June 04, 2026 |

‘ഇങ്ങനെയൊരു എംഎൽഎ പാലക്കാടിന് ആവശ്യമില്ല, കോൺ​ഗ്രസിനുള്ളിലെ വിഷം ഷാഫി’

മണ്ഡലത്തിൽ സജീവമാകാനുള്ള രാഹുലിൻ്റെ തന്ത്രം നടക്കില്ലെന്ന് ഡിവൈഎഫ്ഐ

എതിർപ്പുകളെ അവ​ഗണിച്ച് നിയമസഭയിലെത്തിയതിന് പിന്നാലെ പാലക്കാടും സജീവമാകാനൊരുങ്ങി മുൻ യൂത്ത് കോൺ​ഗ്രസ് പ്രസിഡൻ്റും എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിൽ. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ഔദ്യോ​ഗിക വാട്ട്സ്ആപ്പ് ​ഗ്രൂപ്പ് വീണ്ടും ആക്ടീവായിട്ടുണ്ട്. വിവിധ ആവശ്യങ്ങൾ അറിയിച്ച് റവന്യു മന്ത്രി കെ. രാജനു നിവേദം കൈമാറിയതിന്റെ വിവരങ്ങൾ വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവച്ചു. ഈ ആഴ്ച തന്നെ മണ്ഡലത്തിലേക്ക് രാഹുൽ എത്തുമെന്നാണ് ലഭിക്കുന്ന വിവരം. അതിന് മുന്നോടിയായാണ് വാട്സ്ആപ്പ് ഗ്രൂപ്പ് ഉൾപ്പെടെ സജീവമാക്കിയത്.

രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് എത്തുന്നതിൽ ശക്തമായ എതിർപ്പാണ് സിപിഎമ്മും ബിജെപിയും ഉയർത്തുന്നത്. ഇങ്ങനെയൊരു എംഎൽഎയെ പാലക്കാടിന് ആവശ്യമില്ലെന്നും പൊതുപരിപാടികളിൽ രാഹുൽ പങ്കെടുത്താൽ ഡിവൈഎഫ് തടയുമെന്നും ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ആർ. ജയദേവൻ അഴിമുഖത്തോട് പറഞ്ഞു.

‘ഇത്രയും വലിയ ആഭാസം ചെയ്ത ഒരാളെ കോൺ​ഗ്രസ് സംരക്ഷിക്കുകയാണ് ചെയ്യുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ – ഷാഫി പറമ്പിൽ ​ഗ്രൂപ്പിനെ കോൺ​ഗ്രസ് ഭയപ്പെടുകയാണെന്നത് വ്യക്തമാക്കുന്ന കാര്യങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. അതുകൊണ്ടാണ് നിയമസഭയിൽ വരാൻ പാടില്ലായെന്ന് കത്ത് കൊടുത്തിട്ടും രാഹുൽ നിയമസഭയിലെത്തിയത്. പിന്നീട് നിയമസഭയിൽ നിന്നും ഇറങ്ങിപോകാൻ വീണ്ടും കത്ത് നൽകേണ്ടി വന്നു.

ഇനി എന്ത് തന്നെ സംഭവിച്ചാലും ഞങ്ങൾ ഇങ്ങനെ തന്നെ മുന്നോട്ട് പോകുമെന്ന തരത്തിലേക്കാണ് കോൺ​ഗ്രസ് രാഷ്ട്രീയം നീങ്ങുന്നത്. പാലക്കാടിലെ പ്രാദേശിക കോൺ​ഗ്രസ് നേതൃത്വത്തിന് രാഹുൽ വരുന്നതിന് എതിർപ്പുണ്ടെങ്കിലും, ആ എതിർപ്പ് പരസ്യമായി പറയാൻ കഴിയാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ മാറിയിരിക്കുന്നു. ഡിസിസി പ്രസിഡൻ്റിൻ്റെ വാർത്താസമ്മേളനത്തിൽ നിന്നും നമുക്ക് മനസിലാക്കാൻ കഴിയുന്നതും അത് തന്നെയാണ്.

രാഹുൽ പാലക്കാട് വരണമെന്നും എല്ലാ കാര്യങ്ങളിലും സജീവമായി ഇടപെടണമെന്നുള്ള പൊതുവായ സന്ദേശം കോൺ​ഗ്രസ് നൽകുന്നുണ്ട്. രാഹുലിനെ പോലെ ഇത്രയും മോശമായ പശ്ചാത്തലമുള്ളയാളെ കോൺ​ഗ്രസ് സംരക്ഷിക്കേണ്ടി വരിക എന്നത് ദയനീയമായ അവസ്ഥയാണ്. അതേസമയം, പൊതുജനങ്ങൾ ഇതെല്ലാം മനസിലാക്കുന്നുണ്ട് എന്ന് അവർ ഓർക്കേണ്ടതുണ്ട്. രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാടെത്തി പൊതുപരിപാടികളിൽ പങ്കെടുത്താൽ അത് ഡിവൈഎഫ്ഐ തടയുക തന്നെ ചെയ്യും.

ഇങ്ങനെയൊരു എംഎൽഎയെ പാലക്കാടിന് ആവശ്യമില്ല. പൊതുജനങ്ങൾക്കുൽപ്പെടെ ഭീഷണിയായിട്ടുള്ള എംഎൽഎ പാലക്കാട് പൊതുപരിപാടിയിൽ പങ്കെടുക്കുന്നത് ജനങ്ങൾക്ക് വെല്ലുവിളിയാണ്. ആ വെല്ലുവിളിക്ക് സംരക്ഷണം നൽകാൻ ശ്രമിക്കുന്ന കോൺ​ഗ്രസിനെയാണ് ഞങ്ങൾ ഒറ്റപ്പെടുത്തുന്നത്. അതുകൊണ്ടാണ് ജനങ്ങളെ അണിനിരത്തി രാഹുലിനെ തടയുമെന്ന് അറിയച്ചത്.

വി.ഡി സതീശൻ്റെ കാര്യം നോക്കുകയാണെങ്കിൽ അദ്ദേഹം ഇപ്പോൾ സൈബർ ആക്രമണം നേരിടുകയാണ്. കോൺ​ഗ്രസിലെ മിക്ക നേതാക്കളും പരസ്യമായി മുന്നോട്ട് വരാത്തതിൻ്റെ പ്രധാന കാരണം അവർക്കെതിരെ കോൺ​ഗ്രസിൽ നിന്ന് തന്നെയുണ്ടാകുന്ന സൈബർ ആക്രമണത്തെ ഭയന്നാണ്. രാഹുലിനെതിരെ പരസ്യമായി രം​ഗത്ത് വരാത്തതിനും കാരണമിതാണ്. രാഹുലിനെ തള്ളിപ്പറഞ്ഞവർക്കെതിരെ കടുത്ത സൈബർ ആക്രമണം നടക്കുകയും പാർട്ടിക്കുള്ളിലെ ചിലർ തന്നെ അവരെ സംരക്ഷിക്കുകയും ചെയ്യുന്ന മോശമായ അവസ്ഥയാണ് കോൺ​ഗ്രസിനുള്ളിലുള്ളത്.

ഇതിലെല്ലാം തന്നെ ഷാഫി പറമ്പലിൻ്റെ കൈകളുണ്ട് എന്നത് വ്യക്തമാണ്. യഥാർത്ഥത്തിൽ കോൺ​ഗ്രസിനുള്ളിലെ വിഷം ഷാഫി പറമ്പിൽ തന്നെയാണ്. മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ എല്ലാത്തിനും ഷാഫിക്ക് നൂറ് നാവാണ്. എന്നാൽ ഇന്ന് വരെ രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ ഷാഫി രാഹുലിനെതിരെ ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല. രാഹുൽ മാങ്കൂട്ടത്തിൽ – ഷാഫി പറമ്പിൽ ​ഗ്രൂപ്പാണ് കോൺ​ഗ്രസിനെ നിയന്ത്രിക്കുന്നതെന്ന് ഇതിൽ നിന്നെല്ലാം മനസിലാക്കാൻ സാധിക്കും.

ഒരു രാഷ്ട്രീയ നാടകത്തിനാണ് രാഹുലും ഷാഫിയുമെല്ലാം തിരക്കഥയൊരുക്കുന്നത്. വളരെ ബോധപൂർവ്വം ജനങ്ങൾക്കിടയിൽ സഹതാപമുണ്ടാക്കി അതുവഴി ഇപ്പോഴുണ്ടായിരിക്കുന്ന കളങ്കത്തെ മായ്ക്കാനാണ് അവരുടെ ശ്രമം. മണ്ഡലത്തിലെത്തി പൊതുപരിപാടികളിൽ പങ്കെടുത്താൽ ഉറപ്പായും അത് തടയും,’ ആർ. ജയദേവൻ അഴിമുഖത്തോട് പറഞ്ഞു.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ ജില്ലയിലെത്തുന്നതു സംബന്ധിച്ച് വിവരമൊന്നും ലഭിച്ചില്ലെന്നാണ് ഡിസിസി പ്രസിഡൻ്റ് എ. തങ്കപ്പൻ പറഞ്ഞതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Content Summary: Palakkad DYFI slammed Rahul Mankootathil’s strategy to become active in the constituency

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×