ലോകത്തിലെ ഏറ്റവും പ്രശസ്തനായ മലയാളി സാഹിത്യകാരനാരാണ് എന്ന ചോദ്യത്തിന് ഗാബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്കേസ് എന്നാണ് എന്‍.എസ് മാധവന്റെ ഒരു കഥയിലെ കഥാപാത്രം പറയുന്നത്. തെക്കേ അമേരിക്കന്‍ സാഹിത്യത്തെ ഇതുപോലെ ഹൃദയത്തോടും തങ്ങളുടെ ജീവിത പരിസരങ്ങളോടും ചേര്‍ത്ത് വച്ച് സ്വീകരിച്ചിട്ടുള്ള മറ്റൊരു ജനതയുണ്ടോ എന്ന് സംശയമാണ്. ബ്രസീല്‍, അര്‍ജന്റീന ഫുട്ബോള്‍ ടീമുകള്‍ക്ക് കേരളത്തിലുടനീളം കരള്‍ പറിച്ച് നല്‍കാന്‍ പോന്ന ആരാധനയുള്ള മനുഷ്യരുടെ പല തലമുറയുള്ളത് പോലെ തന്നെ തെക്കേ അമേരിക്കയില്‍ നിന്നുള്ള സാഹിത്യവും സ്വന്തമെന്നോണം മലയാളികള്‍ സ്നേഹിച്ചു.
ലാറ്റിന്‍ അമേരിക്കന്‍ സാഹിത്യത്തിന്റെ തലതൊട്ടപ്പന്‍ എന്ന് കരുതപ്പെടുന്ന ഹോര്‍ഗെ ലൂയി ബോര്‍ഗെസ് എന്ന അര്‍ജന്റീനക്കാരന്‍ മുതല്‍ ഹുവാന്‍ റൂള്‍ഫോയും പാബ്ലോ നെരൂദയും ഒക്ടോവിയ പാസും നിക്കനോര്‍ പാര്‍റയും ഗാബ്രിയേല മിസ്ട്രലും ഹൂലിയോ കോര്‍ടസാറും റോബര്‍ട്ടോ ബലാനോയും ഇസബല്‍ അലെന്‍ഡേയും മാരിയോ യോസയും അടക്കമുള്ളവര്‍ മലയാളികള്‍ക്ക് ബഷീറിനേയും വിജയനേയും തകഴിയേയും എംടിയേയും മാധവിക്കുട്ടിയേയും പോലെ പരിചിതരായിരുന്നു. ഇവരുടെ എല്ലാം പുസ്തകങ്ങളുടെ പല തരം പരിഭാഷകള്‍ മലയാള സാഹിത്യത്തിന് മുതല്‍ കൂട്ടായി. അക്കൂട്ടത്തില്‍ ജനപ്രിയതയുടെ പതിവ് സീമകളെ എല്ലാം അതിലംഘിച്ച് മുന്നേറിയ ഗാബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്കേസിന്റെ പുസ്തകങ്ങള്‍ മലയാളികള്‍ സ്വന്തം എന്നോണം ഏറ്റെടുത്തു.
മാര്‍ക്കേസിന്റെ ഏറ്റവും വിഖ്യാത രചനയായ ‘ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍’ നോബല്‍ സമ്മാനം നേടുന്നതിന് മുമ്പേ, എഴുപതുകളുടെ അവസാനം തന്നെ, കേരളത്തിന് പരിചതമായിരുന്നു. എണ്‍പതുകളില്‍ മലയാള പരിഭാഷ വന്നതോടെ ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍ മലയാളം പുസ്തകം എന്ന പോലെ ജനപ്രിയമായി. കപ്പല്‍ചേതത്തില്‍ പെട്ട നാവികന്റെ കഥ, പ്രവചിക്കപ്പെട്ട മരണത്തിന്റെ പുരാവൃത്തം, കേണലിനാരും എഴുതുന്നില്ല തുടങ്ങി ലവ് ഇന്‍ ദ ടൈം ഓഫ് കോളറയും കേണല്‍ ഇന്‍ ലാബ്രിന്‍ത്തും ഓഫ് ലവ് ആന്‍ഡ് അഥര്‍ ഡീമണ്‍സും ന്യൂസ് ഓഫ് കിഡ്നാപ്പിങ്ങും ലിവിങ് ടു ടെല്‍ ടെയ്ലും ഓട്ടം ഓഫ് എ പാട്രിയാര്‍കും മൈ മെലങ്കിളി ഹോര്‍സും അവസാനം എഴുതിയ അണ്‍ടില്‍ ഓഗസ്റ്റ് വരെയുള്ള ഏതാണ്ട് ഒട്ടുമിക്ക പുസ്തകങ്ങളും മലയാളത്തിലെത്തുകയും മലയാളി വായനക്കാര്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
പക്ഷേ അതില്‍ ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍ക്ക് സവിശേഷമായ ആരാധനയാണ് ജനിപ്പിച്ചത്. അത് കേരളത്തിലോ മലയാളി വായനക്കാര്‍ക്കിടയിലോ മാത്രമല്ല. ലോകം മുഴുവന്‍ മാക്കാണ്ടോ എന്ന സാങ്കല്‍പിക ഗ്രാമത്തില്‍ ഏഴ് തലമുറയായി ജീവിക്കുന്ന ബുവന്‍ഡിയ കുടുംബത്തിന്റെ കഥയാണ്. അത് ഒരേ സമയം സാധാരണവും ഭ്രമാത്മകവുമായ ഒരു ലോകമായി മാറുന്നു. തങ്ങള്‍ക്ക് മക്കളുണ്ടാകാത്തത് ലൈംഗിക ശേഷിക്കുറവ് കൊണ്ടാണെന്ന് പരിഹസിച്ച പ്രൂഡന്‍ഷ്യ അഗ്വിലറിനെ ഒരു കോഴിപ്പോരിനൊടുവില്‍ കൊന്നതിന് ശേഷം ജോസ് ആര്‍ക്കാഡിയോ ബുവന്‍ഡിയയും ഭാര്യ ഉര്‍സുലയും നാട് വിടുന്നു. അവരെ ഒരു കൂട്ടം സുഹൃത്തുക്കള്‍ അനുഗമിക്കുന്നു. നാളുകള്‍ യാത്ര ചെയ്ത് അവര്‍ മക്കോണ്ട എന്ന ഗ്രാമത്തിലെത്തിച്ചേരുന്നു. അവിടെ അവര്‍ പണിതുയര്‍ത്തുന്ന നാഗരികതയും അവിടെയ്ക്ക് പുറമേ നിന്ന് എത്തിച്ചേരുന്ന ചിലരും ഇവരുടെ പിന്‍തലമുറയും അവരുടെ അത്ഭുത കഥകളും ചേരുമ്പോള്‍ ഏകാന്തതയുടെ നൂറ് വര്‍ഷം ഉണ്ടായി വരുന്നു. മറ്റേത് തെക്കേ അമേരിക്കന്‍ രാജ്യങ്ങളിലേ പോലെയും മക്കോണ്ടയിലും ആഭ്യന്തര യുദ്ധം ഉണ്ടാകുന്നുണ്ട്. ജോസ് ആര്‍ക്കാഡിയോ ബുവന്‍ഡിയയുടെ മകന്‍ അറീലിനിയോ ബുവന്‍ഡിയോ അതില്‍ ഉള്‍പ്പെട്ട് വീരനായകനാവുകയും കേണലായി അവരോധിക്കപ്പെടുകയും ചെയ്യുന്നുണ്ട്. അതിനിടെ മക്കോണ്ടയ്ക്ക് മാത്രം സാധ്യമാകുന്ന മാന്ത്രികതകളില്‍ അവരും പട്ടണവും മുന്നോട്ട് പോകുന്നു. അവസാനം മക്കോണ്ടയിലേയ്ക്ക് റെയില്‍ ലെയിനും വരുന്നുണ്ട്. പട്ടണത്തിന് പുറത്ത് ഒരു അമേരിക്കന്‍ കമ്പിനി വാഴകൃഷി ആരംഭിക്കുകയും അത് വന്‍ വ്യവസായമായി മാറുകയും ചെയ്യുന്നു. ഇത് 1928-ലെ കൊളമ്പിയന്‍ ബനാനാ മസാകര്‍ എന്നറിയപ്പെടുന്ന കൂട്ടക്കൊലയെ അനുസ്മരിപ്പിക്കുന്ന ചോരപ്പുഴകളില്‍ ചെന്ന് ചേരുന്നു. ബുവന്‍ഡിയ കുടുംബത്തിന്റേയും മക്കോണ്ടയുടേയും പതനത്തില്‍ അവസാനിക്കുന്ന ഈ നോവല്‍ സൃഷ്ടിച്ചിട്ടുള്ള ഭാവനാ സാമ്രാജ്യം എത്രയോ വലുതാണ്.
1967-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട, 1982-ല്‍ നോബല്‍ സമ്മാനത്തിന് അര്‍ഹമായിട്ടുള്ള, ഏറ്റവുമധികം വിറ്റഴിക്കപ്പെട്ടിട്ടുള്ള സ്പാനിഷ് നോവല്‍ എന്നറിയപ്പെടുന്ന, എത്രയോ ഭാഷകളിലേയ്ക്ക് തര്‍ജ്ജിമ ചെയ്യപ്പെട്ടിട്ടുള്ള ഈ രചന വരുന്ന ഡിസംബര്‍ 11 മുതല്‍ നെറ്റ്ഫ്ളിക്സില്‍ സീരീസ് ആയി വരികയാണ്. എട്ട് എപ്പിസോഡുകളുള്ള ആദ്യ സീസണാണ് ഡിസംബര്‍ 11ന് നെറ്റ്ഫ്ളിക്സില്‍ എത്തുക. അര്‍ജന്റീനിയന്‍-ഹോളിവുഡ് സംവിധാകനായ അലക്സ് ഗാര്‍ഷ്യ ലോപസും ലൗറ മോറയും ചേര്‍ന്നാണ് ഈ സീരീസ് സംവിധാനം ചെയ്യുന്നത്. ആരാധകര്‍ക്ക് ഒരേ സമയം പ്രതീക്ഷയും ആശങ്കയും ഇതിനെ കുറിച്ചുണ്ട്. ഈ നോവലിലെ കഥാപാത്ര സൃഷ്ടികള്‍ മുതല്‍ ലാറ്റിനമേരിക്കന്‍ സാഹിത്യത്തിന്റെ സവിശേഷമായ മാജിക്കല്‍ റിയലിസത്തിന്റെ നിസ്തുലമായ പ്രയോഗങ്ങള്‍ കൊണ്ട് വരെ, ഒരോ വരികളും ഒരോ വിവരണങ്ങളും സംഭാഷണങ്ങളും വായനക്കാര്‍ക്ക് പ്രിയപ്പെട്ടതാണ്. അത് ഏത് തരത്തിലായിക്കും ഉരുത്തിരിഞ്ഞ് വരുന്നത് എന്നാണ് വായനക്കാരുടെ ആശങ്ക. ഏകന്തതയുടെ നൂറ് വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ ആരാധകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട മാര്‍ക്കേസ് നോവലായ കോളറക്കാലത്തെ പ്രണയം സിനിമയെന്ന നിലയില്‍ കടുത്ത നിരാശ സൃഷ്ടിച്ച ഒന്നാണ്. അതുകൊണ്ട് തന്നെ മാര്‍ക്കേസിന്റെ വലിയ ക്യാന്‍വാസിനെ സിനിമക്കോ സീരീസിനോ ഉള്‍ക്കൊള്ളാനാകുമോ എന്ന സംശയം കാണികള്‍ക്കുണ്ട്. എന്നാല്‍ മാര്‍ക്കേസ് കഥകള്‍ ഒന്നിച്ച് ചേര്‍ത്തുള്ള ‘ഡയ്ഞ്ചറസ് ലവ്സ്’ എന്ന ടെലിവിഷന്‍ സിനിമയാകട്ടെ വലിയ പ്രശസ്തി നേടിയതുമാണ്. അതുകൊണ്ട് തന്നെ ‘ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍’ സീരീസ് രൂപത്തിലെത്തുന്നത് ഹൃദയമിടിപ്പോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.
മാര്‍ക്കേസാണ് ഏറ്റവും പ്രിയപ്പെട്ട തെക്കേ അമേരിക്കന്‍ എഴുത്തുകാരനെങ്കില്‍ മാര്‍ക്കേസിന് ഏറ്റവും പ്രിയപ്പെട്ട ലാറ്റിന്‍ അമേരിക്കന്‍ എഴുത്തുകാരന്‍ ഹുവാന്‍ റൂള്‍ഫോ ആയിരുന്നു. 1917-ല്‍ ജനിച്ച് 1986-ല്‍ അന്തരിച്ച മെക്സിക്കന്‍ എഴുത്തുകാരനായ ഹുവാന്‍ റൂള്‍ഫോ ജീവിതത്തില്‍ ഒരേയൊരു നോവല്‍ മാത്രമേ എഴുതിയിട്ടുള്ളൂ. 1955-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ‘പെഡ്രോ പരാമ’. ആ ഒരൊറ്റ നോവല്‍ കൊണ്ട് ലോകസാഹിത്യത്തില്‍ തന്റെ സ്ഥാനം എന്നെന്നേക്കുമായി രേഖപ്പെടുത്തിയ ഹുവാന്‍ റൂള്‍ഫോയില്‍ നിന്നാണ് മാജിക്കല്‍ റിയലിസത്തിന്റെ സാഹിത്യബാധ മാര്‍ക്കേസിനുണ്ടായതെന്നാണ് പറയപ്പെടുന്നത്.
പെഡ്രോ പരാമ-യോടും റൂള്‍ഫോയോടുമുള്ള ആരാധന മാര്‍ക്കേസ് ഒരുകാലത്തും മറച്ച് വച്ചിട്ടില്ല. എത്രയോ തവണ ആവര്‍ത്തിച്ച് വായിച്ചിട്ടുള്ള ‘പെഡ്രോ പരാമ’ വേണമെങ്കില്‍ തുടക്കം മുതല്‍ ഒടുക്കം വരെയും ഒടുക്കം മുതല്‍ തുടക്കം വരെയും കാണാതെ പറയാന്‍ തനിക്കാവുമെന്ന് മാര്‍ക്കേസ് പറയാറുണ്ടായിരുന്നു. എണ്‍പതുകളില്‍ നോവലിസ്റ്റ് വിലാസിനി മലയാളത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്ത പെഡ്രോ പരാമ പലര്‍ക്കും ഏറ്റവും പ്രിയപ്പെട്ട ലാറ്റിന്‍ അമേരിക്കന്‍ സാഹിത്യ കൃതിയാണ്. കൊമാല എന്ന അത്ഭുതലോകവും അവിടത്തെ ഏകാധിപതിയായിരുന്ന പെഡ്രോ പരാമയുടെ ജീവിതത്തിലേയ്ക്കും സഞ്ചരിച്ചെത്തുന്ന, മരണവും ജീവിതവും യാഥാര്‍ത്ഥ്യവും മറുലോകവും ഭൂതവും ഭാവിയും എല്ലാം കെട്ട് പിണഞ്ഞ് കിടക്കുന്ന രചനയാണ് ഇത്.
ഈ വിഖ്യാതമായ കൃതിയുടെ ചലച്ചിത്ര രൂപം ഈ സെപ്തംബറിലാണ് പുറത്തിറങ്ങിയത്. ലോകപ്രശസ്ത സംവിധാകനായ അലക്സാണ്ട്രോ ഇനാരിറ്റുവിന്റെ മിക്കവാറും ചിത്രങ്ങളടേയും ഹോളിവുഡില്‍ ആങ്ലിയുടെയും മാര്‍ട്ടിന്‍ സ്‌കോര്‍സെസയെേുടയും ബെന്‍ അഫളെക്കിന്റേയും പുതിയ ചലച്ചിത്രങ്ങളുടേയും ഛായാഗ്രാഹകനായ റോഡ്രിഗോ പ്രിയാറ്റോ ആണ് പെഡ്രോ പരാമ സംവിധാനം ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം മുതല്‍ നെറ്റ്ഫ്ളിക്സ് ഇന്ത്യയിലും ഈ ചിത്രമെത്തിച്ചു. ലോകത്തെ ഏറ്റവും രണ്ട് വിഖ്യാതമായ സൗത്ത് അമേരിക്കന്‍ നോവലുകളാണ് ഏതാണ്ട് ഒരേസമയം നെറ്റ്ഫ്ളിക്സില്‍ എത്തിയിരിക്കുന്നത്. പല നിലയിലും ബന്ധപ്പെട്ട് കിടക്കുന്ന കൊമാലയുടേയും മക്കോണ്ടയുടേയും അത്ഭുത ലോകം ഒ.ടി.ടി കാഴ്ചയെന്ന നിലയില്‍ എങ്ങനെ മാറുന്നുവെന്നാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. Márquez’s One hundred years of solitude and Juan Rulfo’s Pedro Paramo Netflix series
Content Summary; Márquez’s One hundred years of solitude and Juan Rulfo’s Pedro Paramo Netflix series