January 18, 2025 |

വിധിയെഴുതാനൊരുങ്ങി പാലക്കാട്; ആര് വാഴും? ആര് വീഴും?

രാഷ്ട്രീയവിവാദങ്ങളുടെയും തിരിച്ചടികളുടെയും കൃത്യമായ ഉത്തരമായിരിക്കും നാളെ കേരളം കാണുന്ന വിധി

പാലക്കാട് നിയമസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം നടന്നതിന് പിന്നാലെ കേരള രാഷ്ട്രീയം കണ്ടത് അധികാരത്തിന്റെ ചരടുവലികളില്‍ നിറഞ്ഞ കടുത്ത മത്സരമാണ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ കെപിസിസി ഡിജിറ്റല്‍ മീഡിയ സംസ്ഥാന കണ്‍വീനര്‍ ഡോ. പി സരിന്‍ പരസ്യമായി രംഗത്തെത്തിയത് കോണ്‍ഗ്രസില്‍ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കി. പ്രതിപക്ഷനേതാവ് വി ഡി സതീശനെതിരെ രൂക്ഷവിമര്‍ശനമുണ്ടായതിനെ തുടര്‍ന്ന് സരിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. പിന്നീട് ഇടത്തേക്ക് തിരിഞ്ഞ് ചെങ്കൊടിയേന്തി പി സരിന്‍. ഇന്നലെ വരെ വിമര്‍ശിച്ച പാര്‍ട്ടിയെ പിന്തുണച്ച് കൊണ്ട് സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും സരിന്‍ വാര്‍ത്തയായി. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി സരിന്‍ ഇടതിനെ പിന്തുണച്ചപ്പോള്‍ ബിജെപി കളംമാറ്റി സി കൃഷ്ണകുമാറിനെ രംഗത്തിറക്കി. ത്രികോണ മത്സരത്തിന് തിരിതെളിഞ്ഞ നിമിഷമായിരുന്നു അത്. Palakkad byelection

മത്സരം ആരൊക്കെ തമ്മിലെന്ന് തീരുമാനമായപ്പോള്‍ പിന്നീട് പുതിയ പ്രതികരണങ്ങള്‍ക്കും വിവാദങ്ങള്‍ക്കും കേരളം സാക്ഷിയായി. കോണ്‍ഗ്രസില്‍ മുതിര്‍ന്ന നേതാക്കളെ അവഗണിക്കുന്നുവെന്ന സ്ഥിരം പല്ലവി തുടങ്ങിയിട്ട് കാലങ്ങളേറെയായി. അതിനിടെയാണ് കെ മുരളീധരനെ പാലക്കാട് സ്ഥാനാര്‍ത്ഥിയാക്കാന്‍ ശുപാര്‍ശ ചെയ്ത് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി കത്ത് അയയ്ക്കുന്നത്. ആ കത്ത് പുറത്തുവന്നതോടെ പാലക്കാട് പ്രചാരണത്തിന് മുരളീധരന്‍ എത്തില്ലെന്ന അഭ്യൂഹവും പരന്നു. കോണ്‍ഗ്രസില്‍ മൂവര്‍ സംഘത്തിന്റെ തീരുമാനങ്ങള്‍ മാത്രം നടപ്പിലാകുന്നുവെന്ന് തെളിയിക്കുന്ന രീതിയിലേക്ക് വിമര്‍ശനങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെയുണ്ടായി. എന്നാല്‍ വയനാട് ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഹുല്‍ ഗാന്ധിയെ പിന്തുണക്കാന്‍ മുരളീധരനെത്തിയതും വാര്‍ത്തകളില്‍ ഇടം പിടിച്ചു.

വിവാഹവേദിയെ രാഷ്ട്രീയം കലര്‍ത്തിയ നിമിഷവും കേരളം കണ്ടു. മുന്‍ കോണ്‍ഗ്രസ് നേതാവ് എ വി ഗോപിനാഥിനെ ഗൗനിച്ച ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടത്തിലും പി സരിനെ കണ്ട ഭാവം നടിച്ചില്ല. ആ പരിഭവത്തില്‍ സകലതും മറന്ന് സരിന്‍ വിളിച്ചുപറഞ്ഞു ‘ഞാന്‍ ഇപ്പുറത്തുണ്ട്’ കുറിക്ക് കൊള്ളുന്ന മറുപടി കരുതിവെച്ചിരുന്നു ഷാഫി. എപ്പോഴും അപ്പുറത്തുണ്ടാകണം എന്നതായിരുന്നു ആ മറുപടി.

കോണ്‍ഗ്രസ് അമിത ആത്മവിശ്വാസത്തില്‍ പ്രചാരണങ്ങള്‍ക്കും പ്രവര്‍ത്തനപരിപാടികള്‍ക്കും കച്ച കെട്ടിയിറങ്ങിയപ്പോഴാണ് നീല ട്രോളി ബാഗിന്റെ ദൃശ്യങ്ങള്‍ വാര്‍ത്തയാകുന്നത്. പാലക്കാട് ഹോട്ടലില്‍ താമസിച്ചിരുന്ന കോണ്‍ഗ്രസ് നേതാക്കളായിരുന്നു ലക്ഷ്യം. നേതാക്കള്‍ കള്ളപ്പണം കൊണ്ടുവന്നു എന്ന് ആരോപിച്ച് പോലീസ് ഹോട്ടലില്‍ റെയ്ഡ് നടത്തി. വനിത പോലീസില്ലാതെ വനിതാനേതാക്കളുടെ മുറി കയ്യേറി പരിശോധിച്ചത് പോലീസിന് വലിയ നാണക്കേടുണ്ടാക്കി. അവസാനം പോലീസിന് പണം കണ്ടെത്താനായില്ലെന്ന് എഴുതി നല്‍കേണ്ടിയും വന്നു.

കളി കഴിഞ്ഞിട്ടില്ലെന്ന് പറയും വിധം സന്ദീപ് വാരിയരെ ഇറക്കി കോണ്‍ഗ്രസ് തിരിച്ചടിച്ചു. കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കള്‍ ഒന്നടങ്കം രഹസ്യ ചര്‍ച്ച നടത്തി സന്ദീപിനെ പാര്‍ട്ടിയിലേക്ക് ക്ഷണിക്കുകയായിരുന്നു. ഈ ചര്‍ച്ചയില്‍ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായത്. സ്നേഹത്തിന്റെ കടയില്‍ നിന്ന് അംഗത്വമെടുക്കുന്നതായി സന്ദീപ് പ്രതികരിച്ചു. പിന്നീട് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചതിനെ തുടര്‍ന്ന് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രിയും രൂക്ഷവിമര്‍ശനവുമായെത്തി. ഇതിനെതിരെ യുഡിഎഫില്‍ കനത്ത പ്രതിഷേധമാണ് ഉടലെടുത്തത്.

Post Thumbnail
താരമായി വിനേഷ്; ഗോദയിലെ കരുത്ത് രാഷ്ട്രീയത്തിലുംവായിക്കുക

രാഷ്ട്രീയവിവാദങ്ങളുടെയും തിരിച്ചടികളുടെയും കൃത്യമായ ഉത്തരമായിരിക്കും നാളെ കേരളം കാണുന്ന വിധി. ഇന്ന് നിശബ്ദപ്രചാരണമാണ്. പ്രചാരണസമയത്ത് ആളുകള്‍ നിയമവിരുദ്ധമായി കൂട്ടം കൂടുകയോ യോഗങ്ങള്‍ സംഘടിപ്പിക്കാനോ പാടില്ലെന്ന നിര്‍ദേശമുണ്ട്. 1,94,706 വോട്ടര്‍മാരാണ് പാലക്കാട് മണ്ഡലത്തില്‍ വിധിയെഴുതുക. ഇതില്‍ 1,00,290 പേര്‍ സ്ത്രീ വോട്ടര്‍മാരാണ്. 2,445 പേര്‍ 18 വയസിനും 19 വയസിനും ഇടയിലുള്ളവരാണ്. പ്രവാസി വോട്ടര്‍മാര്‍ 200ലധികമുണ്ട്. 2000 ത്തിലധികം പേര്‍ 80 വയസിന് മുകളിലുള്ളവരാണ്.

നാടകീയ രംഗങ്ങള്‍ക്കും വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനും ഒടുവില്‍ പാലക്കാട് വിധിയെഴുത്തിന് ഒരുങ്ങി കഴിഞ്ഞു. കേരള രാഷ്ട്രീയം കണ്ടതില്‍ വെച്ച് ആവേശം നിറഞ്ഞ തെരഞ്ഞെടുപ്പ് തന്ത്രങ്ങളും ചരടുവലികളും ചുവടുമാറ്റങ്ങളും മലയാളികള്‍ നിരീക്ഷിക്കുന്ന മണ്ഡലമായി പാലക്കാട് തന്റെ വോട്ട് ആര്‍ക്ക് വേണമെന്ന് നിശ്ചയിക്കാന്‍ ഇനി നിമിഷങ്ങള്‍ മാത്രമാണുള്ളത്. പാലക്കാട്ടെ ചൂടുകാറ്റ് എങ്ങോട്ട് വീശുമെന്നറിയാന്‍ രാഷ്ട്രീയകേരളം ഇനി മണിക്കൂറുകള്‍ മാത്രം കാത്തിരുന്നാല്‍ മതി. Palakkad byelection

Content Summary; Palakkad byelection results on tomorrow

×