16 പാക് യൂട്യൂബ് ചാനലുകള്‍ ഇന്ത്യ നിരോധിച്ചു

'ടെററിസ്റ്റുകളെ' 'മിലിറ്റന്റ്' ആക്കിയതിന് ബിബിസിക്കും താക്കീത്

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ 16 പാകിസ്താനി യൂട്യൂബ് ചാനലുകള്‍ നിരോധിച്ച് ഇന്ത്യ. പ്രമുഖ പാകിസ്താനി ചാനലുകളായ ഡോണ്‍ ന്യൂസ്, സമാ ടിവി, ജിയോ ന്യൂസ്, ആരി ന്യൂസ് എന്നിവയ്ക്ക് ഉള്‍പ്പെടെയാണ് വിലക്ക്. പ്രകോപനപരവും, വര്‍ഗീയവുമായ വ്യാജ വാര്‍ത്തകള്‍ ഇന്ത്യക്കെതിരേയും സൈന്യത്തിനെതിരേയും പ്രചരിപ്പിക്കുന്നുവെന്നാണ് വിലക്കപ്പെട്ട ചാനലുകള്‍ക്കെതിരേയുള്ള കേന്ദ്ര സര്‍ക്കാരിന്റെ പരാതി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. നിരോധിക്കപ്പെട്ട ചാനലുകള്‍ക്കെല്ലാം കൂടി 63.08 മില്യണ്‍ കാഴ്ച്ചക്കാരുണ്ടായിരുന്നുവെന്നാണ് വിവരം.

പാകിസ്താനിലെ മുന്‍നിര ചാനലായ ജിയോ ന്യൂസിന് മാത്രം 18.1 മില്യണ്‍ കാഴ്ച്ചക്കാരുണ്ട്. മറ്റൊരു പ്രമുഖ ചാനലായ ഡോണ്‍ ന്യൂസിനു 1.96 മില്യണ്‍ കാഴ്ച്ചക്കാരാണുള്ളത്. 12.7 മില്യണാണ് സമാ ചാനലിന്റെ വ്യൂവര്‍ഷിപ്പ്. ആരി ന്യൂസിന് 14.6 മില്യണും ബോല്‍ ന്യൂസിന് 7.85 മില്യണും കാഴ്ച്ചക്കാരുള്ളപ്പോള്‍ ഇര്‍ഷാദ് ഭട്ടി ചാനലിന് 827 കെ ഫോളോവേഴ്‌സും റഫ്താര്‍ ചാനലിന് 804 കെ ഫോളോവേഴ്‌സുമുണ്ട്. നിരോധക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്ന ദി പാകിസ്താന്‍ റഫറന്‍സ് ചാനലിന് 288 കെ ഫോളോവേഴ്‌സ് ഉണ്ടെന്നുമാണ് വിവരം.

സമ സ്പോര്‍ട്സ് ചാനലിന് 73.5 ലക്ഷം ഫോളോവേഴ്സും, ജിഎന്‍എന്‍ ചാനലിന് 3.54 ലക്ഷം ഫോളോവേഴ്സും, ഉസൈര്‍ ക്രിക്കറ്റ് ചാനലിന് 288 ലക്ഷം ഫോളോവേഴ്സും, ഉമര്‍ ചീമ എക്സ്‌ക്ലൂസീവ് ചാനലിന് 125 ലക്ഷം ഫോളോവേഴ്സും, അസ്മ ഷിറാസി ചാനലിന് 133 ലക്ഷം ഫോളോവേഴ്സും, മുനീബ് ഫറൂര്‍ ചാന്‍സലിന് 165 ലക്ഷം ഫോളോവേഴ്സും, സുനോ ന്യൂസ് എച്ച്ഡി ചാനലിന് 1.36 ലക്ഷം ഫോളോവേഴ്സും, റാസി നാമ ചാനലിന് 270 ലക്ഷം ഫോളോവേഴ്സുമുണ്ട്.

ബിബിസി ഇന്ത്യയ്‌ക്കെതിരേയും കേന്ദ്രസര്‍ക്കാരിന്റെ വിമര്‍ശനം ഉണ്ടായിട്ടുണ്ട്. പഹല്‍ഗാമില്‍ ആക്രമണം നടത്തിയവരെ മിലിറ്റന്റുകള്‍ എന്നാണ് ബിസിസി പരാമര്‍ശിച്ചതെന്നാണ് ഇന്ത്യയുടെ പരാതി. ബിസിസി തലവന്‍ ജാക്കി മാര്‍ട്ടിനോട് ഇന്ത്യ തങ്ങളുടെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ‘കേന്ദ്ര സര്‍ക്കാരിന്റെ എക്‌സ്പി ഡിവിഷന്‍ ബിബിസിക്ക് ഒരു ഔപചാരിക കത്ത് എഴുതിയിട്ടുണ്ട്. കൂടാതെ എക്‌സ്പി ഡിവിഷന്‍ ബിബിസിയുടെ കൂടുതല്‍ റിപ്പോര്‍ട്ടിംഗ് നിരീക്ഷിക്കുന്നുമുണ്ട് എന്നാണ് ഔദ്യോഗിക കേന്ദ്രത്തില്‍ നിന്നും ദി ഇന്ത്യന്‍ എക്‌സിപ്രസിന് കിട്ടിയ വിവരം.

ഇന്ത്യയുടെ ഐക്യം, അഖണ്ഡത, സുരക്ഷ(സാമ്പത്തിക സുരക്ഷ ഉള്‍പ്പെടെ), പരമാധികാരം എന്നിവയെ ഭീഷണിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയോ അല്ലെങ്കില്‍ ഭീഷണിപ്പെടുത്താന്‍ സാധ്യതയുള്ളതോ അല്ലെങ്കില്‍ ഇന്ത്യയിലോ വിദേശത്തോ ഉള്ള ജനങ്ങളെയോ ഏതെങ്കിലും വിഭാഗത്തെയോ ഭയപ്പെടുത്തുകയോ അല്ലെങ്കില്‍ ഭയപ്പെടുത്താനുള്ള ഉദ്ദേശ്യത്തോടെ ചെയ്യുന്ന ഏതൊരു പ്രവൃത്തിയും 1967 ലെ യുഎപിഎ നിയമപ്രകാരം തീവ്രവാദമാണ്.

ഒരു രാഷ്ട്രീയ, അല്ലെങ്കില്‍ സാമൂഹിക ലക്ഷ്യത്തെ പിന്തുണച്ച് അക്രമാസക്തമായ രീതികള്‍ അവലംബിക്കുന്ന ഒരു വ്യക്തിയെ പരാമര്‍ശിക്കാനാണ് പൊതുവില്‍ മിലിറ്റന്റ് എന്ന പദം ഉപയോഗിക്കുന്നത്. തന്റെ അക്രമാസക്തമായ രീതികള്‍ പൊതുജനങ്ങളിലോ എതിരാളികള്‍ക്കിടയിലോ ഉദ്ദേശിച്ച രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനായി ഭീകരതയുടെയോ ഭയത്തിന്റെയോ അന്തരീക്ഷം സൃഷ്ടിക്കാന്‍ ഒരു മിലിറ്റന്റ് ശ്രമിക്കും.

യുദ്ധത്തിനായി പണം സ്വരൂപിക്കുന്നുവെന്ന വ്യാജ വാര്‍ത്തകളുമായി ഇന്ത്യക്കാരെ വഞ്ചിക്കുന്നുവെന്ന് സംശയിക്കുന്ന നിരവധി പാകിസ്ഥാന്‍ വെബ്സൈറ്റുകളും/യുആര്‍എല്ലുകളും ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്ററിന്റെ (I4C) സഹായത്തോടെ ആഭ്യന്തര മന്ത്രാലയം തടഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഓണ്‍ലൈന്‍ തട്ടിപ്പ് തടയുന്നതിനും സാധ്യതയുള്ള തട്ടിപ്പുകളില്‍ നിന്ന് പൗരന്മാരെ സംരക്ഷിക്കുന്നതിനുമാണ് ഈ നടപടിയെന്നാണ് വിശദീകരണം. പാകിസ്താന്‍ ആസ്ഥാനമായുള്ള സൈബര്‍ ഹാക്കര്‍മാരില്‍ ഉണ്ടാകാനിടയുള്ള ആക്രമണത്തില്‍ സംരക്ഷണം നേടാന്‍ തങ്ങളുടെ സൈബര്‍ സുരക്ഷ വിഭാഗത്തെ ശക്തമാക്കാന്‍ എല്ലാ മന്ത്രാലയങ്ങള്‍ക്കും വകുപ്പുകള്‍ക്കും ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.  Pahalgam Terror Attack Prompts India to Block Pakistani YouTube Channels, And Sent Notice to BBC

Content Summary; Pahalgam Terror Attack Prompts India to Block Pakistani YouTube Channels, And Sent Notice to BBC

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment