June 14, 2026 |
Share on

സദാചാര ഗുണ്ടായിസത്തെ ചെറുത്തു തോൽപ്പിക്കണം; പിണറായി വിജയൻ

അഴിമുഖം പ്രതിനിധി സദാചാര ഗുണ്ടായിസത്തിനെതിരെ ശക്തമായ താക്കീതുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. ചാവക്കാട് അഞ്ചങ്ങാടി സവാഹിറിന്റെ കൊലപാതകത്തിനെതിരെ ഫെയ്സ് ബുക്കിലിട്ട പോസ്റ്റിലാണ് ഇത്തരം കാടത്തം ചെറുത്തു തോല്‍പ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്. പിണറായിയുടെ  പോസ്റ്റിന്‍റെ പൂർണരൂപം.. കേരളത്തിൽ പതിവായി മാറുന്ന സദാചാരഗുണ്ടാ ആക്രമണ പരമ്പരയിൽ ഒടുവിലത്തേതാണ് ചാവക്കാട് കടപ്പുറം അഞ്ചങ്ങാടിയില്‍ യുവാവിനെ തല്ലിക്കൊന്ന സംഭവം. അഞ്ചങ്ങാടി പുതിയേടത്ത് മാമ്മുട്ടിയുടെ മകന്‍ സവാഹീർ എന്ന 28 കാരനെ “പ്രദേശത്തെ ഒരു യുവതിയുമായി പ്രണയ ബന്ധം ഉണ്ട്” […]

അഴിമുഖം പ്രതിനിധി

സദാചാര ഗുണ്ടായിസത്തിനെതിരെ ശക്തമായ താക്കീതുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. ചാവക്കാട് അഞ്ചങ്ങാടി സവാഹിറിന്റെ കൊലപാതകത്തിനെതിരെ ഫെയ്സ് ബുക്കിലിട്ട പോസ്റ്റിലാണ് ഇത്തരം കാടത്തം ചെറുത്തു തോല്‍പ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്.

പിണറായിയുടെ  പോസ്റ്റിന്‍റെ പൂർണരൂപം..

കേരളത്തിൽ പതിവായി മാറുന്ന സദാചാരഗുണ്ടാ ആക്രമണ പരമ്പരയിൽ ഒടുവിലത്തേതാണ് ചാവക്കാട് കടപ്പുറം അഞ്ചങ്ങാടിയില്‍ യുവാവിനെ തല്ലിക്കൊന്ന സംഭവം. അഞ്ചങ്ങാടി പുതിയേടത്ത് മാമ്മുട്ടിയുടെ മകന്‍ സവാഹീർ എന്ന 28 കാരനെ “പ്രദേശത്തെ ഒരു യുവതിയുമായി പ്രണയ ബന്ധം ഉണ്ട്” എന്നാരോപിച്ചാണ് കൊന്നു കളഞ്ഞത്. ഏറെക്കുറെ സവാഹിറിന്റെ സമപ്രായക്കാരാണ് പ്രതികൾ.

കോഴിക്കോട് കൂടരഞ്ഞിയിൽ യുവാവിനെയും സഹോദരിയെയും സദാചാരഗുണ്ടകള്‍ അക്രമിച്ചത് ഇയ്യിടെയാണ്. കുറ്റ്യാടി സ്വദേശിയായ വിദ്യാര്‍ഥിനിയും സഹോദരനും സ്കൂളിൽ ഹാൾ ടിക്കറ്റ് വാങ്ങാൻ ചെന്നപ്പോൾ കമിതാക്കളെന്നാരോപിച്ച് ആക്രമിക്കുകയായിരുന്നു.

കുലുക്കല്ലൂര്‍ എരവത്രയില്‍ 45കാരിയായ വീട്ടമ്മയുടെ വീട്ടില്‍ ചെന്നെന്നാരോപിച്ച് മധ്യവയസ്‌കനെ മര്‍ദിച്ച് കൊലപ്പെടുത്തിയതും സമീപ നാളുകളിലെ വാർത്തയാണ്. കേരളത്തിൻറെ തിരിച്ചു പോക്കിന്റെ സൂചനകളാണിത്. നമ്മുടെ സമൂഹം എത്തിപ്പെട്ട ഭീതിജനകമായ അവസ്ഥയുടെ പ്രതിഫലനം ആണ്.

ജാതിക്കും മതത്തിനും അതീതമായ പ്രണയങ്ങള്‍, സ്ത്രീ – പുരുഷ സൌഹൃദങ്ങൾ തുടങ്ങിയവയെല്ലാം സദാചാരലംഘനമാണെന്ന് ആരോപിച്ച് അവരെ “കൈകാര്യംചെയ്യുന്ന” പ്രവണത ശക്തമാണ്. ഇത്തരം സംഭവങ്ങള്‍ കേരളത്തില്‍ പലയിടത്തായി നടക്കുന്നു. തുല്യതയിലും നീതിയിലും പരസ്പര വിശ്വാസത്തിലും സൗഹൃദത്തിലുമധിഷ്ഠിതമായ ജനാധിപത്യസദാചാര സങ്കല്‍പമാണ്‌ ഇതിലൂടെ തകര്ക്കപ്പെടുന്നത്. ഈ കാടത്തം എല്ലാ തലത്തിലും ചെറുത്തു തോൽപ്പിക്കപ്പെടണം. 

നിയമം കയ്യിലെടുത്തു അഴിഞ്ഞാടുന്ന അത്തരം സംഘങ്ങളെയും അവയ്ക്ക് പിന്തുണ നല്കുന്നവരെയും ഒറ്റപ്പെടുത്തുകയും അവരുടെ രാഷ്ട്രീയ ദൗത്യം തിരിച്ചറിയുകയും വേണം. പോലീസ് ഇത്തരം വിഷയങ്ങളിൽ നീതിപൂർവകമായി ഇടപെട്ടില്ലെങ്കിൽ സമൂഹം ആരാജകത്വത്തിലേക്കാണ് പതിക്കുക.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×