ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് പിന്നിലെ ഭീകരരിലൊരാളുടെ ചിത്രം പുറത്ത്. കൈയിൽ എകെ 47 നുമായി നിൽക്കുന്ന അക്രമിയുടെ പിന്നിൽ നിന്നുള്ള ചിത്രമാണ് ഇന്ത്യ ടുഡെ പുറത്തുവിട്ടിരിക്കുന്നത്. ചാര നിറത്തിലുള്ള കുർത്തയും പയ്ജാമയും ധരിച്ച് കൈയ്യിൽ തോക്കുമായി നിൽക്കുന്ന ഭീകരനെയാണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്.
കശ്മീരിലെ പഹല്‍ഗാമിലുള്ള ബൈസാരനിലാണ് ചൊവ്വാഴ്ച ഭീകരാക്രമണം ഉണ്ടായത്. വിനോദ സഞ്ചാരികള്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് വിവരം. ഭീകരാക്രമണത്തില്‍ മലയാളിയുൾപ്പെടെ 28 പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം.
പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ പ്രാദേശിക വിഭാഗമായ റെസിസ്റ്റൻസ് ഫ്രണ്ട്, ജമ്മു കശ്മീരിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. അക്രമികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ സുരക്ഷാ സേന ശക്തമാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജമ്മുകശ്മീരില്‍ 2019 ന് ശേഷം നടക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് പഹല്‍ഗാമില്‍ നടന്നത്.
കൊല്ലപ്പെട്ടവരിൽ മലയാളിയും ഉൾപ്പെട്ടിട്ടുണ്ട് എന്ന വിവരം ഇന്നലെ പുറത്തുവന്നിരുന്നു. കൊച്ചി ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രനാണ് (65) കൊല്ലപ്പെട്ടത്. മകളുടെ മുന്നില്‍ വെച്ചായിരുന്നു ഇയാള്‍ക്ക് വെടിയേറ്റത്.
ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട 26 പേരുടെ മൃതദേഹങ്ങൾ പഹൽഗാം ആശുപത്രിയിൽ നിന്ന് ശ്രീനഗറിലേക്ക് മാറ്റിയിരുന്നു. ആംബുലൻസുകളുടെ സഹായത്തോടെ റോഡ് മാർഗമാണ് ടൂറിസ്റ്റുകളുടെ മൃതദേഹങ്ങൾ ശ്രീനഗറിലേക്ക് മാറ്റിയത്.
ആക്രമണം ഞെട്ടിക്കുന്നതായിരുന്നുവെന്ന് ദൃക്സാക്ഷികൾ നൽകിയ മൊഴികളിൽ പറയുന്നതായി ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്തു. വിനോദ സഞ്ചാരികൾക്ക് അക്രമികളുടെ മുന്നിൽ നിന്ന് ഒളിക്കാൻ ഒരിടവുമില്ലായിരുന്നു, വിനോദസഞ്ചാരികൾ രക്ഷപ്പെടാൻ നടത്തിയ തീവ്രശ്രമങ്ങളെ അനുസ്മരിച്ചുകൊണ്ട് ഒരു ദൃക്‌സാക്ഷി പറഞ്ഞു. സ്ത്രീകളുടെ ഉച്ചത്തിലുള്ള നിലവിളി കേട്ടാണ് സമീപത്തുള്ളവർ ഓടിയെത്തിയതെന്നും ദൃക്സാക്ഷികൾ പറഞ്ഞതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പുൽമേടിലുടനീളം മൃതദേഹങ്ങൾ ചിതറിക്കിടക്കുന്നത് ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
Content Summary: Pahalgam terror attack; Picture of one of the terrorists released
This post was last modified on April 23, 2025 10:38 am
Leave a Comment