ബ്രിജ് ഭൂഷണിനുള്ള മറുപടി
32ാമത്തെ വയസില്‍ വിധവയായതാണ് എന്റെ അമ്മ. അച്ഛന്‍ മരിക്കും വരെ തനിച്ച് വീടിന് പുറത്ത് ഇറങ്ങിയിട്ടില്ല. ഒരു കിലോ തക്കാളിയുടെ വില പോലും അന്ന് അവര്‍ക്ക് അറിയില്ലായിരുന്നു. എഴുത്തോ വായനയോ അറിയില്ല. പിന്നീടുള്ള അവരുടെ ജീവിതത്തെ നോക്കി മറ്റുള്ളവര്‍ പരിഹസിച്ചു. എന്നിട്ടും അവര്‍ ഞങ്ങള്‍ക്ക് വേണ്ടി ദുരിതപര്‍വ്വം താണ്ടി. ആ പോരാട്ടത്തില്‍, വളര്‍ന്നപ്പോള്‍ പോലും ഞങ്ങള്‍ അത് തിരിച്ചറിഞ്ഞിരുന്നില്ല. ജീവിതത്തില്‍ തനിച്ചായ ഒരു സ്ത്രിയോട് സമൂഹം എങ്ങനെ പെരുമാറുമെന്ന് ഞാന്‍ കണ്ടത് അമ്മയുടെ ജീവിതത്തില്‍ നിന്നാണ്.
And @Phogat_Vinesh has done it!!!!! Into the finals and a medal confirmed! Our 4th of @paris2024 👏🏽👏🏽#JeetKiAur | #Cheer4Bharat pic.twitter.com/d7l6lZpc0c
— Team India (@WeAreTeamIndia) August 6, 2024
അര്‍ബുദം ബാധിച്ച കാലത്ത് കീമോതെറാപ്പിക്കായി റോഹ്തക്കിലേക്ക് പോവുമ്പോള്‍, നിരക്ഷരയായ അമ്മയ്ക്ക് എവിടെ ഇരിക്കണം, എവിടെ ഇറങ്ങണം എന്ന് പോലും അറിയില്ലായിരുന്നു. ആരും അവരെ പിന്തുണച്ചില്ല. അവര്‍ ഒറ്റയ്ക്കാണ് കിമോ തെറാപ്പി ചെയ്യാന്‍ ആശുപത്രികള്‍ കയറി ഇറങ്ങിയത്. എന്നിട്ടും ഞങ്ങള്‍ മക്കള്‍ക്ക് വേണ്ടി അവര്‍ പോരാളിയായി. ആ പോരാട്ടം കണ്ടാണ് ഞങ്ങള്‍ വളര്‍ന്നത്. നിരക്ഷരയായ ഒരു സ്ത്രീക്ക് സമൂഹത്തോട് പോരാടാനും ഞങ്ങളെ വലിയ ഗുസ്തിക്കാരാക്കാനും കഴിയുമെങ്കില്‍, എനിക്കും പോരാടാന്‍ സാധിക്കും. ശൂന്യതയില്‍ നിന്ന് ഉയര്‍ന്ന് വരാന്‍ അവരെ പോലെ ഒരു സ്ത്രീയ്ക്ക് സാധിച്ചെങ്കില്‍ എനിക്കും ലക്ഷ്യങ്ങളിലെത്താന്‍ സാധിക്കും. അതേ അമ്മയാണ് എന്റെ ധൈര്യവും പ്രചോദനവും.
ഇന്ത്യയുടെ ഒളിമ്പിക്‌സ് വേദിയിലെ സുവര്‍ണ പ്രതീക്ഷയായി മാറിയ വിനേഷ് ഫോഗട്ടിന്റെ വാക്കുകളാണിത്. ഒളിമ്പിക്‌സില്‍ വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ ഫൈനലിലേക്കാണ് ഫോഗട്ട് കടന്നിരിക്കുന്നത്.
ബ്രിജ് ഭൂഷണിനുള്ള മറുപടി
കായിക താരങ്ങളെ ലൈംഗീകമായി ചൂഷണം ചെയ്ത ബ്രിജ് ഭൂഷണ്‍ സിങിനെതിരെ ഡല്‍ഹി തെരുവില്‍ ഫോഗട്ട് പ്രതിഷേധിച്ചപ്പോള്‍, ഭൂഷണ്‍ പരിഹാസവും നിന്ദ്യവുമായ ഭാഷയില്‍ നല്‍കിയ മറുപടിയുണ്ട്. ഇവരെ കൊണ്ടൊന്നും രാജ്യത്തിനായി ഒരു മെഡല്‍ തരാന്‍ സാധിക്കില്ല. അതിലുള്ള അസഹിഷ്ണതയാണ് ഇപ്പോള്‍ കാണിച്ച് കൂട്ടുന്ന ഈ കോപ്രായങ്ങള്‍. അഞ്ച് പൈസയുടെ വിലയില്ലാത്തവരാണ്. ഡല്‍ഹിയിലെ തെരുവില്‍ രാജ്യത്തെ കായികതാരങ്ങള്‍ക്കായി പോരാടി ഒടുവില്‍ ആ പോരാട്ടത്തിന്റെ ചൂട് കായിക വേദിയിലും എത്തിക്കുമ്പോള്‍ ഫോഗട്ടിന്റെ ജയം അക്ഷരാര്‍ത്ഥത്തില്‍ കാലം കാത്ത് വച്ച മറുപടിയാണ്. ബ്രിജ് ഭൂഷണിനുള്ള മറുപടി. അവര്‍ക്കെതിരേ പടവാള്‍ ഉയര്‍ത്തിയവര്‍ തന്നെ ഡല്‍ഹി വിമാനത്താവളത്തില്‍ അവര്‍ക്ക് പൂച്ചെണ്ട് ഒരുക്കി കാത്തിരിക്കേണ്ടി വരും.
ഇന്ന് രാജ്യം കൊതിക്കുന്നത് സ്വര്‍ണം തന്നെ ഫോഗട്ടിന് ലഭിക്കണമെന്നാണ്. അമ്മയുടെ ജീവിതം പോലെ തന്നെ കായിക ജീവിതത്തിലും അനേകം വെല്ലുവിളികള്‍ ഫോഗട്ട് നേരിടേണ്ടി വന്നിരുന്നു. പ്രത്യേകിച്ച് ഡല്‍ഹിയിലെ സമരമുണ്ടായതിന് പിന്നാലെ. സ്വന്തം മെഡലുകള്‍ തിരിച്ച് നല്‍കിയും അവ ഗംഗയില്‍ ഒഴുക്കുമെന്ന് പ്രഖ്യാപിച്ചും തീ ആയി നിന്ന ഫോഗട്ടിന് ഏറ്റവും വെല്ലുവിളിയായത് ഒളിമ്പിക്‌സ് വേദിയിലേക്കുള്ള യാത്രയ്ക്ക് നേരിട്ട വിലക്കുകളായിരുന്നു.അതിനെയെല്ലാം തരണം ചെയ്ത ഫോഗട്ടിന്റെ നേട്ടത്തിന് ശരിക്കും അതിമധുരം തന്നെയാണെന്ന് പറയാതെ വയ്യ.
സെമിയില്‍ ക്യൂബന്‍ താരം യുസ്‌നീലിസ് ലോപസിനെ വീഴ്ത്തിയാണ് ഫോഗട്ടിന്റെ നേട്ടം. രാജ്യത്ത് ഗുസ്തിയില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ഖ്യാതിയും അവര്‍ക്ക് സ്വന്തമായി. ഇതോടെ ഇന്ത്യയ്ക്ക് സ്വര്‍ണമോ വെള്ളിയോ ഉറപ്പായി കഴിഞ്ഞു. പ്രീക്വാര്‍ട്ടറില്‍ ലോക ഒന്നാം റാങ്കുകാരിയും നിലവിലെ ഒളിമ്പിക്‌സ് സ്വര്‍ണമെഡല്‍ ജേതാവും നാലുതവണ ലോക ചാമ്പ്യനുമായ ജപ്പാന്റെ യുയി സുസാകിയെ വീഴ്ത്തി അമ്പരിപ്പിച്ചിരുന്നു അവര്‍. യുക്രെയ്‌നിന്റെ ഒക്‌സാന ലിവാഷിനെയാണ് ക്വാര്‍ട്ടറില്‍ മറികടന്നത്.
English Summary: Paris Olympics 2024:Vinesh Phogat on golden cusp after reaching 50kg wrestling final