July 18, 2026 |
Share on

ഇ20 പെട്രോള്‍; മഴക്കാലം പേടിച്ച് പമ്പുടമകള്‍, വാഹനങ്ങള്‍ക്കും അപകടം

വെള്ളം കലര്‍ന്നാല്‍ അടിത്തട്ടില്‍ ഒതുങ്ങില്ല; ഇ20 പെട്രോള്‍ ആകെ കേടാകുമെന്ന് മുന്നറിയിപ്പ്

20 ശതമാനം എഥനോള്‍ ചേര്‍ത്ത പുതിയ ഇനം പെട്രോളായ ഇ20 ഇന്ധനത്തിന്റെ വരവോടെ മഴക്കാലം പെട്രോള്‍ പമ്പ് ഉടമകളുടെ ഉറക്കം കെടുത്തുന്നു. മഴക്കാലത്ത് പെട്രോളില്‍ വെള്ളം കലരുന്നത് സാധാരണയാണെങ്കിലും എഥനോള്‍ കലര്‍ന്ന പെട്രോള്‍ ഈയവസ്ഥയെ കൂടുതല്‍ ദുര്‍ഘടമാക്കുന്നുവെന്നാണ് അവരുടെ പരാതി. ഇ20 ഇന്ധനത്തില്‍ ഒരു തുള്ളി വെള്ളം വീണാല്‍ പോലും പെട്രോളും എഥനോളും തമ്മില്‍ വേര്‍പെട്ട് അടിയില്‍ കട്ടപിടിക്കുന്ന ‘ഫേസ് സെപ്പറേഷന്‍’ എന്ന പ്രതിഭാസമുണ്ടാകും. ഇത് പമ്പുടമകള്‍ക്കും വാഹന ഉടമകള്‍ക്കും ഒരുപോലെ വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്നാണ് ഡീലര്‍മാരുടെ സംഘടനകള്‍ പറയുന്നത്. അതേസമയം ഈ പ്രശ്‌നം പരസ്യമാക്കരുതെന്ന താക്കീത് എണ്ണക്കമ്പനികള്‍ ഡീലര്‍മാര്‍ക്ക് നല്‍കിയിരിക്കുകയാണ്. അതുകൊണ്ട് രഹസ്യസ്വഭാവത്തിലാണ് ഈ പ്രശ്‌നം ഡീലര്‍മാര്‍ മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്.

മണ്‍സൂണ്‍ സമയത്ത് അന്തരീക്ഷത്തിലെ ഈര്‍പ്പം ഉയരുന്നതും ടാങ്കറുകളില്‍ നിന്നും പമ്പുകളിലെ ഭൂഗര്‍ഭ സംഭരണികളില്‍ നിന്നും ഇന്ധനം മാറ്റുമ്പോള്‍ ഉണ്ടാകുന്ന ചോര്‍ച്ചയും ജലാംശം കലരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. പരമ്പരാഗത പെട്രോളില്‍ നേരിയ തോതില്‍ വെള്ളം കലര്‍ന്നാല്‍ അത് ടാങ്കിന്റെ അടിത്തട്ടില്‍ മാത്രമായി ഒതുങ്ങുകയും മുകള്‍ഭാഗത്തെ ഇന്ധനം സുരക്ഷിതമായി ഉപയോഗിക്കാന്‍ കഴിയുകയും ചെയ്യുമായിരുന്നു. എന്നാല്‍ ഇ20 ഇന്ധനത്തില്‍ വെള്ളത്തിന്റെ സാന്നിധ്യമുണ്ടായാല്‍ എഥനോള്‍ പൂര്‍ണ്ണമായും വേര്‍പെടുകയും, ആകെ സംഭരിച്ച ഇന്ധനവും ഉപയോഗശൂന്യമായി മാറുകയും ചെയ്യും. ഇത്തരത്തില്‍ ഇന്ധനം കേടുവന്നാല്‍ അത് വലിയ സാമ്പത്തിക നഷ്ടമാണ് പമ്പ് ഡീലര്‍മാര്‍ക്ക് ഉണ്ടാക്കുന്നത്. കൂടാതെ, ഈ ഇന്ധനം അബദ്ധത്തില്‍ വാഹനങ്ങളില്‍ അടിച്ചാല്‍ അത് എന്‍ജിന്‍ പ്രവര്‍ത്തനരഹിതമാകുന്നതുള്‍പ്പെടെയുള്ള ഗുരുതരമായ തകരാറുകള്‍ക്ക് കാരണമാകും.

ഈ പ്രതിസന്ധി പരിഹരിക്കാന്‍ എണ്ണക്കമ്പനികളുടെ ഭാഗത്തുനിന്ന് കൃത്യമായ പിന്തുണ വേണമെന്നാണ് ഡീലര്‍മാരുടെ ആവശ്യം. ഇന്ധന വിതരണ ശൃംഖലയിലുടനീളം കര്‍ശനമായ ഗുണനിലവാര പരിശോധന ഉറപ്പാക്കണമെന്നും, മണ്‍സൂണ്‍ കാലത്ത് ഉണ്ടാകുന്ന ഇത്തരം സാങ്കേതിക നഷ്ടങ്ങളുടെ സാമ്പത്തിക ബാധ്യത എണ്ണക്കമ്പനികള്‍ കൂടി ഏറ്റെടുക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. അതോടൊപ്പം, ഭൂഗര്‍ഭ ടാങ്കുകളില്‍ ജലാംശം കണ്ടെത്താനുള്ള ആധുനിക സെന്‍സറുകളും വാട്ടര്‍ ഫില്‍ട്ടറേഷന്‍ സംവിധാനങ്ങളും പമ്പുകളില്‍ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കാന്‍ ഡീലര്‍മാര്‍ക്ക് കമ്പനികള്‍ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. ഹരിത ഇന്ധനത്തിലേക്കുള്ള രാജ്യത്തിന്റെ മാറ്റത്തിന് ഇ20 അനിവാര്യമാണെങ്കിലും, മഴക്കാലത്തെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഹരിച്ചില്ലെങ്കില്‍ അത് വിപണിയില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് ഈ രംഗത്തുള്ളവര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

Content Summary; Petrol pump dealers raise alarm over E20 fuel contamination during monsoon, warning that even minor water leakage can cause phase separation and massive financial losses

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×