”മരിച്ചവര്‍ വിലപിക്കുന്നത് കേട്ടിട്ടുണ്ടോ?”
”ഇല്ല”
”കേള്‍ക്കാതിരിക്കുന്നതാണ് ഭേദം”
ചുറ്റുമെത്ര നോക്കിയാലും ചെങ്കല്‍ നിറത്തിലുള്ള പൊടി നിറഞ്ഞ മലനിരകള്‍ മാത്രം കാണാവുന്ന ഒരു നിരത്തിലൂടെ കൊമാല എന്ന ദേശം അന്വേഷിച്ച് പോവുകയാണ് ഹുവാന്‍ പ്രെസിയാദോ എന്ന ചെറുപ്പക്കാരന്‍. കോവര്‍ കഴുതകളെയും മേച്ച് വരുന്ന ഒരു മനുഷ്യജീവി മാത്രമാണ് എത്രയോ നേരത്തേ നടപ്പിനിടെ അയാളുടെ വഴിക്ക് വന്നത്. കൊമാലയിലേയ്ക്കുള്ള വഴിയിലേയ്ക്ക് അയാള്‍ ഹുവാനെ നയിച്ചു.
എന്തിനാണ് കൊമാലയില്‍ പോകുന്നത്- അയാള്‍ ചോദിച്ചു.
എന്റെ അപ്പനെ കാണണം, എനിക്കുള്ളത് ആവശ്യപ്പെടണം, അമ്മ പറഞ്ഞിട്ടുണ്ട്- ഹുവാന്‍ പറഞ്ഞു.
അയാള്‍ ചോദിച്ചു: അപ്പന്റെ പേരെന്ത്?
ഹുവാന്‍ പറഞ്ഞു: പെഡ്രോ പരാമോ.
പെഡ്രോ പരാമോയെ അറിയുമോ? അറിയും, അയാള്‍ ദുഷ്ടതയുടെ ദൃഷ്ടാന്തമാണ്. അയാള്‍ തന്നെയാണ് എന്റേയും അപ്പന്‍. ആ കാണുന്ന പന്നിയുടെ പിടുക്കുപോലത്തെ മലനിരകളുണ്ടാല്ലോ, അതിനപ്പുറത്തും ഇപ്പുറത്തും മെദീന ലൂന പ്രദേശമാണ്. അതെല്ലാം അയാളുടെ സ്വന്തമായിരുന്നു- അബൂന്തിയോ എന്ന് അവസാനം പരിചയപ്പെടുത്തുന്ന അയാള്‍ ഹുവനോട് പറഞ്ഞു തുടങ്ങി. അവര്‍ ദൂരെ നിന്ന് കൊമാല കണ്ടു. അത് ഉപേക്ഷിക്കപ്പെട്ട പട്ടണം പോലെ തോന്നുന്നുവല്ലോ എന്ന് പ്രെസിയാദോ അത്ഭുതപ്പെടുന്നുണ്ട്. ഉപേക്ഷിക്കപ്പെട്ട പോലെ തോന്നുന്നതല്ല, ഉപേക്ഷിക്കപ്പെട്ടത് തന്നെയാണ്-അബൂന്തിയോ തിരുത്തി. അപ്പോള്‍ പ്രെഡ്രോ പരാമോ? അയാള്‍ എന്നേ മരിച്ചു. അവിടെ ആരുണ്ട്? എഡുവിഹെസിന്റെ സത്രത്തിലേയ്ക്ക് ചെന്നാല്‍ മതിയെന്ന് നിര്‍ദ്ദേശിച്ച് അബൂന്തിയോ വഴി പോകുന്നു.
എഡൂവിഹെസ് കാത്തിരിക്കുകയായിരുന്നു. ‘നീ വരുമെന്ന് അവള്‍ പറഞ്ഞു’: എഡുവിഹെസ് അവനെ സ്വീകരിച്ചുകൊണ്ട് പറഞ്ഞു.
ആര്?
നിന്റെ അമ്മ, അല്ലാതാര്?
അമ്മയോ? അമ്മ മരിച്ച് പോയല്ലോ?
വെറുതെ അല്ല, അവളുടെ ശബ്ദം അത്ര പതുക്കെയായിരുന്നത്, അത് കുറേ ദൂരം സഞ്ചരിച്ച് വരുന്നത് പോലെ തോന്നി: എഡുവിഹെസ് നിശ്വസിച്ചു.
മരിച്ചവരുടെ ഞെരുക്കങ്ങളാണ്, നിശ്വാസങ്ങളും പിറുപിറുക്കലുകളും വിലാപങ്ങളുമാണ് കൊമാലയില്‍ പ്രതിദ്ധ്വനിച്ച് കൊണ്ടേയിരിക്കുന്നത്. അനാദിയായ വിലാപം. പെഡ്രോ പരാമോയെ കുറിച്ചും അവന്റെ അമ്മ ഡൊളാറെസിനെ കുറിച്ചും പെഡ്രോ പരാമോ അംഗീകരിച്ച ഒരേയൊരു മകനായ മിഗ്വേലിനെ കുറിച്ചും കൊമാലയുടേയും മെദീന ലൂനയെ കുറിച്ചും എഡുവിഹെസ് പറയാനാരംഭിച്ചു. എഡുവിഹെസ് അവന്റെ അമ്മയുടെ ഏറ്റവും അടുത്ത കൂട്ടുകാരിയായിരുന്നു. പക്ഷേ ഹുവാനോട് സംസാരിച്ചിരിക്കുന്ന എഡുവിഹെസ് ജീവിച്ചിരിക്കുന്നുണ്ടോ? അബൂന്തിയോ എന്നോ മരിച്ചതല്ലേ? എഡുവിഹെസിന്റെ സത്രത്തില്‍ നിന്ന് ഹുവാനെ കൂട്ടിക്കൊണ്ട് പോകാന്‍ ഡാമിയാനോയോ? ആര്‍ക്കറിയാം?
*
ഇത് ഒരു സിനിമാസ്വാദന കുറിപ്പോ നിരൂപണമോ അല്ല. മൂന്ന് പതിറ്റാണ്ടിന് മുമ്പ് വായനയുടേയും ഭാവനയുടേയും ലോകത്തെ അടിമുടി ഉലച്ചുകളഞ്ഞ ഒരു പുസ്തകത്തിന്റെ ചലച്ചിത്രാവിഷ്‌കാരം കണ്ട പഴയ വായനക്കാരന്റെ തോന്നലുകളാണ്. സാക്ഷാല്‍ ഗാബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്കേസിന്റെ ചിന്തകളേയും സാഹിത്യത്തേയും വലിയ തോതില്‍ സ്വാധീനിച്ച, അദ്ദേഹത്തിന്റെ ഏറ്റവും പ്രിയപ്പെട്ട പുസ്തകം എന്ന മുഖവുരയോടെയാണ് ‘പേഡ്രൊപരാമോ’യുടെ മലയാള വിവര്‍ത്തനം, മഹാനായ എഴുത്തുകാരന്‍ വിലാസിനി മൊഴിമാറ്റിയത്, ഒരു സുഹൃത്ത് നല്‍കുന്നത്. പിന്നീട് വിശ്വാസികളുടെ മതഗ്രന്ഥം പോലെ കൈവശമുള്ള പുസ്തകമായിരുന്നു അത്.
ജീവിതവും മരണവും പ്രണയവും പാപവും മരിച്ചവരും ജീവിച്ചവരും ആക്രോശങ്ങളും പിറുപിറുക്കലുകളും യാഥാര്‍ത്ഥ്യങ്ങളും തോന്നലുകളും ഇടകലര്‍ന്നൊരു വിഷാദ ലോകമാണ് പെഡ്രോ പരാമോയിലേയത്. 1955-ല്‍ ഹുവാന്‍ റൂള്‍ഫോ എന്ന മെക്സിക്കന്‍ എഴുത്തുകാരന്‍ എഴുതിയ ഈ നോവല്‍ തെക്കേ അമേരിക്കയില്‍ നിന്ന് ഇരുപതാം നൂറ്റാണ്ടില്‍ ഉണ്ടായിട്ടുള്ള മഹത്തായ സാഹിത്യകൃതികളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നായാണ് കണക്കാക്കപ്പെടുന്നത്. പെഡ്രോ പരാമോ എന്ന ഒറ്റ നോവല്‍ മാത്രമേ എഴുതിയിട്ടുള്ളൂ എങ്കിലും ബോര്‍ഗെസും മാര്‍ക്കേസും നെരൂദയും നിക്കനോര്‍പാര്‍റയും യോസയും ഒക്ടോവിയ പാസും അടക്കമുള്ള സൗത്ത് അമേരിക്കന്‍ എഴുത്തുകാരുടെ അതേ ശ്രേണിയിലാണ് ഹുവാന്‍ റൂള്‍ഫോയും വിലയിരുത്തപ്പെടുന്നത്. ലോകത്ത് ഏതുഭാഷയിലും എല്ലാക്കാലത്തും എഴുതപ്പെട്ട ഏറ്റവും വലിയ രചനകളിലൊന്നാണ് പെഡ്രോ പരാമോ എന്ന് ബോര്‍ഗെസും വിശേഷിപ്പിച്ചിട്ടുണ്ട്.
അത്തരമൊരു വായനാലോകത്തിന്റെ, മുപ്പതോ നാല്‍പ്പതോ ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ട് കഴിഞ്ഞ മൂന്ന് നാല് പതിറ്റാണ്ടായി കേരളം പോലെ ഇന്ത്യയുടെ തെക്കേ മുനമ്പിലുള്ള ചെറിയ ലോകത്തെ വായനക്കാരെ പോലും സ്വാധീനിച്ച ഈ കൃതിയുടെ ചലച്ചിത്രാവിഷ്‌കാരമെന്നത് ഭാരമേറിയ ഒരു പ്രക്രിയയാണ്. വായനക്കാരെ പോലെ ദുശാഠ്യമുള്ള മനുഷ്യരില്ല. കോടിക്കണക്കിന് വായനക്കാര്‍ക്ക് തങ്ങളുടെ വായനാലോകങ്ങളിലെ തനത് ഭാവനകളില്‍ സൃഷ്ടിക്കപ്പെട്ട കൊമാലയും മെദീന ലൂനയും അതിന്റെ ഇരുട്ടും വിയര്‍പ്പും പകയും ദയയും ക്രൗര്യവും കാമവും എല്ലാം എങ്ങനെ തിരശീലയിലെത്തണം എന്നതിനെ കുറിച്ച് ദൃഢനിശ്ചയങ്ങളുണ്ട്. പെഡ്രോപരാമോയ്ക്കും ഹുവാന്‍ പ്രെസിയാദോക്കും സുസാനയ്ക്കും ദൊറോത്തിയയ്ക്കും മിഗ്വേല്‍ പരാരോയ്ക്കും ഇഡുവിഹെസ് ഡയാനയ്ക്കും ഡൊളോറസിനും ഡമീനയായ്ക്കും എല്ലാം നിശ്ചിത രൂപങ്ങളുണ്ട്.
ഒ.ടി.ടി കാലത്തെ ഗാബ്രിയേല്‍ മാര്‍ക്കേസും ഹുവാന്‍ റൂള്‍ഫോയും അവരുടെ മാന്ത്രിക ലോകവും
ഇതാദ്യമല്ല പെഡ്രോ പരാമോ സിനിമയാകുന്നതെങ്കിലും മെക്സിക്കോവിലും ചില സൗത്ത് അമേരിക്കന്‍ രാജ്യങ്ങള്‍ക്കും ഫിലിം ഫെസ്റ്റിവെല്ലുകള്‍ക്കും അപ്പുറം വിശാലമായ ലോകത്തേയ്ക്ക് ഒ.ടി.ടി പ്ലാറ്റ്ഫോമിലൂടെ ഈ കൃതി വരുന്നത് കൊണ്ടാണ് ഇപ്പോള്‍ ഇതേ ചൊല്ലിയിട്ടുള്ള ആവേശവും ആകാംക്ഷയും നിലനില്‍ക്കുന്നത്. മാത്രമല്ല, അലജാണ്‍ഡ്രോ ഇനാരിറ്റുവിന്റെ അമോസ് പെറസ്, 21 ഗ്രാംസ്, ബാബേല്‍, ജൂലീ ടെയ്മറുടെ ഫ്രിഡ, ആങ്ലീയുടെ ബ്രോക്ബാക്മൗണ്ടന്‍, ബെന്‍ അഫ്ളെക്കിന്റെ ആര്‍ഗോ, മാര്‍ട്ടിന്‍ സ്‌കോര്‍സെസിയുടെ ദ വൂള്‍ഫ് ഓഫ് വാള്‍ സ്ട്രീറ്റ്, സൈലന്‍സ്, ഐറിഷ്മാന്‍, കില്ലേഴ്സ് ഓഫ് ഫ്ളവര്‍ മൂണ്‍ എന്നിങ്ങനെയുള്ള അത്യുജ്വല സിനിമകളുടെ എല്ലാം സിനിമോറ്റോഗ്രാഫര്‍ എന്ന നിലയില്‍ ലോകമറിയുന്ന റോഡ്രിഗോ പ്രിയേറ്റോ ആണ് പെഡ്രോ പരാമോയുടെ സംവിധായന്‍. കൊമാലയുടേയും മെദീന ലൂനയുടേയും ദൃശ്യാവിഷ്‌കാരവും സുസാനയെ കുറിച്ചുള്ള പെഡ്രോ പരമോയുടെ ഓര്‍മ്മകളും എങ്ങനെയാകും ലോകത്തെ ഉജ്ജ്വല സിനിമാട്ടോഗ്രാഫര്‍മാരില്‍ ഒരാള്‍ ചിത്രീകരിക്കുന്നത് എന്ന കൗതുകവും ഈ കാത്തിരിപ്പിലുണ്ടായിരുന്നു.
*
ഹുവാന്‍ പ്രസിയാദോയുടെ കൊമാലയിലേയ്ക്കുള്ള യാത്രയും അബൂന്തിയോയുടെ വരവും മുതല്‍ കൊമാലയിലുടെ വഴികളിലേയ്ക്ക് തുറക്കുന്ന വീടിന്ന് മുന്നില്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്ന പട്ടണം നോക്കി നോക്കിയിരുന്ന് പെഡ്രോ പരാമോ മരിച്ച് വീഴുന്നതും അബൂന്തിയ അതിന് കാരണമാകുന്നതും വരെ ഏതാണ്ട് പൂര്‍ണമായും പുസ്തകത്തിന്റെ ദൃശ്യാവിഷ്‌കാരമാണ് സിനിമ. വളരെ അപൂര്‍വ്വം ഇടങ്ങളില്‍ മാത്രമാണ് സംവിധായകന്‍ ടെക്സ്റ്റിനപ്പുറത്തേയ്ക്ക് നീങ്ങുന്നത്. പുസ്തകത്തില്‍ അത്രയേറെ പ്രധാന്യമില്ലാത്ത ഇഡുവിഹെസ, ഡാമിയാനയും ദൊരാത്തിയയും ഡൊളാറസും വലിയ സാന്നിധ്യങ്ങളായി സിനിമയില്‍ മാറുന്നു. പെഡ്രോ പരാമോ എന്ന സ്ത്രീലമ്പടനും ക്രൂരനുമായ ഏകാധിപതിയുടെ നിഴലില്‍ നന്ന് മോചിതരായ വലിയ രൂപങ്ങളായി നമുക്ക് ഇവരേയും കാണാം.
മരിച്ച് പോയ കൊമാലയിലെ പ്രതിദ്ധ്വനികള്‍ക്കും പിറുപിറുക്കലുകള്‍ക്കും ഇടയില്‍ പെട്ട ഹുവാന്റെ കാഴ്ചകള്‍ക്കിടയില്‍ നമ്മള്‍ കക്കൂസില്‍ ഇരുന്ന് സുസാനയ്ക്കൊപ്പം പട്ടം പറത്തുന്നത് സ്വപ്നം കണ്ടുകൊണ്ടിരിക്കുന്ന പെഡ്രോയുടെ ബാല്യത്തിലെത്തും, പുസ്തകത്തിലേത് പോലെ തന്നെ. സംഭാഷണങ്ങളും വിവരണങ്ങളും നോവലിലേത് തന്നെ. സുസാന്ന എന്ന ജ്വരമാണ് പെഡ്രോ പരാമോയുടെ ബാധ. വീണ്ടും വീണ്ടും ആലോചിക്കുമ്പോള്‍ മാര്‍ക്കേസ് കൊളറക്കാലത്തെ പ്രണയത്തിലെ ഫളോറന്റീന അരിസയെ കണ്ടെത്തിയിരിക്കുന്നത് പെഡ്രോ പരാമോയുടെ ഈ സുസാന്ന ബാധയില്‍ നിന്നാണെന്ന് കാണാം. ഫെര്‍മിനാ ഡാസയുടെ പ്രണയനിരാസത്തിന് ശേഷം നീണ്ട അഞ്ച് പതിറ്റാണ്ട് ആ ഓര്‍മ്മകളില്‍ മുഴുകി രതിയുടേയും തിന്മയുടേയും വഴികളില്‍ സഞ്ചരിച്ച ഫ്ളോറന്റീന അരിസയുടെ പ്രാഗ്രൂപമാണ് പെഡ്രോ പരാമോ. സുനാന്നയുടെ ഓര്‍മ്മകളില്‍ മുഴുകിയാണ് പെഡ്രോപരാമ വളരുന്നത്.
കൗമാരത്തിലെ ഒരു രാത്രി തന്റെ അപ്പന്‍ തന്നെ ഉണര്‍ത്താന്‍ ശ്രമിക്കുന്നത് തടഞ്ഞ് വീണ്ടും ഉറങ്ങുന്ന പെഡ്രോ നിശബ്ദമായ ഒരു കരച്ചില്‍ കേട്ടാണ് ഉണരുന്നത്. വാതിലില്‍ കരഞ്ഞ് കൊണ്ട് നില്‍ക്കുന്ന അമ്മയെ അവന്‍ കാണുന്നു. ‘നിന്റെ അപ്പനെ അവര്‍ കൊന്നു’-അമ്മ പറയും. ആ നിമിഷത്തില്‍ പെഡ്രോ മുതിരുന്നു. ‘നിങ്ങളെ ആരാണ് കൊന്നത് അമ്മേ?’ എന്നവന്‍ ചോദിക്കുന്നു. മരിച്ചവര്‍ക്ക് ജീവിച്ചിരിക്കുന്നവരുടെ ജീവിതത്തില്‍ പ്രവേശനനിഷേധമില്ല ഈ നോവലില്‍. അവര്‍ക്ക് ഏതോ ലോകത്തില്‍ നിന്ന് വരികയും ജീവിക്കുന്നവരോട് സംവദിക്കുകയും ചെയ്യുന്നുണ്ട്. തന്റെ അപ്പനേയും അമ്മയേയും കൊന്നവരെ ഇല്ലാതാക്കിയും ഭൂമിയും കച്ചവടങ്ങളും പിടിച്ചെടുത്തും പരശതം സ്ത്രീകളുമായി ബന്ധപ്പെട്ടും എണ്ണമില്ലാത്ത കുഞ്ഞുങ്ങളെ ജനിപ്പിച്ചും കൊമാലയുടെ അധിപനായി ഡോണ്‍ പെഡ്രോ പരാമോയായി അവന്‍ വളരുന്നു.
മിഗ്വേല്‍ പരാമോ എന്ന ഒരു മകനുണ്ട്, പെഡ്രോയ്ക്ക്. പതിനേഴ് വയസിന് മുമ്പ് കൊലപാതകങ്ങളും ബലാത്സംഗവും ആരംഭിച്ച ഒരുവന്‍. അവന് വേണ്ടി പെണ്‍കുട്ടികളെ കൂട്ടിക്കൊടുത്ത് കൊണ്ടിരുന്ന ദൊരാത്തിയ എന്ന ഭ്രാന്തിയുണ്ട്. സങ്കല്‍പ്പത്തിലുള്ള കുഞ്ഞിന് പാല്‍ കൊടുത്ത് കൊമാലയുടെ തെരുവുകളില്‍ അരൂപിയായി നടന്നവള്‍. അവളുടെ കുഴിമാടത്തിലാണ് പിയാത്തോ ശില്പത്തിലെ മാതാവിന്റെ കൈകളിലെ യേശുവിനേ പോലെ ഹുവാന്‍ പ്രെസിയാദോ ചെന്നൊടുങ്ങുന്നത്. താന്‍ ജീവിതം കാലം മുഴുവന്‍ സങ്കല്‍പ്പത്തില്‍ കൊണ്ടു നടന്ന കുഞ്ഞിന്റെ സ്ഥാനത്ത് കുഴിമാടത്തില്‍ മണ്ണടരുകള്‍ക്ക് താഴെ ഹുവാനെ ചേര്‍ത്ത് പിടിച്ച് കിടന്നാണ് കൊമാലയുടെ കഥ ദൊരാത്തിയ അവന് പറഞ്ഞുകൊടുക്കുന്നത്. ഭ്രാന്തമായ ഭാവനകളൊന്നും നമുക്കിവിടെ വിചിത്രമായി തോന്നുകയില്ല. കൊമാലയില്‍ സര്‍വ്വതും സ്വാഭാവികമാണ്. ഒരു രാത്രി എഡുവിഹെസിന്റെ സത്രത്തിന്റെ ജാലകത്തില്‍ മിഗ്വേല്‍ പരാമോ മുട്ടുന്നുണ്ട്. ‘ഒരുവളുടെ വീട്ടിലേയ്ക്ക് പോയതാണ്, കുതിരപ്പുറത്ത് നിന്ന് വീണു. അതല്ല, പ്രശ്നം. അതിന് ശേഷം ചുറ്റും മൂടല്‍ മഞ്ഞ് വന്ന് നിറഞ്ഞത് കൊണ്ട് അവളുടെ വീട് കാണാന്‍ പറ്റുന്നില്ല’-മിഗ്വേല്‍ അവന്റെ പ്രശ്നം എഡുവിഹെസിനോട് പറയുന്നു. എഡുവിഹെസ് ഒന്ന് ദീര്‍ഘശ്വാസമെടുത്ത് മിഗ്വേലിനോട് പറയുന്നു-‘മോനെ മഞ്ഞല്ല പ്രശ്നം, നീ മരിച്ച് പോയതാണ്. എന്നെ വന്ന് കണ്ട് യാത്ര പറഞ്ഞതില്‍ സന്തോഷം. ഇനി നീ പോയി സമാധാനമായി വിശ്രമിക്കൂ.’
സുസാനയുടെ തിരിച്ച് വന്നു. പക്ഷേ പെഡ്രോയുടെ പഴയ സുസാനയായല്ല. ഓര്‍മ്മകള്‍ അസ്ഥിരപ്പെട്ട, മറവികള്‍ക്കും വേദനകള്‍ക്കും പാപഭാരങ്ങള്‍ക്കും ഇടയില്‍ ജ്വരബാധിതയായ ഒരു സുസാന. അവളെ കൂടെ താമസിപ്പിച്ചുവെങ്കിലും വിവാഹം കഴിച്ചുവെങ്കിലും സുസാന പെഡ്രോയുടെ സ്വന്തമായില്ല. അവര്‍ അശാന്തിയുടെ ഞെരുക്കങ്ങള്‍ പെട്ട് പിടഞ്ഞ് പിടഞ്ഞൊരു നാള്‍ പിരിഞ്ഞുപോയി. കൊമാലയുടെ പള്ളി മണികള്‍ ആ വേര്‍പാടിന്റെ വാര്‍ത്തറിയിക്കാന്‍ മുഴങ്ങി. കൊമാലയിലും മെദിനലൂനയിലും തുടര്‍ച്ചയായി മുഴുങ്ങിയ പള്ളിമണികളുടെ താളത്തില്‍ മറ്റ് ഗ്രാമങ്ങളിലും പള്ളി മണികളടിച്ചു. അയല്‍ നാടുകളില്‍ നിന്നെല്ലാം മനുഷ്യര്‍ കൊമാലയിലെത്തി. സുസാനയുടെ വേര്‍പാടിന്റെ ദുഖാചരണം അങ്ങനെ ഒരു കാര്‍ണിവല്ലായി മാറി. സര്‍ക്കസും വെടിമരുന്നും ഭക്ഷണപാനീയങ്ങളും കുഞ്ഞുങ്ങളുടെ സന്തോഷച്ചിരികളും നിറഞ്ഞ ഉത്സവം. കോഴിപ്പോരും ഉച്ചത്തിലുള്ള പാട്ടും മദ്യപാനികളുടെ അലര്‍ച്ചയും ലോട്ടറിക്കച്ചടവക്കാരുടെ ബഹളവും ഉള്ള ആഘോഷം. മെദിയലൂനയിലെ വീട്ടിലിരുന്ന പെഡ്രോ പരാമ കൊമലയുടെ തവിട്ട് നിറമുള്ള ആകാശത്ത് പലവര്‍ണ്ണങ്ങളിലുള്ള ആഘോഷങ്ങള്‍ തിളങ്ങുന്നത് കണ്ടു. പെഡ്രോ പരാമോ ഒന്നും മിണ്ടിയില്ല. ഒടുവില്‍ സുസാന്നയുടെ മരണം ആഘോഷിക്കുന്ന കൊമാല നിവാസികളെ നോക്കി പെഡ്രോ പരാമോ ശപഥം ചെയ്തു: ‘ഞാന്‍ കൈകെട്ടി ഇനി അനങ്ങാതിരിക്കും. കൊമാല പട്ടിണി കിടന്ന് ചാവും’. അതു തന്നെയാണ് പെഡ്രോ ചെയ്തത്.
*
അനാദിയായ വിഷാദമാണ് പെഡ്രൊപരാമോയുടെ ഭാഷ. അത് സിനിമയിലും പ്രതിഫലിച്ചിട്ടുണ്ട്. നോവല്‍ വായനക്കാരേയും പെഡ്രോപരാമോ ആരാധകരേയും സ്വഭാവികമായും ഈ സിനിമ തൃപ്തിപ്പെടുത്തുകയില്ല. ആത്മാവില്ലാത്ത പ്രേത സിനിമ എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് ഈ സിനിമയെ വിശേഷിപ്പിച്ചത്. പക്ഷേ പെഡ്രോയും സുസാനയും എഡുവിഹെസും ഹുവാനും ഫുള്‍ഗറും മിഗ്വേലും ഡോളോറസും ഡൊമീനിയാനയും ദൊറാത്തിയായും അബൂന്‍ഡിയായും ഫാദര്‍ റന്റേറിയായും അടക്കമുള്ള കഥാപാത്രങ്ങള്‍ അപാരമായ വ്യക്തതയോടെ സ്‌ക്രീനില്‍ നിലകൊള്ളുന്നത് നമുക്ക് കാണാം. ലിങ്കന്‍ ലോയര്‍ എന്ന പോപുലര്‍ അമേരിക്കന്‍ ലീഗല്‍ ഡ്രാമ സീരീസില്‍ മിക്കി ഹാളര്‍ എന്ന ഡിഫന്‍സ് ലോയറെ അവതരിപ്പിക്കുന്ന മാനുവന്‍ ഗാര്‍ഷ്യ റൂള്‍ഫോ എന്ന മെക്സിക്കന്‍ നടനാണ് പെഡ്രോ പരാമോയെ അവതരിപ്പിക്കുന്നത്. പെഡ്രോ പരാമോയുടെ സങ്കീര്‍ണതകളും ആഴങ്ങളും സുസാനയോടുള്ള ഒടുങ്ങാത്ത പ്രണയവും ആസക്തിയും മാനുവല്‍ റുള്‍ഫോയിലേയ്ക്ക് എത്തിയിട്ടില്ല എന്നതാണ് സിനിമയുടെ വലിയ പരിമിതി. അതേസമയം സുസാനയെ അവതരിപ്പിക്കുന്ന ഇല്‍സി സലാസും എഡുവിഹെസിനായുള്ള ഡൊളോറസ് ഹെദീരിയയും അസാധ്യമാം വിധം തങ്ങളുടെ കഥാപാത്രത്തിലേയ്ക്ക് പ്രവേശിച്ചിട്ടുണ്ട്.
പക്ഷേ അഭിനേതാക്കളുടെ പെര്‍ഫോമന്‍സുകള്‍ക്കെല്ലാം അപ്പുറം കൊമാലയുടെ അതിവിചിത്രമായ ലോകത്തെ സ്‌ക്രീനിലേയ്ക്ക് കൊണ്ടുവരാന്‍ റോഡ്രിഗോ പ്രിയേറ്റോയ്ക്ക് സാധിച്ചിട്ടുണ്ട് എന്നതാണ് പ്രധാനം. മരിച്ചവരുടെ ശബ്ദങ്ങളും പിറുപിറുക്കലുകളും പ്രതിദ്ധ്വനിക്കുന്ന കൊമാലയുടെ തെരുവുകളും അതിലൂടെ പൊടി പറത്തി പായുന്ന മിഗ്വേലിന്റെ കുതിരയുടെ പ്രേതവും ഹുവാനും ദോരിയാത്തിയായും അടക്കപ്പെട്ടിട്ടുള്ള കുഴികള്‍ക്ക് മേലെ വട്ടം ചുറ്റുന്ന സ്ത്രീകളുടെ ആത്മാക്കളും ഒരിക്കല്‍ കൂടി നിങ്ങളെ പഴയ വായനാനുഭവത്തിലേയ്ക്ക് കൊണ്ടുപോകും.
പ്രശസ്ത എഴുത്തുകാരനായ എസ്.ഹരീഷ് ‘പെഡ്രോ പരാമോ’യുടെ കാഴ്ചാനുഭവത്തെ കുറിച്ചുള്ള കുറിപ്പില്‍ പറയുന്നു: ”എന്നാലും മൂന്ന് പതിറ്റാണ്ട് മുന്‍പ് നോവല്‍ അനുഭവിപ്പിച്ച അതേ വിഷാദത്തിലേക്ക് സിനിമ എന്നെ കൊണ്ടുപോയി. പ്രിയേറ്റോയുടെ സംവിധാന മികവാണോ അതോ ഉള്ളില്‍ അടിഞ്ഞു കിടന്ന നോവല്‍ തിരികെ കയറി വന്നതാണോ? ആര്‍ക്കറിയാം?”
ആര്‍ക്കറിയാം! Pedro Paramo movie directed by Rodrigo Prieto, based on Juan Rulfo’ novel
Content Summary; Pedro Paramo movie directed by Rodrigo Prieto, based on Juan Rulfo’ novel