ആര്‍ എസ് എസ് എന്ന ഓപ്ഷന്‍ വന്ന രണ്ട് ചോദ്യങ്ങള്‍ പരീക്ഷയ്ക്ക് തയ്യാറാക്കിയ അധ്യാപികയ്ക്ക് സര്‍വകലാശാല വക ആജീവനാന്ത വിലക്ക്. തന്റെ ബാക്കിയുള്ള ഔദ്യോഗിക ജീവിതത്തില്‍ പരീക്ഷകളുമായി ബന്ധപ്പെട്ട് യാതൊരുവിധ ഉത്തരവാദിത്തവും ഇനിമേല്‍ അധ്യാപികയ്ക്ക് വഹിക്കാനാവല്ല.
കാര്യം വിശദമാക്കാം; സംഭവം ഉത്തര്‍പ്രദേശിലാണ്. വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എബിവിപിയുടെ പരാതിയിലാണ് അധ്യാപിക ശിക്ഷിക്കപ്പെട്ടിരിക്കുന്നത്. ദേശവിരുദ്ധ ചോദ്യങ്ങള്‍ തയ്യാറാക്കിയെന്ന ഗൂരുതരമായ കുറ്റമാണ് അധ്യാപികയ്ക്കുമേല്‍ അഖില ഭാരതിയ വിദ്യാര്‍ത്ഥി പരിഷത്ത് ചാര്‍ത്തുന്നത്. മാതൃസംഘടനയായ ആര്‍എസ്എസിനെ ‘അപമാനിച്ചു എന്നാണ് എബിവിപിയെ ചൊടിപ്പിച്ചത്. പരാതി സ്വീകരിച്ച് സര്‍വകലാശാല കടുത്ത നടപടിയും സ്വീകരിച്ചു.
മീറ്ററില്‍ സ്ഥിതി ചെയ്യുന്ന കോളേജിലെ പ്രൊഫസറായ സീമ പന്‍വാറാണ് ശിക്ഷിക്കപ്പെട്ട അധ്യാപക. എബിവിപിയുടെ പ്രതിഷേധവും പരാതിയും അംഗീകരിച്ച് സര്‍ക്കാരിനു കീഴിലുള്ള ചൗധരി ചരണ്‍ സിംഗ് സര്‍വകലാശാലയാണ് എല്ലാ പരിക്ഷ ജോലികളില്‍ നിന്നും സീമയെ ആജീവനാന്ത കാലത്തേക്ക് ഡീബാര്‍ ചെയ്യാന്‍ ഉത്തരവിട്ടത്. പശ്ചിമ യുപിയിലെ ഏറ്റവും പ്രമുഖമായ സര്‍വകലാശാലയാണ് ചൗധരി ചരണ്‍ സിംഗ് സര്‍വകലാശാല. ഇനി മുതല്‍ പരീക്ഷയ്ക്കുള്ള ചോദ്യപേപ്പറുകള്‍ തയ്യാറാക്കാന്‍ സീമയ്ക്ക് അനുവാദം ഉണ്ടാകില്ലെന്നാണ് സര്‍വകലാശാല രജിസ്ട്രാര്‍ ധീരേന്ദ്ര കുമാര്‍ വര്‍മ ദി വയ്‌റിനോട് പറഞ്ഞത്.
അവസാന വര്‍ഷ എം എ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥികള്‍ക്കായി ഏപ്രില്‍ 2 ന് നടത്തിയ ‘ ഇന്ത്യയിലെ സംസ്ഥാന രാഷ്ട്രീയം’ എന്ന പേപ്പറില്‍ വന്ന രണ്ടു ചോദ്യങ്ങളാണ് സംഘപരിവാര്‍ വിദ്യാര്‍ത്ഥി സംഘടനയെ വിറളി പിടിപ്പിച്ചത്.
87 മത്തെ ചോദ്യം ഇങ്ങനെയായിരുന്നു. ഇവയില്‍ ഏതാണ് സാമൂഹ്യവ്യവസ്ഥയെ ഉള്‍ക്കൊള്ളാത്ത-സമൂഹത്തില്‍ നിന്നും അകന്നു നില്‍ക്കുന്നു-ഗ്രൂപ്പ്? ഉത്തരം കണ്ടെത്താന്‍ നാല് ഓപ്ഷനുകള്‍ നല്‍കിയിരുന്നു. 1- ദല്‍ ഖല്‍സ, 2-നക്‌സലൈറ്റ് ഗ്രൂപ്പുകള്‍, 3-ജമ്മു-കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട്, 4-രാഷ്ട്രീയ സ്വയം സേവക് സംഘ്.
അടുത്തത് 93മത്തെ ചോദ്യമാണ്. ചേരുംപടി ചേര്‍ക്കലാണ്. എ-പിന്നാക്ക രാഷ്ട്രീയത്തിന്റെ ആവിര്‍ഭാവം, ബി- ദളിത് രാഷ്ട്രീയത്തിന്റെ ആവിര്‍ഭാവം, സി-മത-ജാതി സ്വത്വ രാഷ്ട്രീയത്തിന്റെ ആവിര്‍ഭാവം, ഡി- പ്രാദേശിക സ്വത്വ രാഷ്ട്രീയത്തിന്റെ ആവിര്‍ഭാവം. ഇവയ്ക്ക് കാരണമായത് എന്താണെന്ന് ചേര്‍ത്തെഴുതുക. നാല് ഓപ്ഷനുകള്‍ നല്‍കിയിട്ടുണ്ട്. 1- ശിവ് സേന, 2- ആര്‍ എസ്എസ്, 3- ബിഎസ്എപി, 4- മണ്ഡല്‍ കമ്മീഷന്‍. ഇവയുടെ ഉത്തരം യഥാക്രമം- എ-4, ബി-3, സി-2, ഡി-1.
സാമൂഹത്തിന്റെ ശത്രുവായി നില്‍ക്കുന്ന സംഘം ഏതെന്നുള്ള ചോദ്യത്തില്‍ ആര്‍എസ്എസിനെയും ഉള്‍പ്പെടുത്തിയതും, അതുപോലെ, മത-ജാതി രാഷ്ട്രീയത്തിന്റെ ആവിര്‍ഭാവത്തിന് കാരണമായി ആര്‍എസ്എസ് എന്ന ഉത്തരം നല്‍കിയതുമാണ് ദേശവിരുദ്ധ ചോദ്യങ്ങളായി എബിവിപി കാണുന്നത്.
‘കഴിഞ്ഞ 100 വര്‍ഷമായി സമത്വത്തിന്റെയും ദേശീയ ഐക്യത്തിന്റെയും അടിസ്ഥാനത്തില്‍ ദേശീയ താല്‍പ്പര്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന ഒരു അരാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, സമര്‍പ്പിത സംഘടനയാണ് രാഷ്ട്രീയ സ്വയംസേവക സംഘം’ എന്നാണ് എബിവിപി തങ്ങളുടെ മാതൃസംഘടനയെ വിശദീകരിക്കുന്നത്.
ദേശവിരുദ്ധ ചോദ്യങ്ങളാണ് പ്രൊഫസര്‍ തയ്യാറാക്കിയത്. വിദ്യാര്‍ത്ഥികളുടെയും രാഷ്ട്രത്തിന്റെയും താത്പര്യം മുന്‍ നിര്‍ത്തി പ്രൊഫസറെ സസ്‌പെന്‍ഡ് ചെയ്ത്, അവര്‍ക്കെതിരേ കര്‍ശനമായ നിയമനപടികള്‍ സ്വീകരിക്കണമെന്നായിരുന്നു എബിവിപിയുടെ ആവശ്യം. രാജ്യവിരുദ്ധ ആശയങ്ങള്‍ പേറുന്ന അധ്യാപിക ശ്രമിച്ചത് ആര്‍എസ്എസിനെ വിദ്യാര്‍ത്ഥികള്‍ക്കും സമൂഹത്തിനും മുമ്പില്‍ അപമാനിക്കാനാണെന്നും എബിവിപി കുറ്റപ്പെടുത്തുന്നു. വലിയ പ്രതിഷേധം നേരിടേണ്ടിവരുമെന്ന ഭീഷണിയെ തുടര്‍ന്ന് സര്‍വകലാശാല എബിവിപിക്ക് മുന്നില്‍ കീഴടങ്ങുകയായിരുന്നു.
സര്‍വകലാശാല ആവശ്യപ്പെട്ട വിശദീകരണത്തില്‍ ചെയ്തത് തെറ്റായിപ്പോയെന്ന് അധ്യാപിക ഏറ്റു പറഞ്ഞുവെന്നാണ് രജിസ്ട്രാര്‍ ധീരേന്ദ്ര വര്‍മ പറയുന്നത്. മനപൂര്‍വമായ ഉദ്ദേശത്തോടെയല്ല ചോദ്യങ്ങള്‍ തയ്യാറാക്കിയതെന്നും പാഠഭാഗങ്ങള്‍ പ്രകാരം മാത്രമാണ് ചെയ്തതെന്നും അധ്യാപികയുടെ വിശദീകരണത്തിലുണ്ട്. ഈ വിശദീകരണത്തില്‍ തൃപ്തിയുള്ളതുകൊണ്ട് കൂടുതല്‍ നടപടികള്‍ പ്രൊഫസര്‍ സീമയ്‌ക്കെതിരേ എടുത്തിട്ടില്ലെന്നു കൂടി രജിസ്ട്രാര്‍ പറയുന്നു. abvp complaint, uttar pradesh university debarred professor for alleged anti-national questions
Content Summary; abvp’ complaint, uttar pradesh university debarred professor for alleged anti-national questions
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.