June 04, 2026 |
Share on

പാക് വാദങ്ങൾ പൊളിച്ചടുക്കിയ ഇന്ത്യൻ നയതന്ത്രജ്ഞ: ആരാണ് പെറ്റൽ ഗഹ്‌ലോട്ട്?

ബഹുമുഖമായ അറിവിൻ്റെ അടിത്തറയിലാണ് ഗഹ്‌ലോട്ടിന്റെ നയതന്ത്ര ജീവിതം

ഇന്ത്യൻ നയതന്ത്ര രംഗത്ത് ഇന്ന് ഏറ്റവും അധികം ശ്രദ്ധിക്കപ്പെടുന്ന മുഖമാണ് പെറ്റൽ ഗഹ്‌ലോട്ട്. ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളന വേദിയിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിൻ്റെ ഭീകരവാദപരമായ പരാമർശങ്ങൾക്കെതിരെ അവർ നൽകിയ ചുട്ട മറുപടിയാണ് ഈ യുവ നയതന്ത്രജ്ഞയെ അന്താരാഷ്ട്ര ശ്രദ്ധയിലേക്ക് ഉയർത്തിയത്.

‘മറുപടി അവകാശം’  ഉപയോഗിച്ച് സംസാരിച്ച ഗഹ്‌ലോട്ട്, ഷെരീഫിന്റെ ‘ഓപ്പറേഷൻ സിന്ദൂർ’ വാദങ്ങളെയും ആണവായുധ ശക്തികൾ തമ്മിലുള്ള സംഘർഷങ്ങളെയും ശക്തമായി ഖണ്ഡിച്ചു. പാകിസ്ഥാൻ പ്രധാനമന്ത്രി “ഒരിക്കൽ കൂടി ഭീകരവാദത്തെ മഹത്വവൽക്കരിച്ചു” എന്ന് ആരോപിച്ച അവർ, ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ ശക്തമായ നിലപാട് ആവർത്തിച്ച് ഉറപ്പിച്ചു.

ബഹുമുഖമായ അറിവിൻ്റെ അടിത്തറയിലാണ് ഗഹ്‌ലോട്ടിന്റെ നയതന്ത്ര ജീവിതം കെട്ടിപ്പടുത്തത്. മുംബൈയിലെ സെന്റ് സേവിയേഴ്സ് കോളേജിൽ നിന്ന് രാഷ്ട്രീയം, സോഷ്യോളജി, ഫ്രഞ്ച് സാഹിത്യം എന്നിവയിൽ ബിരുദവും, ഡൽഹിയിലെ ലേഡി ശ്രീറാം കോളേജിൽ നിന്ന് രാഷ്ട്രീയം വിഷയത്തിൽ ബിരുദാനന്തര ബിരുദവും നേടി. പിന്നീട് യു.എസിലെ മൊണ്ടേറിയിലുള്ള മിഡിൽബറി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണൽ സ്റ്റഡീസിൽ നിന്ന് ഭാഷാ വ്യാഖ്യാനത്തിലും വിവർത്തനത്തിലും മാസ്റ്റേഴ്സ് പൂർത്തിയാക്കി. ആശയ വിനിമയത്തിലെ ഈ വൈദഗ്ധ്യം നയതന്ത്ര രംഗത്ത് അവർക്ക് മുതൽക്കൂട്ടായി.

വിദേശകാര്യ മന്ത്രാലയത്തിൽ  അണ്ടർ സെക്രട്ടറിയായി പ്രവർത്തിച്ച പെറ്റൽ ഗഹ്‌ലോട്ട്, പാരിസിലെയും സാൻ ഫ്രാൻസിസ്കോയിലെയും ഇന്ത്യൻ മിഷനുകളിലെ സേവനത്തിലൂടെ അന്താരാഷ്ട്ര തലത്തിൽ പരിചയം നേടി. 2023 ജൂലൈയിൽ യു.എൻ. സ്ഥിരം മിഷനിൽ ഫസ്റ്റ് സെക്രട്ടറിയായി ചുമതലയേറ്റ അവർക്ക്, 2024 സെപ്റ്റംബറിൽ ഉപദേഷ്ടാവ്  എന്ന സുപ്രധാന പദവി ലഭിച്ചു.

Also Read: “ഭീകരവാദത്തിന്റെ കയറ്റുമതിക്കാരൻ”, യുഎൻ വേദിയിൽ പാക് പ്രധാനമന്ത്രിക്ക് ചുട്ടമറുപടിയുമായി ഇന്ത്യ

യു.എൻ. വേദിയിൽ പെറ്റൽ ഗഹ്‌ലോട്ട് പാകിസ്ഥാൻ്റെ നിലപാടുകളെ തരിപ്പണമാക്കിയത് മൂർച്ചയുള്ള വാക്കുകളാലാണ്. പാക് സൈന്യം ഇന്ത്യയോട് ശത്രുത അവസാനിപ്പിക്കാൻ ‘അഭ്യർത്ഥിക്കുകയായിരുന്നു’ എന്ന് ചൂണ്ടിക്കാട്ടിയ അവർ, പാക് പ്രധാനമന്ത്രിയുടെ ‘വിജയം’ എന്ന അവകാശവാദത്തെ പരിഹസിച്ചു. “തകർന്ന റൺവേകളും കത്തിയെരിഞ്ഞ വിമാനപ്പുരകളും  വിജയമാണെങ്കിൽ, ആ വിജയം പാകിസ്ഥാന് ആസ്വദിക്കാവുന്നതാണ്”എന്ന അവരുടെ വാക്കുകൾ നയതന്ത്ര ലോകം ഏറ്റെടുത്തു.

ഒസാമ ബിൻ ലാദനെ ഒരു ദശാബ്ദക്കാലം സംരക്ഷിച്ച ചരിത്രം ഓർമ്മിപ്പിച്ച ഗഹ്‌ലോട്ട്, ജമ്മു കശ്മീരിലെ പഹൽഗാം ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച ‘ദി റെസിസ്റ്റൻസ് ഫ്രണ്ടിനെ (TRF)’ യു.എൻ. സുരക്ഷാ കൗൺസിലിൽ പാകിസ്ഥാൻ സംരക്ഷിക്കാൻ ശ്രമിച്ചതും തുറന്നുകാട്ടി. ചർച്ചയ്ക്ക് ആഹ്വാനം ചെയ്യുന്നതിന് മുൻപ് പാകിസ്ഥാൻ ഭീകരവാദ ക്യാമ്പുകൾ ഇല്ലാതാക്കുകയും വേണ്ട ഭീകരരെ കൈമാറുകയും വേണം എന്ന് അവർ ശക്തമായി ആവശ്യപ്പെട്ടു. ഇന്ത്യയുമായുള്ള എല്ലാ പ്രശ്നങ്ങളും ദ്വികക്ഷി തലത്തിൽ  മാത്രമേ പരിഹരിക്കാൻ കഴിയൂ എന്നും അവർ വ്യക്തമാക്കി.

തന്റെ ഔദ്യോഗിക നേട്ടങ്ങൾക്കപ്പുറം, പെറ്റൽ ഗഹ്‌ലോട്ട് ഒരു സംഗീത പ്രേമി കൂടിയാണ്. ഗിറ്റാർ വായിക്കുന്നതിൻ്റെ വീഡിയോകൾ അവർ പലപ്പോഴും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ‘ബെല്ല ചാവോ’, ‘ലോസ്റ്റ് ഓൺ യു’, ‘യേ ജവാനി ഹേ ദീവാനി’ എന്ന ഹിന്ദി സിനിമയിലെ ‘കബീര’ തുടങ്ങിയ ഗാനങ്ങളുടെ ആലാപനങ്ങൾ ഓൺലൈനിൽ വലിയ ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്.

content summary: Petal Gahlot: The Indian Diplomat Who Silenced Pakistan’s PM at the UN

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×