ആ വീട് ഒരു കുഞ്ഞ് അതിഥിയെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. കുഞ്ഞുടുപ്പും കണ്മഷിയും വാങ്ങി ദീപനും കുടുംബവും എല്ലാം ഒരുക്കി തയ്യാറായതുമാണ്. പക്ഷെ കാലം അവർക്കായി കാത്ത് വച്ചത് മറ്റൊന്നായിരുന്നു. പ്രസവത്തിനായി എല്ലാം സജ്ജമാക്കി ആശുപത്രിൽ എത്തേണ്ടതിന്റെ തലേ ദിവസമാണ് ദീപനെയും കുടുംബത്തെയും അപ്രതീക്ഷിത ദുരന്തം തേയിടിയെത്തിയത്. കുഞ്ഞു കരച്ചിലും ചിരിയും താരാട്ടും മുഴങ്ങേണ്ടിടത്ത് പിന്നീട് കേട്ടത് ദീനരോധനകളും കരച്ചിലും നിലവിളികളുമാണ്. 70 പേരുടെ ജീവനെടുത്ത പെട്ടിമുടി ദുരന്തത്തിന് നാല് വർഷമാകാൻ ഏതാനും ദിവസം ബാക്കി നിൽക്കേയാണ് വയനാട് മുണ്ടക്കൈയിലും, ചൂരൽമലയിലും ഉരുൾ പൊട്ടിയത്. ദീപനെ പോലെ നാളെയെക്കുറിച്ചുള്ള മധുര സ്വപ്നങ്ങളും പ്രതീക്ഷകളും പേറിയാണ് വയനാട് മുണ്ടക്കൈയിലും, ചൂരൽമലയിലെ നിവാസികളും ഉറങ്ങാൻ കിടന്നത്, പക്ഷെ കാലം കരുതി വച്ച ദുരന്തം അവരെ തേടിയെത്തുക തന്നെ ചെയ്തു.pettimudi landslide victim deepan
നാല് വർഷം മുൻപ് അനുഭവിച്ച ദുരന്തന്തിന്റെ അതേ നടുക്കത്തോടെയാണ് ദീപൻ വയനാട്ടിലെ ഉരുൾപൊട്ടൽ വാർത്ത കേട്ടത്. വാർത്ത തന്നിലുണർത്തിയ വികാരം എന്തെന്ന് വിവരിക്കാൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ടായിരുന്നില്ല. തൊണ്ടയിൽ കനം വച്ച വാക്കുകളോടെയാണ് ദീപൻ ആ ദിവസത്തെ കുറിച്ച് പറഞ്ഞ് തുടങ്ങിയത്.
‘ വിവരം അറിഞ്ഞത് മുതൽ ഇതുവരെ എനിക്ക് ഭക്ഷണം പോലും കഴിക്കാൻ സാധിച്ചിട്ടില്ല. കേട്ട മാത്രയിൽ ഓർമ്മയിലെത്തിയത് ആ രാത്രിയാണ്. ഭാര്യ മുത്തുലച്ചമിക്ക് ഒൻപതാം മാസം ആയിരുന്നു. സംഭവം നടന്നതിന്റെ പിറ്റേ ദിവസം ആയിരുന്നു അവളെ പ്രസവത്തിന് വേണ്ടി ആശുപത്രിയിൽ അഡ്മിറ്റ് ആക്കേണ്ടിയിരുന്നത്. അതിന് വേണ്ട ബാഗും സാധങ്ങളും എല്ലാം എടുത്ത് വച്ചിട്ടാണ് ഞങ്ങൾ അന്ന് ഉറങ്ങാൻ കിടന്നത്. രാത്രി പത്തേമുക്കാലോടെ വലിയ ശബ്ദം കേട്ടാണ് കണ്ണ് തുറക്കുന്നത്, എന്താണ് സംഭവിച്ചതെന്ന് മനസിലാകും മുന്നേ എന്നെയും കുടുംബത്തെയും മണ്ണ് വന്ന് പൊതിഞ്ഞു. അവളുടെ കയ്യിൽ ഞാൻ പിടിച്ചിരുന്നെങ്കിലും ഒന്ന് കണ്ണ് ചിമ്മി തുറന്നപ്പോഴേക്കും എന്റെ കയ്യിൽ നിന്ന് വിട്ട് പോയിരുന്നു. ‘ ദുഖഭാരത്തോടെ ദീപൻ പറഞ്ഞു നിർത്തി
2020 ഓഗസ്റ്റ് 6ന് രാത്രി 10.40നാണ് തുള്ളി തോരാതെ പെയ്ത മഴയ്ക്കൊപ്പം ഉരുൾപൊട്ടലിന്റെ രൂപത്തിലെത്തിയ ദുരന്തം പെട്ടിമുടിയിലെ ലൈൻ ലയങ്ങളിലുണ്ടായിരുന്ന ദീപന്റെ കുടുംബത്തിലെ 42 പേരടക്കം 70 പേരുടെ ജീവനെടുത്തത്. ദുരന്തത്തിൽ മരിച്ച 66 പേരുടെ മൃതദേഹങ്ങളാണ് 19 ദിവസം നീണ്ടു നിന്ന തെരച്ചിലിൽ കണ്ടെടുത്തത്, ഇതിൽ നാല് പേരെ വർഷം ഇത്ര പിന്നിട്ടിട്ടും ഇനിയും കണ്ടെത്താനായിട്ടില്ല.
ജോലി ചെയ്യുന്നിടത്താണുള്ളതെങ്കിലും തന്റെ മനസ് മുഴുവൻ വയനാട്ടിലാണെന്ന് പറയുകയാണ് ദീപൻ.
‘ മൂന്നാറിൽ ഫോറസ്റ്റ് വകുപ്പിൽ ഡ്രൈവറായി ജോലി ചെയ്ത് കൊണ്ടിരിക്കുകയാണ് ഞാൻ. വാർത്ത അറിഞ്ഞപ്പോൾ മുതൽ എനിക്ക് അവിടെ വരെ പോകണം എന്നുണ്ട്. പക്ഷെ ഇവിടെയും നല്ല മഴയാണ്, കൂടാതെ പല റോഡുകളും മരങ്ങൾ വീണും മറ്റും കിടക്കുകയാണ് അതുകൊണ്ട് പോകാൻ പറ്റാത്ത അവസ്ഥയാണ്. നാല് വർഷമായെങ്കിലും ഇന്നും ആ നടുക്കം എന്നെ വിട്ട് പോയിട്ടില്ല. ഉറക്കത്തിൽ പലരാത്രികളിലും ഞാൻ സ്വപ്നം കണ്ടുണരുന്നത് ആ രാത്രിയും എനിക്ക് നഷ്ടപെട്ട ഉറ്റവരെയും ഉടയവരെയുമാണ്. അന്ന് രാത്രി മുഴവൻ ഇരുട്ടിൽ ചളിയിൽ പുതഞ്ഞാണ് ഞാൻ കിടന്നിരുന്നത്. എത്ര സമയം സഹായത്തിനായി അലറി വിളിച്ചെന്ന് അറിയില്ല. തലയൊഴിച്ച് ശരീരം മുഴുവൻ മണ്ണിലും ചളിയും മൂടി ഒന്ന് അനങ്ങാൻ പോലുമാകാത്ത അവസ്ഥയിലായിരുന്നു. പിറ്റേ ദിവസം രാവിലെ ആണ് എന്നെയും അമ്മയെയും രക്ഷാപ്രവർത്തകർ എത്തി പുറത്തെടുത്തത്. എന്റെ തൊട്ട് അടുത്തായിരുന്നു അമ്മയും ഉണ്ടായിരുന്നത്. അമ്മയുടെ മുടിയിലാണ് പിടുത്തം കിട്ടിയത്, അല്ലെങ്കിൽ എനിക്ക് അമ്മയെക്കൂടി നഷ്ടപ്പെടുമായിരുന്നു.’ ദീപൻ പറഞ്ഞു നിർത്തി.
ദീപന്റെ കുടുംബം അടക്കം 22 വീടുകളിൽ കിടന്നുറങ്ങിയിരുന്ന തോട്ടം തൊഴിലാളികളും ബന്ധുക്കളുമായിരുന്നു പെട്ടിമുടി ദുരന്തത്തിൽ മരണപ്പെട്ടത്. ദീപന്റെ അച്ഛനും അമ്മയും കണ്ണൻ ദേവൻ തോട്ടം തൊഴിലാളികൾ ആയിരുന്നു. ദീപനും സഹോദരനും ഡ്രൈവർ ജോലിയാണ് ചെയ്തിരുന്നത്. പെട്ടിമുടി ഉരുൾ പൊട്ടലിൽ അച്ഛനും, ഭാര്യയും കൂടാതെ ദീപന്റെ സ്വന്തം സഹോദരനും ഭാര്യയും മക്കളും അടക്കം ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടു. എല്ലാം കഴിഞ്ഞിട്ടിപ്പോൾ നാല് വർഷം ആയെങ്കിലും മരിച്ചാലും മറക്കാൻ കഴിയാത്ത അത്ര മുറിവുകൾ ദീപന് സമ്മാനിച്ച കാളരാത്രിയായിരുന്നു 2020 ഓഗസ്റ്റ് ആറ്.
content summary; Pettimudi land slide victim Deepan talks about the incident