March 20, 2025 |

ഒരു ടീം, മൂന്നു ഗ്രൂപ്പ്;  പാകിസ്താനെ നാണം കെടുത്തിയത് ഗ്രൂപ്പിസമോ?

ലോകകപ്പ് ദുരന്തത്തിന് പിന്നാലെ ടീമിലും ക്രിക്കറ്റ് ബോര്‍ഡിലും പല മാറ്റങ്ങളുമുണ്ടാകും

ട്വന്റി-20 ലോകകപ്പില്‍ നിന്ന് പാകിസ്താന്‍ പുറത്തായതിനു പിന്നാലെ ടീമിലെ പടലപ്പിണക്കങ്ങളുടെ കഥകളോരോന്നായി പുറത്തു വരികയാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായത് മുന്‍ ചാമ്പ്യന്മാര്‍ക്കുണ്ടാക്കിയിരിക്കുന്നത് വലിയ നാണക്കേടാണ്. അമേരിക്കയോട് തോറ്റാണ് തുടക്കം. പിന്നാലെ ഇന്ത്യയുടെ മുന്നില്‍ നാണം കെട്ടു, അതും എളുപ്പത്തില്‍ ജയിക്കാമായിരുന്ന മത്സരത്തില്‍. ഇന്ത്യ-കാനഡ മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇന്ത്യയും രണ്ടാം സ്ഥാനക്കാരിയ യുഎസ്എയും സൂപ്പര്‍ എട്ടില്‍ കടന്നു. പാകിസ്താന്‍ പുറത്തായി. കളിയിലെ പ്രകടനം മാത്രമല്ല, കാലാവസ്ഥയും പാകിസ്താന് പ്രതികൂലമായിരുന്നു. ലോകകപ്പിന് മുന്നോടിയായി ഒരു പരിശീലന മത്സരം പോലും കളിക്കാന്‍ അവര്‍ക്ക് സാധിച്ചിരുന്നില്ല. മഴ മൂലം എല്ലാം മാറ്റി വയ്‌ക്കേണ്ടി വന്നു. കാരമായി പരിശീലനമൊന്നുമില്ലാതെയാണ് ലോകകപ്പിന് ഇറങ്ങിയതെന്നു പറയാം. എന്നാല്‍ അതുമാത്രമല്ല, ടീം നേരിട്ടിരുന്ന പ്രശ്‌നം. ഒരു ടീമും അതിനുള്ളില്‍ മൂന്നു ഗ്രൂപ്പുകളുമായിരുന്നു ഉണ്ടായിരുന്നത്. ഒട്ടും ഒത്തൊരുമയില്ലാത്തൊരു സംഘമായിരുന്നു പാകിസ്താന്‍.

പാക് ടീമിലെ ഗ്രൂപ്പിസമാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. ടീമിന്റെ പ്രകടനത്തെ ബാധിച്ചത് കളിക്കാര്‍ക്കിടയിലെ സംഘം ചേരലാണെന്നാണ് ആരാധകരും കുറ്റപ്പെടുത്തുന്നത്. എന്തായാലും ഈ പ്രശ്‌നം ടീമില്‍ മാത്രമല്ല പാക് ക്രിക്കറ്റ് ബോര്‍ഡിനുള്ളിലും കാര്യമായ ചില മാറ്റങ്ങള്‍ക്ക് വഴിയൊരുക്കും.

ബാബര്‍ അസം, ഷഹീന്‍ ഷാ അഫ്രീദി, മുഹമ്മദ് റിസ്വാന്‍ എന്നിവരുടെ നേതൃത്വത്തില്‍ ടീമംഗങ്ങള്‍ മൂന്നു ഗ്രൂപ്പകളായി തിരിഞ്ഞിട്ടുണ്ടെന്നാണ് പിസിബി വൃത്തങ്ങള്‍ മാധ്യമങ്ങളോട് സമ്മതിച്ചിരിക്കുന്നത്. ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും നീക്കിയതില്‍ അഫ്രീദി തീര്‍ത്തും അസംതൃപ്തനായിരുന്നു. ക്യാപ്റ്റന്‍ ബാബര്‍ അസം തന്നെ ആവശ്യഘട്ടത്തിലൊന്നും പിന്തുണച്ചില്ലെന്ന പരാതിയും പാക് ഫാസ്റ്റ് ബൗളര്‍ക്കുണ്ട്. മുഹമ്മദ് റിസ്വാന്‍, തന്നെ ക്യാപ്റ്റനാക്കത്തിന്റെ പരിഭവവും കൊണ്ട് നടക്കുകയാണ്. ഇവരെ രണ്ടു പേരെയും പിന്തുണയക്കുന്നവരും, ബാബര്‍ അസമിന് ഒപ്പം നില്‍ക്കുന്നവരുമാണ് പരസ്പരം ചേരി തിരിഞ്ഞിരിക്കുന്നത്.

” ടീമില്‍ മൂന്നു ഗ്രൂപ്പുകളുണ്ട്, ഒന്ന് ബാബര്‍ അസം, രണ്ടാമത്തേത് ഷഹീന്‍ അഫ്രീദി, മൂന്നാമത്തേത് മുഹമ്മദ് റിസ്വാന്‍. ഈ മിശ്രിതതത്തിലേക്ക് ടീമിലേക്ക് തിരിച്ചു വന്ന സീനിയര്‍മാരായ മുഹമ്മദ് ആമിര്‍, ഇമാദ് വസീം എന്നവരെ കൂടി ചേര്‍ക്കുക, ഒരു ലോകകപ്പ് ദുരന്തത്തിന്റെ പാചക കുറിപ്പ് തയ്യാറായി”; പിസിബിയിലെ ഒരു ഉദ്യോഗസ്ഥന്‍ പിടിഐയോട് സംസാരിച്ചപ്പോള്‍ നടത്തിയ പരിഹാസമിങ്ങനെയായിരുന്നു.

ഇമാദിന്റെയും ആമിറിന്റെയും ടീമിലേക്കുള്ള തിരിച്ചു വരവില്‍ ക്യാപ്റ്റന്‍ ബാബര്‍ തൃപ്തനായിരുന്നില്ല. ലീഗ് മത്സരങ്ങള്‍ക്കായി ഫ്രാഞ്ചൈസികള്‍ക്കു വേണ്ടി കളിക്കുന്നു എന്നല്ലാതെ രണ്ടു പേരും വളരെക്കാലമായി ദേശീയതലത്തിലോ ആഭ്യന്തരതലത്തിലോ കളിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ഇമാദില്‍ നിന്നും ആമീറില്‍ നിന്നും ലോകകപ്പ് പോലൊരു ടൂര്‍ണമെന്റില്‍ സഹായം കിട്ടുമെന്ന് ബാബര്‍ വിശ്വസിച്ചിരുന്നില്ല.

ഗ്രൂപ്പ് പോര് കലശലായിരുന്നതിനാല്‍ ചില കളിക്കാര്‍ തമ്മില്‍ മിണ്ടാറുപോലുമില്ലായിരുന്നു. ഏതാനും ചിലര്‍ മാത്രമാണ് ഗ്രൂപ്പ് തലവന്മാരെ അനുനയിപ്പിച്ച് ഒരുമിച്ച് നില്‍ക്കാന്‍ വേണ്ടി പരിശ്രമിച്ചതെന്നും ടീമുമായി അടുത്ത് പ്രവര്‍ത്തിച്ചിരുന്നൊരു ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തുന്നു.

ടീമിനുള്ളിലെ ആഭ്യന്തരകലഹത്തെ കുറിച്ച് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്വിയ്ക്ക് അറിവുണ്ടായിരുന്നു. ടീം ലോകകപ്പിന് പോകുന്നതിനു മുമ്പേ തന്നെ അറിഞ്ഞ കാര്യങ്ങള്‍ തന്റെ വലം കൈയും ദേശീയ ടീം സിലക്ടറും സീനിയര്‍ മാനേജരുമായ വഹീബ് റിയാസുമായി നഖ്വി പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

മൊഹ്‌സിന്‍ നഖ്വി ടീമിലെ എല്ലാവരുമായി രണ്ടു തവണ സ്വകാര്യ ചര്‍ച്ചകള്‍ നടത്തിയിരുന്നു. താത്കാലം എല്ലാ പ്രശ്‌നങ്ങളും മാറ്റിവച്ച് ലോകകപ്പ് നേടുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ചെയര്‍മാന്‍ കളിക്കാരോട് അഭ്യര്‍ത്ഥിച്ചു. എല്ലാ പ്രശ്‌നങ്ങളും അതു കഴിഞ്ഞ് പരിഹരിക്കാമെന്ന് ഉറപ്പും നല്‍കി. പക്ഷേ, ചെയര്‍മാന്റെ ഉപദേശവും ഉറപ്പും കളിക്കാര്‍ ചെവിക്കൊണ്ടില്ല എന്നതാണ് പിന്നീട് കണ്ടതെന്നാണ് പിസിബി ഉദ്യോഗസ്ഥര്‍ പറയുന്നത്.

‘ ഞാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിനു വേണ്ടി സംസാരിക്കുകയല്ല, പക്ഷേ, ടീമിലെ പ്രീമിയര്‍ ബൗളര്‍ക്ക് അവസാന ഓവറിലെ 15 റണ്‍സ് പ്രതിരോധിക്കാന്‍ പോലും കഴിയാതെ, ഫുള്‍ ടോസുകള്‍ എറിഞ്ഞ് ഫോറും സിക്‌സുകളും വഴങ്ങുമ്പോള്‍ ഒരു ക്യാപ്റ്റന്‍ എന്താണ് ചെയ്യേണ്ടത്? അതുപോലെ ലോകകപ്പ് നേടാന്‍ സഹായിക്കേണ്ടൊരു ഓള്‍ റൗണ്ടര്‍ ഫിറ്റ്‌നസ് പ്രശ്‌നങ്ങളുമായി പുറത്തിരിക്കുമ്പോള്‍? പിസിബി ഉദ്യോഗസ്ഥന്റെ ചോദ്യമാണ്.

കളിക്കാരുടെ ഏജന്റുമാരും അതുപോലെ ചില മുന്‍ താരങ്ങളും നടത്തിയ സോഷ്യല്‍ മീഡിയ കാമ്പയിനുകളും ഇതുപോലൊരു സമ്മര്‍ദ്ദ സാഹചര്യത്തില്‍ ടീമിനെ സഹായിക്കുകയായിരുന്നില്ല ചെയ്തതെന്നും വിമര്‍ശനമുണ്ട്.

പാക് ക്രിക്കറ്റുമായി വളരെ അടുത്ത ചില കേന്ദ്രങ്ങള്‍ പറയുന്നത്, പിസിബി ചെയര്‍മാന്‍ ടീമിലും അതുപോലെ ബോര്‍ഡിലും വലിയ അഴിച്ചുപണികള്‍ നടത്തുമെന്നാണ്. അതിനുള്ള നടപടികള്‍ ചെയര്‍മാന്‍ തുടങ്ങിക്കഴിഞ്ഞെന്നും, ടീമില്‍ മാത്രമല്ല, ബോര്‍ഡിലും കഴിവിന്റെയും പ്രകടനത്തിന്റെയും അടിസ്ഥാനത്തിലുള്ള സുപ്രധാന മാറ്റങ്ങള്‍ ഉടന്‍ തന്നെ കാണാന്‍ കഴിയുമെന്നുമാണ് വാര്‍ത്ത കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരം.

നിലവിലെ പാക് ഭരണകൂടത്തിന് സ്വീകര്യനായ വ്യക്തിയല്ല പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ചെയര്‍മാന്‍ മൊഹ്‌സീന്‍ നഖ്വി. ലോകകപ്പ് ദുരന്തത്തിന്റെ പശ്ചാതലത്തില്‍ നഖ്വിയുടെ തലയ്ക്കു വേണ്ടിയും മുറവിളി ഉയരുന്നുണ്ട്. ഈ സാഹചര്യം മുതലാക്കി സര്‍ക്കാര്‍ അദ്ദേഹത്തെ കസേരയില്‍ നിന്നിറക്കാന്‍ തീരുമാനിച്ചേക്കുമെന്നും പിസിബി വൃത്തങ്ങള്‍ പറയുന്നുണ്ട്.

അതേസമയം, ക്യാപ്റ്റന്‍ ബാബര്‍ അസമിന്റെ കാര്യത്തില്‍ തിടുക്കപ്പെട്ട തീരുമാനം പിസിബി ചെയര്‍മാന്‍ എടുക്കില്ലെന്നും വിവരമുണ്ട്. വരുന്ന നവംബറില്‍ പാക് ടീമിന്റെ ഏകദിന മത്സരങ്ങള്‍ നടക്കുന്നതുവരെ ബാബറിന്റെ ക്യാപ്റ്റന്‍സിക്ക് ഇളക്കം തട്ടില്ലെന്നാണ് പിസിബി വൃത്തങ്ങള്‍ പറയുന്നത്.

ഇനി പാക് ടീമിന് മുന്നിലുള്ളത് ടെസ്റ്റ് പരമ്പരകളാണ്. ബംഗ്ലാദേശിനെതിരെയും ഇംഗ്ലണ്ടിനെതിരേയും നാട്ടില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരകള്‍ക്കാണ് ടീം തയ്യാറെടുക്കുന്നത്. ടെസ്റ്റ് ടീമിനെ നയിക്കുന്നത് ഷാന്‍ മസൂദ് ആണ്. പുതിയ പരിശീലകനായി ഓസ്‌ട്രേലിയന്‍ മുന്‍ പേസര്‍ ജാസണ്‍ ഗില്ലെസ്പി ചാര്‍ജ് എടുത്തിട്ടുമുണ്ട്. ടെസ്റ്റ് കളികള്‍ കഴിയുന്നിടത്തോളം പാക് ക്രിക്കറ്റ് ബോര്‍ഡിന് ശ്വാസം നേരെ വിടാനുള്ള സമയമുണ്ട്.  Pakistan’s t20 world cup exit blaming on grouping major changes will happen in team and pak cricket board 

Content Summary; Pakistan’s t20 world cup exit blaming on grouping major changes will happen in team and pak cricket board

×