June 13, 2026 |

പാലക്കാട് തോല്‍വി: കെ സുരേന്ദ്രന്റെ പടിയിറക്കവും ശോഭാ സുരേന്ദ്രന്റെ കയറ്റവുമാകുമോ?

അപ്രതീക്ഷിത തോല്‍വിയുടെ അടിയൊഴുക്കുകളില്‍ ആടിയുലഞ്ഞ് കേരളത്തിലെ ബിജെപി

പാലക്കാട് നേരിട്ട പരാജയത്തില്‍ ബിജെപി കേരള ഘടകത്തില്‍ മുമ്പില്ലാത്ത വിധം ആഭ്യന്തരപ്പോര് ആളുകയാണ്. ശോഭാ സുരേന്ദ്രനെ പോലെ ജനസമ്മതിയുള്ള, കരുത്തയായ നേതാവിനെ തഴഞ്ഞതും, സ്ഥാനാര്‍ത്ഥിയായ സി കൃഷ്ണകുമാറിനോടുള്ള എതിര്‍പ്പുമാണ് പാലക്കാട് തോല്‍വിക്ക് കാരണമായതെന്ന ഒരു വിഭാഗത്തിന്റെ ആരോപണം ശക്തമാണ്. എന്നാല്‍ ബിജെപി ഭരിക്കുന്ന നഗരസഭയുടെ മോശം പ്രവര്‍ത്തനമാണ് ജനങ്ങളെ അകറ്റിയതെന്നാണ് സ്ഥാനാര്‍ത്ഥിയായ സി കൃഷ്ണകുമാര്‍ ഉള്‍പ്പെടെ മറുവിഭാഗം പറയുന്നത്. കഴിഞ്ഞ ഒമ്പത് വര്‍ഷത്തോളമായി ബിജെപി ഭരിക്കുന്ന നഗരസഭയില്‍ പല പദ്ധതികളും പാതിവഴിയിലായിരിക്കുകയാണെന്നാണ് കൃഷ്ണകുമാറിന്റെ ആരോപണം. അങ്ങാടിയില്‍ തോറ്റതിന് ഞങ്ങളോട് വേണ്ട എന്നാണ് നഗരസഭാധ്യക്ഷ പ്രമീള ശശിധരന്റെ പ്രതികരണം. നഗരസഭയില്‍ കഴിഞ്ഞ തവണത്തേതിനേക്കാള്‍ 10,671 വോട്ടുകളുടെ കുറവാണ് കൃഷ്ണകുമാറിന് നേരിടേണ്ടി വന്നത്.

2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ട പാലക്കാട് മണ്ഡലം ഇത്തവണത്തെ ഉപതിരഞ്ഞെടുപ്പില്‍ വീണ്ടെടുക്കാമെന്ന പ്രതീക്ഷിയിലായിരുന്നു ബിജെപി നേതൃത്വം. 2021ല്‍ വെറും 3,840 വോട്ടുകള്‍ക്കാണ് ഷാഫി പറമ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി മെട്രോമാന്‍ ഇ ശ്രീധരനെ പരാജയപ്പെടുത്തിയത്. വോട്ടുകളുടെ ഈ നിസാര അകലമാണ് പാലക്കാട് ബി.ജെ.പിയുടെ പ്രതീക്ഷകള്‍ക്ക് ഇക്കുറി മാറ്റുകൂട്ടിയത്.

2016 ല്‍ ആകട്ടെ 40,000 വോട്ടുകള്‍ക്കാണ് ആദ്യമായി ബിജെപിയെ ശോഭാ സുരേന്ദ്രന്‍ രണ്ടാം സ്ഥാനത്ത് എത്തിച്ചത്. മത്സരിച്ച തിരഞ്ഞെടുപ്പുകളിലെല്ലാം വോട്ട് വര്‍ധിപ്പിച്ച ചരിത്രമേ ഈ വനിതാ നേതാവിനുള്ളൂ. അതുകൊണ്ടുതന്നെ ശോഭാ സുരേന്ദ്രന്‍ ഇക്കുറിയും മത്സരിച്ചിരുന്നെങ്കില്‍ മണ്ഡലം പിടിക്കാന്‍ കഴിമായിരുന്നു എന്നാണ് നേതാക്കളില്‍ വലിയൊരു വിഭാഗവും പറയുന്നത്. ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ പാലക്കാട് ശോഭാ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തുടക്കം മുതല്‍ ആവശ്യമുന്നയിച്ച നേതാക്കളാണ് ഇപ്പോള്‍ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുന്നത്. സുരേന്ദ്രന്റെ മെന്ററായ മുന്‍ കേന്ദ്ര സഹമന്ത്രി വി മുരളീധരനും സുരേന്ദ്രനെതിരെ പരസ്യ പ്രസ്താവന നടത്തിക്കഴിഞ്ഞു. തോല്‍വിയുടെ കാരണത്തില്‍ സംസ്ഥാന പ്രസിഡന്റ് ഉത്തരം നല്‍കുമെന്നാണ് മുരളീധരന്റെ നിലപാട്. മുരളീധരന്‍ കൂടി കൈവിട്ടതോടെയാണ് രാജി സന്നദ്ധതയുമായി സുരേന്ദ്രന്‍ രംഗത്തെത്തിയത്. ബിജെപി കേന്ദ്ര നേതൃത്വത്തെയാണ് സുരേന്ദ്രന്‍ രാജിസന്നദ്ധത അറിയിച്ചത്. എന്നാല്‍ ആരോപണങ്ങളെ ശരിവയ്ക്കും തരത്തില്‍, രാജി സ്വീകരിക്കേണ്ടെന്ന നിലപാടാണ് ബിജെപി കേന്ദ്ര നേതൃത്വത്തിനുമുള്ളത്. സി കൃഷ്ണകുമാറിന്റെ ജയസാധ്യത ശോഭ സുരേന്ദ്രനും ശോഭയെ അനുകൂലിക്കുന്നവരും ചേര്‍ന്ന് അട്ടിമറിച്ചുവെന്നാണ് കെ സുരേന്ദ്രന്‍ പക്ഷം ആരോപിക്കുന്നത്. കണ്ണാടി മേഖലയില്‍ ശോഭാ സുരേന്ദ്രന്റെ ഡ്രൈവറുടെ നേതൃത്വത്തില്‍ വോട്ട് മറിച്ചുവെന്നും സുരേന്ദ്രന്‍ വിഭാഗം ആരോപിക്കുന്നു. അത് സുരേന്ദ്രന് പകരം ശോഭയെ പ്രസിഡന്റാക്കുന്നത് തടയാനുള്ള കുതന്ത്രമാണെന്ന ആക്ഷേപവുമുണ്ട്.

ഏതാനും നഗരസഭ കൗണ്‍സിലര്‍മാര്‍ കൃഷ്ണകുമാറിനെതിരെ പ്രവര്‍ത്തിച്ചെന്നും സുരേന്ദ്രന്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായി വിവരമുണ്ട്. ഇക്കാര്യങ്ങളെല്ലാം കേന്ദ്രനേതൃത്വം അന്വേഷിക്കണമെന്നാണ് സുരേന്ദ്രന്‍ പക്ഷം ആവശ്യപ്പെടുന്നത്. ബിജെപിയുടെ എ ക്ലാസ് മണ്ഡലത്തില്‍ അപ്രതീക്ഷിതമായ പരാജയമാണ് സി കൃഷ്ണകുമാര്‍ നേരിട്ടത്. ബിജെപി ഭരിക്കുന്ന നഗരസഭയില്‍ അടക്കം പാര്‍ട്ടിക്ക് വന്‍തോതില്‍ വോട്ട് ചോര്‍ച്ചയുമുണ്ടായി.

ഇതിനൊക്കെ പുറമെയാണ് പരാജയത്തിന് കാരണം സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിന്റെ ഭാര്യയുടെ അനാവശ്യ ഇടപെടലുകളാണെന്ന ആരോപണവും. ജാതിനിര്‍മാര്‍ജനത്തെക്കുറിച്ചുള്ള വലിയ ചര്‍ച്ചകള്‍ നടക്കുമ്പോഴും കേരളത്തില്‍ ഇപ്പോഴും ജാതി കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു കൃഷ്ണകുമാറിന്റെ ഭാര്യയുടെ ഫേസ്ബുക് പോസ്റ്റ്. പാലക്കാട് നഗരസഭയില്‍ ചെയര്‍പേഴ്സന്റേയും വൈസ് ചെയര്‍മാന്റെയും ജാതി പറഞ്ഞ് ആശംസകള്‍ നേരുകയായിരുന്നു കൊപ്പം വാര്‍ഡില്‍നിന്ന് വിജയിച്ച കൗണ്‍സിലറും കൃഷ്ണകുമാറിന്റെ ഭാര്യയുമായ വി എസ് മിനി മോള്‍. എന്നാല്‍ വിവാദമായതോടെ പോസ്റ്റ് പിന്നീട് എഡിറ്റ് ചെയ്യുകയായിരുന്നു. മിനിമോളുടെ ഇത്തരത്തിലുള്ള ഇടപെടലുകളില്‍ പലപ്പോഴും ബിജെപിയുടെ പാലക്കാട്ടെ മുതിര്‍ന്ന നേതാക്കള്‍ക്കുള്‍പ്പെടെ അതൃപ്തി ഉണ്ടായിരുന്നു.

സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ സന്ദീപ് വാര്യരുടെ കോണ്‍ഗ്രസിലേക്കുള്ള പ്രവേശനം വരെ ബിജെപിയുടെ പരാജയത്തിന് കാരണമായതായാണ് വിലയിരുത്തല്‍. തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ നേതൃത്വത്തോട് ഇടഞ്ഞ സന്ദീപ് വാര്യരെ അനുനയിപ്പിക്കാന്‍ പോലും സംസ്ഥാന നേതൃത്വം തയ്യാറാകാത്തതിലും സുരേന്ദ്രന്‍ മറുപടി പറയേണ്ടി വരും. കൂടാതെ പ്രമുഖ നേതാക്കളെ പ്രചാരണത്തില്‍ ഉള്‍പ്പെടെ വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്താനും സുരേന്ദ്രന്‍ തയ്യാറായില്ലെന്നതും ഇതിനോടകം വലിയ ചര്‍ച്ചയായിട്ടുണ്ട്.  Palakkad bypoll aftermath bjp inter conflict, K Surendran, Sobha Surendran rift

Content Summary; Palakkad bypoll aftermath bjp inter conflict, K Surendran, Sobha Surendran rift

രാജേശ്വരി പി ആര്‍

രാജേശ്വരി പി ആര്‍

അഴിമുഖം ചീഫ് സബ് എഡിറ്റര്‍

More Posts

Leave a Reply

Your email address will not be published. Required fields are marked *

×