മുന്നറിയിപ്പില്ലാതെ കെപിസി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ അടച്ചുപൂട്ടിയ മാനേജ്‌മെന്റ് നടപടിക്കെതിരെ നായാട്ടുപാറ സിപിഎം ലോക്കല്‍ കമ്മിറ്റിയും രംഗത്ത്. സ്‌കൂള്‍ അടച്ചുപൂട്ടിയ വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതോടെ നായാട്ടുപാറ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി രാജീവന്‍ സ്‌കൂള്‍ മാനേജര്‍ മാനോഹരനുമായി ഫോണില്‍ സംസാരിച്ചു. രക്ഷിതാക്കള്‍ പറയുന്നതില്‍ ന്യായമുണ്ടെന്നും മുന്നറിയിപ്പില്ലാതെയാണ് സ്‌കൂള്‍ പൂട്ടിയതെന്നും സ്‌കൂള്‍ മാനേജര്‍ സമ്മതിച്ചതായി രാജീവന്‍ അഴിമുഖത്തോട് പറഞ്ഞു.
“ഒരു കോമ്പൗണ്ടിനകത്ത് എയ്ഡഡും അണ്‍എയ്ഡഡുമായ രണ്ട് സ്‌കൂളുകള്‍ ഒരേ സമയം പ്രവര്‍ത്തിക്കരുതെന്നത് സര്‍ക്കാര്‍ ഉത്തരവാണെന്നും ഇത് സംബന്ധിച്ച് കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍ അറിയിപ്പ് നല്‍കിയിരുന്നുവെന്നുമാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. എന്നാല്‍ അത്തരത്തില്‍ ഒരു ഉത്തരവ് സര്‍ക്കാര്‍ തലത്തില്‍ നിന്ന് ഉണ്ടെങ്കില്‍ അത് രക്ഷിതാക്കളെയും കുട്ടികളെയും അധ്യാപകരെയും ബോധ്യപ്പെടുത്തേണ്ടതാണ്. അഡ്മിഷനായി കുട്ടികളില്‍ നിന്നും ഡൊണേഷനൊന്നും വാങ്ങിയിട്ടില്ലെന്നും രക്ഷിതാക്കളുമായി സംസാരിച്ച് ഒത്തുതീര്‍പ്പാക്കാമെന്ന് സ്‌കൂള്‍ മാനേജര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും” രാജീവന്‍ പറഞ്ഞു.
എന്നാല്‍ അഡ്മിഷന്‍ സമയത്ത് സ്‌കൂള്‍ മാനേജ്‌മെന്റ് ഫീസ് വാങ്ങിയിട്ടുണ്ടെന്നും മൂന്ന് മാസം കൂടുമ്പോള്‍ ടേം ഫീ അടയ്ക്കാറുണ്ടെന്നും രക്ഷിതാക്കള്‍ പറയുന്നു. “മകന്‍ ഈ അധ്യയന വര്‍ഷം ഒന്നാം ക്ലാസിലേക്കാണ്. എല്‍കെജിയും യുകെജിയും പഠിച്ചത് കെപിസി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലായിരുന്നു. ഏഴാം ക്ലാസ് വരെ അവിടെ പഠിക്കാമല്ലോ എന്ന് കരുതിയാണ് ചേര്‍ത്തത്. ഇനി ഒന്നാം ക്ലാസില്‍ ചേരാന്‍ പുതിയ സ്‌കൂള്‍ കണ്ടെത്തേണ്ട സ്ഥിതിയാണ്. ഇവിടെയും അഡ്മിഷന്‍ ഫീസ് നല്‍കിയാണ് ചേര്‍ത്തത്. ഇനി പുതിയ സ്‌കൂളില്‍ ചേരാനും ഫീസ് നല്‍കേണ്ടി വരുമെന്ന്” പേര് വെളിപ്പെടുത്താനാന്‍ ആഗ്രഹിക്കാത്ത രക്ഷിതാവ് അഴിമുഖത്തോട് പറഞ്ഞു.
സ്‌കൂള്‍ മാനേജ്‌മെന്റിന്റെ നടപടിക്കെതിരെ രക്ഷിതാക്കള്‍ കണ്ണൂര്‍ കളക്ടര്‍ക്കും പട്ടാന്നൂര്‍ പോലീസിലും പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതി നല്‍കി രണ്ടാഴ്ച പിന്നിട്ടിട്ടും പട്ടാന്നൂര്‍ പോലീസിന്റെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് രക്ഷിതാക്കള്‍ ആരോപിക്കുന്നു.
അതേസമയം, പരാതി സംബന്ധിച്ച് തലശേരി ലീഗല്‍ സര്‍വീസ് അതോറിറ്റിക്കും പട്ടാന്നൂര്‍ സ്‌റ്റേഷന്‍ ഓഫീസര്‍ക്കും അന്വേഷണത്തിനുള്ള ചുമതല നല്‍കിയതായി കളക്ടറുടെ ഓഫീസ് വ്യക്തമാക്കി.
കഴിഞ്ഞ 13 വര്‍ഷമായി മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളാണ് പട്ടാന്നൂര്‍ കെപിസി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍. കെപിസി ഹയര്‍സെക്കന്റി സ്‌കൂളിന് കീഴില്‍ എല്‍കെജി മുതല്‍ ഏഴാം ക്ലാസ് വരെയുള്ള കുട്ടികളാണ് കെപിസി ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പഠിച്ചിരുന്നത്. മധ്യവേനലവധിക്കായി സ്‌കൂള്‍ അടച്ച് മൂന്ന് ദിവസം കഴിഞ്ഞാണ് മാനേജ്‌മെന്റ്, സ്‌കൂള്‍ അടച്ച് പൂട്ടിയ വിവരം രക്ഷിതാക്കളെ അറിയിക്കുന്നത്. ഇത് സംബന്ധിച്ച് അഴിമുഖം കഴിഞ്ഞദിവസം വിശദമായ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. പെട്ടെന്നുണ്ടായ അടച്ചുപൂട്ടലിലൂടെ 10 അധ്യാപകര്‍ക്കും ജോലി നഷ്ടപ്പെട്ടു. പത്ത് വര്‍ഷത്തിലധികമായി ജോലി ചെയ്ത അധ്യാപകരെ യാതൊരു നഷ്ടപരിഹാരവും നല്‍കാതെയാണ് പിരിച്ചുവിട്ടത്. pattannur kpc school; the reason for the school’s closure is the government order
Content Summary: pattannur kpc school; the reason for the school’s closure is the government order
This post was last modified on April 30, 2025 12:52 pm
Leave a Comment