April 20, 2025 |
Share on

‘എന്നെ കൊന്നാല്‍, പ്രസിഡന്റും കൊല്ലപ്പെടും’

ഫിലിപ്പീന്‍സിനെ പ്രക്ഷുബ്ദമാക്കി വൈസ് പ്രസിഡന്റിന്റെ മുന്നറിയിപ്പ്

വൈസ് പ്രസിഡന്റ് സാറ ഡ്യൂട്ടേര്‍ട്ടെയുടെ മുന്നറിയിപ്പ് വന്നതിന് പിന്നാലെ ഫിലീപ്പീന്‍സ് പ്രസിഡന്റ് ഫെര്‍ഡിനാന്‍ഡ് മാര്‍ക്കോസ് ജൂനിയറിന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. താന്‍ കൊല്ലപ്പെട്ടാല്‍ പിന്നാലെ പ്രസിഡന്റ്ും വധിക്കപ്പെടുമെന്നായിരുന്നു സാറയുടെ പ്രഖ്യാപനം. രാജ്യത്തെ രണ്ട് പ്രമുഖ രാഷ്ട്രീയ കുടുംബങ്ങള്‍ തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നതിന്റെ നാടകീയ വഴിത്തിരിവുകളാണ് ഇത്തരം മുന്നറിയിപ്പുകള്‍. ഒരു വാടക കൊലയാളിയുമായി സംസാരിച്ചിട്ടുണ്ടെന്നും, ഞാന്‍ കൊല്ലപ്പെടുകയാണെങ്കില്‍ പ്രസിഡന്റിനെയും ഭാര്യയെയും ഫിലിപ്പീന്‍സ് പ്രതിനിധി സഭയുടെ സ്പീക്കറെയും വധിക്കാന്‍ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നുമാണ് സാറ വാര്‍ത്തസമ്മേളനം വിളിച്ച് അറിയിച്ചത്.

‘ ഞാന്‍ ഒരാളുമായി സംസാരിച്ചിട്ടുണ്ട്, അയാളോട് ഞാന്‍ പറഞ്ഞേല്‍പ്പിച്ചിരിക്കുന്നത്, ഞാന്‍ കൊല്ലപ്പെടുകയാണെങ്കില്‍ ബിബിഎം(പ്രസിഡന്റ്), ലിസ അരനേറ്റ(പ്രഥമ വനിത), മാര്‍ട്ടിന്‍ റോമ്വാല്‍ഡസ്(സ്പീക്കര്‍) ഇവരെ കൊല്ലണമെന്നാണ്, ഇത് തമാശയല്ല’ സാറയുടെ വാക്കുകള്‍. അവരെ കൊല്ലാതെ നിങ്ങളുടെ ദൗത്യം അവസാനിപ്പിക്കരുതെന്ന് വാടകക്കൊലയാളിയോട് പറഞ്ഞിട്ടുണ്ടെന്നും, അക്കാര്യം അയാള്‍ സമ്മതിച്ചിട്ടുണ്ടെന്നും വൈസ് പ്രസിഡന്റ് പറയുന്നു.

രാജ്യം നരകതുല്യമാകുകയാണെന്നും, ഒരു പ്രസിഡന്റ് എന്തായിരിക്കണമെന്നറിയാത്ത ഒരു നുണയനാണ് നമ്മളെ ഭരിക്കുന്നതെന്നും മാര്‍ക്കോസിനെ കുറ്റപ്പെടുത്തി സാറ പറയുന്നുണ്ട്. വൈസ് പ്രസിഡന്റിന്റെ സുരക്ഷയെക്കുറിച്ച് തിരക്കിയ ഒരു ഓണ്‍ലൈന്‍ ജേര്‍ണലിസ്റ്റിനോടായി സാറ പറഞ്ഞത്, കഴിഞ്ഞ രാത്രി തന്റെ ചീഫ് ഓഫ് സ്റ്റാഫിനൊപ്പം കോണ്‍ഗ്രസ് ചേമ്പറിലാണ്(ഫിലീപ്പീന്‍സിലെ പ്രതിനിധി സഭകളിലൊന്ന്) കഴിഞ്ഞതെന്നും, താനിപ്പോള്‍ ഒരു തടങ്കല്‍ സാഹചര്യത്തിലാണുള്ളതെന്നുമാണ്.

Sara duterte with father Rodrigo duterte

സാറ ഡ്യൂട്ടേര്‍ട്ടെ പിതാവും മുന്‍ പ്രസിഡന്റുമായ റൊഡിഗ്രോ ഡ്യൂട്ടേര്‍ട്ടെയ്‌ക്കൊപ്പം

ഫിലിപ്പീന്‍സ് മുന്‍ പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടേര്‍ട്ടെയുടെ മകളായ സാറ, മന്ത്രിസഭയില്‍ വിദ്യാഭ്യാസ സെക്രട്ടറി സ്ഥാനം രാജിവച്ചാണ് ജൂണില്‍ മാര്‍ക്കോസിന്റെ വൈസ് പ്രസിഡന്റായി ചുമതലയേല്‍ക്കുന്നത്. ഫിലിപ്പീന്‍സില്‍ വൈസ് പ്രസിഡന്റ് ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെടുന്ന സ്ഥാനമല്ല. പ്രസിഡന്റ് നിയമിക്കുകയാണ്. ഔദ്യോഗിക ചുമതലകളൊന്നും തന്നെ ഉണ്ടാകില്ല. ചിലര്‍ ഈ സ്ഥാനത്തിരുന്ന് സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ നടത്തും, ചിലരെ പ്രസിഡന്റ് തന്റെ കാബിനറ്റില്‍ നിയോഗിക്കും.

റോഡിഗ്രോയുടെ പിന്‍ഗാമിയായാണ് മാര്‍ക്കോസ് രാജ്യത്തിന്റെ അധികാരസ്ഥാനമേല്‍ക്കുന്നത്. മാര്‍ക്കോസും സാറയും തമ്മിലുള്ള വിടവ് അവര്‍ക്കിടയിലെ രാഷ്ട്രീയ സഖ്യത്തിന്റെയും തകര്‍ച്ചയാണാ കാണിക്കുന്നത്. മുന്‍ ഫിലിപ്പീന്‍സ് ഏകാധിപതി ഫെര്‍ഡിനാന്‍ഡ് മാര്‍കോസിന്റെ മകനാണ് ഇപ്പോഴത്തെ പ്രസിഡന്റ് മാര്‍കോസ് ജൂനിയര്‍. 2022 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ അധികാരത്തില്‍ എത്താന്‍ മാര്‍കോസ് ജൂനിയറെ സഹായിച്ചത് സാറയുടെ രാഷ്ട്രീയ സഖ്യമായിരുന്നു. വിദേശനയം, മുന്‍ പ്രസിഡന്റ് റോഡിഗ്രസിന്റെ മയക്കുമരുന്ന് മാഫിയയ്‌ക്കെതിരായ പോരാട്ടം തുടങ്ങിയ കാര്യങ്ങളില്‍ രണ്ട് രാഷ്ട്രീയ സഖ്യങ്ങള്‍ക്കിടയിലും അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു.

പ്രസിഡന്റ് മാര്‍കോസ് ജൂനിയറിന്റെ അടുത്ത ബന്ധുവാണ് പ്രതിനിധി സഭ സ്പീക്കര്‍ റൊമുവല്‍ഡസ്. വൈസ് പ്രസിഡന്റിന്റെ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്ക് ബഡ്ജറ്റ് വിഹിതം ഏകദേശം മൂന്നില്‍ രണ്ടായി വെട്ടിക്കുറയ്ക്കാന്‍ സ്പീക്കര്‍ ഉത്തരവിട്ടിരുന്നു. തനിക്കെതിരായ നീക്കമായാണ് സാറ ഈ തീരുമാനത്തെയും കണ്ടത്.

ferdinand marcos jr

ഫിലിപ്പീന്‍സ് പ്രസിഡന്റ് ഫെര്‍ഡിനാന്‍ഡ് മാര്‍കോസ് ജൂനിയര്‍

മാര്‍ക്കോസിനെതിരായ പരസ്യഭീഷണി എന്ന നിലയില്‍ സാറയുടെ മുന്നറിയിപ്പ് ഗൗരവമായി തന്നെയാണ് എടുത്തിരിക്കുന്നതെന്നാണ് പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചിരിക്കുന്നത്. അടിയന്തര നടപടി സ്വീകരിക്കാന്‍ പ്രസിഡന്റിന്റെ സെക്യൂരിറ്റ് കാമാണ്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് കമ്യൂണിക്കേഷന്‍ ഓഫിസില്‍ നിന്നു പുറത്തു വിട്ട പ്രസ്താവനയില്‍ പറയുന്നത്. പ്രസിഡന്റിനെതിരായ ഏതൊരു ഭീഷണിയും ഗൗരവമുള്ളതാണ്, ഇപ്പോഴത്തെ ഭീഷണി പരസ്യമായി തന്നെ പ്രഖ്യാപിച്ചിട്ടുള്ളതുമാണെന്നും പ്രസ്താവനയില്‍ എടുത്തു പറയുന്നുണ്ട്.

അതേസമയം, ഈ വിഷയത്തില്‍ വൈസ് പ്രസിഡന്റിന്റെ ഓഫിസ് ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. പ്രസിഡന്റിന്റെ ഓഫിസ് പുറത്തു വിട്ട പ്രസ്താവനയോടും പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ കുറച്ചു മാസങ്ങളായി ഫിലിപ്പീന്‍സ് രാഷ്ട്രീയത്തിന്റെ തലപ്പത്ത് പൊട്ടിത്തെറികള്‍ തുടങ്ങിയിരുന്നു. അതിപ്പോള്‍ പരസ്യമായ പൊട്ടിത്തെറിയില്‍ എത്തിയിരിക്കുകാണ്. പ്രസിഡന്റ് കഴിവുകെട്ടവനാണെന്നും, അദ്ദേഹത്തിന്റെ തലവെട്ടുന്നതായി താന്‍ സങ്കല്‍പ്പിട്ടുണ്ടെന്നും സാറയില്‍ നിന്നും മുമ്പും വിവാദ പ്രസ്താവനയുണ്ടായിട്ടുണ്ട്. Philippine vice president Sara Duterte threatens assassination of president Marcos if she is killed

content Summary; Philippine vice president Sara Duterte threatens assassination of president Marcos if she is killedPhilippine vice president Sara Duterte threatens assassination of president Marcos if she is killed

Leave a Reply

Your email address will not be published. Required fields are marked *

×