June 03, 2026 |
Share on

പൂജയിലും മന്ത്രവാദത്തിലും പിണറായി സര്‍ക്കാരിനും വിശ്വാസമോ?

അന്ധവിശ്വാസ നിരോധന നിയമത്തെ തടയുന്നത് ആര്‍ക്കുവേണ്ടി?

നരബലി ഉള്‍പ്പെടെ നടന്നിട്ടുള്ള നാടാണ് കേരളം. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും നിരോധിക്കുന്നതിനായുള്ള നിയമനിര്‍മാണത്തില്‍ നിന്ന് സര്‍ക്കാര്‍ മലക്കം മറിഞ്ഞിരിക്കുകയാണ്. 2023 ജൂലൈയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ബില്ലുമായി മുന്നോട്ട് പോകേണ്ടെന്ന തീരുമാനത്തിലാണ് സര്‍ക്കാര്‍ എത്തിയിരിക്കുന്നത്.

അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ വാചാലരാകുന്ന ഇടത് സര്‍ക്കാര്‍ ഇത്തരമൊരു നിയമനിര്‍മാണത്തിന് തയ്യാറാകാത്തതിന് കാരണം കൂടി വ്യക്തമാകേണ്ടതാണ്. ”ബില്ല് തയ്യാറാക്കി നല്‍കിയിട്ടും നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ ഉദാസീനത കാണിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ലെന്ന്” അന്ധവിശ്വാസ നിയമനിര്‍മാണ ബില്ലിന്റെ കരട് തയ്യാറാക്കിയ ഉദ്യോഗസ്ഥരില്‍ ഒരാള്‍ അഴിമുഖത്തോട് പ്രതികരിച്ചു.

2021 ലായിരുന്നു അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും തടയുന്നതിനായി സംസ്ഥാന സര്‍ക്കാരിന് മുന്നിലേക്ക് അവസാനമായി കരട് ബില്ല് സമര്‍പ്പിക്കപ്പെട്ടത്. ‘ദ കേരള പ്രിവന്‍ഷന്‍ ആന്‍ഡ് ഇറാഡിക്കേഷന്‍ ഓഫ് ഇന്‍ഹ്യൂമന്‍ ഈവിള്‍ പ്രാക്ടീസസ്, സോര്‍സെറി ആന്‍ഡ് ബ്ലാക് മാജിക് ബില്‍ 2021 എന്ന് പേരിട്ട ബില്ല് നിയമ വകുപ്പ് സങ്കേതിക നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ആഭ്യന്തരവകുപ്പിന്റെ പരിഗണനയ്ക്കായി കൈമാറിയത്. എന്നാലിപ്പോള്‍ ദുരാചാരങ്ങള്‍ക്കെതിരായ നിയമനിര്‍മാണത്തില്‍ നിന്ന് പിന്‍മാറുകയാണെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്.

black magic

സമീപകാലങ്ങളില്‍ സംസ്ഥാനത്ത് അന്ധവിശ്വാസവും അനാചാരവും വര്‍ധിച്ചുവരുന്നതിന് നിരവധി ഉദാഹരണങ്ങളാണ് നമുക്ക് മുന്നിലുള്ളത്. പത്തനംതിട്ട ഇലന്തൂരില്‍ രണ്ട് സ്ത്രീകളെ നരബലിക്ക് ഇരയാക്കിയതും, നെയ്യാറ്റിന്‍കരയില്‍ കേട്ടുകേള്‍വിയില്ലാത്ത വിധം കല്ലറ ഉണ്ടാക്കി ഗോപന്‍ സ്വാമി എന്ന് നാട്ടുകാര്‍ വിളിക്കുന്ന മണിയന്‍ സമാധിയായെന്ന് വീട്ടുകാര്‍ പോസ്റ്റര്‍ പതിപ്പിച്ചതും ദുരാചാരങ്ങള്‍ എത്രമാത്രം സമൂഹത്തെ കീഴ്‌പ്പെടുത്തി എന്നതിന്റെ തെളിവുകളാണ്. ഇത്തരത്തില്‍ വര്‍ധിച്ചുവരുന്ന അന്ധവിശ്വാസവും അനാചാരങ്ങളും തടയാന്‍ ശക്തമായ നിയമസംവിധാനങ്ങള്‍ ഇല്ല എന്നതാണ് പല സംഭവങ്ങളും ആവര്‍ത്തിക്കപ്പെടാനും കാരണം.

പാതിവഴിയിലായ വാഗ്ദാനങ്ങള്‍

2014ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്താണ് സംസ്ഥാനത്ത് ആദ്യമായി അന്ധവിശ്വാസങ്ങള്‍ക്കെതിരെ നിയമ നിര്‍മാണം വേണമെന്ന ആവശ്യം സര്‍ക്കാരിന്റെ പരിഗണനയില്‍ എത്തിയത്. ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല, അന്ധവിശ്വാസ നിരോധന ബില്‍ കൊണ്ടുവരുമെന്ന് നിയമസഭയില്‍ പ്രഖ്യാപിക്കുകയും എ.ഡി.ജി.പിയായിരുന്ന എ. ഹേമചന്ദ്രന്‍ ബില്ലിന്റെ കരട് തയാറാക്കി (‘അന്ധവിശ്വാസത്തിന്റെ പേരിലുള്ള ചൂഷണം തടയല്‍ ബില്‍- 2014) സമര്‍പ്പിക്കുകയും ചെയ്തു. ഈ ബില്ല് പ്രകാരം അന്ധവിശ്വാസവും അനാചാരവും പ്രചരിപ്പിക്കുന്നവര്‍ക്ക് ഏഴ് വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ഉറപ്പാക്കുന്നതായിരുന്നു. നിയമം കൊണ്ടുവരുമെന്ന് രമേശ് ചെന്നിത്തല നിയമസഭയില്‍ പ്രഖ്യാപിച്ചതല്ലാതെ മറ്റൊന്നും അതിന്‍മേല്‍ നടന്നതുമില്ല.

2018ല്‍ എം.എല്‍.എയായിരുന്ന പി.ടി. തോമസ്, ആള്‍ദൈവങ്ങള്‍ അടക്കമുള്ളവര്‍ക്കെതിരെ നടപടിക്ക് നിര്‍ദേശിക്കുന്ന അന്ധവിശ്വാസ നിരോധന ബില്‍ കൊണ്ടുവന്നു. ദുര്‍മന്ത്രവാദവും ആഭിചാരവും സംബന്ധിച്ച് ജനങ്ങളെ ബോധവത്കരിക്കുക ഉള്‍പ്പെടെയായിരുന്നു ബില്ലിലെ നിര്‍ദേശങ്ങള്‍. എന്നാല്‍ സമഗ്ര നിയമം കൊണ്ടുവരുമെന്ന സര്‍ക്കാരിന്റെ ഉറപ്പില്‍ പി.ടി. തോമസിന്റെ ബില്ലും വെളിച്ചം കണ്ടില്ല.

2019ല്‍ ജസ്റ്റിസ് കെ.ടി. തോമസ് അധ്യക്ഷനായ നിയമപരിഷ്‌കാര കമീഷനും ഒരു കരട് ബില്ല് തയാറാക്കിയിരുന്നു. ‘ദ കേരള പ്രിവന്‍ഷന്‍ ആന്റ് ഇറാഡിക്കേഷന്‍ ഓഫ് ഇന്‍ഹ്യുമന്‍ ഈവിള്‍ പ്രാക്ടീസസ്, സോര്‍സെറി ആന്റ് ബ്ലാക് മാജിക് ബില്‍- 2019’ എന്ന കരട് ബില്ലായിരുന്നു അത്. മന്ത്രവാദം, കൂടോത്രം, നഗ്‌നരാക്കി നടത്തല്‍, പ്രേതബാധ ഒഴിപ്പിക്കല്‍, നിധി തേടിയുള്ള ഉപദ്രവം, ചികിത്സ തടയല്‍, മന്ത്രവാദത്തിന്റെ പേരില്‍ ലൈംഗികമായി പീഡിപ്പിക്കല്‍ തുടങ്ങിയവ ശിക്ഷാര്‍ഹമാക്കുന്നതായിരുന്നു ഈ ബില്‍. എന്നാല്‍, ഈ കരടില്‍ പറഞ്ഞിരിക്കുന്ന ആചാരങ്ങള്‍ സംബന്ധിച്ച് മതസംഘടനകള്‍ എതിര്‍പ്പുമായി രംഗത്തെത്തിയതോടെ ഇടതുപക്ഷ സര്‍ക്കാരും പിന്‍വലിഞ്ഞു.

അവസാനമായി 2021 ലാണ് നിയമസഭയില്‍ അന്ധവിശ്വാസ നിയമം പ്രാബല്യത്തില്‍ വരുത്തണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. ഇതേത്തുടര്‍ന്ന് ‘കേരള അന്ധവിശ്വാസ- അനാചാര നിര്‍മാര്‍ജന ബില്‍-2021’ അവതരിപ്പിച്ചു. മന്ത്രവാദം, അന്ധവിശ്വാസം, അനാചാരം എന്നിവയെ നിര്‍വചിക്കുന്നതും കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ ഏതിനെയൊക്കെ ഉള്‍പ്പെടുത്തണമെന്നും സൂചിപ്പിക്കുന്ന ബില്ലായിരുന്നു അത്. എന്നാല്‍ ആ ബില്ലും ചുവപ്പുനാടയില്‍ കുരുങ്ങി.

നിയമത്തിലെ വ്യവസ്ഥകള്‍

1954ല്‍ പാര്‍ലമെന്റ് പാസാക്കിയ ഡ്രഗ്സ് ആന്റ് മാജിക് റെമഡീസ് (ഒബ്ക്ഷനബിള്‍ അഡൈ്വര്‍ടൈസ്‌മെന്റ് ആക്റ്റ്- 1954) നിയമം അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന പരസ്യങ്ങളും ഉല്‍പ്പന്നങ്ങളും കുറ്റകരമാക്കുന്നതാണ്. രോഗങ്ങളുടെ പ്രവചനം, അശാസ്ത്രീയ ചികിത്സ, വ്യാജ മരുന്നുകള്‍ തുടങ്ങിയവയും ഈ നിയമത്തിന്റെ പരിധിയില്‍ വരുന്നതാണ്. എന്നാല്‍, ഇന്നും മലയാള പത്രങ്ങളിലും മറ്റു മാധ്യമങ്ങളിലും മാന്ത്രിക ഏലസ്സുകളുടെയും രോഗശാന്തി ചികിത്സകളുടെയും ഭാഗ്യനക്ഷത്രക്കല്ലുകളുടെയും മറ്റും പരസ്യങ്ങള്‍ വ്യാപകമായി തന്നെ കാണാം. ഇത് ആളുകളെ ഇത്തരം ദുഷ്പ്രവണതകളിലേക്ക് എത്തിക്കുന്നതിനും പ്രേരിപ്പിക്കുന്നു. നിയമം പ്രാബല്യത്തില്‍ വരികയാണെങ്കില്‍ ഇത്തരത്തിലുള്ള പത്രപരസ്യങ്ങള്‍ക്ക് പോലും വിലക്കേര്‍പ്പെടുത്താന്‍ കഴിയുമായിരുന്നു.

നരബലി പൂര്‍ണമായും നിരോധിക്കുക, പ്രേതബാധ ഒഴിപ്പിക്കല്‍, മാന്ത്രിക ചികിത്സകള്‍ തുടങ്ങിയവയുടെ പേരില്‍ ശാരീരികമോ മാനസികമോ ആയ ഉപദ്രവങ്ങള്‍ ഏല്‍പ്പിക്കുന്നത് കുറ്റകരമാക്കുക, അമാനുഷിക ശക്തികളുണ്ടെന്ന് അവകാശപ്പെട്ട് ആളുകളെ കബളിപ്പിക്കുകയോ സാമ്പത്തികമായി ചൂഷണം ചെയ്യുകയോ ചെയ്യുന്നത് തടയുക, രോഗങ്ങള്‍ക്ക് ശാസ്ത്രീയ ചികിത്സ തേടുന്നതില്‍നിന്ന് ആളുകളെ തടയുന്നത് ശിക്ഷാര്‍ഹമാക്കുക, മാസമുറയുള്ള സ്ത്രീകളെ മാറ്റിനിര്‍ത്തുന്നത് പോലുള്ള മനുഷ്യത്വരഹിതമായ ആചാരങ്ങള്‍ നിരോധിക്കുക, ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് കഠിനമായ തടവും പിഴയും ഏര്‍പ്പെടുത്തുക.

നിയമം ബാധകമാക്കിയ സംസ്ഥാനങ്ങള്‍

2013ല്‍ മഹാരാഷ്ട്ര ‘Maharashtra Prevention and Eradication of Human Sacrifice and other Inhuman, Evil and Aghori Practices and Black Magic Act’ എന്ന നിയമം പാസാക്കി. അന്ധവിശ്വാസങ്ങള്‍ ചൂഷണം ചെയ്ത് ആളുകളെ കബളിപ്പിക്കുക, ശാരീരികമായി ഉപദ്രവിക്കുക, നരബലി നടത്തുക തുടങ്ങിയ കാര്യങ്ങള്‍ ഈ നിയമപ്രകാരം കുറ്റകരമാണ്.

2017ല്‍ കര്‍ണാടക ‘Karnataka Prevention and Eradication of Inhuman Evil Practices and Black Magic Act’ എന്ന നിയമം കൊണ്ടുവന്നു. ഇത് മതപരമായ ആചാരങ്ങളുടെ പേരില്‍ നടക്കുന്ന മനുഷ്യത്വരഹിതമായ പ്രവൃത്തികളെയും കറുത്ത മാന്ത്രികവിദ്യകളെയും നിരോധിക്കുന്നു. ബിഹാര്‍, ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഢ്, ഒഡീഷ, രാജസ്ഥാന്‍, അസം: ഈ സംസ്ഥാനങ്ങളില്‍ മന്ത്രവാദം ആരോപിച്ച് സ്ത്രീകളെ ഉപദ്രവിക്കുന്നതും കൊല്ലുന്നതും തടയാന്‍ പ്രത്യേക നിയമങ്ങളുണ്ട്. ഇതിനെ ‘വിച്ച്-ഹണ്ടിങ്’ (മന്ത്രവാദി വേട്ട) എന്നാണ് സാധാരണയായി പറയാറ്.

സര്‍ക്കാര്‍ ഭയക്കുന്നതെന്ത്?

അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ഇല്ലായ്മ ചെയ്യുന്നത് സംബന്ധിച്ച കരട് തയ്യാറായിട്ടും നിയമനിര്‍മാണത്തില്‍ നിന്ന് പിന്‍മാറുന്നതിന്റെ കാരണം സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കേണ്ടതാണ്.

black magic

അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ പോരാടുമെന്ന് പറയുന്ന ഇടതുപക്ഷ സര്‍ക്കാരിന്റെ പിന്‍മാറ്റം, ദുരാചാരങ്ങളെ സര്‍ക്കാര്‍ പിന്തുണയ്ക്കുന്നതിന് തുല്യമായാണ് കഴിഞ്ഞദിവസം ഇത് സംബന്ധിച്ച ഹര്‍ജി പരിഗണിക്കവെ കോടതിയും ചൂണ്ടിക്കാട്ടിയത്. വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും നേരെ മുഖം തിരിക്കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ കേരളം ഭരിക്കുമ്പോള്‍ ഇത്തരമൊരു ബില്ല് പാസാക്കില്ലെന്ന നിലപാട് എന്തുകൊണ്ട് എടുത്തുവെന്നത് വലിയൊരു ചോദ്യചിഹ്നമായി സര്‍ക്കാരിന് മുന്നില്‍ മാറുകയാണ്. ശാസ്ത്ര സാഹിത്യ പരിഷത്ത് ഉള്‍പ്പെടെയുള്ള സംഘടനകള്‍ നിയമം നടപ്പിലാക്കണമെന്ന് ശക്തമായി ആവശ്യപ്പെടുമ്പോഴും മന്ത്രവാദവും ആഭിചാരവും നിരോധിക്കാന്‍ നിയമം ആവിഷ്‌കരിക്കില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. കേരള യുക്തിവാദി സംഘം സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു സര്‍ക്കാര്‍ കഴിഞ്ഞദിവസം മറുപടി പറഞ്ഞത്. കൂടാതെ 2019 ല്‍ ജസ്റ്റിസ് കെടി തോമസ് കമ്മീഷന്‍ സമര്‍പ്പിച്ച ശുപാര്‍ശയും നടപ്പിലാക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. എന്നാല്‍ പിന്മാറ്റത്തിന്റെ കാരണം മൂന്നാഴ്ചയ്ക്കുള്ളില്‍ വ്യക്തമാക്കണമെന്ന് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ആഭിചാര- മന്ത്രവാദ നിരോധന നിയമം നിലവില്‍ വന്നാല്‍ ആള്‍ദൈവങ്ങളുടെ ബിസിനസിനെയും ദോഷകരമായി ബാധിക്കും. അന്ധവിശ്വാസ നിരോധന നിയമം പ്രാബല്യത്തില്‍ വരുത്താനുള്ള ബില്ലില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറുന്നത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലും ഇടതുപക്ഷ സര്‍ക്കാരിന്റെ വിശ്വാസ്യതയ്ക്ക് കോട്ടം വരുത്തുന്നതാണ്. അനാചാരങ്ങളുടെ പേരിലുള്ള അതിക്രമങ്ങള്‍ തടയാന്‍ നിയമനിര്‍മാണം നടത്തുമെന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ വാഗ്ദാനമാണ്, പിന്‍മാറ്റത്തോടെ കടലാസില്‍ ഒതുക്കപ്പെടുന്നത്. ദൈവാവതാരമായി സ്വയം പ്രഖ്യാപിക്കുകയും സാമ്പത്തിക, രാഷ്ട്രീയ, സാമൂഹിക സ്വാധീനം ചെലുത്തുകയും അതുവഴി അധികാര കേന്ദ്രങ്ങളില്‍ പോലും സ്വാധീനം ചെലുത്തുകയും ചെയ്യുന്ന ആള്‍ദൈവങ്ങളെ സംരക്ഷിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന ആരോപണങ്ങളും ശക്തമാണ്. Anti superstition act; for whom is the government’s withdrawal?

Content Summary: Anti superstition act; for whom is the government’s withdrawal?

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×