മണിക്കൂറുകളുടെ കാത്തിരിപ്പ്, വര്‍ഷങ്ങളുടെ പ്രയത്‌നം; ഒടുവില്‍ ഹാളിനുള്ളില്‍ വെച്ച് ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിടേണ്ടിവന്നത് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ കടുത്ത അനാസ്ഥ. ദൂരസ്ഥലങ്ങളില്‍ നിന്നും ഒട്ടേറെ ബുദ്ധിമുട്ടുകള്‍ സഹിച്ചും പണം ചിലവഴിച്ചും പരീക്ഷയ്ക്ക് എത്തിയിയ ഉദ്യോഗാര്‍ത്ഥികളുടെ പ്രതീക്ഷകളില്‍ ആണിയടിക്കുന്ന സമീപനമാണ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഉച്ചക്ക് 1.30ന്റെ പരീക്ഷ എഴുതാന്‍ ഉദ്യോഗാര്‍ഥികള്‍ ഹാളില്‍ കയറി ഇരുന്ന ശേഷമാണ് പരീക്ഷ റദ്ദാക്കിയെന്ന് അധികൃതര്‍ അറിയിച്ചത്. ആലപ്പുഴയില്‍ ഇന്ന് നടന്ന ലാസ്റ്റ് ഗ്രേഡ് തസ്തികയിലെ പരീക്ഷയിലാണ് പിഴവുണ്ടായത്. ഉച്ചക്ക് ശേഷം നടക്കേണ്ട പരീക്ഷയുടെ ചോദ്യപേപ്പര്‍ രാവിലത്തെ പരീക്ഷക്ക് നല്‍കി. ചോദ്യപേപ്പര്‍ മാറി നല്‍കിയതിന് പിന്നാലെ പിഎസ്‌സി പരീക്ഷ റദ്ദാക്കുകയായിരുന്നു. ഉദ്യോഗാര്‍ത്ഥികളുടെ എണ്ണം കൂടുതലായതിനാല്‍ രണ്ട് പരീക്ഷ നടത്തുകയായിരുന്നു. വിവിധ സ്ഥാപനങ്ങളിലേക്കുള്ള പ്രിലിമിനറി പരീക്ഷയാണ് നടത്തിയത്. പരീക്ഷ കഴിഞ്ഞ ശേഷമാണ് അബദ്ധം പറ്റിയെന്ന് തിരിച്ചറിയുന്നത്. അപ്രതീക്ഷിത റദ്ദാക്കല്‍, ഉദ്യോഗാര്‍ത്ഥികള്‍ക്ക് കനത്ത മാനസികാഘാതവും വലിയ ബുദ്ധിമുട്ടുകളുമാണ് സൃഷ്ടിച്ചിരിക്കുന്നത്.
പരീക്ഷ നടത്തിപ്പിലും നിയമനത്തിലും ഉദ്യോഗസ്ഥര്‍ നിരന്തരം വീഴ്ചകള്‍ വരുത്തുമ്പോള്‍ ഒരു ഗവണ്‍മെന്റ് ജോലിക്ക് വേണ്ടി രാപ്പകലില്ലാതെ അധ്വാനിക്കുന്ന ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികളാണ്. ഇത്തരം ഗുരുതരവീഴ്ചകള്‍ മനസുമടുപ്പിക്കുന്നതാണെന്നും ഇതിനൊരു മാറ്റം വേണമെന്നും പറയുകയാണ്
ഉദ്യോഗാര്‍ത്ഥി.
അടിക്കടി പിഎസ്സിയുടെയും ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം നിരുത്തരവാദിത്തപരമായ സമീപനം ഞങ്ങളെപ്പോലുള്ള സാധാരണക്കാരായ ഉദ്യോഗാര്‍ത്ഥികളില്‍ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. പരീക്ഷ എഴുതാന്‍ വരുന്നവരില്‍ ഭൂരിഭാഗം പേരും ദൂരസ്ഥലങ്ങളില്‍ നിന്ന് ഒട്ടേറെ ബുദ്ധിമുട്ടുകള്‍ സഹിച്ചാണ് എത്തിയത്. ഞാന്‍ തന്നെ ഏകദേശം 50 കിലോമീറ്ററുകളോളം യാത്ര ചെയ്താണ് ഈ പരീക്ഷാ സെന്ററില്‍ എത്തിയത്. എന്നെക്കാള്‍ എത്രയോ ദൂരത്തുനിന്നും എത്തിയവര്‍ ഉണ്ടാകും. പരീക്ഷാ ഹാളില്‍ കയറുന്നതിന് തൊട്ടുമുന്‍മ്പാണ് പരീക്ഷ റദ്ദാക്കിയ വിവരം അറിയിക്കുന്നത്. യാത്ര ചെയ്ത ബുദ്ധിമുട്ടിനേക്കാളേറെ ദിവസങ്ങളും മാസങ്ങളും ഉറക്കമിളച്ച് കഠിനാധ്വാനം ചെയ്ത് നടത്തിയ തയ്യാറെടുപ്പുകള്‍ ഒരൊറ്റ നിമിഷം കൊണ്ട് വിഫലമായിപ്പോകുന്നതാണ് വിഷമമം. ഞങ്ങളെ പോലുള്ളവരുടെ അത്രയും നാളത്തെ അധ്വാനമാണ് ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം ഇല്ലാതായത്.
സാധാരണഗതിയില്‍ ഇത്തരം പരീക്ഷകള്‍ക്ക് അപേക്ഷകര്‍ കൂടുതലായതുകൊണ്ട് നാല് ഘട്ടങ്ങളിലായാണ് നടത്താറുള്ളത്. എന്നാല്‍ ഇത്തവണ പരീക്ഷകള്‍ വേഗത്തില്‍ തീര്‍ക്കാന്‍ വേണ്ടി രാവിലേയും ഉച്ചയ്ക്കുമായി ഫേസ് വണ്‍, ഫേസ് ടു എന്നിങ്ങനെ രണ്ട് ഘട്ടമായി ചുരുക്കി നടത്താനായിരുന്നു തീരുമാനം. എന്നിട്ടും പാളിച്ച സംഭവിച്ചു. ആലപ്പുഴ ലജനത്ത് സ്‌കൂളിലെ പരീക്ഷാ സെന്ററില്‍ കമ്പനി ബോര്‍ഡ് ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്‌സ് പ്രിലിമിനറി തസ്തികകളിലേക്കുള്ള പത്താംതരം പൊതു പ്രാഥമിക പരീക്ഷയുടെ ചോദ്യപേപ്പറാണ് മാറി നല്‍കിയത്. ഇത്തരം വീഴ്ചകള്‍ സത്യത്തില്‍ ഉദ്യോഗാര്‍ത്ഥികളുടെ മനസ് മടുപ്പിക്കുന്നതാണ്. ഇനി ഈ പരീക്ഷമാറ്റി വച്ചാലും നല്ല രീതിയില്‍ പഠിച്ചെഴുതിയവര്‍ക്ക് വീണ്ടും കഠിന പ്രയത്‌നം നടത്തേണ്ടി വരും അതോടൊപ്പം മറ്റുള്ളവര്‍ക്ക് ഒന്നുകൂടി നന്നായി പരീക്ഷ എഴുതാനുള്ള അവസരം കൂടിയാണ്.
ആസൂത്രണ ബോര്‍ഡ് നിയമന തട്ടിപ്പിലെ വിവരങ്ങള്‍ പുറത്തുവരുന്നതിനിടെയാണ് പുതിയ സംഭവ വികാസങ്ങള്‍. ആസൂത്രണ ബോര്‍ഡ് പരീക്ഷയിലെ 10 ചോദ്യങ്ങള്‍ മൂല്യനിര്‍ണ്ണയം നടത്താതെ റാങ്ക് ലിസ്റ്റ് തയ്യാറാക്കിയതും ഇടത് സംഘടനാ നേതാവിന് ഒന്നാം റാങ്ക് കിട്ടിയതുമെല്ലാം വന്‍വിവാദത്തിന് കാരണമായിരുന്നു. നിയമനത്തില്‍ മൂടിവെച്ചതെല്ലാം 7 ദിവസത്തിനുള്ളില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്‍കാന്‍ വിവരാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. പിന്നാലെ ക്രൈം ബ്രാഞ്ചും അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. പരാതികളുടെ അടിസ്ഥാനത്തില്‍ പിഎസ് സിയുടെ വിശ്വാസ്യതക്കെതിരെ സംശയങ്ങളുയര്‍ന്നപ്പോള്‍ കമ്മീഷന്‍ വാര്‍ത്താകുറിപ്പിറക്കിയതില്‍ പറഞ്ഞതിന്റെ വിപരീതമാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. കോഴിക്കോടും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കമ്പനി/കോർപറേഷൻ/ബോർഡ് ലാസ്‌റ്റ് ഗ്രേഡ് സെർവന്റ്റ്, കെടിഡിസിയിൽ സ്‌റ്റോർ മാൻ, ബവ്റിജസ് കോർപറേഷനിൽ എൽഡി ക്ലാർക്ക് (നേരിട്ടും തസ്‌തികമാറ്റം വഴിയും) എന്നീ തസ്‌തികകളിലേക്കുള്ള ടെൻത് ലെവൽ കോമൺ പ്രിലിംസ് പരീക്ഷയുടെ രാവിലെയും ഉച്ചയ്ക്കുമായുള്ള ഒന്നും രണ്ടും ഘട്ട പരീക്ഷയിലാണ് ചോദ്യപേപ്പർ മാറി നൽകിയത്. ആദ്യ ഘട്ട പരീക്ഷ രാവിലെ 10 മുതൽ 11.35 വരെയും രണ്ടാം ഘട്ട പരീക്ഷ 1.30 മുതൽ 3.05 വരെയുമാണ് നിശ്ചയിച്ചിരുന്നത്. ഒന്നര ലക്ഷത്തിലേറെ ഉദ്യോഗാർഥികളാണ് പരീക്ഷ എഴുതാൻ അപേക്ഷിച്ചിരുന്നത്. അതേസമയം രാവലെ നടന്ന പരീക്ഷ പൂർണമായി റദ്ദാക്കില്ല. ചോദ്യക്കടലാസ് മാറി നൽകിയ പരീക്ഷാ കേന്ദ്രത്തിലെ ഉദ്യോഗാർഥികൾക്കായി മറ്റൊരു ചോദ്യപ്പേപ്പർ ഉപയോഗിച്ചു വീണ്ടും പരീക്ഷ നടത്തും, പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കും. എന്ന് പിഎസ് സി വൃത്തങ്ങൾ വ്യക്തമാക്കി
paper-mix-up; PSC exam cancelled