July 14, 2026 |
Share on

ഇറാനെക്കാള്‍ ഭീഷണി ഇവിടെയുള്ളവര്‍; വിമര്‍ശകര്‍ക്കെതിരേ യുഎസ് പ്രതിരോധ സെക്രട്ടറി

ഏകദേശം രണ്ടേകാല്‍ ലക്ഷം കോടി രൂപ ചെലവായെങ്കിലും ഇറാന്‍ ദൗത്യം വിജയമാണെന്നാണ് ഹെഗ്‌സേത്ത് അവകാശപ്പെടുന്നത്

ഇറാനെതിരായ യുദ്ധം ന്യായീകരിച്ച് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്. വലിയ ചിലവുണ്ടായിട്ടുണ്ടെങ്കിലും ഇതൊരു പരാജയമല്ലെന്ന് സമര്‍ത്ഥിക്കുകയാണ് ഹെഗ്‌സേത്ത്. ഇറാനേക്കാള്‍ വലിയ ഭീഷണി ഈ സൈനിക നീക്കത്തെ വിമര്‍ശിക്കുന്നവരാണെന്നും ഹെഗ്സെത്ത് ആരോപിച്ചു. ഹൗസ് ആന്‍ഡ് സര്‍വീസസ് കമ്മിറ്റിക്ക് മുമ്പാകെ നടത്തിയ ഹിയറിംഗിലാണ് പ്രതിരോധ സെക്രട്ടറിയുടെ വിശദീകരണം. പെന്റഗണ്‍ കണക്കുകള്‍ പ്രകാരം കുറഞ്ഞത് 25 ബില്യണ്‍ ഡോളര്‍ ചിലവ് വന്ന ഇറാന്‍ യുദ്ധം യുഎസിനെ ഒരു ചതുപ്പുനിലത്തില്‍ അകപ്പെടുത്തിയില്ല(തിരിച്ചു കയറാനാവാത്ത വിധം കെണിയില്‍ പെടുത്തി) എന്നാണ് അദ്ദേഹം അവകാശപ്പെട്ടത്.

ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ ഡാന്‍ കെയ്നിനൊപ്പമാണ് ഹെഗ്സെത്ത് കമ്മിറ്റിക്ക് മുന്നില്‍ ഹാജരായത്. യുദ്ധത്തിന്റെ തന്ത്രപരമായ ലക്ഷ്യങ്ങളെക്കുറിച്ച് കടുത്ത ചോദ്യങ്ങള്‍ നേരിട്ട അദ്ദേഹം, 1.5 ട്രില്യണ്‍ ഡോളറിന്റെ സൈനിക ചെലവിന് നിയമസഭാംഗങ്ങളുടെ അംഗീകാരം തേടി. എന്നാല്‍, ഈ ഫണ്ട് അനുവദിക്കേണ്ട ജനപ്രതിനിധികളെ തന്നെ യുദ്ധശ്രമങ്ങള്‍ക്ക് മുന്നിലുള്ള ‘ഏറ്റവും വലിയ വെല്ലുവിളി’ എന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഡെമോക്രാറ്റുകളുടെയും ചില റിപ്പബ്ലിക്കന്‍മാരുടെയും ‘പരാജയഭീതിയുള്ള വാക്കുകള്‍’ ശത്രുക്കളേക്കാള്‍ അപകടകരമാണെന്ന് ഹെഗ്സെത്ത് തുറന്നടിച്ചു.

യുദ്ധം നാലോ ആറോ ആഴ്ചകള്‍ക്കുള്ളില്‍ അവസാനിക്കുമെന്നായിരുന്നു പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രവചനം. എന്നാല്‍ രണ്ട് മാസം പിന്നിട്ടിട്ടും യുദ്ധം തുടരുന്ന സാഹചര്യത്തില്‍, വിയറ്റ്‌നാം, ഇറാഖ്, അഫ്ഗാനിസ്ഥാന്‍ യുദ്ധങ്ങളെ സഹിഷ്ണുതയുടെ മാനദണ്ഡങ്ങളായി ഹെഗ്സെത്ത് ഉയര്‍ത്തിക്കാട്ടി. ഇറാനെതിരെയുള്ള പോരാട്ടം അമേരിക്കന്‍ ജനതയുടെ സുരക്ഷയ്ക്കായുള്ള നിലനില്‍പ്പിന്റെ പോരാട്ടമാണെന്ന് അദ്ദേഹം വാദിച്ചു. അതേസമയം, ഹെഗ്സെത്തിനെയും കെയ്നിനെയും ‘യുദ്ധക്കുറ്റവാളികള്‍’ എന്ന് വിളിച്ച് പ്രതിഷേധക്കാര്‍ പുറത്ത് മുദ്രാവാക്യം വിളിക്കുന്നുണ്ടായിരുന്നു.

യുദ്ധത്തിന്റെ സാമ്പത്തിക ഭാരം വര്‍ധിക്കുന്നതായി പെന്റഗണ്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ജൂള്‍സ് ഹര്‍സ്റ്റ് മൂന്നാമന്‍ വ്യക്തമാക്കി. ഇതിനകം 25 ബില്യണ്‍ ഡോളര്‍ ചെലവായതായും ഇതില്‍ ഭൂരിഭാഗവും വെടിക്കോപ്പുകള്‍ക്കും പ്രതിരോധ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കുമാണ് ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ, താന്‍ ആയുധമേന്തി നില്‍ക്കുന്ന എഐ നിര്‍മ്മിത ചിത്രം പങ്കുവെച്ച ട്രംപ്, ഇറാന്‍ ഉടന്‍ ബുദ്ധിപൂര്‍വ്വം പ്രവര്‍ത്തിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി. കരാറില്‍ എത്തുന്നത് വരെ ഇറാനെതിരെ നാവിക ഉപരോധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഹിയറിംഗിനിടെ കാലിഫോര്‍ണിയയില്‍ നിന്നുള്ള ഡെമോക്രാറ്റ് അംഗം ജോണ്‍ ഗാരമെന്‍ഡി ഹെഗ്സെത്തിനെ രൂക്ഷമായി വിമര്‍ശിച്ചു. ഭരണകൂടത്തിന്റെ കഴിവുകേട് രാഷ്ട്രീയവും സാമ്പത്തികവുമായ ദുരന്തത്തിന് വഴിവെച്ചുവെന്നും അമേരിക്ക മറ്റൊരു ചതുപ്പുനിലത്തില്‍ അകപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതില്‍ പ്രകോപിതനായ ഹെഗ്സെത്ത്, ട്രംപിനോടുള്ള വെറുപ്പ് ഗാരമെന്‍ഡിയെ അന്ധനാക്കുന്നുവെന്നും ഇത്തരം പ്രസ്താവനകള്‍ ശത്രുക്കള്‍ക്ക് പ്രചാരണം നല്‍കുന്നതിന് തുല്യമാണെന്നും തിരിച്ചടിച്ചു.

ഇറാനിലെ മിനാബ് നഗരത്തിലെ സ്‌കൂളില്‍ നടന്ന ആക്രമണത്തില്‍ 168 പേര്‍ (ഭൂരിഭാഗവും കുട്ടികള്‍) കൊല്ലപ്പെട്ട സംഭവവും ചര്‍ച്ചയായി. ഇത് വലിയൊരു തെറ്റാണെന്നും എന്നാല്‍ മാസങ്ങളായി ഇതില്‍ മൗനം പാലിക്കുന്നത് ലോകത്തിന് തെറ്റായ സന്ദേശം നല്‍കുന്നുവെന്നും ആഡം സ്മിത്ത് കുറ്റപ്പെടുത്തി. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ തകര്‍ക്കപ്പെട്ടുവെന്ന് ഹെഗ്സെത്ത് അവകാശപ്പെട്ടപ്പോള്‍, എങ്കില്‍ പിന്നെ എന്തിനാണ് യുദ്ധം തുടരുന്നതെന്ന ചോദ്യവുമായി ഡെമോക്രാറ്റുകള്‍ അദ്ദേഹത്തെ പ്രതിരോധത്തിലാക്കി.

ഇന്ധനവില വര്‍ധനയും ഹോര്‍മുസ് കടലിടുക്ക് അടച്ചതുമൂലമുണ്ടായ സാമ്പത്തിക ആഘാതവും സാധാരണക്കാരെ ബാധിക്കുന്നതായി ഡെമോക്രാറ്റുകള്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ നേരിട്ടുള്ള ഉത്തരങ്ങള്‍ ഒഴിവാക്കിയ ഹെഗ്സെത്ത്, ഇറാന്‍ ആണവായുധം കൈവശം വെക്കുന്നതിന്റെ ഭവിഷ്യത്തുകളെക്കുറിച്ച് സംസാരിച്ച് ഒഴിഞ്ഞുമാറി. മിക്ക റിപ്പബ്ലിക്കന്‍ അംഗങ്ങളും ഹെഗ്സെത്തിന് പിന്തുണയുമായി രംഗത്തെത്തി. നിലവില്‍ വെടിനിര്‍ത്തല്‍ നിലവിലുണ്ടെങ്കിലും പശ്ചിമേഷ്യയില്‍ മൂന്ന് വിമാനവാഹിനിക്കപ്പലുകളെ വിന്യസിച്ചുകൊണ്ട് അമേരിക്ക യുദ്ധസജ്ജമായി തുടരുകയാണ്. വ്യാഴാഴ്ച സെനറ്റിന് മുന്നിലും ഹെഗ്സെത്തും കെയ്നും ഹാജരാകും.

Content Summary: US Defense Secretary Pete Hegseth denies the Iran conflict is a ‘quagmire’ despite the $25bn cost

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×