രാജസ്ഥാനിലെ ജയ്‌സാൽമീറിൽ പ്രായപൂർത്തിയാകാത്ത പാകിസ്ഥാൻ ദമ്പതികളുടെ അഴുകിയ മൃതദേഹങ്ങൾ കണ്ടെത്തി. ജൂൺ 28 ന്, തനോട്ട് പ്രദേശത്തിന് സമീപത്തെ മരുഭൂമിയിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇരുവരും അനധികൃതമായി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കവെയാണ് മരണം സംഭവിച്ചത് എന്നാണ് വിവരം. ഇന്ത്യൻ അതിർത്തിക്കുള്ളിൽ നിന്ന് ഏകദേശം 15 കിലോമീറ്റർ അകലെയായാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ദാഹവും നിർജ്ജലീകരണവും മൂലമാണ് മരണമെന്നാണ് പ്രാഥമിക അന്വേഷണങ്ങൾ സൂചിപ്പിക്കുന്നത്. യുവാവിന്റെ വസ്ത്രത്തിൽ നിന്ന് രണ്ട് പാകിസ്ഥാൻ ദേശീയ തിരിച്ചറിയൽ കാർഡുകൾ കണ്ടെടുത്തിട്ടുണ്ട്. രവി കുമാർ (17), ശാന്തി ബായി (15) എന്നിങ്ങനെയാണ് രേഖയിലെ വിവരങ്ങൾ. രണ്ട് കാർഡുകളിലും ‘പാകിസ്ഥാൻ’ എന്ന് പരാമർശിച്ചിരുന്നു, മറുവശത്ത് ഉറുദു വാചകവും ഉണ്ടായിരുന്നു.
തനോട്ട് പോലീസ് സ്റ്റേഷനിൽ വിവരം ലഭിച്ചതിനെ തുടർന്ന് ജയ്സാൽമീർ പോലീസ് സൂപ്രണ്ട് സുധീർ ചൗധരിയുടെ നേതൃത്വത്തിലെ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്തെ ഒരു മരത്തിനടിയിൽ കിടക്കുന്ന നിലയിലായിരുന്നു യുവാവിന്റെ മൃതദേഹം. നീല സൽവാർ-കുർത്തയും മഞ്ഞ സ്കാർഫും മൊബൈൽ ഫോണും സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തു. ഏകദേശം 50 അടി അകലെയായി യുവതിയുടെ മൃതദേഹവും കണ്ടെത്തി. മഞ്ഞ ഘാഗ്ര-കുർത്തയാണ് അവർ ധരിച്ചിരുന്നത്. മുഖം തിരിച്ചറിയാനാകാത്ത വിധം അഴുകിയ നിലയിലായിരുന്നു ശരീരം, ഏകദേശം 8-10 ദിവസത്തെ പഴക്കമുണ്ട്. പാകിസ്ഥാനിൽ നിന്ന് വെള്ളം കൊണ്ടുപോകാൻ ഉപയോഗിച്ച ഒഴിഞ്ഞ ജെറി ക്യാനും മൃതദേഹങ്ങൾക്ക് സമീപത്ത് നിന്ന് കണ്ടെത്തി.
കാര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത്, എസ്പി ചൗധരിയുടെ നിർദ്ദേശപ്രകാരം, ഒരു എഫ്എസ്എൽ സംഘവും, എംഒബി സംഘവും, ജയ്സാൽമീർ സർക്കിൾ ഓഫീസറും സ്ഥലത്തെത്തി. പ്രദേശത്തിന്റെയും മൃതദേഹങ്ങളുടെയും ഫോട്ടോഗ്രാഫിയും വീഡിയോഗ്രാഫിയും ഉൾപ്പെടെ വിശദമായ പരിശോധന സംഘങ്ങൾ നടത്തി. പൊലീസും വിവിധ സുരക്ഷാ ഏജൻസികളും സമഗ്രമായ അന്വേഷണം നടത്തുന്നുണ്ട്. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഇരുവരും നാടുവിട്ടിറങ്ങിയതായാണ് ഹിന്ദു പാകിസ്ഥാൻ ഡിസ്പ്ലേസ്ഡ് യൂണിയൻ ആൻഡ് ബോർഡർ പീപ്പിൾസ് ഓർഗനൈസേഷന്റെ ജില്ലാ കോർഡിനേറ്റർ ദിലീപ് സിംഗ് സോധ ഇന്ത്യൻ എക്‌സ്‌പ്രസിനോട് വ്യക്തമാക്കിയത്. ഇന്ത്യയിലെ പാകിസ്ഥാൻ ന്യൂനപക്ഷ കുടിയേറ്റക്കാരുടെ അവകാശങ്ങൾക്കുവേണ്ടി വാദിക്കുന്ന ഒരു സംഘടനയാണ് ഹിന്ദു പാകിസ്ഥാൻ ഡിസ്പ്ലേസ്ഡ് യൂണിയൻ ഇന്ത്യയിലുള്ള ദമ്പതികളുടെ ഒരകന്ന ബന്ധുവിൽ നിന്നാണ് ഈ വിവരങ്ങൾ ലഭിച്ചത്.
ഇന്ത്യൻ അതിർത്തിയിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ നിന്നുള്ളവരാണ് ദമ്പതികൾ. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ഘോട്കി ജില്ലയിലെ മിർപൂർ മതേലോയിൽ നാല് മാസം മുമ്പ് ഇരുവരും വിവാഹിതരായി. ഇന്ത്യയിൽ സുരക്ഷിതമായ ജീവിതത്തിനായി ഇരുവരും ആഗ്രഹിച്ചിരുന്നു. ഒന്നര വർഷം മുമ്പ് ഇന്ത്യയിലേക്ക് വരാനായി വിസക്ക് അപേക്ഷിച്ചിരുന്നുവെങ്കിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതിനാൽ അപേക്ഷകൾ നിരസിക്കപ്പെട്ടു. തുടർന്നാണ് ഇരുവരും അനധികൃതമായി അതിർത്തി കടക്കാൻ തീരുമാനിച്ചത്. യുവാവിന്റെ വിസ അപേക്ഷയെക്കുറിച്ച് ജയ്സാൽമീറിലെ പ്രാദേശിക വിദേശ രജിസ്ട്രേഷൻ ഓഫീസിൽ (FRO) നിന്ന് പോലീസ് വിവരങ്ങൾ തേടിയിട്ടുണ്ടെന്ന് ജയ്സാൽമീർ സർക്കിൾ ഓഫീസർ രൂപ് സിംഗ് ഇൻഡ പറഞ്ഞു. മൃതദേഹങ്ങൾ അഴുകിയതിനാൽ പാകിസ്ഥാനിലേക്ക് അയയ്ക്കാൻ കഴിയില്ല. ഹിന്ദു പാകിസ്ഥാൻ ഡിസ്പ്ലേസ്ഡ് യൂണിയൻ ആയിരിക്കും സംസ്കാരം നടത്തുക. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ രാംഗഡിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
content summary: Pakistani couple trying to enter India die of dehydration in Rajasthan desert
Leave a Comment