March 27, 2025 |
Share on

‘വെറും ചോക്ലേറ്റിന്റെ പേരിലോ ആ കുഞ്ഞിനെ കൊന്നത്?’

ബാലവേലയുടെ ഇരയായ 13 കാരി, പാകിസ്താനില്‍ വൈറലായി ‘ജസ്റ്റീസ് ഫോര്‍ ഇഖ്‌റ’

‘ജസ്റ്റീസ് ഫോര്‍ ഇഖ്‌റ’; പാകിസ്താന്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ് ഈ ഹാഷ് ടാഗ്. ഒരു 13 കാരിയുടെ മരണത്തില്‍ നീതി തേടിയുള്ള പ്രചാരണവും പ്രതിഷേധവും ഇന്റര്‍നെറ്റ് ലോകത്ത് മാത്രമല്ല, പൊതുനിരത്തുകളിലും അലയടിക്കുന്നുണ്ട്.

ഇഖ്‌റ(പൂര്‍ണമായ പേര് അല്ല) കൊല്ലപ്പെടുകയായിരുന്നു. അവള്‍ വേലയ്ക്ക് നിന്നിരുന്ന വീടിന്റെ ഉടമസ്ഥരുടെ പീഡനത്തെ തുടര്‍ന്ന്. ചോക്ലേറ്റുകള്‍ മോഷ്ടിച്ചു എന്ന് ആരോപിച്ചായിരുന്നു അവളുടെ യജമാനരായിരുന്ന ദമ്പതിമാര്‍ ഇഖ്‌റയെ ക്രൂരമായി ഉപദ്രവിച്ചത്. പെണ്‍കുട്ടിയെ പരിശോധിച്ച ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞത്, നിരവധി പരിക്കുകള്‍ അവളുടെ ശരീരത്തില്‍ ഉണ്ടായിരുന്നുവെന്നാണ്. പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിലും ഇഖ്‌റ ക്രൂരമായ പീഡനത്തിന് വിധേയയായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു.

ഇഖ്‌റയുടെ മരണവാര്‍ത്ത പുറത്തു വന്നതോടെ റാവല്‍പിണ്ടിയില്‍ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. വൈകാതെ തന്നെ രാജ്യത്താകമാനം ഇഖ്‌റയ്ക്ക് നീതിക്കായി ശബ്ദം ഉയര്‍ന്നു.

റഷീദ് ഷഫീഖ്, ഭാര്യ സന എന്നിവരെ ഇഖ്‌റയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതേ കുടുംബത്തിലെ അംഗമായ ഒരു ഖുറാന്‍ അധ്യാപകനും അറസ്റ്റിലായിട്ടുണ്ട്. ഇയാളാണ് ഇഖ്‌റയെ ആശുപത്രിയില്‍ എത്തിക്കുന്നത്. പെണ്‍കുട്ടിയുടെ പിതാവ് മരിച്ചു പോയതാണെന്നും മാതാവ് അടുത്തില്ലെന്നും ആശുപത്രിയധികൃതരോട് പറഞ്ഞശേഷം അയാള്‍ അവിടെ നിന്നും രക്ഷപ്പെട്ടു പോവുകയായിരുന്നു.

കഴിഞ്ഞ ബുധനാഴ്ച്ചയാണ് പെണ്‍കുട്ടി മരണപ്പെടുന്നത്. പൊലിസ് അറിയിച്ചത് അനുസരിച്ചാണ് ആശുപത്രിയില്‍ എത്തുന്നതെന്നാണ് ഇഖ്‌റയുടെ പിതാവ് ബിബിസിയോട് പറയുന്നത്. കട്ടിലില്‍ ബോധമില്ലാതെ കിടക്കുകയായിരുന്നു കുട്ടി. കുറച്ച് സമയത്തിന് ശേഷം അവള്‍ മരണമടഞ്ഞുവെന്നു പിതാവ് പറയുന്നു.

എട്ടാമത്തെ വയസ് മുതല്‍ ഇഖ്‌റയെ വീട്ടുജോലിക്ക് അയക്കുമായിരുന്നു. തങ്ങള്‍ക്ക് വലിയ കടബാധ്യത ഉണ്ടായിരുന്നതുകൊണ്ടാണ് മകളെ ജോലിക്ക് അയച്ചിരുന്നതെന്നാണ് പിതാവ് പറയുന്നത്. 45 കാരനായ അയാള്‍ ഒരു കര്‍ഷകനാണ്. പലയിടങ്ങളില്‍ ജോലിക്ക് നിന്നശേഷമാണ്, ഇപ്പോള്‍ അവളുടെ ഘാതകരായ കുടുംബത്തിനൊപ്പം ചേര്‍ന്നത്. കുറ്റാരോപിതരായ ദമ്പതിമാര്‍ക്ക് എട്ട് മക്കളുണ്ട്. ഏകദേശം 2,200 രൂപയായിരുന്നു ഇഖ്‌റയ്ക്കു ദമ്പതിമാര്‍ മാസം കൊടുത്തിരുന്നത്.

വീട്ടില്‍ വച്ചിരുന്ന ചോക്ലേറ്റ് മോഷ്ടിച്ചു എന്നതായിരുന്നു ആ കൊച്ചു പെണ്‍കുട്ടിക്ക് മേല്‍ ദമ്പതിമാര്‍ ആരോപിച്ച കുറ്റം. അതിന്റെ പേരില്‍ അവര്‍ അവളെ സാരമായി ഉപദ്രവിച്ചിരുന്നുവെന്നാണ് പൊലീസിന് മനസിലാക്കാന്‍ സാധിച്ചത്. പെണ്‍കുട്ടി തുടര്‍ച്ചയായി പീഡനത്തിന് ഇരയായിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്, തങ്ങള്‍ക്ക് കിട്ടിയ ചില ചിത്രങ്ങള്‍ പ്രകാരം ഇഖ്‌റയുടെ കൈയിലും കാലിലും ഒന്നിലധികം ഒടിവുകള്‍ സംഭവിച്ചിരുന്നു. തലയിലും സാരമായി പരിക്കേറ്റിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമാണ് ഇഖ്‌റയ്ക്ക് സംഭവിച്ചതിന്റെ വ്യക്തമായ ചിത്രം കിട്ടു. അവളുടെ പൂര്‍ണമായ മെഡിക്കല്‍ ഫലങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നാണ് പൊലീസ് ബിബിസിയെ അറിയിച്ചത്.

ഇഖ്‌റ രണ്ട് വിഷയങ്ങളാണ് പാകിസ്താനില്‍ ചര്‍ച്ച ആക്കിയിരിക്കുന്നത്. ബാലവേലയും, വീട്ടുജോലിക്കാര്‍ നേരിടുന്ന പീഡനങ്ങളും. ബാലവേലയുമായി ബന്ധപ്പെട്ട് പാകിസ്താനില്‍ വ്യത്യസ്ത നിയമങ്ങളാണുള്ളത്. പഞ്ചാബ് പ്രവിശ്യയില്‍ 15 വയസില്‍ താഴെയുള്ളവരെക്കൊണ്ട് ജോലി ചെയ്യിക്കുന്നത് ശിക്ഷാര്‍ഹമാണ്.

എത്രയെത്ര കുട്ടികളാണ് തുച്ഛമായ പൈസയ്ക്ക് വേണ്ടി ഓരോ വീടുകളിലും അക്രമങ്ങള്‍ക്ക് വിധേയരാകുന്നത്, ദരിദ്രര്‍ തങ്ങളുടെ പെണ്‍മക്കളെ ഈ രീതിയില്‍ ശവക്കുഴികളിലേക്കു തള്ളിവിടുന്നത് എത്രനാള്‍ തുടരും? ആക്ടിവിസ്റ്റ് ഷെഹര്‍ ബാനോ എക്‌സില്‍ കുറിക്കുന്ന ചോദ്യമാണ്. വെറും ചോക്ലേറ്റിന്റെ പേരിലാണോ ആ കുഞ്ഞിനെ കൊന്നത്? എന്നായിരുന്നു മറ്റൊരു എക്‌സ് യൂസറിന്റെ ചോദ്യം. ഇത് വെറുമൊരു കുറ്റകൃത്യമല്ല, ദരിദ്രരെ നിസ്സാരരായി കണക്കാക്കാന്‍ സമ്പന്നരെ പ്രാപ്തരാക്കിയിരിക്കുന്ന വ്യവസ്ഥിതിയുടെ പ്രതിഫലനമാണ് ഇവിടെ കാണുന്നതെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ കണ്ട മറ്റൊരു പ്രതിഷേധ വാചകം. #JusticeForIkhra

സാധാരണ ഇത്തരം കേസുകള്‍ കോടതിയില്‍ എത്തുന്നതിന് മുമ്പ് തന്നെ ഒത്തുതീര്‍പ്പിലെത്തി അവസാനിക്കുകയാണ് പാകിസ്താനില്‍ പതിവ്. ഇതുപോലെ, ജനരോഷം ഉയരുന്ന ചില കേസുകള്‍ മാത്രമാണ് നീതിപീഠത്തിനു മുന്നിലേക്ക് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.  Pakistan 13 year old domestic worker girl dies after alleged torture over chocolates stealing, widespread protest 

Content Summary; Pakistan 13 year old domestic worker girl dies after alleged torture over chocolates stealing, widespread protest

×