July 08, 2025 |

‘ഇത് സര്‍ക്കാരിനെതിരല്ല, ഇതില്‍ രാഷ്ട്രീയവുമില്ല അവരെ ഞങ്ങള്‍ ചേര്‍ത്തു പിടിക്കുകയാണ്’

ആശമാരുടെ ഓണറേറിയം കൂട്ടുന്ന പഞ്ചായത്തുകള്‍

ആശപ്രവർത്തകർക്ക് സ്വന്തം നിലയിൽ അധിക വേതനം നൽകാനുള്ള തീരുമാനവുമായി മുന്നോട്ട് വന്നിരിക്കയാണ് തൃശൂർ ജില്ലയിലെ പഴയന്നൂർ പഞ്ചായത്തും കൊല്ലം ജില്ലയിലെ തൊടിയൂർ പഞ്ചായത്തും. ഇരു പഞ്ചായത്തുകളുടെയും തനതു ഫണ്ടിൽ നിന്ന് ആശപ്രവ‍ർത്തക‍ർക്ക് സഹായകമാവുന്ന തരത്തിൽ അധിക വേതനത്തിനായുള്ള തുക കണ്ടെത്താനാണ് ഭരണപക്ഷത്തിന്റെ തീരുമാനം.

കേരളത്തിലെ ആശപ്രവ‍ർത്തകരുടെ സമരം 44ാം ദിവസത്തിലേക്കും നിരാഹാര സമരം 6ാം ദിസവത്തിലേക്കും കടന്നിരിക്കയാണ്. ഓണറേറിയം വർദ്ധിപ്പിക്കുന്നതുൾപ്പെടെയുള്ള നിരവധി ആവശ്യങ്ങൾ മുൻനിർത്തിയാണ് ആശ സമരം. ആവശ്യങ്ങളോട് സർക്കാർ മുഖം തിരിച്ചതോടെ പ്രതിഷേധവും കടുപ്പിച്ചിരിക്കയാണ് ആശമാർ. കേന്ദ്ര സർക്കാരിന്റെ ​ദേശീയ ആരോ​ഗ്യ മിഷന്റെ ഭാ​ഗമായി നിയമിക്കപ്പെട്ടവരാണ് ആശപ്രവർത്തകർ. ഇവരുടെ പ്രതിഫലം നിയമനം എല്ലാം കൈകാര്യം ചെയ്യുന്നത് കേന്ദ്രമാണ്. നിലവിൽ 1200 രൂപയാണ് കേന്ദ്ര സർക്കാർ ആശ പ്രവർത്തകർക്ക് നൽകുന്ന ഓണറേറിയം. സംസ്ഥാന സ‍ർക്കാർ ഓണറേറിയമായി ഇവർക്ക് 7000 രൂപ നൽകുന്നുണ്ട്. സംസ്ഥാനത്തിലെ ആരോ​ഗ്യ മേഖലയയ്ക്കുള്ള കേന്ദ്ര സർക്കാരിന്റെ വിഹിതമായ 13,000 കോടി മുഴുവനായി നൽകാതെ 600 കോടി മാത്രം നൽകിയതോടെയാണ് കേരളത്തിലെ ആശമാരുടെ വേതനം പരുങ്ങലിലായത്. ഈ പ്രതിസന്ധി ഘട്ടത്തിലാണ് അധികവേതനമായി ഒരു നിശ്ചിത തുക അനുവദിച്ച് കൊണ്ട് തൃശൂർ ജില്ലയിലെ പഴയന്നൂർ പഞ്ചായത്തും കൊല്ലം ജില്ലയിലെ തൊടിയൂർ പഞ്ചായത്തും മാത്യകയാവുന്നത്.

ആശപ്രവർത്തകരുടെ സമരം നാല്പത് ദിവസം പിന്നിടുന്ന ഈ സാഹചര്യത്തിൽ അവരുടെ അവകാശങ്ങൾ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഞങ്ങൾ സേവന മേഖലയ്ക്ക് പ്രാധാന്യം നൽകി കൊണ്ട് 2025-26 സാമ്പത്തിക വർഷത്തിലെ ബജറ്റിൽ ഇവരുടെ അധിക വേതനത്തിനായി പണം വകയിരുത്തിയതെന്ന് കൊല്ലം ജില്ലയിലെ തൊടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു അഴിമുഖത്തോട് പറഞ്ഞു.

പഞ്ചായത്തിന്റെ കീഴിൽ 46 ആശപ്രവർത്തകരാണുള്ളത്. പഞ്ചായത്തിന്റെ സ്വന്തം ഫണ്ടിൽ നിന്നാണ് വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളിലുള്ള ഈ 46 പേരെയും പരി​ഗണിച്ചു കൊണ്ട് ഫണ്ട് വകയിരുത്തിയിരിക്കുന്നത്. ഒരു സാമ്പത്തിക വർഷത്തിലേക്ക് മാത്രമായി 5,52,000 രൂപയാണ് ഇതിനായി മാറ്റി വച്ചിരിക്കുന്നത്. അടുത്ത സാമ്പത്തിക വ‌ർഷം മുതൽ ആശമാർക്ക് സാധാരണയായി ലഭിക്കുന്ന വേതനത്തിന് പുറമേ ഓണറേറിയമായി 1000 രൂപ മുതൽ ലഭിച്ച് തുടങ്ങുമെന്ന് ബിന്ദു വ്യക്കമാക്കി

കോൺ​ഗ്രസ് ഭരണ പഞ്ചായത്തുകളിലെ ആശപ്രവ‍ർത്തകർക്ക് കഴിയുന്ന തരത്തിലുള്ള സഹായങ്ങൾ ചെയ്യാൻ പാർട്ടി നിർദ്ദേശമുണ്ടായിരുന്നു, എന്നാൽ ഇതൊരു പാർട്ടി തീരുമാനമല്ല, പഞ്ചായത്തിലെ മറ്റു പാർട്ടികളിലെ അം​ഗങ്ങളായ സഹപ്രവർത്തകരോടെല്ലാം കൂടിയാലോചിച്ച് എടുത്ത തീരുമാനമാണിതെന്ന് ബിന്ദു പറഞ്ഞു.

ഫണ്ട് നൽകാത്ത സർക്കാരുകളോടുള്ള പ്രതിഷേധമല്ല ഇത് അവരെ ചേർത്തുപിടിക്കുക എന്നത് മാത്രമാണ് ലക്ഷ്യം. ആരോ​ഗ്യ മേഖലയുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ പ്രവ‍ർത്തിക്കുന്ന ഒരു വിഭാ​ഗമാണ് ആശപ്രവ‍ർത്തകർ. ഞങ്ങളുടെ സഹപ്രവർത്തകരായ ​ഗ്രാമപഞ്ചായത്ത് മെമ്പർമാർ രണ്ട് പേർ ആശപ്രവർത്തകരാണ് ഇവരുടെ ദൈനംജിന പ്രവർത്തനങ്ങളെക്കുറിച്ച് വ്യക്തമായ ഒരു ചിത്രവും ഞങ്ങൾക്കുണ്ട്. ഇതിൻമേലാണ് ഇങ്ങനെയൊരു കാര്യം പരി​ഗണനയിലേക്ക് വരുന്നതെന്ന് ബിന്ദു പറഞ്ഞു.

ഇവർ രണ്ട് പേരും രണ്ട് വ്യത്യസ്ത രാഷ്ട്രീയ പാർട്ടി അം​ഗങ്ങളാണ്. സെക്രട്ടറിയേറ്റിലെ സമരത്തിലും ഇവർ‍ ഭാ​ഗമായിരുന്നു, എന്നാൽ ഇതിനിടയിൽ ‍ഡ്യൂട്ടിയിൽ കയറണമെന്ന നിർദ്ദേശം ലഭിച്ചതിനാൽ സമരപന്തലിൽ നിന്ന് തിരികെ വരികയാണുണ്ടായത്. ജീവിതശൈലി
രോ​ഗവുമായി ബന്ധപ്പെട്ട സർവ്വേ പൂർത്തിയാക്കിയതിൽ കൊല്ലം ജില്ലയിൽ രണ്ടാം സ്ഥാനം ഞങ്ങളുടെ പഞ്ചായത്തിന് ആയിരുന്നു. കർമ്മനിരതരായ ആശപ്രവർ‍ത്തകരുള്ളത് കൊണ്ടാണ് ഞങ്ങൾക്കിത് സാധിച്ചതെന്ന് ബിന്ദു വ്യക്തമാക്കി.

തൊടിയൂർ പഞ്ചായത്തിന് പുറമേ തൃശൂർ ജില്ലയിലെ പഴയന്നൂർ പഞ്ചായത്തും ആശമാർക്ക് അധിവേതനം ഏർപ്പെടുത്തിയിട്ടുണ്ട്. 2025 – 26 വാർഷിക പദ്ധതിയിൽ സേവന മേഖലയ്ക്ക് പ്രാധാന്യം നൽകി 49.43 കോടി വരവും 49.34 കോടി ചെലവും 9.34 ലക്ഷം മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് യുഡിഎഫ് ഭരിക്കുന്ന പഴയന്നൂർ ​ഗ്രാമപഞ്ചായത്ത് അവതരിപ്പിച്ചത്.

ജനപ്രതിധിയായി കയറിയകാലം മുതൽ ഇവരുടെ പ്രവർത്തന രീതി പരിചയിച്ചതാണ്. 7000 രൂപ ഓണറേറിയത്തിന് പുറമേ അധിക വേതനമായി 2000 രൂപയായിരിക്കും നൽകുകയെന്ന് പഴയന്നൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമ്യ വിനീത് അഴിമുഖത്തോട് പറഞ്ഞു.

വാർഡുകൾ കേന്ദ്രീകരിച്ച് അസുഖങ്ങൾ തിരിച്ചറിയുന്നത് മുതൽ അതിനെതിരെയുള്ള പ്രതിരോധ പ്രവർത്തിക്കുന്നത് ഏകോപിപ്പിക്കുന്നത് വരെ ഇവരാണ്. ജോലിഭാരം കൂടുന്നത് അനുസരിച്ച് അവർക്ക് വേതനം ലഭിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം. പെട്ടെന്നൊരു ദിവസം വെറുതെ ഒരു സമരത്തിന് ഇറങ്ങി തിരിച്ചവരല്ല ഇവർ. അവ​ഗണന തീരെ സഹിക്കാൻ പറ്റാത്ത ഘട്ടത്തിലാണ് സമര മുഖത്തേക്ക് ഇറങ്ങിയത്. ഈ ഒരു സാഹചര്യത്തിൽ അവരുടെ കൂടെ നിൽക്കുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണെന്നും രമ്യ പറഞ്ഞു.

പഞ്ചായത്തിലെ 31 ആശപ്രവർത്തകർക്കും 2000 രൂപ വീതം അധികവേതനം നൽകാനാണ് പഞ്ചായത്തിന്റെ തീരുമാനം. വനപ്രദേശം കൂടി ഉൾപ്പെട്ടതാണ് പഴയന്നൂർ ഗ്രാമപഞ്ചായത്ത്, വീടുകൾ തമ്മിൽ നല്ല ദൂരവുമുണ്ട് ഇതിനെയെല്ലാം മറി കടന്നുള്ള ഇവരുടെ പ്രവർത്തനം കണ്ടില്ലെന്ന് നടിക്കാൻ സാധിക്കില്ല. അധിക വേതനം നൽകാൻ എന്തെല്ലാം നിയമ തടസങ്ങളുണ്ടോ അതെല്ലാം മറികടക്കാനാണ് ഭരണസമിതിയുടെ തീരുമാനമെന്ന് രമ്യ വ്യക്തമാക്കി.ഈ തീരുമാനത്തിന് പ്രതിപക്ഷ പാർട്ടികളായ സിപിഎമ്മിന്റെയും, ബിജെപിയുടെയും ഭാഗത്ത് നിന്നുള്ള വിമർശനങ്ങളും ഭരണപക്ഷം നേരിടുന്നതായും രമ്യ കൂട്ടിച്ചേർത്തു.

ആശ പ്രവർത്തകരുടെ അധികവേതനത്തിനായി 8 ലക്ഷത്തോളമാണ് വകയിരുത്തിയിരിക്കുന്നത്. ആശമാർക്ക് കൃത്യമായ വേതനം ലഭിച്ചാലാണ് അവരുടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ പറ്റൂ. സമ്പന്നതയിൽ നിന്ന് വന്നവരല്ല ഇവരാരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ അംഗങ്ങളാണ് ഭൂരിഭാഗവും. ഇവരോടുള്ള അവഗണന തീർത്തും മനുഷ്യത്വരഹിതമാണെന്നും രമ്യ പറഞ്ഞു.

വേതനത്തിനും അവകാശങ്ങൾക്കുമുള്ള ആശമാരുടെ പോരാട്ടം കടുക്കുമ്പോൾ, ഇനി വരുന്ന സാമ്പത്തിക വർഷം ഈ വാ​ഗ്ദാനങ്ങളെല്ലാം പാലിക്കപ്പെടുമെന്ന് തന്നെ കരുതാം.

content summary: Two grama panchayaths in Kerala Pazhayannur and Thodiyoor decided to gave overime salary for Asha workers in next economic year

Leave a Reply

Your email address will not be published. Required fields are marked *

×