ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണം കവർന്നത് 26 സാധാരണക്കാരുടെ ജീവനാണ്. എന്നാൽ ഈ ഭീകരവാദത്തിൽ രാജ്യം ഒന്നടങ്കം നടുങ്ങിയത് രണ്ട് ഡസൻ നിരപരാധികളുടെ മരണത്തിൽ മാത്രമായിരുന്നില്ല, ഭീകരവാദത്തിന്റെ ആസൂത്രണരീതിയിലും അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളിലും കൂടിയായിരുന്നു.
പഹൽഗാം ഭീകരാക്രമണത്തിന്റെ ആഘാതം വരാൻ പോകുന്ന ദുരന്തത്തിന്റെ ഒരോർമപ്പെടുത്തലായി കൂടി കണക്കാക്കാൻ സാധിക്കും. മേഖലയിലെ നിലവിലുള്ള സുരക്ഷാ വെല്ലുവിളികൾ, ആധുനിക ഭീകരതയുടെ ആസൂത്രിതമായ സ്വഭാവം, കശ്മീരിൽ തീവ്രവാദത്തിന് പ്രചോദനമാകുന്ന സങ്കീർണ്ണമായ രാഷ്ട്രീയ ഘടകങ്ങൾ തുടങ്ങിയ കാര്യങ്ങൾ കൂടി പഹൽഗാം ഭീകരവാദം അടിവരയിടുന്നുണ്ട്.
നിരപരാധികളായ സാധാരണക്കാരെ കൊല്ലുന്നത് ഭീകരതയുടെ ക്രൂരത എത്രത്തോളമാണെന്ന് വിളിച്ചോതുന്നതാണ്. അതോടൊപ്പം ഭീകരാക്രമണത്തിലൂടെ അവർ ലക്ഷ്യമിടുന്നത് ഇതിന്റെ ഭീകരത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. രാജ്യത്തിന്റെ ആത്മവിശ്വാസം തകർക്കുക, ഐക്യവും സമാധാനവും ഇല്ലാതാക്കുക, വർഗീയ സംഘർഷം സൃഷ്ടിക്കുക തുടങ്ങിയ കാര്യങ്ങളാണ് ആക്രമണത്തിന്റെ ലക്ഷ്യമെന്നത് വ്യക്തമാണ്. വെടിയുതിർക്കുന്നതിന് മുൻപ് അക്രമികൾ ഇരകളുടെ മതമേതാണെന്ന് അറിയാനായി കലിമ ചൊല്ലാനായി ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഇത് തീവ്രവാദത്തിന് പിന്നിലെ പ്രത്യയശാസ്രത്രപരമായ പ്രേരണകളെ തുറന്നുകാണിക്കുന്നു.
പഹൽഗാം ആക്രമണത്തെ ഒരിക്കലും യാദൃശ്ചികമായ ഒന്നായി കാണാൻ കഴിയില്ല. ജനങ്ങളെ ഭിന്നിപ്പിക്കാനും സാമൂഹിക ഐക്യം തകർക്കാനുമുള്ള ശ്രമമായിരുന്നു എന്നത് വ്യക്തമാണ്. അനുഭവപരിചയമില്ലാത്ത ഒരു വിഭാഗം ചെയ്യുന്ന ആക്രമണത്തിന്റെ സൂചനകളല്ല പഹൽഗാമിൽ നിന്നും ലഭിക്കുന്നത്. മറിച്ച് ദീർഘനാളത്തെ പരീശീലത്തിലൂടെയുള്ള ആസൂത്രിതമായ നീക്കമാണിത്. റെസിസ്റ്റൻസ് ഫ്രണ്ട് (TRF) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ടെങ്കിലും കൂടുതൽ സംഘടിതമായ വിഭാഗങ്ങളുടെ പിന്തുണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ആക്രമണം നടത്താൻ തീരുമാനിച്ച സമയം
ആക്രമണത്തിന് പിന്നിലെ ഉദ്ദേശം പോലെ തന്നെ ആക്രമണം നടത്തിയ സമയവും എടുത്ത് പറയേണ്ടതാണ്. വിനോദസഞ്ചാരികൾ ഏറ്റവും കൂടുതൽ എത്തുന്ന സമയത്താണ് ഇങ്ങനെയൊരു ആക്രമണമുണ്ടായിരിക്കുന്നത്. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഇന്ത്യ സന്ദർശിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി അറേബ്യയിൽ പ്രധാന യോഗങ്ങൾക്കായി പോകുകയും ചെയ്ത സമയത്താണ് ഇത് സംഭവിച്ചത് എന്നത് മറ്റൊരു ശ്രദ്ധേയമായ കാര്യം. ആഗോള ശ്രദ്ധ നേടുന്നതിനായാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നാണ് ഇതിൽ നിന്നും മനസിലാകുന്നത്. പാകിസ്ഥാൻ നയതന്ത്രപരമായ ഒറ്റപ്പെടലും ആഭ്യന്തര പ്രശ്നങ്ങളും നേരിടുന്ന സമയമാണിത്. അതുകൊണ്ട് തന്നെ കശ്മീർ പ്രശ്നം അന്താരാഷ്ട്ര ശ്രദ്ധയിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചു.
പഹൽഗാം ആക്രമണത്തിന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് പാകിസ്ഥാൻ ആർമി ചീഫ് ജനറൽ അസിം മുനീർ ഇസ്ലാമാബാദിൽ വിവാദ പ്രസ്താവനകൾ നടത്തിയത്. ഹിന്ദുക്കളും മുസ്ലീങ്ങളും അടിസ്ഥാനപരമായി വ്യത്യസ്തരാണെന്ന് പറഞ്ഞ അസിം മുനീർ പാകിസ്ഥാനിലെ യുവാക്കളെ ദ്വിരാഷ്ട്ര സിദ്ധാന്തം പഠിപ്പിക്കുന്നതിനെക്കുറിച്ച് സംസാരിച്ചിരുന്നു. പാകിസ്ഥാനെ മദീനയ്ക്ക് ശേഷമുള്ള ഏക ഇസ്ലാമിക രാഷ്ട്രം എന്നും അസിം മുനീർ വിശേഷിപ്പിച്ചിരുന്നു.
കശ്മീരിന്റെ പുരോഗതിക്ക് നേരിട്ട തിരിച്ചടി
2019 ൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനുശേഷം ജമ്മു കശ്മീരിലെ പുരോഗതിയുടെ പ്രതിച്ഛായക്കേറ്റ കനത്ത പ്രഹരമാണ് പഹൽഗാം ആക്രമണം. സാമ്പത്തിക വളർച്ച, മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ, ടൂറിസത്തിലുള്ള കുതിച്ചുചാട്ടം, തീവ്രവാദ സംഭവങ്ങളിലുള്ള കുറവ് തുടങ്ങിയ കാര്യങ്ങൾ കഴിഞ്ഞ അഞ്ച് വർഷമായി കശ്മീരിന്റെ പുരോഗതിയുടെ ഭാഗമായി സർക്കാർ ഉയർത്തിക്കാട്ടിയിട്ടുണ്ട്.
ഇതിൽ എടുത്തുപറയേണ്ടത് ടൂറിസമാണ്. 2022ൽ 1.62 കോടി സന്ദർശകരാണ് കശ്മീരിലെത്തിയിരുന്നത്. 2024ൽ 2.36 കോടി സന്ദർശകരായി അത് ഉയരുകയായിരുന്നു. സമ്പദ്‌വ്യവസ്ഥയിലും കാര്യമായ വളർച്ചയാണ് ഉണ്ടായിരിക്കുന്നത്. 2024–25 ൽ ജമ്മു കശ്മീരിന്റെ ജിഎസ്ഡിപി (ഗ്രോസ് സ്റ്റേറ്റ് ഡൊമസ്റ്റിക് പ്രൊഡക്ഷൻ) 1.45 ലക്ഷം കോടി രൂപയിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു.
ഉത്തരം ലഭിക്കാത്ത ചോദ്യങ്ങളും സുരക്ഷാ പരാജയങ്ങളും
പഹൽഗാം ആക്രമണത്തിൽ സുരക്ഷാ വീഴ്ചയുണ്ടായിട്ടുണ്ടെന്നുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. മുന്നറിയിപ്പ് ലഭിച്ചിട്ടും സുരക്ഷാ സേന സജ്ജരായിരുന്നില്ല എന്ന ആരോപണങ്ങൾ ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നു. 2024 ഒക്ടോബറിൽ ഗന്ദർബലിലെ ഒരു നിർമ്മാണ സ്ഥലത്ത് നടന്ന ആക്രമണവും സോനാമാർഗിനടുത്തുള്ള ഇസഡ്മോർ തുരങ്കത്തിൽ നടന്ന ആക്രമണവും പോലുള്ള മുൻ സംഭവങ്ങൾ സൂചനകളായി നിലനിന്നിരുന്നു. പിർ പഞ്ചൽ പർവതനിര വഴിയാണ് അക്രമികൾ കിഷ്ത്വാറിൽ എത്തിയതെന്ന സൂചനയുമുണ്ട്.. അങ്ങനെയെങ്കിൽ പഹൽഗാമിൽ സുരക്ഷ കൂടുതൽ കർശനമാക്കേണ്ടത് ആവശ്യമായിരുന്നു. എന്നാൽ ഇത്രയും സൂചനകളുണ്ടായിരുന്നിട്ടും ആ പ്രദേശം സംരക്ഷിക്കപ്പെട്ടിരുന്നില്ല. പ്രത്യേകിച്ച് ഒരു ജനപ്രിയ വിനോദസഞ്ചാര കേന്ദ്രത്തിലുണ്ടായ സുരക്ഷാ വീഴ്ചയെക്കുറിച്ച് ശരിയായ അന്വേഷണം ആവശ്യമാണ്.
ആക്രമണത്തിന്റെ പ്രത്യാഘാതം
മുംബൈ ആക്രമണത്തിനുശേഷം ഇന്ത്യയിൽ നടന്ന ഏറ്റവും വലിയ ഭീകരാക്രമണമായാണ് പഹൽഗാമിനെ കണക്കാക്കുന്നത്. അതിന്റെ ആഘാതം മേഖലയ്ക്ക് പുറത്തേക്ക് വ്യാപിക്കുമെന്നതിൽ സംശയമില്ല. ഇന്ത്യയുടെ ദേശീയ സുരക്ഷയെക്കുറിച്ചുള്ള നിരവധി ചോദ്യങ്ങളാണ് ആക്രമണം ഉയർത്തുന്നത്. ഭീകരതയെ തടയാൻ വികസനം മാത്രം പോരാ എന്ന് തെളിയിക്കുന്നതാണ് പഹൽഗാം ആക്രമണം. സമീപ വർഷങ്ങളിലെ കശ്മീരിലെ ശാന്തത അക്രമസാധ്യതയെക്കുറിച്ച് മറക്കാൻ നേതാക്കളെ പ്രേരിപ്പിച്ചിരിക്കാം. എന്നാൽ പാകിസ്ഥാനും ഭീകര ഗ്രൂപ്പുകളും എപ്പോഴും ആക്രമണത്തിന് അവസരം നോക്കിയിരിക്കുകയാണെന്ന് ഇന്ത്യയിലെ നേതാക്കൾ മറക്കാൻ പാടില്ലായിരുന്നു.
ഈ ആക്രമണം ഇന്ത്യയെ ഭീകരവിരുദ്ധ തന്ത്രത്തെക്കുറിച്ച് പുനർവിചിന്തനം നടത്താൻ നിർബന്ധിതരാക്കിയിരിക്കുകയാണ്. പഹൽഗാമിലെ ആക്രമണം അപ്രതീക്ഷിതമായിരുന്നില്ല. മറിച്ച് ഇന്ത്യയുടെ സുരക്ഷ, ഐക്യം, ആഗോള പ്രതിച്ഛായ എന്നിവയെ ഇല്ലാതാക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നു. വർദ്ധിച്ചുവരുന്ന തീവ്രവാദം, മേഖലയിലെ പിരിമുറുക്കങ്ങൾ, പാകിസ്ഥാന്റെ ആധിപത്യം തുടങ്ങിയ പ്രശ്‌നങ്ങളെ ഇത് പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ജമ്മു കശ്മീർ യഥാർത്ഥ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും ആശയങ്ങളുടെയും പ്രത്യയശാസ്ത്രത്തിന്റെയും പോരാട്ടം അവസാനിച്ചിട്ടില്ലെന്ന് ഈ ആക്രമണം കാണിക്കുന്നു.
Content Summary: Pahalgam Terror Attack raises questions against central government over Kashmir claims
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.