June 26, 2026 |

കേരളത്തില്‍ ഇല്ലാത്ത ലൗ ജിഹാദും ജോര്‍ജിന്റെ 400 ന്റെ കണക്കും

കേരളത്തില്‍ ലൗ ജിഹാദ് ഇല്ല എന്ന് കോടതി വരെ പറഞ്ഞിട്ടുള്ളതാണ്. അവിടെയാണ് ജോര്‍ജ് വീണ്ടും ലൗ ജിഹാദും മുസ്ലിം വിദ്വേഷവുമായി രംഗത്തു വന്നിരിക്കുന്നത്

ലൗ ജിഹാദ് ആരോപണവുമായി ബിജെപി നേതാവ് പിസി ജോര്‍ജ്. പാലായിലെ മീനച്ചില്‍ താലൂക്കില്‍ മാത്രം 400 പെണ്‍കുട്ടികള്‍ ലൗ ജിഹാദിന് ഇരയായെന്നാണ് ജോര്‍ജിന്റെ ആരോപണം. ഇവരില്‍ 41 പേരെ മാത്രമാണ് തിരികെ ലഭിച്ചതെന്നും ജോര്‍ജ് പറയുന്നു. 21, 22 വയസിലൊക്കെ പെണ്‍കുട്ടികളെ കല്യാണം കഴിപ്പിക്കാന്‍ ക്രിസ്ത്യാനികള്‍ തയ്യാറാകണമെന്നും രക്ഷിതാക്കള്‍ യാഥാര്‍ത്ഥ്യം മനസിലാക്കണമെന്നും പ്രകോപനപരമായ തന്റെ പ്രസംഗത്തില്‍ പി സി ജോര്‍ജ് ആഹ്വാനം ചെയ്യുന്നുണ്ട്.

”കഴിഞ്ഞ ദിവസം ഈരാറ്റുപേട്ടയില്‍ കണ്ടെത്തിയ സ്‌ഫോടക വസ്തുക്കള്‍ കൊണ്ട് കേരളത്തെ മുഴുവന്‍ കത്തിക്കാന്‍ സാധിക്കും. അത് എവിടെ കത്തിക്കാനുള്ളതാണെന്നും അറിയാം, പക്ഷെ പറയുന്നില്ല. രാജ്യത്തിന്റെ പോക്ക് അപകടകരമായ രീതിയിലാണ്” പാലായിലെ ലഹരി വിരുദ്ധ പരിപാടിയിലായിരുന്നു പി സി ജോര്‍ജ് വീണ്ടും വര്‍ഗീയത ആളിക്കത്തിക്കാന്‍ ശ്രമിച്ചത്.

മതവിദ്വേഷ പരാമര്‍ശ കേസില്‍ ജാമ്യത്തില്‍ കഴിയുന്നതിനിടെയാണ് പിസി ജോര്‍ജിന്റെ വിവാദ പ്രസംഗം. ഇക്കഴിഞ്ഞ ജനുവരി ആറിന് ഒരു ചാനല്‍ ചര്‍ച്ചയില്‍ പി സി ജോര്‍ജ് നടത്തിയ പരാമര്‍ശത്തിനെതിരെയാണ് ഈരാറ്റുപേട്ട പൊലീസ് കേസെടുത്തത്. മതസ്പര്‍ധ വളര്‍ത്തല്‍, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളായിരുന്നു ജോര്‍ജിനെതിരെ ചുമത്തിയിരുന്നത്. ചര്‍ച്ചയ്ക്കിടെ പി സി ജോര്‍ജ് മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയതിനെതിരെ ഈരാറ്റുപേട്ട യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റി നല്‍കിയ പരാതിയിലായിരുന്നു കേസ്. നാര്‍കോട്ടിക് ജിഹാദിനെതിരെയും, ലൗ ജിഹാദിനെതിരെയും ഒരുമിച്ച് തന്നെ നീങ്ങണമെന്നും ഇതിന് ഹൈന്ദവ സഹോദരങ്ങളെ കൂടെകൂട്ടുകയാണ് വേണ്ടതെന്നുമായിരുന്നു ജോര്‍ജ് പറഞ്ഞത്.

കേരളത്തില്‍ ലൗ ജിഹാദ് ഇല്ല എന്ന് കോടതി വരെ പറഞ്ഞിട്ടുള്ളതാണ്. അവിടെയാണ് ജോര്‍ജ് വീണ്ടും ലൗ ജിഹാദും മുസ്ലിം വിദ്വേഷവുമായി രംഗത്തു വന്നിരിക്കുന്നത്. സംഘപരിവാറും ക്രിസ്ത്യന്‍ വര്‍ഗീയ സംഘങ്ങളുമാണ് ലൗ ജിഹാദ് ആരോപണം വീണ്ടും വീണ്ടും ഉയര്‍ത്തുന്നത്. ഓരോ ഘട്ടത്തിലും കേരളം, ഈ വിഷയത്തില്‍ വിശദീകരണങ്ങള്‍ നല്‍കാറുമുണ്ട്. വ്യക്തമായ തെളിവുകളൊന്നും തന്നെയില്ലാതെയാണ് ലൗ ജിഹാദ് ആരോപണം വരുന്നത്. പി സി ജോര്‍ജ് ഇപ്പോള്‍ പറഞ്ഞ 400 എണ്ണത്തിന്റെ കാര്യത്തിലും എന്ത് അടിസ്ഥാനത്തിലാണ് ആ ആക്ഷേപം ഉയര്‍ത്തിയിരിക്കുന്നതെന്ന് പറഞ്ഞിട്ടില്ല.

കേരളത്തില്‍ ആദ്യത്തെ ലൗ ജിഹാദ് ആരോപിച്ചുള്ള കേസ് ഫയല്‍ ചെയ്തത് 2009 ലായിരുന്നു. പത്തനംതിട്ടയിലെ രണ്ട് എംബിഎ വിദ്യാര്‍ത്ഥിനികളെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ രണ്ട് യുവാക്കള്‍ സ്‌നേഹം നടിച്ച് മതം മാറാന്‍ പ്രേരിപ്പിച്ചു എന്നതായിരുന്നു കേസ്. കേസ് പരിഗണിക്കവെ ഇതിന്റെ രാജ്യാന്തര, തീവ്രവാദ ബന്ധത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് ഹൈക്കോടതി കേരള ഡിജിപിയോടും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോടും ആവശ്യപ്പെട്ടിരുന്നു.

ഇതേത്തുടര്‍ന്ന് ലൗ ജിഹാദിനെ ഒരു പ്രധാന പ്രശ്‌നമായി കാണണമെന്ന ആവശ്യവുമായി ഹൈന്ദവ സംഘടനകളും ബിജെപിയും രംഗത്തെത്തിയിരുന്നു. അന്ന് ഹൈക്കോടതി ആവിശ്യപ്പെട്ടത് പ്രകാരം സംസ്ഥാന ഡിജിപിയും, കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍, സംസ്ഥാനത്തോ, രാജ്യത്ത് മറ്റെവിടെയെങ്കിലുമോ ലൗ ജിഹാദ് പ്രവര്‍ത്തിക്കുന്നില്ലെന്നാണ് വ്യക്തമാക്കിയിരുന്നത്. ലൗ ജിഹാദിലൂടെ ദക്ഷിണ കര്‍ണാടകയിലെ 3000 ഹിന്ദു പെണ്‍കുട്ടികളും, കര്‍ണാടകയില്‍ മുഴുവനായി 30,000 പെണ്‍കുട്ടികള്‍ തിരോധാനം ചെയ്യപ്പെട്ടു എന്ന് ഹിന്ദു ജനജാഗ്രതി സമിതി ആരോപിച്ചു. ആരോപണത്തെ തുടര്‍ന്ന് ദക്ഷിണ കര്‍ണാടക പോലീസ് ഔദ്യോഗിക വിശദീകരണം നല്‍കാന്‍ തയ്യാറായി. 2009 സെപ്റ്റംബര്‍ അവസാനം വരെ 404 പെണ്‍കുട്ടികളെ മാത്രം കാണാതായിട്ടുണ്ടെന്നും, അതില്‍ 332 പേരെ കണ്ടെത്തിയിട്ടുണ്ടെന്നും പോലീസ് വിശദീകരിച്ചു. അവശേഷിക്കുന്ന 57 പേരില്‍ വിവിധ മതവിഭാഗത്തില്‍ പെടുന്നവര്‍ ഉണ്ടായിരുന്നതായും പോലിസ് പറഞ്ഞിരുന്നു.

ഉത്തര്‍പ്രദേശിലും സമാന രീതിയില്‍ അന്വേഷണങ്ങള്‍ നടന്നിരുന്നു. അഞ്ച് പെണ്‍കുട്ടികളെ ലൗ ജിഹാദിനിരകളാക്കി എന്ന പരാതിയെ തുടര്‍ന്നുണ്ടായ അന്വേഷണത്തില്‍ അത് ലൗ ജിഹാദ് ആയിരുന്നില്ല എന്ന് പോലിസ് കണ്ടെത്തിയിരുന്നു.

2017ലാണ് കേരളത്തിലെ ലൗ ജിഹാദിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച നടന്ന സംഭവം ഉണ്ടായത്. അഖില അശോകന്‍ എന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ഷഹീന്‍ ജഹാന്‍ എന്ന മുസ്ലീം യുവാവിനെ വിവാഹം ചെയ്ത് ഹാദിയ എന്ന പേര് സ്വീകരിച്ച് ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം നടത്തിയിരുന്നു. ഹാദിയയെ മതം മാറ്റി ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദ സംഘടനയിലേക്ക് കൊണ്ടുപോകുന്നു എന്ന പെണ്‍കുട്ടിയുടെ പിതാവിന്റേതടക്കമുള്ള ആരോപണങ്ങളെ ഉള്‍പ്പെടുത്തി വിഷയത്തെ ആളിക്കത്തിക്കാന്‍ തീവ്രഹിന്ദുത്വ സംഘടനകള്‍ ശ്രമിച്ചിരുന്നു. കേരള ഹൈക്കോടതി അന്ന് ഹാദിയയുടെയും ഷഹീന്‍ ജഹാന്റെയും വിവാഹം റദ്ദ് ചെയ്യുക വരെ ഉണ്ടായി. തുടര്‍ന്ന് സുപ്രീം കോടതിയെ സമീപിച്ചിരുന്നു ഷഹീന്‍. കോടതി ഈ വിഷയത്തില്‍ എന്‍ ഐ ഐയോട് അന്വേഷണം നടത്താന്‍ ആവിശ്യപ്പെടുകയും ചെയ്തു. എന്‍ ഐ എ കൊടുത്ത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹാദിയയ്ക്കും ഷഹീനും ഒരുമിച്ചു ജീവിക്കാനുള്ള അവകാശമുണ്ടെന്ന് സുപ്രീം കോടതി ഉത്തരവ് ഇടുകയാണുണ്ടായത്. ഇതോടൊപ്പം തന്നെ കോടതി എന്‍ ഐ എയോട് നിര്‍ദേശിച്ച കാര്യമാണ് ലൗ ജിഹാദ് എന്ന പേരില്‍ തീവ്രവാദ സ്വഭാവത്തോടെ എന്തെങ്കിലും നടക്കുന്നുണ്ടോയെന്ന് അന്വേഷിച്ച് കണ്ടെത്തണമെന്ന്. എന്‍ ഐ എ അന്വേഷിച്ചിട്ടും അങ്ങനെയൊരു സംഭവവും കണ്ടുപിടിക്കാന്‍ സാധിച്ചിരുന്നില്ല.

2020 ഫെബ്രുവരി നാലിന് പാര്‍ലമെന്റില്‍ ബെന്നി ബെഹനാന്റെ ചോദ്യത്തിനു മറുപടിയായി കേന്ദ്ര മന്ത്രി കിഷന്‍ റെഡ്ഡി ലൗജിഹാദ് നിര്‍വ്വചിക്കപ്പെടുകയോ ഏതെങ്കിലും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഇതുവരെ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ലന്നാണു മറുപടി നല്‍കിയത്.

content summary; PC George claims that ‘Love Jihad’ incidents are on the rise in Kerala

Leave a Reply

Your email address will not be published. Required fields are marked *

×