ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ പലസ്തീന്‍ സൈക്ലിസ്റ്റിനും ദാരുണാന്ത്യം. ഒരു ദശാബ്ദം മുന്‍പ് ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കാല്‍ നഷ്ടപ്പെട്ട അഹ്‌മദ് അല്‍-ദാലിയാണ് ഈയാഴ്ച്ച നടന്നൊരു വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത്. പാരാ സൈക്ലിംഗ് ടീമായ ഗാസ സണ്‍ബേര്‍ഡ്‌സിലെ അംഗമായിരുന്നു 33 കാരനായ ദാലി. ഇയളൊരു പാര ഫുട്‌ബോളര്‍ കൂടിയായിരുന്നു. ഒരു കാല്‍ നഷ്ടപ്പെട്ടെങ്കിലും അതില്‍ തളരാതെ, കായികരംഗത്ത് തന്റെ പേര് പതിക്കണം എന്നാഗ്രഹിച്ച ചെറുപ്പക്കാരനായിരുന്നു ദാലി. അതിനുവേണ്ടി അയാള്‍ പരിശ്രമിച്ചു. ഇസ്രയേല്‍ ആക്രമണത്തിന്റെ ഇരകളില്‍ ഒരു നമ്പര്‍ ആയി അറിയപ്പെടാന്‍ ദാലി ഒരിക്കലും തയ്യാറായിരുന്നില്ലെന്നാണ് ഗാസ സണ്‍ബേര്‍ഡ്‌സിന്റെ സഹ സ്ഥാപകനായ കരിം ആലി പറയുന്നത്. 2020 ല്‍ സ്ഥാപിതമായ ഈ സംഘത്തില്‍ സജീവമായിരുന്നു ദാലി. ഇനിയും അദ്ദേഹത്തോടുള്ള ബഹുമാനം നമുക്ക് തുടരേണ്ടതുണ്ടെന്നായിരുന്നു ദാലി അനുസ്മരിച്ച് കരീം പറഞ്ഞത്.
2014 ല്‍ നടന്ന ഇസ്രയേല്‍ വ്യോമാക്രമണത്തിലായിരുന്നു ദാലിക്ക് കാല്‍ നഷ്ടപ്പെട്ടത്. അന്നത്തെ ആക്രമണത്തില്‍ ദാലി കൊല്ലപ്പെട്ടുവെന്നായിരുന്നു എല്ലാവരും കരുതിയത്. അദ്ദേഹത്തിന്റെ ശരീരം മോര്‍ച്ചറിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. പിന്നീടാണ് ജീവനുണ്ടെന്ന് തിരിച്ചറിയുന്നത്.
ഭാര്യയും നാല് കുട്ടികളും അടങ്ങുന്നതായിരുന്നു ദാലിയുടെ കുടുംബം. യുദ്ധത്തില്‍ മാരകമായ വൈകല്യം ഏല്‍ക്കേണ്ടി വന്ന ആളായിട്ടും പലസ്തീന്‍ ഭരണകൂടത്തിന്റെ ആനുകൂല്യമൊന്നും ദാലിക്ക് ലഭിച്ചിരുന്നില്ല. കുടുംബം പോറ്റാന്‍ അയാള്‍ ഒരു മെക്കാനിക്കായി ജോലി നോക്കുകയായിരുന്നു. തുച്ഛമായ വരുമാനം മാത്രമായിരുന്നു കിട്ടിയത്. ജീവതത്തിന്റെ പ്രതിസന്ധി ആ ചെറുപ്പക്കാരനെ വലിഞ്ഞു മുറുക്കിയപ്പോഴും സ്‌പോര്‍ട്‌സിനോടുള്ള താത്പര്യം അയാള്‍ ഉപേക്ഷിച്ചിരുന്നില്ല.
ഒക്ടോബര്‍ 7 ലെ ഹമാസ് ആക്രമണത്തിന് പിന്നാലെ ഇസ്രയേല്‍ ഗാസയില്‍ അതിദുരിതം വിതച്ച് തുടങ്ങിയത് ദാലിയുടെ ജീവിതം പിന്നെയും ദാരുണമാക്കി. ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ദാലിക്ക് സ്വന്തം വീട് നഷ്ടപ്പെട്ടു. അയാളും കുടുംബവും നിരാലംബരായി. മറ്റുള്ളവരുടെ ദയയില്‍ മാത്രം ജീവിക്കേണ്ടി അവസ്ഥയെത്തി.
തിങ്കളാഴ്ച്ച ഖാന്‍ യൂനുസില്‍ ഉണ്ടായ വ്യോമാക്രമണത്തിലാണ് ദാലി കൊല്ലപ്പെടുന്നത്. ചൊവ്വാഴ്ച്ചയും തുടര്‍ന്ന ഇസ്രയേല്‍ ആക്രമണത്തില്‍ ഏകദേശം 85 പലസ്തീനികളാണ് കൊല്ലപ്പെട്ടത്. ദാലി കൊല്ലപ്പെട്ട തിങ്കളാഴ്ച്ച രാവിലെ ഏകദേശം 30 വ്യോമാക്രമണങ്ങള്‍ ഇസ്രയേലിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ടെന്നാണ് പലസ്തീന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഗാസ സണ്‍ബേര്‍ഡ്‌സിലുള്ള എല്ലാവരുടെയും ജീവിതം ചിന്തിക്കാനാവാത്തവിധം നരകതുല്യമായിരുന്നുവെന്നാണ് കരീം അലി പറയുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷമായി ക്ലബ്ബിലെ അംഗങ്ങളുടെ ജീവിതം സങ്കല്‍പ്പിക്കാനാവാത്ത വിധം നരകതുല്യമായിരുന്നു. അവര്‍ക്ക് സ്വന്തമായി ഭക്ഷണം കണ്ടെത്താനുള്ള വഴിപോലുമില്ലായിരുന്നു. ചര്‍മരോഗങ്ങളടക്കം അവരെ വലച്ചിരുന്നു. ചികിത്സിക്കാന്‍ വഴിയില്ലായിരുന്നു. കൃത്രിമ ശരീര അവയം കേടുപറ്റിയാല്‍ നന്നാക്കാന്‍ പോലും കഴിയില്ലായിരുന്നു’ കരീം പറയുന്നു. അഹ്‌മദ് ദാലിക്ക് സൈക്ലിംഗ് വളരെ ഇഷ്ടമായിരുന്നു. അതിലന് എന്തെങ്കിലുമൊക്ക ചെയ്യണമെന്നുണ്ടായിരുന്നു. ജീവിതം അത്രമേല്‍ ബുദ്ധിമുട്ടായിരുന്നുന്നപ്പോഴും തന്റെ ലക്ഷ്യത്തില്‍ നിന്നവന്‍ വ്യതിചലിച്ചിരുന്നില്ല എന്നു കൂടി പറയുന്നു കരീം.
ഗാസ സണ്‍ബേര്‍ഡ്‌സിനെ കുറിച്ച് ഡോക്യുമെന്ററി തയ്യാറാക്കിയ ഫ്‌ളാവിയ കപ്പെല്ലിനിയും ദാലിയെക്കുറിച്ച് അനുസ്മരിക്കുന്നുണ്ട്. നാണംകുണുങ്ങിയും അതേസമയം ഉത്സാഹവാനുമായി ചെറുപ്പക്കാരനെന്നാണ് ദാലിയെ ഫ്‌ളാവിയ ഓര്‍ക്കുന്നത്. കുടുംബത്തോട് പ്രതിബദ്ധയുള്ളവനായിരുന്നു. എന്നാല്‍ കുടുംബം പുലര്‍ത്താന്‍ തന്റെ വൈകല്യം വച്ച് ഒരു തൊഴില്‍ കണ്ടെത്താന്‍ അയാള്‍ ഒരുപാട് ബുദ്ധിമുട്ടിയെന്നും ഫ്‌ളാവിയ ഓര്‍ക്കുന്നു. ‘വൈകല്യമുള്ളവര്‍ക്ക് അവസരം നല്‍കാത്ത ഒരു സ്ഥലത്ത് നിങ്ങള്‍ എങ്ങനെയാണ് ജോലി ചെയ്യുന്നത്? അത് അദ്ദേഹത്തെ വേദനിപ്പിച്ചിരുന്നു, പ്രത്യേകിച്ച് അദ്ദേഹത്തിന്റെ കായിക മോഹങ്ങളുടെ കാര്യത്തില്‍. ആ യാഥാര്‍ത്ഥ്യം അദ്ദേഹത്തെ വല്ലാതെ ബാധിച്ചിരുന്നു’ സംവിധായിക പറയുന്നു.
ജീന്‍സ് ധരിച്ചായിരുന്നു അദ്ദേഹം സൈക്കിള്‍ ചവിട്ടിയിരുന്നത്, അതിനായുള്ള പ്രത്യേക വസ്ത്രം അദ്ദേഹത്തിനില്ലായിരുന്നു. എന്നിട്ടും അദ്ദേഹം സൈക്ലിംഗ് വല്ലാതെ ആസ്വദിച്ചിരുന്നു. സാഹചര്യം മൊത്തത്തില്‍ അയാള്‍ക്ക് എതിരായിരുന്നുവെങ്കിലും ജീവിതത്തിലും സൈക്ലിംഗിലും ഒരുപോലെ മുന്നേറാനായിരുന്നു അയാള്‍ ആഗ്രഹിച്ചിരുന്നത്’ ഫ്‌ളാവിയ പറയുന്നു.
കഴിഞ്ഞ 16 മാസത്തിനിടെ, സണ്‍ബേര്‍ഡ്‌സ് ഗാസ മുനമ്പിലുടനീളം 450,000 ഡോളറിന്റെ സഹായം വിതരണം നടത്തിയിട്ടുണ്ടെന്നാണ് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. Palestinian cyclist who lost leg in Israeli attack one decade ago killed in new strike
Content Summary; Palestinian cyclist who lost leg in Israeli attack one decade ago killed in new strike
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.