June 25, 2026 |

‘കൊളീജിയം എമ്പുരാന്‍മാര്‍, കൊളീജിയം തിരുമേനിമാര്‍’; നീതിപീഠത്തെയും സര്‍ക്കാര്‍ പ്രതിനിധികളെയും കുറ്റക്കാരാക്കുന്ന സംഘപരിവാര്‍

ആര്‍ട്ടിക്കിള്‍ 370 എടുത്ത് മാറ്റിയ കേന്ദ്രസര്‍ക്കാരിനെ പഴിക്കാതെയാണ് ആര്‍എസ്എസ് നേതാവിന്റെ ഈ പരാമര്‍ശം

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ രാജ്യം വലിയൊരു യുദ്ധഭീതിയിലേക്കായിരുന്നു നീങ്ങിയത്. എന്നാല്‍ വെടിനിര്‍ത്തല്‍ കരാര്‍ വന്നതോടെ ഈ ഭീതി മാറുകയായിരുന്നു. അതുവരെ ഒരു യുദ്ധം മുന്നില്‍ കണ്ടിരുന്ന, യുദ്ധത്തിനായി കോപ്പുകൂട്ടിയവര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനം വന്നതോടെ പലവിധ വിമര്‍ശനങ്ങളും ആക്രോശങ്ങളുമാണ് ഉയര്‍ത്തിയിരിക്കുന്നത്.

യഥാര്‍ത്ഥത്തില്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കേണ്ടത് കേന്ദ്രസര്‍ക്കാരിന് എതിരെ ആണെന്നിരിക്കെ ബിജെപി, സംഘപരിവാര്‍ അനുഭാവികള്‍ സര്‍ക്കാര്‍ പ്രതിനിധികളെയും സുപ്രീംകോടതിയെയും വരെയാണ് അധിക്ഷേപിക്കുന്നത്. കഴിഞ്ഞദിവസം ആര്‍എസ്എസിന്റെ കാര്യവാഹക് ആയ ജെ നന്ദകുമാര്‍ സുപ്രീംകോടതിക്കെതിരെ രൂക്ഷമായ പരാമര്‍ശമാണ് നടത്തിയത്.

പഹല്‍ഗാം ഭീകരാക്രമണത്തില്‍ സുപ്രീംകോടതിക്കും പങ്കുണ്ടെന്നാണ് ജെ നന്ദകുമാര്‍ പറഞ്ഞത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതോടെ അവിടുത്തെ സ്ഥിതിഗതികള്‍ പരിശോധിക്കാതെ അവിടെ തിരഞ്ഞെടുപ്പ് നടത്തണമെന്ന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് അന്ത്യശാസനം നല്‍കിയിരുന്നു. അതോടെയാണ് കേന്ദ്രം അവിടെ തിരഞ്ഞെടുപ്പ് നടത്തിയതെന്നാണ് നന്ദകുമാറിന്റെ വിശദീകരണം. ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ സാധാരണ നിലയില്‍ എത്താതെ തിരഞ്ഞെടുപ്പ് നടത്തിയതോടെ ഭീകരവാദികള്‍ക്ക് അനുകൂലമായ സര്‍ക്കാര്‍ അവിടെ അധികാരത്തില്‍ വന്നു. അതിന് പിന്നാലെയാണ് ഭീകരാക്രമണം ഉള്‍പ്പെടെ ഉണ്ടായതെന്നാണ് നന്ദകുമാര്‍ പറയുന്നത്. കൂടാതെ, രാജ്യത്തിന്റെ പരമോന്നത നീതിപീഠമായ സുപ്രീംകോടതിക്കെതിരെ കൊളീജിയം എമ്പുരാന്‍മാര്‍, കൊളീജിയം തിരുമേനിമാര്‍ എന്നൊക്കെയുള്ള വാക്കുകള്‍ ഉപയോഗിച്ചുകൊണ്ടായിരുന്നു നന്ദകുമാറിന്റെ പരിഹാസം.

എന്നാല്‍ ആര്‍ട്ടിക്കിള്‍ 370 എടുത്ത് മാറ്റിയ കേന്ദ്രസര്‍ക്കാരിനെ പഴിക്കാതെയാണ് ആര്‍എസ്എസ് നേതാവിന്റെ ഈ പരാമര്‍ശം എന്നത് ശ്രദ്ധേയമാണ്. പഹല്‍ഗാം ആക്രമണം നടക്കുന്നതിന് മൂന്ന് ദിവസം മുമ്പ് ജമ്മു കശ്മീരില്‍ ഭീകരാക്രമണം ഉണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്ക് കിട്ടിയിരുന്നതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇൗ സുരക്ഷാവീഴ്ചയാണ് ഭീകരരെ രാജ്യത്തിലേക്ക് നുഴഞ്ഞുകയറുന്നതിന് ഇടയാക്കിയതെന്ന വാദവും ശക്തമാണ്. യാഥാര്‍ത്ഥ്യം ഇതാണെന്നിരിക്കെയാണ് സര്‍ക്കാരിനെ വിമര്‍ശിക്കാതെ സംഘപരിവാര്‍, ആര്‍എസ്എസ് അനുഭാവികള്‍ അമര്‍ഷം തീര്‍ക്കുന്നത്. ഇതിനൊക്കെ പുറമെയാണ് രാജ്യം ഒരു യുദ്ധത്തിലേക്ക് നീങ്ങുകയാണെന്ന കോപ്പുകൂട്ടലുകള്‍ക്കിടെ പെട്ടെന്ന് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതും. ഇതിലും സംഘപരിവാര്‍ അനുഭാവികളുടെ പഴി രാജ്യത്തിന്റെ ഉന്നതപദവികള്‍ വഹിക്കുന്ന ഉദ്യോഗസ്ഥര്‍ക്കായിരുന്നു.

ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയാണെന്ന കാര്യം മാധ്യമങ്ങളെ അറിയിച്ച വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്ക് നേരെയും കനത്ത സൈബറാക്രമണമാണ് ഉണ്ടായത്. രാജ്യദ്രോഹി, വഞ്ചകന്‍, ഒറ്റുകാരന്‍, നാണംകെട്ടവനും കുടുംബവും തുടങ്ങിയ അധിക്ഷേപ കമന്റുകളാണ് മിസ്രിക്കും കുടുംബത്തിനും നേരെ ഉയര്‍ന്നത്. മിസ്രിയുടെ അഭിഭാഷകയായ മകള്‍ക്ക് നേരെയും അധിക്ഷേപ കമന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായിരുന്നു. മകളുടെ പൗരത്വം പോലും ചോദ്യം ചെയ്യപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ എടുത്ത തീരുമാനത്തെ പൊതുജനമധ്യത്തില്‍ അവതരിപ്പിച്ച പേരിലാണ് രാജ്യത്തെ ഉയര്‍ന്ന ഉദ്യോഗസ്ഥനും കുടുംബവും പൊതുവിടങ്ങളില്‍ അധിക്ഷേപിക്കപ്പെട്ടത്.

ഇതിന് പിന്നാലെയാണ് ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് വിവരിച്ച കേണല്‍ സോഫിയ ഖുറേഷിക്കെതിരെ മധ്യപ്രദേശ് മന്ത്രിയുടെ അധിക്ഷേപം. ഭീകരവാദികളുടെ സഹോദരി എന്നാണ് ഖുറേഷിയെ മധ്യപ്രദേശിലെ ബിജെപി മന്ത്രി വിജയ് ഷാ പറഞ്ഞത്.

‘ഭീകരവാദികള്‍ നമ്മുടെ സഹോദരിമാരുടെയും, പെണ്‍മക്കളുടെയും സിന്ദൂരം തുടച്ചുമാറ്റി അനാദരവ് കാണിച്ചു. അവര്‍ക്ക് മറുപടി നല്‍കാന്‍ ഞങ്ങള്‍ അവരുടെ സ്വന്തം സഹോദരിയെ അയച്ചു’ എന്നായിരുന്നു മന്ത്രി പറഞ്ഞത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ശക്തമായ പ്രതിഷേധമാണ് ബിജെപിക്കും മന്ത്രിക്കുമെതിരെ ഉയര്‍ന്നത്. ഇന്ത്യന്‍ സേനയിലെ പെണ്‍കരുത്തിന്റെ മുഖമായാണ് കരസേന കമാന്‍ഡറെ രാജ്യം കാണുന്നത്. സംഭവം വിവാദമായതോടെ മാപ്പ് പറഞ്ഞ് തലയൂരിയിരിക്കുകയാണ് മന്ത്രി.

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ മാധ്യമപ്രവര്‍ത്തകനും ബിജെപി അനുഭാവിയുമായ അര്‍ണബ് ഗോസ്വാമിയാണ് ആദ്യമായി സുപ്രീംകോടതിക്കെതിരെ പരാമര്‍ശം നടത്തിയത്. ഇന്ത്യ-പാക് യുദ്ധം സ്വപ്‌നം കണ്ടവരുടെ നിരാശയുടെ ആക്രോശമായാണ് ഇത്തരം കമന്റുകള്‍ പുറത്തുവന്നത്. കേന്ദ്രസര്‍ക്കാരിനെയോ പ്രധാനമന്ത്രിയെയോ വിമര്‍ശിക്കാന്‍ കഴിയാത്ത നിരാശ സാധാരണക്കാരായ ഉദ്യോഗസ്ഥര്‍ക്ക് നേരെ ചൊരിയുകയാണ്.

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദത്തിലെ വ്യവസ്ഥകള്‍ 2019 ഓഗസ്റ്റ് 5 നാണ് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 ഭേദഗതി ചെയ്തുകൊണ്ട് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി സര്‍ക്കാര്‍ എടുത്തുകളയുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് രാജ്യസഭയെ അന്ന് അറിയിച്ചത്.

ഇതിന്റെ ഭാഗമായി 2019 ആഗസ്റ്റ് 6 നാണ് സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായ ലഡാക്ക്, ജമ്മു-കശ്മീര്‍ എന്നിവ വിഭജിക്കുന്നത് സംബന്ധിച്ച് ലോക്‌സഭയില്‍ കേന്ദ്രസര്‍ക്കാര്‍ ബില്ല് അവതരിപ്പിച്ചത്. ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞ കേന്ദ്ര നടപടിയില്‍ ശക്തമായ പ്രതിഷേധമായിരുന്നു സര്‍ക്കാരിനെതിരെ ഉയര്‍ന്നത്. ജമ്മു കശ്മീരില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ സജ്ജമാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചത് പ്രകാരമായിരുന്നു തിരഞ്ഞെടുപ്പിന് കോടതി അനുമതി നല്‍കിയിരുന്നത്. തിരഞ്ഞെടുപ്പിന് ശേഷം പോളിങ് ശതമാനം ഉയര്‍ന്നതിന് കാരണമായും കേന്ദ്രസര്‍ക്കാര്‍ പറഞ്ഞത് എല്ലാം ശാന്തമായതിന്റെ ലക്ഷണമാണെന്നുമായിരുന്നു.

യഥാര്‍ത്ഥ കാര്യങ്ങള്‍ ഇങ്ങനെയൊക്കെയായിട്ടും സംഘപരിവാര്‍, ബിജെപി അനുഭാവികള്‍ യാഥാര്‍ത്ഥ്യം മറച്ചുപിടിച്ച് നീതിപീഠത്തെയും സര്‍ക്കാര്‍ നിയമിച്ച പ്രതിനിധികളെയും അധിക്ഷേപിക്കുന്നത് യഥാര്‍ത്ഥ കാരണക്കാര്‍ക്ക് നേരെ ശബ്ദമുയര്‍ത്താന്‍ പറ്റാത്തതിന്റെ സമ്മര്‍ദം കൊണ്ട് മാത്രമാണ്. Pahalgam terror attack: sangh parivar blames judiciary and government representatives 

Content Summary: Pahalgam terror attack: sangh parivar blames judiciary and government representatives

Leave a Reply

Your email address will not be published. Required fields are marked *

×