മണിപ്പൂരില്‍ തിരിഞ്ഞുകേറാതെ മോദി

സന്ദര്‍ശനം 865 ദിവസങ്ങള്‍ക്ക് ശേഷം

2023 മെയ് 3 വെള്ളിയാഴ്ച… മണിപ്പൂര്‍ ജനതയെ രണ്ടായി വിഭജിച്ച വംശീയ കലാപം. ഇന്നും അക്രമങ്ങളും പകയും ഇവര്‍ക്കിടയില്‍ വേലിതീര്‍ക്കുന്നു. ഭൂരിപക്ഷ സമുദായമായ മെയ്‌തെയ്കളും ഗോത്രവിഭാഗക്കാരായ കുക്കികളും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ല. കലാപം നടന്ന് രണ്ടര വര്‍ഷം പിന്നിടവേ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ മണിപ്പൂര്‍ സന്ദര്‍ശനത്തിനായി എത്തുകയാണ്.

കലാപം നടന്ന് ഒരു വര്‍ഷത്തിനിടയില്‍  രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ 162 തവണയോളം സന്ദര്‍ശനം നടത്തിയ മോദി ഒരിക്കലും മണിപ്പൂരിലേക്ക് തിരിഞ്ഞ് നോക്കിയിരുന്നില്ല. ഇപ്പോഴിതാ വംശീയ കലാപം നടന്ന് 865 ദിവസങ്ങള്‍ക്ക് ശേഷമാണ് മോദി മണിപ്പൂരിന്റെ മണ്ണിലേക്ക് എത്തുന്നത്.

മണിപ്പൂർ സംഘർഷം കൊടുമ്പിരി കൊണ്ടിരിക്കുന്ന കാലയളവിൽ പ്രധാനമന്ത്രി മോദി 14 ഔദ്യോഗിക വിദേശ സന്ദർശനങ്ങൾ നടത്തി. കലാപത്തിൽ ഇതിനോടകം 300 ഓളം ആളുകള്‍ കൊല്ലപ്പെടുകയും 60,000 ത്തോളം പേര്‍ പലായനം ചെയ്യപ്പെടുകയും 4,786 വീടുകളും 356 ദേവാലയങ്ങളും തകര്‍ക്കപ്പെട്ടതായുമാണ് ഔദ്യോഗിക കണക്കുകള്‍ പറയുന്നത്. എന്നാല്‍ അനൗദ്യോഗിക കണക്കുകള്‍ പരിശോധിച്ചാല്‍ എണ്ണം അതിനൊക്കെ എത്രയോ മുകളിലെത്തുമെന്ന് ചിന്തിക്കാവുന്നതേയുള്ളൂ.

മണിപ്പൂരിലെ മോദിയുടെ അസാന്നിധ്യത്തെ പ്രതിപക്ഷ പാർട്ടികൾ കടന്നാക്രമിച്ചിരുന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, സംസ്ഥാനത്ത് സംഘർഷം രൂക്ഷമായ വേളയിൽ സന്ദർശനം നടത്തിയിരുന്നു.  അതേസമയം, 2023 മെയ് മുതൽ 2024 ഏപ്രിൽ വരെയുള്ള കാലയളവിൽ പ്രധാനമന്ത്രി മോദി രാജസ്ഥാനിൽ പരമാവധി സന്ദർശനങ്ങൾ നടത്തിയിട്ടുണ്ടെന്ന് ബിബിസി ഹിന്ദി പിഎംഒയുടെ വെബ്‌സൈറ്റിൽ നിന്ന് ശേഖരിച്ച ഡാറ്റ കാണിക്കുന്നു.  22 തവണയാണ് അദ്ദേഹം മധ്യപ്രദേശ് സന്ദർശിച്ചത്. രണ്ട് സംസ്ഥാനങ്ങളിലും നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വേണ്ടിയുള്ള പ്രചാരണം വിപുലമാക്കുന്നതിന്റെ ഭാഗമായിരുന്നു മോദിയുടെ സന്ദര്‍ശനം.

മണിപ്പൂരിൽ അക്രമം തുടങ്ങിയപ്പോൾ പ്രധാനമന്ത്രി മോദി കർണാടകയിൽ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ പ്രചാരണ തിരക്കിലായിരുന്നു. ബിബിസിയുടെ കണക്കുകൾ പ്രകാരം കലാപം നടന്ന ഒരു വർഷത്തിനിടെ എട്ട് തവണയാണ് അദ്ദേഹം കർണാടക സന്ദർശിച്ചത്. ഇക്കാലയളവിൽ സ്വന്തം സംസ്ഥാനമായ ഗുജറാത്ത് 10 തവണയും ലോക്‌സഭയിലേക്ക് ഏറ്റവും കൂടുതൽ എംപിമാരെ അയക്കുന്ന ഉത്തർപ്രദേശ് 17 തവണയും മോദി സന്ദർശിച്ചിരുന്നു. 2024  ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ പ്രധാനമന്ത്രി വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ അസം, ത്രിപുര, അരുണാചൽ പ്രദേശ് എന്നിവ സന്ദർശിച്ചെങ്കിലും മണിപ്പൂരിനെ ഒഴിവാക്കി. അസമിൽ മൂന്ന് തവണയും ത്രിപുരയിലും അരുണാചൽ പ്രദേശിലും ഓരോ തവണ വീതവും അദ്ദേഹം സന്ദർശനം നടത്തിയിട്ടുണ്ട്.

‘ഡെവല്പ്ഡ്‌ ഇന്ത്യ, ഡെവല്പ്ഡ്‌ നോർത്ത് -ഈസ്റ്റ് ‘ എന്ന പരിപാടിക്കായി പ്രധാനമന്ത്രി മോദി 2024 മാർച്ച് 9 ന് വടക്കുകിഴക്കൻ സംസ്ഥാനമായ അരുണാചൽ പ്രദേശ് സന്ദർശിച്ചതായി ഔദ്യോഗിക രേഖകൾ പറയുന്നു. കഴിഞ്ഞ നവംബറിൽ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി മോദി മറ്റെല്ലാ സംസ്ഥാനങ്ങളിലും പോയിരുന്നുവെങ്കിലും മണിപ്പൂരിലെ അക്രമത്തിൽ കുടിയിറക്കപ്പെട്ട കുക്കി-സോ സമുദായത്തിലെ ധാരാളം ആളുകൾ താമസിക്കുന്ന മണിപ്പൂരിനോട് ചേർന്നുള്ള മിസോറാമിലേക്ക് പോയില്ല. ആഭ്യന്തര സന്ദർശനങ്ങൾക്ക് പുറമെ, 2023 മെയ് മുതൽ 14 അന്താരാഷ്ട്ര യാത്രകളും പ്രധാനമന്ത്രി മോദി നടത്തിയിട്ടുണ്ട്. യുഎഇയിലെ ഒരു ഹിന്ദു ക്ഷേത്രം ഉദ്ഘാടനം ചെയ്യാനുള്ള സന്ദർശനവും ഇതിൽ ഉൾപ്പെടുന്നു. എന്തുകൊണ്ടാണ് ഇനിയും മണിപ്പൂർ സന്ദർശിക്കാൻ പ്രധാനമന്ത്രി തയ്യാറാകാത്തത് എന്ന ചോദ്യങ്ങള്‍ നിലനിലക്കെയാണ് രണ്ടര വര്‍ഷത്തിന് ശേഷം എത്തുന്നത്.

PM Modi’s absence from Manipur

(അഴിമുഖം മുന്‍പ് പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പുനഃപ്രസിദ്ധീകരണം)

Content summary; Prime Minister Narendra Modi hasn’t visited Manipur during its crisis, but he has visited other states 162 times.

This post was last modified on September 12, 2025 4:10 pm

അഴിമുഖം പ്രതിനിധി:
Related Post
Leave a Comment