April 20, 2025 |

‘മനസ് തകര്‍ന്നവര്‍ മക്കളെ കൊന്നവര്‍’ പരമ്പര വന്ന വഴി

സ്ത്രീകൾ അനുഭവിക്കുന്ന അതിഭീകരമായ ഒരു മാനസികാരോഗ്യ ദുരന്തമാണ് ‘പെരിനാറ്റൽ സൈക്കാസിസ്’

സ്വന്തം മക്കളെ അമ്മമാർ കൊന്നുതള്ളുന്ന വാർത്തകളെ ഭീകരതയുടെ നിറം നൽകിയാണ് നമ്മൾ കണ്ടു൦ കേട്ടുമിരുന്നത്. എന്നാൽ പ്രസവാനന്തരം സ്ത്രീകളിൽ ഉണ്ടാകുന്ന ശാരീരിക മാനസിക പ്രശ്നങ്ങളെ ആരും മനസ്സിലാക്കാറില്ല എന്നതാണ് വസ്തുത. ഇത്തരത്തിൽ സമൂഹത്തിലെ സ്ത്രീകൾ അനുഭവിക്കുന്ന അതിഭീകരമായ ഒരു മാനസികാരോഗ്യ ദുരന്തമാണ് ‘പെരിനാറ്റൽ സൈക്കാസിസ്’. പെരിനാറ്റൽ സൈക്കോസിസിലൂടെ ജീവിതം തകർന്ന സ്ത്രീകളുടെ നേർചിത്രമാണ് ‘മനസ് തകർന്നവർ മക്കളെ കൊന്നവർ’ എന്ന മാധ്യമ പ്രവർത്തക ഫൗസിയ മുസ്തഫയുടെ അന്വേഷണാത്മക പരമ്പര. സംസ്ഥാന വനിത കമ്മീഷന്റെ മികച്ച ഫീച്ചർ റിപ്പോർട്ടിങ്ങിനുള്ള പുരസ്കാരം നേടിയ ന്യൂസ് മലയാളം തിരുവനന്തപുരം ന്യൂസ് എഡിറ്ററായ ഫൗസിയ മുസ്തഫയുമായി രാജേശ്വരി പി ആർ നടത്തിയ അഭിമുഖം.

സമൂഹ൦ കുറ്റക്കാരാക്കുന്നവർ

2012 ല്‍ ഞാന്‍ ഇന്ത്യാവിഷന്‍ മലപ്പുറം ബ്യൂറോ റിപ്പോര്‍ട്ടറായിരിക്കുമ്പോള്‍ താമസിച്ചിരുന്ന വീട്ടിലെ ഒരു പെണ്‍കുട്ടിക്ക് രണ്ട് ഗര്‍ഭകാലത്തും അനുഭവപ്പെട്ട അസാധാരണമായ പെരുമാറ്റവൈകല്യങ്ങള്‍ നേരിട്ടത് സങ്കടത്തോടെ എന്നോട് പറയുമായിരുന്നു. ആ പെരുമാറ്റവൈകല്യങ്ങളില്‍ നിറഞ്ഞുനിന്ന വില്ലന്‍ എപ്പോഴും ശബ്ദങ്ങളായിരുന്നു. വീട്ടിലെ കോഴി കരിയിലയിലൂടെ നടന്നുപോകുന്ന ശബ്ദം കേള്‍ക്കുമ്പോള്‍ പോലും അലറിക്കരഞ്ഞ് ചെവിപൊത്തി കട്ടിലിനടിയില്‍ ഒളിച്ചിരിക്കുന്നത് ഒക്കെ വിവരിക്കുമ്പോള്‍, കേട്ടുനില്‍ക്കുന്ന നമുക്ക് പോലും സങ്കടം അടക്കാനാകാതെ വരും. പക്ഷേ അത് എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത് എന്ന അറിവോ അതിന്റെ കാരണമോ ഇന്നും അവള്‍ക്കറിയില്ലായിരുന്നു. കാരണം അവര്‍ അതിന് ചികിത്സ തേടിയതെല്ലാം അവര്‍ക്കറിയാവുന്ന മറ്റു മാര്‍ഗങ്ങളിലായിരുന്നു. പക്ഷേ അതിശയം എന്താണെന്ന് വെച്ചാല്‍ പ്രസവം കഴിയുന്നതോടെ ആ കഷ്ടകാലം മറികടന്നു. സ്വയമേ മാറി എന്നതാണ് ശരി.

കാലം പിന്നെയും കടന്നുപോയി. കേരളത്തിലെ അമ്മമാര്‍ മക്കളെ കൊല്ലുന്ന വാര്‍ത്തകള്‍ കൂടിക്കൂടി വന്നു. സോഷ്യല്‍ മീഡിയ ജഡ്ജിമാര്‍ ആക്ടീവായി കോടതി കോലംകെട്ടി പ്രതിയെ കേള്‍ക്കാതെ ശിക്ഷ വിധിച്ചു. ക്രൂരമായി കുറ്റപ്പെടുത്തി. പരിഹസിച്ചു. തളളിപ്പറഞ്ഞു. പക്ഷേ അപ്പോഴൊക്കെ ഉള്ളത് ഉള്ളത് പോലെ പൊതുസമൂഹത്തോട് തുറന്നു പറയേണ്ട മെഡിക്കല്‍ സമൂഹം മുറിവൈദ്യനെ പോലെ പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ എന്ന വാക്കില്‍ മാത്രം കുരുക്കിട്ട് ശരിയായ ദിശയില്‍ സാമൂഹ്യാവബോധം സൃഷ്ടിക്കാതെ വഴുതിമാറി നടന്നു. അതിനിടയിലാണ് കൊവിഡ് 19 വന്നത്. കൊവിഡ് സമയത്ത് കാസര്‍ഗോഡും കൊല്ലത്തും തിരുവനന്തപുരത്തും നിന്നുമെല്ലാം വാര്‍ത്തകള്‍ മാധ്യമങ്ങലിലൂടെ അതിന്റെ യഥാവിധി ദുര്‍വ്യാഖ്യാനങ്ങളുടെ മേമ്പൊടി ചേര്‍ത്ത് നിര്‍ബാധം വിളമ്പിപ്പോന്നു. കാസര്‍ഗോഡുള്ള ഒരു അമ്മ തന്റെ നവജാതശിശുവിനെ കൊന്നുവെന്ന വാര്‍ത്ത വന്ന അതേ ദിവസത്തിലാണ് എന്നെ അതിശയിപ്പിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ സജീവമായി നിലകൊള്ളുന്ന ഒരു ഗൈനക്കോളജിസ്റ്റ് അനാഥാലയങ്ങളുടെ ലിസ്റ്റും ലിങ്ക് കൊടുത്ത് ‘നിങ്ങള്‍ ജനിപ്പിച്ച കുഞ്ഞിനെ നിങ്ങള്‍ക്ക് വേണ്ടെന്നിരിക്കട്ടെ, ആ ജീവനെടുക്കാന്‍ ഒരാള്‍ക്കും അവകാശമില്ല. നിങ്ങള്‍ക്ക് ഒരാളുമറിയാതെ നിങ്ങളുടെ ജില്ലയിലുള്ള അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കാം, ആ കുഞ്ഞ് എവിടെയെങ്കിലും സ്വസ്ഥവും സന്തോഷവുമായി ജീവിച്ചോട്ടെ” എന്നൊക്കെ എഴുതിയ നീണ്ട കുറിപ്പ് ഫേസ്ബുക്കില്‍ എനിക്ക് മുന്നില്‍ വിചിത്ര ചരിത്രമാണ് തീര്‍ത്തത്. അവരുടെ ആ പോസ്റ്റിന് താഴെ ചെന്ന് ഞാന്‍, ഇത് നിങ്ങളുടെ അറിവില്ലായ്മയാണെന്നും പോസ്റ്റ് പിന്‍വലിക്കണമെന്നൊക്കെ എഴുതിനോക്കിയെങ്കിലും അവര്‍ അനങ്ങിയില്ല. മാത്രമല്ല കൂടുതല്‍ ന്യായീകരിക്കുകയും ചെയ്തു. അപ്പോഴാണ് എനിക്ക് മനസ്സിലായത് ഇവിടുത്തെ ഡോക്ടര്‍മാര്‍ക്കും ഇതേക്കുറിച്ച് കാര്യമായ വകതിരിവൊന്നുമില്ല എന്ന്. അങ്ങനെയാണ് കൈയില്‍ ഉണ്ടായിരുന്ന വാര്‍ത്തകള്‍ എല്ലാം അനലൈസ് ചെയ്യുന്നതും ഇവരെയെല്ലാം നേരില്‍ കാണാനും കേള്‍ക്കാനും തുടങ്ങിയത്. (ആ ഡോക്ടര്‍ ഇപ്പോള്‍ ലോകാരോഗ്യ സംഘടനയുടെ ഭാഗമായി ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ സേവനമനുഷ്ഠിക്കുകയാണ്.)

എന്താണ് പെരിനാറ്റല്‍ സൈക്കോസിസ്?

പെരിനാറ്റല്‍ സൈക്കോസിസ് എന്നത് ഒരൊറ്റ ദിവസം കൊണ്ട് ഉരുത്തിരിയുന്ന രോഗമല്ല. ഗര്‍ഭാനന്തരവും പ്രസവാനന്തരവും വന്നുഭവിക്കുന്ന വിഷാദരോഗം (ഡിപ്രഷന്‍) മൂര്‍ച്ഛിച്ചുണ്ടാകുന്ന പെരിനാറ്റല്‍ സൈക്കോസിസ് എന്ന ഗുരുതര മാനസിക രോഗത്തിന്റെ ഭാഗമായാണ് ഏറിയ കേസുകളിലും അമ്മമാര്‍ സ്വന്തം കുഞ്ഞുങ്ങളെ കൊന്നത്. അനുഭവപ്പെടുന്നവര്‍ക്ക് തിരിച്ചറിയാനും കഴിയാത്ത വിധം ഉന്‍മാദത്തിന്റെ ഭാഗമായുള്ള ഹാലൂസിനേഷന്‍ (ആരെങ്കിലും സംസാരിക്കുന്നതായും നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതായും തോന്നുക) ഡെല്യൂഷന്‍ (കണ്‍മുന്നില്‍ ഒരാള്‍ കൃത്യമായി സംസാരിക്കുകയും പ്രവര്‍ത്തിക്കുന്നതായും അനുഭവപ്പെടുക) എന്നിവയെല്ലാം അനുഭവപ്പെടും.

ശാരീരിക, വൈകാരിക, പാരമ്പര്യ, സാമ്പത്തിക, സാമൂഹിക, കുടുംബജീവിത മാറ്റങ്ങള്‍, ഗാര്‍ഹികപീഡനം, ദാമ്പത്യകലഹം, അമ്മയുടെ പ്രായം, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ സ്ത്രീ മനസ്സുകളിലും ശരീരങ്ങളിലും ഉണ്ടാക്കാവുന്ന ആഘാതങ്ങള്‍ വിഷാദത്തിലേക്കും തുടര്‍ന്ന് ഉന്‍മാദത്തിലേക്കും കൊണ്ടെത്തിക്കുന്നതാണ് കാരണങ്ങള്‍. നേരത്തേ കണ്ടെത്തി ചികിത്സിച്ചാല്‍ ഉറപ്പായും മാറുന്ന അസുഖമാണ് പെരിനാറ്റല്‍ സൈക്കോസിസ് എന്ന് വിശേഷിപ്പിക്കുന്ന ഗുരുതര മാനസികരോഗം. 0.89 ശതമാനം മുതല്‍ 2.6 ശതമാനം വരെയുള്ള സ്ത്രീകളെ ബാധിക്കുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍. ഗര്‍ഭാനന്തര, പ്രസവാനന്തര സൈക്കോസിസ് എന്നീ രണ്ട് ഉന്മാദ വിഭാഗങ്ങള്‍. ബ്ലൂസ്, ഡിപ്രെഷന്‍, സൈക്കോസിസ് എന്നീ മൂന്ന് അവസ്ഥാന്തരങ്ങള്‍.

ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളിലെ അഞ്ച് സ്ത്രീകളില്‍ ഒരാള്‍ക്കെന്ന തോതില്‍ പെരിനാറ്റല്‍ മാനസികാരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നുവെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍. ഉദാഹരണത്തിന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മാത്രം ഒരുദിവസം ചികില്‍സക്കെത്തുന്ന ശരാശരി 100 ഗര്‍ഭിണികളില്‍ നടത്തുന്ന സ്‌ക്രീനിങ്ങില്‍ 30 പേര്‍ക്കും വിഷാദരോഗ ലക്ഷണങ്ങളുണ്ടെന്നാണ് വിലയിരുത്തല്‍. ഇതില്‍ രണ്ടോ മൂന്നോ പേര്‍ക്ക് ഗുരുതര മാനസികപ്രശ്‌നങ്ങളും കണ്ടെത്താറുണ്ട്.

അവബോധം നല്‍കേണ്ടത് ഡോക്ടര്‍മാരല്ലേ

പോലീസിന്റെയും സര്‍ക്കാരിന്റെയും കണക്കുകളില്‍ ഇവയെല്ലാം സാധാരണ കൊലപാതകങ്ങളും ആത്മഹത്യകളും മാത്രമാണ്. ഗുരുതരമായ ഒരു മാനസികാരോഗ്യ പ്രതിസന്ധിയുടെ പരിണതിയായി ആരും ഇതിനെ ഇതുവരെ കണ്ടിട്ടേയില്ല. ഒരു കുഞ്ഞ് മുതല്‍ ആറ് കുട്ടികളെ വരെ നിന്നനില്‍പ്പില്‍ കൊല്ലേണ്ടി വന്ന ഗുരുതര മാനസികരോഗത്തിന്റെ ഇരകളും പ്രതികളും ആകേണ്ടി വന്നവര്‍. സര്‍ക്കാരും പോലീസും ജൂഡിഷ്യറിയും ചേര്‍ന്ന് നിര്‍ദാക്ഷിണ്യം ജയിലില്‍ അടച്ചവര്‍. കേസുകളുടെ ഭാഗമായി നിരവധി മനുഷ്യാവകാശലംഘനങ്ങള്‍ വേറെയും അനുഭവിക്കേണ്ടി വരുന്നു. അപ്പോഴൊക്കെ കേസിന്റെ ഏതെങ്കിലും ഒരു ഘട്ടത്തില്‍ ഇവരെല്ലാം തന്നെ നമ്മുടെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ മുന്നിലെത്തിയിട്ടുണ്ട്. തീര്‍ച്ചയായും പോലീസിനോട് പറയാതിരിക്കുന്നത് പോകട്ടെ സര്‍ക്കാരിനെ അല്ലെങ്കില്‍ അറ്റ്‌ലീസ്റ്റ് കോടതിയെയെങ്കിലും ഇങ്ങനെയൊരു രോഗമുണ്ടെന്നും അതിന്റെ ഭാഗമായാണോ അവര്‍ ഈ കൃത്യം ചെയ്തത് എന്നു തിരിച്ചറിയാന്‍ സാവകാശം വേണമെന്നും ഞാന്‍ പരിശോധിച്ച ഒരു കേസിലും ഒരു ഡോക്ടര്‍ പോലും ആവശ്യമുന്നയിച്ചു കണ്ടിട്ടില്ല. അതിനര്‍ത്ഥം എന്താണ് ?

വികസിത രാജ്യങ്ങളില്‍ പെരിനാറ്റല്‍ സൈക്കോസിസ് ക്രിമിനല്‍ കേസുകളിലകപ്പെടുന്ന സ്ത്രീകള്‍ക്ക് മെച്ചപ്പെട്ട ആരോഗ്യപരിരക്ഷയും നിയമപരിരക്ഷയും ഭരണകൂടങ്ങള്‍, ഉറപ്പാക്കുന്നു. അതേസമയം ഇതേ മാനസികരോഗത്തിന് അടിപ്പെട്ട് കുഞ്ഞുങ്ങളെ കൊല്ലുന്ന നമ്മുടെ നാട്ടിലെ അമ്മമാര്‍ക്ക് അറസ്റ്റും റിമാന്‍ഡും വിചാരണയും ശിക്ഷയുമാണ് ഉറപ്പാക്കുന്നത്. ഈ പരമ്പരാഗത രീതി മാറണമെങ്കില്‍ നാം കഠിനാധ്വാനം ചെയ്യണം. കാരണം നിലവിലെ നമ്മുടെ വ്യവസ്ഥിതിയില്‍ നിയമമില്ല. അതുകൊണ്ട് ഇത് ഒരു രോഗമല്ല, പകരം കുറ്റകൃത്യം തന്നെയായാണ് പരിഗണിക്കുന്നത്. ഞാന്‍ നേരത്തേ പറഞ്ഞ ഡോക്ടര്‍ പോലും ഇപ്പോഴും തിരുത്താന്‍ തയ്യാറാകുമോ എന്ന ആശങ്ക എനിക്കുണ്ട്. അവിടെയാണ് സര്‍ക്കാര്‍ മുന്‍കൈ എടുക്കേണ്ടത്. അവിടെ മാത്രമേ ഡോക്ടര്‍മാരും അണിനിരക്കൂ എന്നതാണ് സ്ഥിതി.

നിയമ വ്യവസ്ഥയ്ക്ക് മുന്നില്‍ കുറ്റക്കാരായി കഴിയുന്നവരുടെ മോചനത്തിനായി എന്ത് മാറ്റമാണ് ഉണ്ടാകേണ്ടത്

കേരളത്തിന് പുറത്ത് റൂണ സാഹിനിയാണ് എന്നെ ഏറെ വേദനിപ്പിച്ചിട്ടുള്ളത്. എല്ലാ മനുഷ്യാവകാശങ്ങളും നഷ്ടപ്പെട്ടുപോയ ജീവിതം. റൂണയുടെ മാനസികാവസ്ഥ പോലും അന്നുമിന്നും പോലീസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല. അവര്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ ആരെങ്കിലും വരുമെന്ന പ്രതീക്ഷ ഞാന്‍ വെച്ചുപുലര്‍ത്താറുണ്ട്. ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യാന്‍, കോടതി നടപടിക്രമങ്ങള്‍ എളുപ്പത്തിലാക്കാന്‍ വിദേശമാതൃകയില്‍ ഒരു ജൂറി ബെഞ്ച് രൂപീകരിക്കണം. അതില്‍ പെരിനാറ്റല്‍ സൈക്യാട്രിസ്റ്റുകള്‍, മറ്റ് സൈക്യാട്രിസ്റ്റുകള്‍, ഫോറന്‍സിക് സൈക്യാട്രിസ്റ്റുകള്‍, ഗൈനക്കോളജിസ്റ്റുകള്‍, പീഡിയാട്രീഷന്‍, നിയമവിദഗധര്‍ തുടങ്ങിയ ഗണത്തിലെല്ലാമായി പകുതി സ്ത്രീകളും പകുതി പുരുഷന്‍മാരും ഉള്‍പ്പെടുന്ന സംസ്ഥാനതല ജൂറി രൂപീകരിക്കണം. കൂടാതെ ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്തവരെ കൂടുതല്‍ ആഴത്തിലറിയാന്‍ നാളിതുവരെ ചികില്‍സിച്ച ഡോക്ടര്‍മാര്‍, അച്ഛന്‍, അമ്മ, സഹോദരങ്ങള്‍, ഭര്‍ത്താവ്, ഭര്‍തൃകുടുംബം, കൂട്ടുകാര്‍, അധ്യാപകര്‍ തുടങ്ങിയവരെല്ലാം പ്രോസിക്യൂട്ട് ചെയ്യണം. എങ്കിൽ മാത്രമേ അവരെ ഈ രോഗത്തിലേക്കും തുടര്‍ന്ന് കുറ്റകൃത്യത്തിലേക്കും നയിച്ചതില്‍ പങ്കുണ്ടോയെന്ന് കണ്ടെത്താന്‍ ഉതകുന്ന വിധത്തിലുള്ള സമൂലമായ നിയമമാറ്റമാണ് വേണ്ടത്.

Content Summary: Perinatal Psychosis: shattered lives of mothers; an interview with fousiya mustafa
Perinatal Psychosis fousiya mustafa 

രാജേശ്വരി പി ആര്‍

രാജേശ്വരി പി ആര്‍

അഴിമുഖം ചീഫ് സബ് എഡിറ്റര്‍

More Posts

Leave a Reply

Your email address will not be published. Required fields are marked *

×