എബിവിപിക്കാരുടെ ഭീഷണിക്കിടയിലും പഞ്ചാബ് യൂണിവേഴ്‌സിറ്റിയില്‍ സീമ ആസാദ് വേഷംമാറിയെത്തി

ആള്‍മാറാട്ടം നടത്തിയതിന് സീമ ആസാദിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് എബിവിപി

പഞ്ചാബ് സര്‍വകലാശാലയില്‍ സംസാരിക്കുന്ന സീമ ആസാദ്‌

എബിവിപിക്കാരുടെ ഭീഷണിക്കിടയിലും സാമൂഹിക പ്രവര്‍ത്തക സീമ ആസാദ് വേഷംമാറി പഞ്ചാബ് സര്‍വകലാശാലയിലെ സെമിനാറില്‍ പങ്കെടുത്തു. സീമ പങ്കെടുത്താല്‍ ചടങ്ങ് അലങ്കോലപ്പെടുത്തുമെന്നായിരുന്നു എബിവിപിയുടെ ഭീഷണി.

ഒരു സിഖ് വനിതയെന്ന് തോന്നിപ്പിക്കും വിധം തലപ്പാവ് ധരിച്ചാണ് സീമ എത്തിയത്. വ്യാഴാഴ്ച ഛണ്ഡിഗഡില്‍ എത്തിയ അവര്‍ വെള്ളിയാഴ്ച പുലര്‍ച്ചെ ആറുമണിയോടെയാണ് പഞ്ചാബ് സര്‍വകലാശാലയില്‍ എത്തിയത്. അന്നത്തെ ദിവസം മുഴുവന്‍ അവര്‍ സര്‍വകലാശാലയിലുണ്ടായിരുന്നെങ്കിലും തുടര്‍ച്ചയായി സ്ഥലം മാറിക്കൊണ്ടിരുന്നതായി ഒരു വിദ്യാര്‍ത്ഥി അറിയിച്ചു. ഹരിയാനയിലെ നാരി മുക്തി മഞ്ച് പ്രവര്‍ത്തക കുരിതി എന്നാണ് സിമയെ ക്യാമ്പസില്‍ പരിചയപ്പെടുത്തിയത്.

പതിനാല് മിനിറ്റാണ് അവര്‍ സംസാരിച്ചത്. ‘വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നാം എല്ലാം പഠിക്കുന്നുവെന്നും എന്നാല്‍ ജീവിതത്തില്‍ നിന്ന് പഠിക്കുന്നതെല്ലാം ഈ വിദ്യാഭ്യാസത്തിലേക്ക് പ്രാവര്‍ത്തികമാക്കേണ്ടത് സമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് ആവശ്യമാണ്’- അവര്‍ തന്റെ പ്രസംഗത്തില്‍ പറഞ്ഞു. വളര്‍ന്നുവരുന്ന ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ തെരുവുകളില്‍ പ്രക്ഷോഭം നടത്താനും അവര്‍ ആവശ്യപ്പെട്ടു.

അതേസമയം സീമ ആസാദിനെയും കാത്ത് സെമിനാര്‍ ഹാളിന് സമീപം നിന്നിരുന്ന എബിവിപി പ്രവര്‍ത്തകര്‍ക്ക് അവരെ തിരിച്ചറിയാന്‍ സാധിച്ചില്ല. ‘അവര്‍ക്ക് ഒരു കള്ളിയെ പോലെയാണ് ക്യാംപസില്‍ പ്രവേശിക്കാനായതെന്നും സിക്ക് വനിതയായി ആള്‍മാറാട്ടം നടത്തിയതിന് അവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും എബിവിപി സംസ്ഥാന പ്രസിഡന്റ് സൗരഭ് കപൂര്‍ അറിയിച്ചു. അതേസമയം തങ്ങള്‍ സീമ ആസാദിനെ ക്യാംപസില്‍ കണ്ടില്ലെന്ന് ഡിഎസ്പി രാം ഗോപാല്‍ അറിയിച്ചു. ‘അവര്‍ ക്യാംപസില്‍ പ്രവേശിച്ചെങ്കില്‍ അത് തടയേണ്ടത് പഞ്ചാബ് സര്‍വകലാശാല അധികൃതരുടെ ഉത്തരവാദിത്വമായിരുന്നു’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ ജോലി നിയമ പാലനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സര്‍വകലാശാല അധികൃതര്‍ സെമിനാറിന് അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ എസ്എഫ്എസ് പ്രവര്‍ത്തകര്‍ വൈസ് ചാന്‍സിലര്‍ അരുണ്‍ കുമാര്‍ ഗ്രോവരിന്റെ ഓഫീസിന് പുറത്ത് ഒത്തുചേരുകയും മുദ്രാവാക്യം വിളിക്കുകയും ഫാസിസത്തെക്കുറിച്ച് സെമിനാര്‍ സംഘടിപ്പിക്കുകയും ചെയ്തു. സിഖ് യൂത്ത് ഓഫ് പഞ്ചാബ്, യുണൈറ്റഡ് അകാലിദള്‍, ദല്‍ ഖല്‍സ, ഭാരതി കിസാന്‍ യൂണിയന്‍, സിപിഐ, സിപിഎം തുടങ്ങിയ പാര്‍ട്ടികളുടെ പ്രതിനിധികളും ബിജെപിക്കും എബിവിപിക്കുമെതിരെ നടത്തിയ സെമിനാറില്‍ പങ്കെടുക്കുകയും ചെയ്തു.

അക്കാദമിക് സ്വാതന്ത്ര്യത്തിന് പേരുകേട്ട പഞ്ചാബ് സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ സ്വതന്ത്ര ചിന്തകള്‍ പ്രകടിപ്പിക്കാന്‍ അവകാശം നിഷേധിക്കുന്നുവെന്നത് തന്നെ അത്ഭുതപ്പെടുത്തുന്നതായി ഭഗത് സിംഗിന്റെ അനന്തരവന്‍ ജഗ്മോഹന്‍ സിംഗ് പറഞ്ഞു. ആര്‍ക്കെങ്കിലും പ്രവേശനം നിഷേധിക്കുന്നതിലൂടെയും ഏതെങ്കിലും സെമിനാര്‍ തടത്താന്‍ അനുവദിക്കാത്തതിലൂടെയും സര്‍ക്കാര്‍ തങ്ങളുടെ ഭയമാണ് പ്രകടിപ്പിക്കുന്നതെന്ന് ചരിത്രകാരനും സാമൂഹിക പ്രവര്‍ത്തകനുമായ അജ്മീര്‍ സിംഗ് കുറ്റപ്പെടുത്തി.

അഴിമുഖം ഡെസ്ക്:
Related Post
Leave a Comment