ്രാമങ്ങളിൽ ഉദ്യോ​ഗസ്ഥർ രേഖപ്പെടുത്തി കഴിഞ്ഞു. Pahalgam farmers line threat to Kashmir

കശ്മീരിലെ അഞ്ച് പുതിയ റെയിൽവേ ലൈനുകളുടെ അന്തിമ ലൊക്കേഷൻ സർവേയ്ക്ക് കേന്ദ്ര റെയിൽവേ മന്ത്രാലയം അംഗീകാരം നൽകിയതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് 2023 ഡിസംബർ 20ന് ലോക്സഭയിൽ അറിയിച്ചിരുന്നു. കശ്മീരിൻ്റെ തലസ്ഥാനമായ ശ്രീനഗറിൽ നിന്ന് 70 കിലോമീറ്റർ തെക്ക് സ്ഥിതി ചെയ്യുന്ന ദിർഹാമ, പഹൽഗാം ലൈനിലെ അവസാന റെയിൽവേ സ്റ്റേഷനാകും. എന്നാൽ പദ്ധതിയെക്കുറിച്ച് തങ്ങൾക്ക് ഒരു വിവരവുമില്ലെന്നും ആരോടും കൂടിയാലോചിക്കാതെയാണ് റെയിൽവേ നിർമാണത്തിനുള്ള തീരുമാനം സർക്കാർ കൈക്കൊണ്ടതെന്നും ഗ്രാമവാസികൾ പറയുന്നു.

‘ഉദ്യോഗസ്ഥർ ഫയലുകളും അളക്കുന്ന ടേപ്പുകളുമായി ഇവിടെ വരാറുണ്ടായിരുന്നു. അടുത്തിടെയാണ് ഭൂമിയുടെ ഇരുവശങ്ങളിലായി രണ്ട് കോൺക്രീറ്റ് തൂണുകൾ ഇവർ സ്ഥാപിച്ചത്. ഇവിടെ റെയിൽവേ സ്റ്റേഷൻ നിർമിക്കുമെന്ന് ചിലർ പറയുന്നു. പക്ഷേ ഞങ്ങളുടെ ഭൂമി ഇങ്ങനെ തട്ടിയെടുക്കാൻ ഞങ്ങൾ സർക്കാരിനെ അനുവദിക്കില്ല. എന്തുകൊണ്ടാണ് സർക്കാർ ഞങ്ങളുടെ കുടുംബങ്ങളുടെ ഉപജീവനമാർഗ്ഗത്തേക്കാൾ ഒരു റെയിൽവേ ലൈനിന് മുൻഗണന നൽകുന്നത്? ഈ അനീതി നടക്കാൻ അനുവദിച്ചാൽ നമ്മുടെ കുട്ടികൾ നമ്മെ ശപിക്കും’, ​ഗ്രാമവാസിയും കർഷകനുമായ ​ഗുലാം മുഹമ്മദ് ഭട്ട് പറയുന്നു. ദിർഹാമയിലെ ഭൂരിഭാ​ഗം ജനങ്ങളും കർഷകരാണ്. ആപ്പിൾ കൃഷിയും നെൽകൃഷിയുമാണ് അവിടുത്തുകാരുടെ ഉപജീവനമാർ​ഗം. എന്നാൽ ഇവിടത്തെ കർഷകരുടെ പുനരധിവാസം പോലും ഉറപ്പാക്കാതെയാണ് സർക്കാർ റെയിൽവേ ലൈൻ സ്ഥാപിക്കുന്നത്.

പബ്ലിക് ഇൻഫ്രാസ്ട്രക്ചർ പ്രോജക്ടുകൾക്ക് നിയമപരമായി ഗ്രാമീണരുടെ സമ്മതം ആവശ്യമില്ലെന്ന് ജമ്മു കശ്മീരിലെ മുൻ അഡ്വക്കേറ്റ് ജനറൽ ഐസക് ഖാദ്രി പറഞ്ഞു. ഭരണഘടനാപരമായ വ്യവസ്ഥകൾ പ്രകാരം കർഷകർക്ക് സർക്കാർ നഷ്ടപരിഹാരം നൽകുമെന്നും ഖാദ്രി പറഞ്ഞു. എന്നാൽ അനന്ത്‌നാഗ് ജില്ലയിലെ ഡാച്‌നിപോര, ഖോവർപോറ ബെൽറ്റുകൾക്കും ട്രാലിൻ്റെ ചില ഭാഗങ്ങൾക്കും ഇടയിലുള്ള ലിഡർ താഴ്വരയിൽ
നിന്ന് ഫലഭൂയിഷ്ഠമായ ഭൂമിയുടെ വലിയൊരു ഭാഗം റെയിൽവേ പാത വരുന്നതോടെ തുടച്ചുനീക്കപ്പെടുമെന്ന് പരിസ്ഥിതി പ്രവർത്തകർ വാദിക്കുന്നു. ചെറുകിട കർഷക കുടുംബങ്ങൾ താമസിക്കുന്ന ഖൈർബുഗ്, ഓക്ര, ബൽപോറ, ദിർഹാമ, അഡ്‌ലെച്ച്, പെത്‌നോ, ലൈസീർ, കോതസ്, ലിവർ, സലാർ, കോലാർ, മോവ്ര എന്നീ ഗ്രാമങ്ങൾ ഇതിൽ ഉൾപ്പെടുന്നു.Pahalgam farmers line threat to Kashmir

Content Summary:Pahalgam farmers line threat to Kashmir
farmers in kashmir kashmir farmers railway line railway station 

Leave a Reply

Your email address will not be published. Required fields are marked *

×