June 16, 2026 |
Share on

പാകിസ്ഥാനില്‍ ട്രെയിന്‍ തട്ടിയെടുത്ത് ഭീകരർ ; 400ലധികം പേരെ ബന്ദികളാക്കി

6 സൈനികര്‍ കൊല്ലപ്പെട്ടു

പാകിസ്ഥാനില്‍ പാസഞ്ചര്‍ ട്രെയിന്‍ തട്ടിയെടുത്ത് ബലൂച് ലിബറേഷന്‍ ആര്‍മി. പാകിസ്ഥാനിലെ തെക്കുപടിഞ്ഞാറന്‍ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ക്വറ്റയില്‍നിന്ന് ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ പെഷവാറിലേക്ക് പോവുകയായിരുന്ന ജാഫര്‍ എക്‌സ്പ്രസാണ് ബിഎല്‍എ തട്ടിയെടുത്തത്. 400ലധികം യാത്രക്കാരെ ബന്ദികളാക്കുകയും ചെയ്തു. ആറ് പാകിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. പാകിസ്ഥാന്‍ സൈനികരെ കൊലപ്പെടുത്തിയതില്‍ നടപടിയുണ്ടായാല്‍ ബന്ദികളെ മുഴുവന്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിയും മുഴക്കിയിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ബലൂച് ലിബറേഷന്‍ ആര്‍മി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്.

പാകിസ്ഥാനിലെ ബൊലോനയില്‍ വെച്ചാണ് വെടിവെയ്പ് ഉണ്ടായതെന്ന് റെയില്‍വേ ഉദ്യാഗസ്ഥര്‍ അറിയിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. റെയില്‍വേ ട്രാക്കുകള്‍ സ്‌ഫോടനത്തില്‍ തകര്‍ത്ത ശേഷം ട്രെയിന്‍ നിര്‍ത്താന്‍ ആവശ്യപ്പെടുകയും അക്മകാരികള്‍ ട്രെയിനിനുള്ളില്‍ പ്രവേശിക്കുകയുമായിരുന്നു.

ആസൂത്രിതമായാണ് ആക്രമണം നടത്തിയതെന്ന് ബിഎൽഎ പ്രസ്താവനയില്‍ പറയുന്നു. ബന്ദികളിൽ പാകിസ്താൻ മിലിട്ടറി, ആന്റി ടെററിസം ഫോഴ്സ് (എടിഎഫ്), ഇന്റർ സർവീസ് ഇന്റലിജൻസ് (ഐഎസ്ഐ) ഉദ്യോ​ഗസ്ഥരുമുണ്ട്. ആക്രമണത്തിനിടയിൽ യാത്രക്കാരിലെ സ്ത്രീകൾ, കുട്ടികൾ, ബലൂച് സ്വദേശികൾ എന്നിവരെ വിട്ടയച്ചതായും ബിഎൽഎ പറയുന്നു. ബിഎൽഎയുടെ ഫിദായീൻ യൂണിറ്റായ മജീദ് ബ്രി​ഗേഡാണ് ട്രെയിൻ അട്ടിമറി നടത്തിയത്.

സൈനിക നടപടികളുണ്ടായാല്‍ ശക്തമായ മറുപടി നല്‍കുമെന്നും 100 ഓളം പേര്‍ ഇപ്പോഴും തങ്ങളുടെ കസ്റ്റഡിലിലാണെന്നും ബലൂച് ലിബറേഷന്‍ ആര്‍മി വക്താവ് ജിയാന്‍ഡ് ബലൂച്ച് ഒപ്പിട്ട പ്രസ്താവനയില്‍ പറയുന്നു. പാകിസ്ഥാനില്‍ നിന്ന് ബലൂചിസ്ഥാന് സ്വാതന്ത്ര്യം പ്രഖ്യാപിക്കണമെന്ന് ആവശ്യവുമായി പ്രവര്‍ത്തിക്കുന്ന സായുധ സംഘടനയാണിത്.

Content summary: passenger train hijacke in pakistan; Over 400 people taken hostage
pakistan 

Leave a Reply

Your email address will not be published. Required fields are marked *

×