”അവനെ കൊന്ന തീവ്രവാദികളെയും കൊല്ലണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.” പഹല്‍ഗാമില്‍ കൊല്ലപ്പെട്ട നാവികോദ്യോഗസ്ഥന്‍ വിനയ് നര്‍വാളിന്റെ സഹോദരി ഹരിയാന മുഖ്യമന്ത്രിക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞ വാക്കുകളാണിത്. ”അവർ അവനോട് നീ മുസ്ലീമാണോ എന്ന് ചോദിക്കുകയും അതിന് ശേഷം, മൂന്ന് തവണ വെടിവയ്ക്കുകയും ചെയ്തു. അവർക്ക് അതിനുള്ള ശിക്ഷ ലഭിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.” മുഖ്യമന്ത്രി നയാബ് സിങ് സൈനി വിനയ്‌യുടെ കുടുംബത്തെ കാണവെയായിരുന്നു സഹോദരിയുടെ പ്രതികരണം.Vinay Narwal’s sister urges CM for justice
”വെടികൊണ്ടിട്ടും ഒന്നരമണിക്കൂറോളം വിനയ്ക്ക് ജീവനുണ്ടായിരുന്നു. എന്നിട്ടും അവനെ രക്ഷിക്കാൻ ആരും തയ്യാറായില്ല, ഒരു സഹായവും ലഭിച്ചില്ല.” അവർ കൂട്ടിച്ചേർത്തു.
വിനയ് നർവാളിന് ആദരാഞ്ജലി അർപ്പിക്കുന്നതിനും, അദ്ദേഹത്തിന്റെ കുടുംബത്തെ കാണുന്നതിനുമാണ് താൻ ഇവിടെ എത്തിയിരിക്കുന്നത് എന്നും ഭീകരാക്രമണം നടത്തിയവരെ വെറുതെ വിടില്ല, അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും നയാബ് സൈനി എക്‌സിൽ കുറിച്ചു. വിനയ് നിർവാൾ ഒരു ധീരനായ സൈനികനായിരുന്നു. സർക്കാർ അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പമുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊച്ചിയിൽ നാവിക ഉദ്യോഗസ്ഥനായിരുന്ന വിനയ് അടുത്തിടെയായിരുന്നു വിവാഹിതനായത്. ഏപ്രിൽ 16നായിരുന്നു വിവാഹം സമ്പന്ധിച്ച സൽക്കാരം നടന്നത്. അദ്ദേഹത്തിന്റെ മൃതദേഹം അവസാനമായി കാണുന്നതിനും അന്തിമോപചാരം അർപ്പിക്കുന്നതിനും നിരവധി ആളുകളാണ് എത്തിച്ചേർന്നത്.
ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ച വിനയ്‌യുടെ മൃതദേഹം അടങ്ങുന്ന ശവമഞ്ചത്തെ ചേർത്തുപിടിച്ചുകൊണ്ട് ഭാര്യയായ ഹിമാൻഷിയുടെ വൈകാരിക പ്രകടനം ഇന്ത്യയുടെ കണ്ണ് നിറച്ചിരുന്നു. ”അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ എന്ന് ഞാൻ പ്രാർഥിക്കുന്നു. എല്ലാ വിധത്തിലും അദ്ദേഹത്തെക്കുറിച്ച് ഓർത്ത് ഞങ്ങൾ അഭിമാനിക്കുന്നു.” എന്നായിരുന്നു ഹിമാൻഷിയുടെ വാക്കുകൾ.
”ഇത്തരക്കാരായ ആളുകളെ (അക്രമകാരികൾ) മാതൃകാപരമായി ശിക്ഷിക്കണം. സാധ്യമായ എല്ലാ വിധേനയും ഭീകരത അവസാനിപ്പിക്കാൻ ഞങ്ങൾ സർക്കാരിനോട് അഭ്യർത്ഥിക്കുകയാണ്.” വിനയ് നർവാളിന്റെ മുത്തച്ഛൻ ഹവാ സിങ് വികാരാധീതനായിക്കൊണ്ട് പറഞ്ഞു.
നാവികസേന മേധാവി അഡ്മിറൽ ദിനേശ് കെ ത്രിപാഠി, വിനയ്‌യുടെ മരണത്തിൽ അഗാധമായ ദുഃഖം പ്രകടിപ്പിച്ചു. ”അപ്രതീക്ഷിതമായുണ്ടായ ദുഃഖത്തിലാണ് ഈ നിമിഷം കടന്ന് പോകുന്നത്. അദ്ദേഹത്തിന്റെ കുടുംബത്തിന് ഞങ്ങളുടെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു.” ഇന്ത്യൻ നാവികസേന എക്‌സ് പോസ്റ്റിൽ കുറിച്ചു.
പഹൽഗാമിലെ ബൈസരൻ താഴ്വരയിൽ ഹിമാൻഷിക്കൊപ്പം ചെലവഴിക്കവെ ആണ് 26കാരനായ വിനയ്ക്ക് നേർക്ക് ഭീകരർ നിറയൊഴിച്ചത്. ഹരിയാനയിലെ കർണാൽ ജില്ലയിലെ ഭുസ്ലി സ്വദേശിയാണ് വിനയ് നർവാൾ. നിലവിൽ വിനയ്‍യുടെ കുടുംബം കർണാൽ സിറ്റിയാണ് താമസം.
ഉത്തരഖാണ്ഡിലെ മസൂറിയിൽവെച്ച് ഇക്കഴിഞ്ഞ 16നാണ് വിനയ് 24കാരിയായ ഹിമാൻഷിക്ക് താലിചാർത്തിയത്. 19ന് ഇരുവരുടെയും വിവാഹ റിസപ്ഷൻ നടന്നിരുന്നു. മധുവിധു സ്വിറ്റ്സർലൻഡിൽ ആഘോഷിക്കാനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും വിസ ലഭിക്കാൻ കാലതാമസം നേരിട്ടതോടെ പദ്ധതിയിൽ മാറ്റംവരുത്തി കശ്മീരിലേക്ക് പുറപ്പെടുകയായിരുന്നു.
രണ്ട് വർഷം മുൻപാണ് വിനയ് ഇന്ത്യൻ നാവികസേനയുടെ ഭാഗമായത്. കൊച്ചിയിലായിരുന്നു നിയമനം ലഭിച്ചത്. ഹരിയാനയിലെ എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥൻ രാജേഷ് നർവാളാണ് ആണ് വിനയ്‍യുടെ പിതാവ്. മരണവാർത്ത അറിഞ്ഞതിന് പിന്നാലെ രാജേഷ് നർവാൾ ഇളയ മകൾ സൃഷ്ടിക്കും ഹിമാൻഷിയുടെ മാതാപിതാക്കളായ സുനിൽ ദത്തിനും സൊവാമിക്കും ഒപ്പം പഹൽഗാമിലേക്ക് തിരിച്ചിരുന്നു.Vinay Narwal’s sister urges CM for justice
Content summary; Pahalgam terror attack: Navy Lieutenant Vinay Narwal’s sister urges Haryana CM to deliver justice