June 11, 2026 |
Share on

കൗമാര കാലത്ത് എനിക്ക് നക്സലൈറ്റ് ആകണം, തോക്ക് എടുക്കണം എന്നൊക്കെ തോന്നിയിരുന്നു, മാറി ചിന്തിക്കാൻ കാരണം ചിരഞ്ജീവിയെന്ന് പവൻ കല്യാൺ

നക്സലൈറ്റ് പ്രസ്ഥാനത്തിൽ ചേരാൻ താൻ ആ​ഗ്രഹിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി നടനും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാൺ.

നക്സലൈറ്റ് പ്രസ്ഥാനത്തിൽ ചേരാൻ താൻ ആ​ഗ്രഹിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി നടനും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാൺ. തന്റെ കൗമാരകാലത്ത് സമൂഹത്തിൽ നടക്കുന്ന അനീതികൾക്കെതിരെ ശക്തമായി പ്രതികരിക്കണം എന്നും നക്സലൈറ്റ് ആകണമെന്നും തോക്ക് എടുക്കണമെന്നും താൻ ആ​ഗ്രഹിച്ചിരുന്നുവെന്നു. എന്നാൽ തന്റെ സഹോദരൻ ചിരഞ്ജീവിയുടെ ഒറ്റ ചോ​ദ്യമാണ് അത്തരം ചിന്തകളിൽ നിന്നും മാറി ചിന്തിക്കാൻ തന്നെ പ്രേരിപ്പിച്ചത് എന്നും പവൻ കല്യാൺ എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

എന്റെ കൗമാര കാലത്ത് ഞാൻ നല്ല ദേഷ്യക്കാരനായിരുന്നു. ഞാൻ എന്തുകൊണ്ട് രാഷ്ട്രീയത്തിലേക്ക് ഇറങ്ങി എന്നു നിങ്ങൾ എന്നോട് ചോദിക്കുകയാണെങ്കിൽ അത് ദേഷ്യം മൂലമാണെന്ന് എനിക്ക് പറയേണ്ടി വരും. സമൂഹത്തിൽ സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് എനിക്ക് അഗാധമായ ഉത്കണ്ഠയും പല കാര്യങ്ങളിലും വളരെയധികം നിരാശയും തോന്നിയിരുന്നു. ജീവിതത്തിന്റെ പല ദിശകളെക്കുറിച്ചുമുള്ള ഉത്തരം തേടുകയായിരുന്നു ഞാൻ. ഒരുതരം ഭ്രാന്ത് പിടിച്ച പോലെയായിരുന്നു എനിക്ക് അത്. അതെന്തുകൊണ്ടാണെന്ന് എനിക്കറിയില്ല.

ഒരു ഘട്ടത്തിൽ ഞാൻ നക്സലൈറ്റ് ആവുന്നതിനെ കുറിച്ചു പോലും ചിന്തിച്ചിരുന്നു. എന്റെ കൗമാര പ്രായത്തിന്റെ ഏകദേശം അവസാന കാലത്താണ് എനിക്കത് തോന്നിയത്. നക്സലൈറ്റ് ആകണം, തോക്ക് എടുക്കണം എന്നൊക്കെ തോന്നിയിരുന്നു. പക്ഷേ ആ സമയത്താണ് കൂടുതൽ ക്രിയാത്മകമായ മറ്റൊന്നിലേക്ക് എന്റെ സഹോദരൻ (ചിരഞ്ജീവി) എന്നെ നയിച്ചത്. ‘നിന്റെ ഉള്ളിലെ ഈ ഭ്രാന്തമായ ദേഷ്യം എവിടെ നിന്നാണ് വരുന്നത്?’ എന്ന് അദ്ദേഹം ചോദിച്ചു. ‘ഞാൻ അനീതിയെക്കുറിച്ചാണ് സംസാരിക്കുന്നത്, നമ്മൾ അത് ചെയ്യണം, ഇത് ചെയ്യണം’ എന്ന് ഞാൻ മറുപടി പറ‍ഞ്ഞു. അദ്ദേഹത്തിന് എന്നെയോർത്ത് വലിയ ആശങ്കയുണ്ടായിരുന്നു.

17 മുതൽ 21 വയസു വരെ എനിക്ക് അതേ മാനസികാവസ്ഥയായിരുന്നു. ആ പ്രായത്തിലാണ് ആളുകൾ ഇത്തരം കാര്യങ്ങളിലേക്ക് എടുത്തു ചാടുന്നത്. എന്റെ മനസിൽ ഒരുപാട് കാര്യങ്ങൾ ഒന്നിച്ച് വന്ന് നിറയുകയായിരുന്നു. എനിക്ക് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി. ആ സമയത്ത് എന്റെ സഹോദരൻ ഇടപെട്ടു. അദ്ദേഹം ഒരൊറ്റ കാര്യം മാത്രമാണ് എന്നോട് ചോദിച്ചത്. ‘നിന്റെ സഹോദരൻ ചിരഞ്ജീവി അല്ലായിരുന്നുവെങ്കിൽ, നിനക്ക് കുടുംബത്തോട് ചില ഉത്തരവാദിത്വങ്ങൾ ഉണ്ടായിരുന്നുവെങ്കിൽ, ആരെങ്കിലും നിന്റെ വരുമാനത്തെ ആശ്രയിച്ചു കഴിയുന്നുണ്ടായിരുന്നെങ്കിൽ നീ ഇങ്ങനെ ചെയ്യുമായിരുന്നോ?’ എന്ന്. ആ ചോദ്യത്തിന് എന്റെ കയ്യിൽ ഉത്തരമുണ്ടായിരുന്നില്ല. ഞാൻ നിശബ്ദനായി.” പവൻ കല്യാൺ പറഞ്ഞു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×