കുമളി സ്വദേശിയായ ആ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ കൂട്ടു നിന്നത് സ്വന്തം അമ്മയായിരുന്നു. അമ്മയുടെ ആണ്‍സുഹൃത്തു കൂടിയായ എസ്റ്റേറ്റ് മുതലാളിയുടെ ഉപദ്രവങ്ങളില്‍ നിന്ന് രക്ഷപ്പെടുത്തിയാണ് നിര്‍ഭയയുടെ ഷെല്‍ട്ടര്‍ ഹോമില്‍ പാര്‍പ്പിച്ചത്. തിരുവനന്തപുരം ശിശുക്ഷേമ സമിതി, പെണ്‍കുട്ടിയെ മാതാപിതാക്കളുടെ ആവശ്യപ്രകാരം വീട്ടുകാര്‍ക്കൊപ്പം വിട്ടു. പെണ്‍കുട്ടി ഉപദ്രവിക്കപ്പെട്ട കേസില്‍ രണ്ടാം പ്രതിയായ അമ്മ താമസിക്കുന്ന അതേ വീട്ടിലേക്ക്. സഹോദരിയുടെ വിവാഹത്തിന് പെണ്‍കുട്ടിയുടെ സാന്നിധ്യം കൂടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വീട്ടുകാര്‍ക്കൊപ്പം വിട്ടത്. വീട്ടിലെത്തിയ പെണ്‍കുട്ടിയെ എസ്റ്റേറ്റ് മുതലാളി അവിടെ വച്ച് വീണ്ടും ആക്രമിക്കാന്‍ ശ്രമിച്ചു. പെണ്‍കുട്ടി മുണ്ടക്കയം പൊലീസില്‍ പരാതി നല്‍കി. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കാഞ്ഞിരപ്പിള്ളി കോടതിയില്‍ 164 കൊടുക്കാന്‍ എത്തിയ പെണ്‍കുട്ടിയെ പൊലീസിന്റെ സാന്നിധ്യത്തിലും കോടതി പരിസരത്ത് വച്ച് പിതാവ് ആക്രമിച്ചു. കോടതിയില്‍ മൊഴി നല്‍കിയാല്‍ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി.
2018 ല്‍ കേരളത്തില്‍ നടന്നൊരു സംഭവമാണ്. ഒന്നല്ല, ഇതുപോലെ നിരവധി കേസുകള്‍ കേരളത്തില്‍ നടന്നിട്ടുണ്ട്. കേരളം എത്രമാത്രം ശിശുസൗഹാര്‍ദ്ദമാണെന്ന് ചോദിക്കേണ്ട തരത്തില്‍ ഞെട്ടിക്കുന്ന സംഭവങ്ങള്‍ നടക്കുന്നുണ്ട്.
നമ്മുടെ കുട്ടികള്‍ സ്വന്തം വീടുകളില്‍, മാതാപിതാക്കള്‍ക്കിടയില്‍ സുരക്ഷിതരാണോ? ബാലാവകാശ നിയമങ്ങളും, ശിശു സംരക്ഷണ സ്ഥാപനങ്ങളും കേരളത്തിലെ കുട്ടികളുടെ മാനസികവും ശാരീരികവുമായ സംരക്ഷണത്തിന് പ്രയോജനകരമായി പ്രവര്‍ത്തിക്കുന്നുണ്ടോ?
അലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരി പഞ്ചായത്തില്‍ നിന്നുള്ള ഈ വാര്‍ത്ത കൂടി കേട്ടിട്ട്, മേല്‍പ്പറഞ്ഞ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടു.
മദ്യത്തിന് അടിമയായ അമ്മയുടെ ഉപദ്രവം നേരിടേണ്ടി വന്ന പത്തു വയസില്‍ താഴെയുള്ള രണ്ടു പെണ്‍കുട്ടികളെ പഞ്ചായത്തിന്റെ മുന്‍കൈയില്‍, ശിശു സംരക്ഷണ സമിതിയുടെ നിര്‍ദേശ പ്രകാരം ഷെല്‍ട്ടര്‍ ഹോമിലേക്കു മാറ്റുന്നു. എന്നാല്‍, അതേ കുട്ടികളെ പഞ്ചായത്തിനെ പോലും അറിയിക്കാതെ, ശിശു സംരക്ഷണ സമിതി തിരികെ വീട്ടിലേക്ക് തന്നെ മടക്കി അയക്കുന്നു. പഞ്ചായത്ത് ഈ വിഷയം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും വനിത ശിശുക്ഷേമ വകുപ്പ് മന്ത്രിക്കും പരാതി നല്‍കുന്നു. നിയമപ്രകാരം മാത്രമാണ് കാര്യങ്ങള്‍ ചെയ്തതെന്ന് ശിശുക്ഷേമ സമിതി വാദിക്കുന്നു.
ഒറ്റ ചോദ്യമാണ് ഇവിടെയുള്ളത്; ആ കുട്ടികള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ആരൊക്കെ ഉത്തരവാദിത്തം പറയും?
എട്ട്, നാല്, രണ്ടര വയസ് പ്രായമുള്ള കുട്ടികളുടെ അമ്മ മദ്യലഹരിക്ക് അടിമയാണെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് പറയുന്നത്. മദ്യലഹരിയില്‍ കുട്ടികളെ നിരന്തരം മര്‍ദ്ദിക്കുന്നുവെന്ന പരാതിയില്‍ വീട്ടിലെത്തി മാതാവിനെ താക്കീത് നല്‍കിയിരുന്നതാണ്. മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ മൂത്തകുട്ടിയുടെ മുഖത്ത് അടിയേറ്റ പാട് ശ്രദ്ധിച്ച അധ്യാപികയോടാണ് അമ്മ തല്ലിയതാണെന്ന് കുട്ടി പരാതിപ്പെട്ടത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പഞ്ചായത്തില്‍ വിവരം ധരിപ്പിച്ചു. 2024 ഓഗസ്റ്റ് 31 കൂടിയ സിപിസിയിലെ ധാരണയനുസരിച്ച് കുട്ടികളെ വീട്ടില്‍ നിന്നും മാറ്റി സുരക്ഷിതരായി പാര്‍പ്പിക്കാന്‍ പഞ്ചായത്ത് തീരുമാനിച്ചു. ഇതിന്‍ പ്രകാരം സുരക്ഷിതമായ കേന്ദ്രത്തിലേക്ക് മാറ്റിയ, നാലും എട്ടും വയസുള്ള രണ്ട് പെണ്‍കുട്ടികളെയാണ് തിരികെ വീട്ടിലേക്ക് തിരിച്ചയച്ചിരിക്കുന്നതെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് മുഖ്യമന്ത്രിക്ക് അയച്ച പരാതിയില്‍ ആരോപിക്കുന്നത്.
ഈ വിഷയത്തില്‍ മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ടി വി അജിത് കുമാറിനോട് അഴിമുഖം സംസാരിച്ചിരുന്നു. പ്രസിഡന്റ് പറയുന്ന കാര്യങ്ങള്‍ ഇങ്ങനെയാണ്;
‘ കുട്ടികളുടെ കരച്ചില്‍ കേള്‍ക്കുന്നുവെന്ന് അയല്‍വക്കത്തുള്ളവരാണ് പൊലീസില്‍ വിളിച്ച് അറിയിക്കുന്നത്. പൊലീസ് പഞ്ചായത്തില്‍ ബന്ധപ്പെട്ടു. അതനുസരിച്ച് അന്ന് രാത്രി തന്നെ ഞങ്ങള്‍ അങ്ങോട്ടേയ്ക്ക് ചെന്നു. കുട്ടികള്‍ അപ്പോള്‍ സ്വന്തം വീട്ടിലില്ല. ഞങ്ങളുടെ വണ്ടി കണ്ടതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ കുട്ടികളുമായി വന്നു. ഇളയ കുട്ടിക്ക് രണ്ടര വയസ് മാത്രമാണ് പ്രായം. ഈ സമയം കുട്ടികളുടെ അമ്മ മദ്യലഹരിയില്‍ ബോധമില്ലാതെ കിടക്കുകയാണ്. കുട്ടികളെ ഇനിയും അവിടെ നിര്‍ത്തുന്നത് സുരക്ഷിതമല്ലെന്ന് മനസിലായി. കുട്ടികള്‍ക്കും വീട്ടില്‍ നില്‍ക്കാന്‍ താത്പര്യമില്ലായിരുന്നു. അവര്‍ സ്വമനസാലെ തന്നെയാണ് ഞങ്ങളുടെ ജീപ്പിലേക്ക് കയറിയത്. ഈ സമയമായപ്പോഴേക്കും അവരുടെ അമ്മയായ യുവതി എഴുന്നേറ്റ് വരികയും ഇളയ കുഞ്ഞിനെ കൊണ്ടു പോകാന്‍ സമ്മതിക്കാതെ ഞങ്ങളില്‍ നിന്ന് തട്ടിപ്പിടിച്ചു വാങ്ങിക്കുകയും ചെയ്തു. മറ്റ് രണ്ടു കുട്ടികള്‍ക്കും അമ്മയ്‌ക്കൊപ്പം നില്‍ക്കാന്‍ താത്പര്യമില്ലായിരുന്നു. തുടര്‍ന്ന് മണ്ണഞ്ചേരി പൊലീസിന്റെ നിര്‍ദേശാനുസരണം ആലപ്പുഴ ജില്ല കുടുംബശ്രീയുടെ കീഴിലുള്ള സ്‌നേഹിതയിലേക്ക് മാറ്റി. അവിടെ എത്തിക്കുമ്പോള്‍ രാത്രി പതിനൊന്നു മണിയായിട്ടുണ്ട്. ഒന്നും കഴിച്ചിട്ടില്ലെന്ന് പറഞ്ഞപ്പോള്‍ ഞങ്ങളാണ് ആഹാരം വാങ്ങി നല്‍കിയത്. രണ്ടു ദിവസത്തിനകം കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കു മുമ്പാകെ ഹാജരാക്കുകയും സിപിസിയുടെ റിപ്പോര്‍ട്ട് കൈമാറുകയും ചെയ്തു. ഈ സമയം കുട്ടികളുടെ മാതാപിതാക്കളും, ഇളയ രണ്ടു കുട്ടികളുടെ പിതാവും അവിടെയെത്തിയിരുന്നു. സിഡബ്ല്യുസിയുടെ നിര്‍ദേശപ്രകാരം, കുട്ടികളുടെ കൂടി സമ്മതത്തോടെയാണ് മൂത്ത രണ്ടു കുട്ടികളെയും മായിത്തറയിലുള്ള ഹോപ്പ് കമ്യൂണിറ്റി വില്ലേജിലേക്ക് മാറ്റുന്നത്.
കുട്ടികള്‍ സുരക്ഷിതരാണെന്നു കരുതി. എന്നാല്‍ കഴിഞ്ഞ ദിവസം പ്രദേശത്തെ അംഗന്‍വാടി ടീച്ചര്‍ പറയുമ്പോഴാണ് കുട്ടികളെ തിരിച്ച് വീട്ടിലേക്ക് വിട്ടെന്ന കാര്യം അറിയുന്നത്. പഞ്ചായത്ത് കമ്മിറ്റി തീരുമാനപ്രകാരമാണ് കുട്ടികളെ വീട്ടില്‍ നിന്നും മാറ്റി പാര്‍പ്പിച്ചത്. എന്നിട്ട്, പഞ്ചായത്തിനെ അറിയിക്കാതെ ശിശുക്ഷേമ സമിതി കുട്ടികളെ വീട്ടിലേക്ക് അയച്ചു. ശിശു ക്ഷേമ സമിതി ചെയര്‍പേഴ്‌സണ്‍ വസന്തകുമാരിയെ ബന്ധപ്പെട്ടു. അവര്‍ പറഞ്ഞത്, ഹൈക്കോടതി ഉത്തരവ് ഉണ്ടെന്നായിരുന്നു. കോടതി ഉത്തരവിന്റെ പകര്‍പ്പ് ചോദിച്ചതോടെ അവര്‍ രോഷാകുലയായി. പഞ്ചായത്ത് പ്രസിഡന്റ്, പ്രസിഡന്റിന്റെ ജോലി നോക്കിയാല്‍ മതിയെന്നും സിഡബ്ല്യസിയുടെ കാര്യം ഞാന്‍ നോക്കിക്കോളാം എന്നുമായിരുന്നു മറുപടി. സിപിസിയുടെ ചെയര്‍മാനാണ് പഞ്ചായത്ത് പ്രസിഡന്റെന്നും, കമ്മിറ്റി തീരുമാനപ്രകാരമാണ് കുട്ടികളെ അവിടെ ആക്കിയതെന്നും പറഞ്ഞതോടെ അവര്‍ ഫോണ്‍ വച്ചു. അല്‍പ്പനേരം കഴിഞ്ഞ് വീണ്ടും വിളിച്ചിട്ട്, ഇനി മേലാല്‍ എന്നെ വിളിക്കരുതെന്നു പറഞ്ഞു. ആ കുട്ടികള്‍ക്ക് നാളെ എന്തെങ്കിലും സംഭവിച്ചാല്‍ എന്തു ചെയ്യുമെന്ന് ചോദിച്ചപ്പോള്‍, അത് ഞാന്‍ നോക്കിക്കോളാമെന്നായിരുന്നു അവരുടെ മറുപടി’.
ഈ വിഷയത്തില്‍ ആലപ്പുഴ ശിശുക്ഷേമ സമിതി അധ്യക്ഷ വസന്തകുമാരിയെ അഴിമുഖം ബന്ധപ്പെട്ടിരുന്നു. വസന്തകുമാരിയുടെ വാദം, നിലവിലുള്ള ഹൈക്കോടതി ഉത്തരവ് അനുസരിച്ച് മാത്രമാണ് സിഡബ്ല്യുസി പ്രവര്‍ത്തിച്ചിരിക്കുന്നതെന്നാണ്. മറ്റൊരു ആക്ഷേപം, പഞ്ചായത്ത് അധികൃതര്‍ കുട്ടികളെ നിര്‍ബന്ധപൂര്‍വം ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിയതെന്നാണ്. അനധികൃതമായി കുട്ടികളെ തടഞ്ഞുവച്ചാല്‍ ഹൈക്കോടതിയില്‍ നിന്നും നടപടി നേരിടേണ്ടി വരുമെന്നും, അതിനാല്‍ കുട്ടികളുടെ അമ്മൂമ്മയുടെയും അച്ഛന്റെയും സംരക്ഷണയില്‍ മറ്റൊരു വീട്ടിലേക്ക് അയക്കുകയാണ് ചെയ്തതെന്നുമാണ് ചെയര്‍പേഴ്‌സണ്‍ പറയുന്നത്. വിശദമായി അവരുടെ വാക്കുകള്‍ കേള്‍ക്കാം;
അമ്മ മദ്യപാനിയായ മൂന്നു കുട്ടികള്‍ ഒട്ടും സുരക്ഷിതമല്ലാത്ത സാഹചര്യത്തിലാണെന്നും അവരെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടാണ് പഞ്ചായത്ത് പ്രസിഡന്റ് വിളിച്ചത്. അത്തരമൊരു കാര്യത്തില്‍ ചെയര്‍പേഴ്‌സണ് ഒറ്റയ്ക്ക് തീരുമാനം സാധ്യമല്ല, കമ്മിറ്റി തീരുമാനം വേണം. എങ്കിലും അടിയന്തര സാഹചര്യത്തില്‍ സ്‌നേഹിതയില്‍ നിര്‍ത്താറുണ്ട്. ഇതൊക്കെ നടക്കുമ്പോള്‍ ഞാന്‍ സ്ഥലത്തില്ല, ചെങ്ങന്നൂരില്‍ ആശുപത്രിയിലാണ്. എന്നിട്ടും ഞാനെന്റെ ഉത്തരവാദിത്തത്തില്‍ നിന്നൊഴിഞ്ഞു നിന്നില്ല. ഞാന്‍ സ്‌നേഹിതയില്‍ വിളിച്ചു. ഒരു കുട്ടിക്ക് രണ്ടര വയസാണ പ്രായം, ആ കുട്ടിയെ എന്തു ചെയ്യുമെന്നായിരുന്നു സംശയം. മൂത്തകുട്ടിക്ക് എട്ട് വയസുണ്ട്, അവള്‍ക്ക് അനിയനെ നോക്കാന്‍ കഴിയുമായിരിക്കുമെന്ന് പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് സിഡബ്ല്യുസിയില്‍ ഹാജരാക്കിക്കൊളും എന്ന് സ്‌നേഹിതയില്‍ അറിയിച്ചു. കുട്ടികളെ കൊണ്ടുവരുന്ന കാര്യം മാതാപിതാക്കള്‍ക്ക് അറിയില്ലായിരുന്നു. എങ്കിലും അടിയന്തര സാഹചര്യം പറഞ്ഞു കൊണ്ടു വരുന്ന കുട്ടികള്‍ക്ക് ഷെല്‍ട്ടര്‍ കൊടുക്കും. പഞ്ചായത്ത് അധികൃതര്‍ കുട്ടികളുമായി സിഡബ്ല്യുസിയില്‍ എത്തുമ്പോള്‍ ഞാന്‍ അവിടെയില്ല. അവിടുത്തെ നടപടികളൊക്കെ പൂര്‍ത്തിയാക്കി ശേഷം കുട്ടികളെ ഹോപ്പ് എന്ന സ്ഥാപനത്തിലേക്ക് മാറ്റി.
കുട്ടികളെ ഇത്തരത്തില്‍ കൊണ്ടു വരുമ്പോള്‍ വീട്ടുകാരെ അറിയിച്ചിരിക്കണം എന്ന് ഹൈക്കോടതിയുടെ നിര്‍ദേശമുള്ളതാണ്. അതനുസരിച്ച് സിഡബ്ല്യസിയില്‍ നിന്നും വീട്ടുകാരെ വിവരം അറിയിച്ചു. അതിന് മുമ്പ് തന്നെ അംഗന്‍വാടി ടീച്ചര്‍ പറഞ്ഞ് അവര്‍ വിവരം അറിഞ്ഞിരുന്നു. കുട്ടികളുടെ അമ്മുമ്മയും അച്ഛനും വന്നു. അമ്മ മദ്യപാനിയാണെങ്കിലും അച്ഛന്‍ മദ്യപിക്കാറില്ല. അദ്ദേഹം ഞങ്ങളോട് കയര്‍ത്താണ് സംസാരിച്ചത്. രാവിലെയും കുട്ടികള്‍ക്ക് ഭക്ഷണം വാങ്ങി നല്‍കിയാണ് താന്‍ പോയതെന്നും, കുട്ടികളെ കൊണ്ടു പോയത് ആരോട് ചോദിച്ചിട്ടാണെന്നും അദ്ദേഹം ചോദിച്ചു. അപ്പോഴാണ്, ഞാന്‍ അറിയുന്നത് കുട്ടികളെ ബലമായിട്ടാണ് പഞ്ചായത്ത് ഏറ്റെടുത്തതെന്ന്.
പഞ്ചായത്ത് കൊണ്ടു വന്ന കുട്ടികളായതു കൊണ്ട് അവരോട് സംസാരിക്കണമെന്നും, അടുത്ത സിറ്റിംഗിന്(ബുധനാഴ്ച്ച) സിഡബ്ല്യുസിയില്‍ വരാനും അവരോട് പറഞ്ഞു. ബുധനാഴ്ച്ച അവര്‍ വന്നില്ല. ഇതിനിടയില്‍ അഭിഭാഷകനെന്നു പരിചയപ്പെടുത്തിയ ഒരാള്‍ ഹോപ്പില്‍ വിളിച്ചു. കുട്ടികളെ ബലമായി തടഞ്ഞുവച്ചിരിക്കുകയാണെന്നും, ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് നല്‍കാന്‍ പോവുകയാണെന്നും പറഞ്ഞു ഭീഷണിപ്പെടുത്തി. വെള്ളിയാഴ്ച്ച അമ്മ, അമ്മൂമ്മ, അച്ഛന്‍ എന്നിവരെല്ലാം ഹാജരായി. കുട്ടികളെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടാല്‍ വിട്ടുകൊടുക്കാതെ പറ്റില്ല. ഹൈക്കോടതി നിര്‍ദേശമാണത്. അമ്മ മദ്യപാനിയാണെങ്കില്‍ സംരക്ഷിക്കാന്‍ അച്ഛനും അമ്മൂമ്മയുമുണ്ട്. അമ്മൂമ്മ സംരക്ഷണം ഏറ്റെടുത്തുകൊണ്ട് കുട്ടികളെ അമ്മൂമ്മയ്ക്കും അച്ഛനുമൊപ്പം വിട്ടുകൊടുക്കുകയാണ് ചെയ്തത്. സംരക്ഷിക്കാന്‍ ആളുണ്ടെങ്കില്‍ വിട്ടുകൊടുക്കാതെ പറ്റില്ല, ഇതാണ് സംഭവിച്ചത്”.
കുട്ടികളെ ബലമായാണോ കൊണ്ടു പോയത്? സിഡബ്ല്യുസി ചെയര്‍പേഴ്‌സന്റെ ആരോപണം തെറ്റാണെന്നാണ് പ്രസിഡന്റ് ടി വി അജിത്കുമാര്‍ പറയുന്നത്. കുട്ടികളുടെ ഇഷ്ടമായിരുന്നു അവിടെ നിന്നും പോകാന്‍. കുഞ്ഞുങ്ങളെ നിരന്തരമായി ഉപദ്രവിക്കുമായിരുന്നു. ഏറ്റവും ഇളയ കുഞ്ഞിനെ ഉള്‍പ്പെടെ, ചൂലുകെട്ടും, മൊബൈല്‍ ചാര്‍ജറിന്റെ വയറും കൈകൊണ്ടുമെല്ലാം അടിക്കുമായിരുന്നു. കുട്ടികളെയും കൊണ്ട് മദ്യഷോപ്പില്‍ വരെ ആ സ്ത്രീ പോകുമായിരുന്നു. മൂത്ത രണ്ടു കുട്ടികളും തന്നെയാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. അങ്ങനെ അടിച്ചാണ് മൂത്ത കുട്ടിയുടെ മുഖം വീര്‍ത്തുകെട്ടിയിരുന്നത്. മദ്യലഹരിയില്‍ ഉണ്ടാക്കിയ പ്രശ്‌നത്തിന്റെ പേരില്‍ റിമാന്‍ഡില്‍ ആയ സ്ത്രീയുമാണ് അമ്മ. സിഡബ്ല്യുസിയില്‍ വച്ച് ഫ്രൂട്ടിയും ബിസ്‌കറ്റുമൊക്കെ കാണിച്ച് വിളിച്ചിട്ടു പോലും കുട്ടികള്‍ അവരുടെ അടുത്തേക്ക് പോയില്ല. കുട്ടികളുടെ സമ്മതമില്ലാതെ ബലമായി പിടിച്ചു കൊണ്ടു പോയെന്ന ആരോപണമൊക്കെ അടിസ്ഥാനമില്ലാത്തതാണ്.ബലമായി കൊണ്ടു പോയതാണെങ്കില്‍, മാതാപിതാക്കള്‍ അതിനെതിരേ എവിടെയെങ്കിലും പരാതി നല്‍കിയിട്ടുണ്ടോയെന്ന് അന്വേഷിക്കാം. എന്റെ വാര്‍ഡിലാണ് ഈ കുടുംബം താമസിക്കുന്നത്. ഒരു ജനപ്രതിനിധിയെന്ന നിലയ്ക്കും, മനുഷ്യത്വം കൊണ്ടുമാണ് ആ കുട്ടികളെ സുരക്ഷിതരാക്കാന്‍ നോക്കിയത്.’
മാതാപിതാക്കളില്‍ നിന്ന് കൈക്കൂലി വാങ്ങിയാണ് സിഡബ്ല്യുസി ചെയര്‍പേഴ്‌സണ്‍ കുട്ടികളെ വിട്ടുകൊടുത്തതെന്ന ആക്ഷേപവും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പഞ്ചായത്ത് പ്രസിഡന്റ് ഉന്നയിച്ചിട്ടുണ്ട്.
ഡിസ്ട്രിക് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസിനെ അറിയിക്കാതെയാണ് കുട്ടികളുടെ കാര്യത്തില്‍ സിഡബ്ല്യസി ചെയര്‍പേഴ്‌സണ്‍ സ്വയം തീരുമാനം എടുത്തതെന്ന ആക്ഷേപവുമുണ്ട്.
എന്നാല്‍, ഈ ആരോപണത്തിന് വസന്തകുമാരി നല്‍കുന്ന മറുപടി, കുട്ടികളെ വിട്ടു നല്‍കിയശേഷം പാലിക്കേണ്ട തുടരന്വേഷണത്തിന് ഡിസിപിഒയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ്. പഞ്ചായത്തിന് എതിര്‍പ്പുണ്ടെങ്കില്‍, മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയല്ല, ഹൈക്കോടതിയില്‍ സിഡബ്ല്യസി തീരുമാനത്തെ ചോദ്യം ചെയ്യുകയാണ് വേണ്ടതെന്നാണ് വസന്തകുമാരി പറയുന്നത്.
സിഡബ്ല്യുസി തീരുമാനം ചലഞ്ച് ചെയ്യാനല്ല, ഇത്തരത്തില്‍ നിരുത്തരവാദപരമായ പ്രവര്‍ത്തി ചെയ്ത ശിശുക്ഷേമ സമിതി അധ്യക്ഷയ്‌ക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുന്നതെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് പറയുന്നത്.
മാതാപിതാക്കള്‍ ആവശ്യപ്പെട്ടിട്ടാണ് കുട്ടികളെ വിട്ടു കൊടുത്തതെന്നാണ് സിഡബ്ല്യുസി ചെയര്‍പേഴ്‌സന്റെ വാദം. മാതാപിതാക്കള്‍ ആവശ്യപ്പെട്ടാല്‍ വിട്ടു കൊടുക്കണം. എന്നാല്‍, അത് ഏകപക്ഷീയമായിട്ടോ നടപടികള്‍ പാലിക്കാതെയോ ആകരുതെന്നാണ് ബാലാവകാശ നിയമവിദഗ്ധര്‍ പറയുന്നത്. ലൈംഗികമായോ ശാരീരികമായോ ഉപദ്രവിക്കപ്പെട്ട കുട്ടികളാണെങ്കില്‍ അവരുടെ സുരക്ഷ പ്രധാനമാണ്. മാതാപിതാക്കള്‍ക്കൊപ്പം വിട്ടു കൊടുക്കുന്നതിനു മുമ്പ് സുരക്ഷ സംബന്ധിച്ച് റിപ്പോര്‍ട്ട് തേടണം. ഇവിടെ അത്തരമൊരു റിപ്പോര്‍ട്ട് സിഡബ്ല്യുസി തേടിയിട്ടില്ലെന്നാണ് മനസിലാക്കുന്നത്. കുട്ടികള്‍ ആക്രമിക്കപ്പെടുന്നത് മാതാപിതാക്കളുടെ സംരക്ഷണയില്‍ കഴിയുമ്പോഴാണെങ്കില്‍, അതവരുടെ സംരക്ഷണത്തിന്റെ പരാജയമാണ്, അവര്‍ ഫെയ്ല്‍ഡ് പേരന്റ്‌സ് ആണ്. ഇവിടെ അമ്മ തന്നെയാണ് കുട്ടികളെ ഉപദ്രവിക്കുന്നത്. അതുകൊണ്ട് അവര്‍ ഫെയ്ല്‍ഡ് മദര്‍ ആണ്. ഇങ്ങനെയുള്ള സാഹചര്യത്തില്‍ മാതാപിതാക്കള്‍ ആവശ്യപ്പെട്ടു എന്ന കാരണം കൊണ്ട് മാത്രം കുട്ടികളെ വിട്ടു കൊടുക്കണമെന്നില്ല.
കുട്ടികള്‍ വീട്ടിലാണ് വളരേണ്ടത്. സാമൂഹികമായിട്ടാണ് കുട്ടികളെ സംരക്ഷിക്കേണ്ടത്. അന്താരാഷ്ട്രതലത്തിലുള്ള നിര്‍ദേശവുമിങ്ങനെയാണ്. നമ്മുടെ വനിത-ശിശു ക്ഷേമ വകുപ്പിലെ ഉദ്യോഗസ്ഥരും ഈ തിയറിയാണ് എപ്പോഴും പറയാറുള്ളത്. ഷെല്‍ട്ടര്‍ ഹോമുകളില്‍ കുട്ടികള്‍ക്ക് വേണ്ടവിധത്തിലുള്ള സാമൂഹിക പരിചരണം കിട്ടാറില്ലെന്നും, കുട്ടികള്‍ക്ക് ശരിയായ സംരക്ഷണം കൊടുക്കുന്നത് മാതാപിതാക്കളാമെന്നുമാണ് പൊതുവെ പറയുന്നത്. അത് ശരിയായിരിക്കാം. എന്നാല്‍ അതേ മാതാപിതാക്കളില്‍ നിന്നാണ് കുട്ടികള്‍ ഉപദ്രവിക്കപ്പെടുന്നതെങ്കിലോ? സ്വന്തം പിതാവിനാല്‍ ലൈംഗികോപദ്രവം ഏല്‍ക്കേണ്ടി വരുന്ന ധാരാളം കുട്ടികളുണ്ട്, അമ്മയുടെ സുഹൃത്തുക്കളില്‍ നിന്നും സമാന ദുരിതം പേറേണ്ടി വരുന്ന കുട്ടികളുമുണ്ട്. അച്ഛന്റെയോ അമ്മയുടെയോ ശാരീരികോപദ്രവം എല്‍ക്കേണ്ടി വരുന്നവരുമുണ്ട്. കുട്ടികള്‍ മരിച്ചു പോയ സംഭവങ്ങള്‍ തന്നെ കേരളത്തില്‍ ഒന്നിലധികമുണ്ട്. ഇത്തരം കേസുകളില്‍, സംരക്ഷണം ഉറപ്പാക്കുന്നതില്‍ മാതാപിതാക്കള്‍ പരാജയപ്പെട്ടവരാണ്. അവരുടെ അടുത്തേക്ക് തന്നെ, അല്ലെങ്കില്‍ അവര്‍ക്ക് പ്രാപ്യമായ ഇടത്തേക്ക് കുട്ടികളെ തിരികെ അയക്കുന്നത് അപകടരമാണ്. മണ്ണഞ്ചേരി കേസില്‍ കുട്ടികള്‍ ശാരീരികമായി ഉപദ്രവിക്കപ്പെട്ടിട്ടുണ്ട്. ജുവനൈല്‍ ജസ്റ്റീസ് ആക്ട് പ്രകാരമുള്ള കുറ്റം നടന്നിട്ടുണ്ട്.
ഹോമുകളില്‍ നിന്നും വീട്ടിലേക്ക് തിരിച്ചയിച്ചിട്ട് വീണ്ടും കുട്ടികള്‍ ഉപദ്രവിക്കപ്പെട്ടശേഷം ഹോമുകളിലേക്ക് തന്നെ തിരിച്ചു കൊണ്ടു വരേണ്ടി വന്ന കേസുകള്‍ മുന്‍കാലങ്ങളില്‍ ഉണ്ടായിട്ടുണ്ട്. ഇക്കാര്യങ്ങളൊന്നും ആലപ്പുഴ സിഡബ്ല്യുസി ചെയര്‍പേഴ്‌സണ്‍ കണക്കിലെടുത്തതായി തോന്നുന്നില്ല.
ഡിസ്ട്രിക് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് കുട്ടികളുടെ ജീവിത സാഹചര്യം അന്വേഷിക്കണം. ഇതിന് സിഡബ്ല്യുസി നിര്‍ദേശം നല്‍കണം. ഇവിടെ കുട്ടികളെ വിടുന്നതിന് മുമ്പ് ഡിസിപിയുവിനെക്കൊണ്ട് അന്വേഷണം നടത്തിയിട്ടില്ല. ഡിസിപിയുവിന്റെ റിപ്പോര്‍ട്ട് പരിശോധിച്ച്, അതിലെ നിര്‍ദേശങ്ങള്‍ അനുസരിച്ച് വേണമായിരുന്നു തുടര്‍നടപടികള്‍ കൈക്കൊള്ളാന്‍. പുതിയ ജെ ജെ ആക്ട് അനുസരിച്ച് ഒരു ജില്ലയിലെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ട ചുമതല ഡിസ്ട്രിക് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസിനുണ്ട്. അവരെ ഈ കേസില്‍, കുട്ടികളെ വിട്ടുകൊടുക്കുന്നതിന് മുമ്പ് ഇടപെടീച്ചിട്ടില്ലെന്നാണ് വിവരം.
ഇവിടെ കുട്ടികളുടെ അമ്മ സംരക്ഷം നല്‍കുന്നതില്‍ പരാജയപ്പെട്ട വ്യക്തിയാണ്. അവര്‍ മദ്യപിച്ച് കുട്ടികളെ ഉപദ്രവിക്കാറുണ്ടെന്ന കാര്യം എല്ലാവരും സമ്മതിക്കുന്നു. അതുകൊണ്ടാണ് കുട്ടികളെ ഷെല്‍ട്ടര്‍ ഹോമിലേക്ക് കൊണ്ടു വന്നത്. ആ സാഹചര്യം മാറി എന്ന് ഉറപ്പു വരുത്തിയിട്ട് മാത്രമെ കുട്ടികളെ തിരിച്ചയക്കാന്‍ പാടുള്ളു. അമ്മയ്ക്ക് കൗണ്‍സിലിംഗ് ഏര്‍പ്പെടുത്താമായിരുന്നു, അവരെ ലഹരിവിമോചന ചികിത്സയ്ക്ക് വിധേയമാക്കാം, അതുപോലെ സുരക്ഷ പഠനം നടത്തി, കുട്ടികള്‍ വീട്ടില്‍ സുരക്ഷിതരായിരിക്കുമോ, അവരുടെ കൂടെ അമ്മയുണ്ടാകുമോ, സാമ്പത്തികവും സാമൂഹികവുമായി കുട്ടികളെ സംരക്ഷിക്കാന്‍ അമ്മൂമ്മയ്ക്കാകുമോ, കുട്ടികളുടെ വിദ്യാഭ്യാസം തുടരാന്‍ സാധിക്കുമോ തുടങ്ങിയ കാര്യങ്ങളിലൊക്കെ അന്വേഷണം നടത്തണമായിരുന്നു. ഇതൊന്നും പരിശോധിക്കാതെയാണ് ഇപ്പോള്‍ കുട്ടികളെ വിട്ടുകൊടുത്തിരിക്കുന്നതെന്നാണ് ആക്ഷേപം. മുന്‍കാല അനുഭവങ്ങള്‍ ഉള്ളതുകൊണ്ട് തന്നെ, എട്ടും നാലും വയസ് മാത്രം പ്രായമുള്ള ആ രണ്ട് പെണ്‍കുട്ടികളുടെ കാര്യത്തില്‍ ശിശുക്ഷേമ സമിതി ഉചിതമായ ഉത്തരവാദിത്തം പുലര്‍ത്തിയിട്ടുണ്ടോയെന്നത് ചോദ്യമാണ്. physical abuse against children questions against child welfare committee
Content Summary; physical abuse against children questions against child welfare committee