ഇന്ത്യയും സഹകരിച്ചാല്‍ സംഘര്‍ഷത്തിനില്ല; നിലപാട് അറിയിച്ച് പാകിസ്ഥാൻ

ഇന്ത്യയ്‌ക്കെതിരെ ശത്രുതാപരമായ നടപടി സ്വീകരിച്ചിട്ടില്ല

ഇന്ത്യ സൈനിക നടപടി അവസാനിപ്പിച്ചാൽ ആക്രമണം നിർത്താമെന്ന് അറിയിച്ച് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖവാജ ആസിഫ്. നിലവിലെ സ്ഥിതി​ഗതികൾ ലഘൂകരിച്ചാൽ സംഘർഷം അവസാനിപ്പിക്കാൻ പാകിസ്ഥാനും തയ്യാറാണെന്ന് പ്രതിരോധ മന്ത്രി പറഞ്ഞതായി ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

പാകിസ്ഥാൻ, പാക് അധിനിവേശ കശ്മീര്‍ എന്നിവിടങ്ങളിലെ ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ സൈനിക ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഖവാജ ആസിഫിന്റെ പ്രഖ്യാപനം. ബ്ലൂംബെർ​ഗിന് നൽകിയ അഭിമഖത്തിലാണ് ഖവാജ ആസിഫ് ഇക്കാര്യം വ്യക്തമാക്കുന്നത്. പാകിസ്ഥാൻ ഒരു തരത്തിലുള്ള ശത്രുതയ്ക്കും തുടക്കമിട്ടിട്ടില്ലെന്നും എന്നാൽ തങ്ങളെ പ്രകോപിപ്പിച്ചാൽ പ്രതികരിക്കുമെന്നും ഖവാജ ആസിഫ് പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചയായി ഇന്ത്യയ്‌ക്കെതിരെ ഒരു ശത്രുതാപരമായ നടപടിയും സ്വീകരിക്കില്ലെന്ന് ഞങ്ങൾ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുകയാണ്. എന്നാൽ ഞങ്ങൾ ആക്രമിക്കപ്പെട്ടാൽ ഉറപ്പായും പ്രതികരിക്കും, ഖവാജ ആസിഫ് പറഞ്ഞു. ഇന്ത്യ പിന്മാറാൻ തീരുമാനിച്ചാൽ, നിലവിലെ പിരിമുറുക്കം കുറയ്ക്കാനും ആക്രമണം അവസാനിപ്പിക്കാനും പാകിസ്ഥാൻ തയ്യാറാണെന്നും ഖവാജ ആസിഫ് കൂട്ടിച്ചേർത്തു. ഈ ഘട്ടത്തിൽ ഇരു രാജ്യങ്ങൾക്കുമിടയിൽ നയതന്ത്ര ഇടപെടലുകളോ ചർച്ചകളോ നടക്കുന്നുണ്ടോയെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.

പഹൽഗാമിൽ അടുത്തിടെയുണ്ടായ ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ഇന്ത്യ ആക്രമണം നടത്തിയത്. ഇന്ന് പുലര്‍ച്ചെയാണ് വ്യോമ- കര- നാവിക സേനകള്‍ സംയുക്തമായി ഓപ്പറേഷന്‍ സിന്ദൂർ നടത്തിയത്. പാകിസ്ഥാനിലെ ഒമ്പത് ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ‘ഓപ്പറേഷന്‍ സിന്ദൂര്‍’ നടപ്പിലാക്കിയത്. ജെയ്ഷ്-ഇ- മുഹമ്മദിന്റെ ആസ്ഥാനമായ ബഹാവല്‍പുരിലെ ‘മര്‍ക്കസ് സുബഹാനള്ളാ’, ലഷ്‌കര്‍ ആസ്ഥാനമായ മുരിഡ്കെയിലെ ‘മര്‍ക്കസ് തൊയ്ബ’, ജെയ്ഷെ കേന്ദ്രങ്ങളായ തെഹ്റ കലാനിലെ സര്‍ജാല്‍, കോട്ലിയിലെ ‘മര്‍ക്കസ് അബ്ബാസ്’, മുസാഫറാബാദിലെ ‘സൈദുനാ ബിലാല്‍ ക്യാമ്പ്’, ലഷ്‌കര്‍ ക്യാമ്പുകളായ ബര്‍നാലയിലെ ‘മര്‍ക്കസ് അഹ്ലെ ഹാദിത്’, മുസാഫറാബാദിലെ ‘ഷവായ് നള്ളാ ക്യാമ്പ്’, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ താവളമായ സിയാല്‍ക്കോട്ടിലെ ‘മെഹ്‌മൂന ജോയ’ എന്നിവിടങ്ങളിലായിരുന്നു ഇന്ത്യയുടെ ആക്രമണം.

Content Summary: pakistan is ready to back down if india halts military offensive

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment